Sunday, November 18, 2007

'പഴകിയ' തമിഴ്മകന്‍

ദീപാവലിക്ക് പുറത്തിറങ്ങിയ തമിഴ് സിനിമകളില്‍ ഏറ്റവുമധികം പണം വാരുന്നത് അഴകിയ തമിഴ്മകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പക്ഷെ ചിത്രം കണ്ടപ്പോള്‍ പേര് പഴകിയ തമിഴ്മകന്‍ എന്നാക്കുന്നതായിരുന്നു നല്ലതെന്ന് തോന്നി.

നമ്മുടെ ഭദ്രന്‍ പതിനേഴു വര്‍ഷം മുന്‍പ് സംവിധാനം ചെയ്ത അയ്യര്‍ ദ്ര ഗ്രേറ്റില്‍ മമ്മൂട്ടി അവതരിപ്പിച്ച സൂര്യനാരായണ അയ്യര്‍ക്കുണ്ടായിരുന്ന എക്സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍(ഇ.പി.എസ്-എന്നുവെച്ചാല്‍ നടക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുന്ന രോഗം, പത്തു കോടി ആളുകളില്‍ ഒരാള്‍ക്കു മാത്രം വരുന്ന ത്രികാലോജ്ഞാനോമെനിഞ്ചൈറ്റിസം!)ആണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഭദ്രനുശേഷം ഹോളിവുലും ചിലര്‍ ഈ രോഗം വെച്ച് കളിച്ചിരുന്നു.

രൂപത്തിലും ഭാവത്തിലും നായകനെപ്പോലരിക്കുന്ന ഒരാള്‍ രംഗപ്രവേശം ചെയ്യുന്നതാണ് (ഇത് പിന്നെ അത്യപൂര്‍വമല്ല, ലോകത്തില്‍ ഒരേപോലെ ഏഴു പേരുണ്ടെന്നാണല്ലോ വിശ്വാസം)കഥയുടെ വഴിത്തിരിവ്. അപരനെ തിരിച്ചറിയാതെ നായകന്‍റെ മാതാപിതാക്കളും സുഹൃത്തുക്കളും പ്രതിശ്രുത വധവുമൊക്കെ ക്ലൈമാക്സിലേക്കുള്ള യാത്ര സുഗമമാക്കുന്നു.

ചിത്രത്തിന്‍റെ നിര്‍മാതാവായ സര്‍ഗ ചിത്ര അപ്പച്ചന്‍ ഫൈനല്‍ ഡെസ്റ്റിനേഷന്‍ പോലുള്ള ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കിലും അയ്യര്‍ ദ ഗ്രേറ്റ് കാണാതിരിക്കാന്‍ തരമില്ല. ഈ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പഴകിയ സിനിമാക്കൂട്ടുകള്‍ സംവിധായകന്‍ ഭരതന് കാട്ടിക്കൊടുത്തത് അപ്പച്ചന്‍തന്നെയാണോ എന്ന് ആര്‍ക്കറിയാം?.

അടടടടടടടടടാാാാാാ....ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനു സംസാരിക്കണം? കഥയെന്തായാലും ചിത്രം വിജയിച്ചാല്‍ പോരെ. ഇളയ ദളപതി വിജയ്ക്ക് തെന്നിന്ത്യയിലെന്പാടും ആരാധകരുള്ളപ്പോള്‍ അതുക്ക് എന്ന പ്രചനം?

മലയാളിയുടെ ഹൃസ്വചിത്രത്തില്‍ അമിതാഭ് ബച്ചന്‍"സംഘടിതമായ ഒരു കുറ്റകൃത്യത്തെ നേരിടാന്‍ നമ്മളും സംഘടിക്കേണ്ടതുണ്ട്...വരിക, മനുഷ്യക്കടത്തിനെതിരായ ആഗോള പോരാട്ടത്തില്‍ കൈകോര്‍ക്കുക" ആഹ്വാനം അമിതാഭ് ബച്ചന്‍റേതാണ്. ബിഗ് ബിക്കു പുറമെ ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും പ്രീതി സിന്‍റയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു.

മനുഷ്യക്കടത്തിനെതിരായ ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമായി യുണൈറ്റ‍ഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ‍ഡ്രഗ്സ് ആന്‍റ് ക്രൈമിനു(യു.എന്‍.ഒ.ഡി.സി) വേണ്ടി മലയാളി സംവിധായകന്‍ രാജേഷ് ടച്ച് റിവര്‍ ഒരുക്കിയ വണ്‍ ലൈഫ് നോ പ്രൈസ്എന്ന ഡോക്യുമെന്‍ററി ഹൃസ്വ ചിത്രത്തിലാണ് സാമൂഹിക ദൗത്യവുമായി താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
മനുഷ്യക്കടത്ത് ഏറെ വ്യാപകമായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ചില ഉദാഹരണങ്ങളും എട്ടു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മിന്നി മറയുന്നു.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒട്ടേറെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ സവിശേഷത.

"പ്രതിവര്‍ഷം ആഗോളതലത്തില്‍ 12 ലക്ഷം ആളുകള്‍ മനുഷ്യക്കടത്തിന് വിധേയരാകുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റുകളുടെ വരുമാനം 950 കോടി ഡോററിലേറെ. ഇന്ത്യയില്‍ മാത്രം മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം വരെ കുട്ടികള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു..." യു.എന്നിന്‍റെ വിവിധ സംഘടനകളുടെ കണക്കുകളെ ഉദ്ധരിച്ച് ചിത്രം വ്യക്തമാക്കുന്നു.

മനുഷ്യക്കടത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ ആഗോള പരിപാടി(യു.എന്‍.ഗിഫ്റ്റ്)യുടെ ഭാഗമായി ഒരുക്കിയ വണ്‍ ലൈഫ് നോ പ്രൈസ് യു.എന്‍.ഒ.ഡി.സി ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.
രാജേഷിന്‍റെ ഭാര്യയും മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായ ഹൈദരാബാദിലെ പ്രജ്വല എന്ന പ്രസ്ഥാനത്തിന്‍റെ സാരഥിയുമായ സുനിതാ കൃഷ്ണന്‍റേതാണ് തിരക്കഥ. ഇതേ ചിത്രം ഹിന്ദിയും പ്രാദേശിക ഭാഷകളിലും നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് രാജേഷ് പറഞ്ഞു.


2003ല്‍ ശ്രീലങ്കയിലെ വംശീയ കലാപത്തെ ആസ്പദമാക്കി നിര്‍മിച്ച ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച രാജേഷ് പിന്നീട് 10 ദ സ്ട്രേഞ്ചേഴ്സ്, അലക്സ് എന്നീ തെലുങ്ക് ചിത്രങ്ങളും സംവിധാനം ചെയ്തു.ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം സ്വദേശിയായ സംവിധായകന്‍ ഏറെ ശ്രദ്ധ നേടിയത് സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ ഡോക്യുമെന്‍ററികളീലുടെയാണ്.

മനുഷ്യക്കടത്തിനെ ആസ്പദമാക്കി പ്രജ്വലയും ടച്ച് റിവര്‍ പിക്ചേഴ്സും ചേര്‍ന്ന് നിര്‍മിച്ച അനാമികയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഡോക്യുമെന്‍ററികളിലൊന്ന്. നിരവധി പുരസ്കാരങ്ങള്‍ നേടിയ അനാമിക ദേശീയ പോലീസ് അക്കാദമിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള സേക്രഡ് ഫേസ് എന്ന ഹൃസ്വചിത്രം കഴിഞ്ഞ വര്‍ഷം കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എന്‍റെ മലയാളം ഉള്‍പ്പെടെ ചില സംഗീത ആല്‍ബങ്ങളും സംവിധാനം രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
--------------------------------------------

വണ്‍ ലൈഫ് നോ പ്രൈസ് എന്ന ഹൃസ്വ ചിത്രം കാണാന്‍ മുകളിലത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഇവിടെ