Friday, March 16, 2007

മോഹന്‍ലാലിന്‍റെ വൈകിട്ടത്തെ പരിപാടി



(കേരളത്തില്‍ വളരെ പ്രചാരം നേടിയ
ഒരു മദ്യപ്പരസ്യത്തിന്‍റെ പകുതി ദൃശ്യമാണിത്.
വിവിധ കാരണങ്ങളാല്‍ പ്രധാന ഭാഗം ഒഴിവാക്കുന്നു.
നമ്മുടെ വൈകിട്ടത്തെ പരിപാടി
എന്നാണ് പരസ്യത്തിന്‍റെ ആകര്‍ഷണ വാചകം.)



മോഹന്‍ലാലിന്‍റെ വൈകിട്ടത്തെ പരിപാടിയില്‍ മോഡേണ്‍ ടാക്കീസിന് എന്തു കാര്യം
എന്ന് പലര്‍ക്കും തോന്നിയേക്കാം. ഈ പരിപാടിയില്‍ നമുക്ക് ഒരു കാര്യവുമില്ലേ.
പക്ഷെ ലാല്‍ ഒരു നടനായിപ്പോയില്ലേ. അങ്ങനെ വരുന്പോള്‍ ടാക്കിസിന് വേണ്ടപ്പെട്ട ആളല്യോ?

ലാലിന്‍റെ അഭിനയ പ്രതിഭയെക്കുറിച്ച് മനസിലാകുന്നതും അല്ലാത്തതുമായ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍ക്ക് കയ്യും കണക്കുമില്ല. ജനപ്രീതിയുടെ കാര്യത്തില്‍ ഉയരങ്ങളില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ ആരാധകരില്‍ എല്ലാ പ്രായവിഭാഗക്കാരുമുണ്ട്. ഇതിനൊക്കെ പുറമെ ദേശീയ അവാര്‍ഡിന്‍റെയും പത്മശ്രീയുടെയും തിളക്കവും സ്വന്തം. ഇതിലും നല്ല ഒരു മോഡലിനെ വൈകിട്ടത്തെ പരിപാടിക്ക് കിട്ടാനുണ്ടോ?. പ്രമുഖ വ്യക്തികള്‍ മാതൃകാപുരുഷന്‍മാരാകുന്നത് ഇങ്ങനെയാണ്!

ചെറുപ്പക്കാര്‍ ലാലേട്ടന്‍റെ ബ്രാന്‍ഡ് ചോയിച്ച് ചോയിച്ച് വാങ്ങുന്പോള്‍ ആ പഴയ ഡയലോഗ് മോഡേണ്‍ ടാക്കിസ് ഇങ്ങനെ മാറ്റി നോക്കി.

''നമുക്ക് വൈകുന്നേരങ്ങളില്‍ നഗരത്തിലെ ബാറിലേക്ക് പോകാം. ഇരുണ്ട മുറിയില്‍ അരണ്ട വെളിച്ചമുണ്ടോ, സോഡയും ടച്ചിംഗ്സും റെഡിയായോ എന്ന് നോക്കം. അവിടെവെച്ച് ഞാന്‍ നിനക്ക് ഒരു ഫുള്ള് തരും''.
പാവം മനുഷ്യന്‍... സ്വന്തം കന്പനിയുടെ അച്ചാറിന് വില്‍പ്പന കൂട്ടാന്‍
ഒരു വഴി തെരഞ്ഞെടുത്തതാണെന്ന് ആശ്വസിക്കാം.

ലാലിന്‍റെ 'പരിപാടി'യില്‍ പ്രതിഷേധിക്കുന്നവര്‍ക്ക്

ടാക്കീസിന്‍റെ എളിയ പിന്തുണ അറിയിക്കുന്നു.