Monday, August 04, 2008

കോണറി വീണ്ടും പ്രകോപിതനാകുന്പോള്‍


കോണറി 2006ലെ റോം ചലച്ചിത്രോത്സവത്തില്‍ന്നത നേട്ടങ്ങള്‍ കൈവരിക്കാന്‍ ആര്‍ക്കും സാമൂഹ്യവിരുദ്ധനാകേണ്ടിവരും എന്നതാണ്‌ ഷോണ്‍ കോണറിയുടെ സിദ്ധാന്തം. തന്‍റെ പരുക്കന്‍ പ്രതിഛായയുടെയും വിട്ടൊഴിയാത്ത വിവാദങ്ങളുടെയും പകുതി ഉത്തരവാദിത്തം പ്രകോപനങ്ങളുമായി പിന്നാലെ നടക്കുന്ന ജനങ്ങള്‍ക്കാണെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്‌.

ഹോളിവുഡിലെ നിത്യഹരിത നായകന്‍, എക്കാലത്തെയും മികച്ച ജെയിംസ്‌ ബോണ്ട്‌ നടന്‍, ലോകത്തിലെ അതിസുന്ദര പുരുഷന്‍മാരുടെ പട്ടികയില്‍ ഇടം നിലനിര്‍ത്തുന്ന വൃദ്ധന്‍ തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ക്ക്‌ ഉടമയായ കോണറി ഏതാനും വര്‍ഷങ്ങളായി അഭിനയം നിര്‍ത്തി വിശ്രമിക്കുകയാണെങ്കിലും വിവാദങ്ങളുടെ കാള്‍ഷീറ്റില്‍ ഇപ്പോഴും ഒഴിവില്ല. ഈ മാസം 28ന്‌ ആത്മകഥ പുറത്തിറക്കി എഴുപത്തെട്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ആദ്യഭാര്യ ദിയാനെ സിലെന്‍റോയും ന്യൂയോര്‍ക്കിലെ അയല്‍ക്കാരന്‍ ഡോ. ബര്‍ട്ടന്‍ സള്‍ട്ടനുമാണ്‌ റിട്ടയേഡ്‌ ജെയിംസ്‌ ബോണ്ടിനെ ഇപ്പോള്‍ പ്രകോപിപ്പിക്കുന്നത്‌. കോണറിയുടെ വില്‍പത്രമാണ്‌ ആദ്യ ഭാര്യയുടെ പ്രശ്‌നമെങ്കില്‍ ആറു വര്‍ഷമായി തുടരുന്ന അയല്‍ തര്‍ക്കത്തില്‍ അദ്ദേഹത്തിന്‍റെ വില്ലനാണ്‌ ഡോ. സള്‍ട്ടന്‍.

160 ദശലക്ഷം ഡോളറിന്‍റെ ആസ്‌തിയുള്ള കോണറി വില്‍പത്രത്തില്‍ തന്റെ മകന്‍ ജാസണ്‍ കോണറിക്ക്‌ ചില്ലിക്കാശുപോലും നീക്കിവെച്ചിട്ടില്ലെന്നായിരുന്നു മുന്‍കാല നടി കൂടിയായ ദിയാനെയുടെ പരാതി. ബന്ധങ്ങള്‍ക്ക്‌ വിലകല്‍പിക്കാത്ത പിതാവുമായി അകല്‍ച്ചയിലായതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തിലാണ്‌ മകന്‍ കഴിയുന്നതെന്നും ഓസ്‌ട്രേലിയയില്‍ ആര്‍ട്ട്‌ സെന്‍റര്‍ നടത്തുന്ന അവര്‍ പറഞ്ഞു.കോണറി തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നതായി മൈ നയന്‍ ലൈവ്‌സ്‌ എന്ന ആത്മകഥയില്‍ വെളിപ്പെടുത്തി ദിയാനെ മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

മിസ്റ്റര്‍ യൂനിവേഴ്‌സ്‌ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കോണറി ഭാര്യക്കിട്ട്‌ പൊട്ടിച്ചെന്നു കേട്ടാല്‍ ഒരുപക്ഷെ ആരും അത്ഭുതപ്പെടാനിടയില്ല. ഒരു സ്‌ത്രീയെ നിലക്കുനിര്‍ത്താന്‍ അടിക്കുന്നതില്‍ തെറ്റില്ലെന്ന്‌ പണ്ട്‌ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയും ചെയ്‌തിരുന്നു. പക്ഷെ, ദിയാനെയുടെ ആരോപണം കോണറി നിഷേധിക്കുകയായിരുന്നു.

ആദ്യഭാര്യയുടെ പുതിയ പരാതിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവള്‍ക്ക്‌ വട്ടാണെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വൈകാതെ അമ്മയുടെ പ്രസ്‌താവന നിഷേധിച്ച്‌ ജാസന്‍ കോണറി രംഗത്തെത്തുകയും ചെയ്‌തു. സ്‌നേഹസമ്പന്നനായ പിതാവാണ്‌ കോണറിയെന്ന്‌ റോബിന്‍ ഓഫ്‌ ഷെര്‍വുഡ്‌ എന്ന വിഖ്യാത ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധനേടിയ 45 കാരന്‍ ജാസന്‍ പറഞ്ഞു. നേരായ വഴിയിലൂടെ സമ്പാദിച്ച പണം എങ്ങനെ ചെലവഴിക്കുമെന്ന്‌ അദ്ദേഹം തീരുമാനിക്കും. ചെറുപ്പത്തില്‍ എന്‍റെ ചെലവുകള്‍ വഹിക്കുകയും വീടു വാങ്ങാന്‍ പണം തരികയും ചെയ്‌ത അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിച്ചതില്‍ വേദനയുണ്ട്‌. ഞാന്‍ പിതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു -ജാസന്‍ വിശദീകരിച്ചു.

വില്‍പത്രത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ കോണറി തനിക്കായി വല്ലതും മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ അതു നഷ്‌ടമാകേണ്ടെന്നു കരുതിയാണ്‌ ജാസന്‍ വിശദീകരണം നല്‍കിയതെന്നാണ്‌ പിന്നാമ്പുറ സംസാരം.


പരുക്കനും വൃത്തികെട്ടവനുമായ വൃദ്ധന്‍ എന്നാണ്‌ ഡോ. സള്‍ട്ടന്‍ കോണറിയെ വിശേഷിപ്പിച്ചത്‌. കോണറിയുടെ അപ്പാര്‍ട്ട്‌മെന്‍റിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ്‌ ഇരുവരും ഉടക്കിലായത്‌. തങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പണി നടത്തുന്നതിനെതിരെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ താഴത്തെ നിലയിലെ താമസക്കാരനായ സള്‍ട്ടന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആറു വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കാര്‍ തന്റെ സ്ഥലത്ത്‌ അതിക്രമിച്ചു കടന്നെന്നു കാട്ടി ഡോ. സള്‍ട്ടന്‍ പോലീസിനെ വിളിച്ചതോടെ വീണ്ടും സ്ഥിതി വഷളായി. ഇതേ തുടര്‍ന്ന്‌ കോണറിയുടെ അഭിഭാഷകന്‌ മന്‍ഹാട്ടന്‍ സുപ്രീം കോടതിയില്‍ ഹാജരാകേണ്ടിവന്നു.

കോണറിയുടെ സംഭവബഹുലമായ ജീവിതം പരിശോധിച്ചാല്‍ പുതിയ വിവാദങ്ങള്‍ നിസ്സാരമാണെന്നു കാണാം. സ്‌കോട്ട്ലാന്‍റിലെ തികച്ചും ദരിദ്രമായ ചുറ്റുപാടുകളില്‍നിന്ന്‌ ഹോളിവുഡിലെ താരസിംഹാസനത്തിലേക്കുള്ള യാത്രയുടെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ ഉടനീളമുണ്ടായ വിവാദങ്ങളെക്കുറിച്ചും പ്രകോപനങ്ങളെ കുറിച്ചുമുള്ള സ്വന്തം നിലപാടുകളും കോണറി ജീവചരിത്രത്തില്‍ വിശദമാക്കുന്നുണ്ടെന്നാണ്‌ സൂചന.

ജീവചരിത്രവും വിവാദത്തിന്‌ അതീതമായിരുന്നില്ല. 2003ല്‍ സുഹൃത്തും എഴുത്തുകാരുമായ മെഗ്‌ ഹെന്‍ഡേഴ്‌സണുമായി ചേര്‍ന്ന്‌ സ്‌മരണകള്‍ എഴുതാന്‍ പദ്ധതിയിട്ട കോണറി വൈകാതെ അതില്‍നിന്ന്‌ പിന്‍മാറി. പിന്നീട്‌ ഹണ്ടര്‍ ഡേവിസുമായി കരാറില്‍ ഏര്‍പ്പെട്ടെങ്കിലും അത്‌ ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്‌. എഡിന്‍ബറോയിലെ കാനോന്‍ ഗേറ്റുമായി ചേര്‍ന്ന്‌ പുസ്‌തകമിറക്കാനുള്ള നീക്കവും ഉടക്കിലാണ്‌ കലാശിച്ചത്‌. കോണറിയുടെ താന്‍പ്രമാണിത്തമാണ്‌ പ്രശ്‌നമായതെന്ന്‌ ഹെന്‍ഡേഴ്‌സണ്‍ പറയുന്നു. ഏറ്റവുമൊടുവില്‍ മുറെ ഗ്രിഗറുമായി ചേര്‍ന്നാണ്‌ പുസ്‌തകം ഇറക്കുന്നത്‌.

``ജീവിതത്തിലെ ആദ്യ വഴിത്തിരിവ്‌ അഞ്ചാം വയസ്സിലായിരുന്നു. അന്നാണ്‌ ഞാന്‍ ആദ്യമായി വായിക്കാന്‍ പഠിച്ചത്‌. പക്ഷെ അതിന്‍റെ പ്രാധാന്യം തിരിച്ചറിയാന്‍ എഴുപതു വര്‍ഷത്തിലേറെ വേണ്ടിവന്നു. പതിമൂന്നാം വയസ്സില്‍ സ്‌കൂള്‍ വിട്ടു. എനിക്ക്‌ പ്രാഥമിക വിദ്യാഭ്യാസം നേടാനായില്ല''- പഠിക്കാന്‍ കഴിയാതിരുന്നതിന്‍റെ വേദന കോണറി ഇപ്പോഴും കൊണ്ടുനടക്കുന്നു എന്ന്‌ ഈ വാക്കുകളില്‍ വ്യക്തമാണ്‌.

വിദ്യാഭ്യാസത്തിന്‍റെ അഭാവവും ബാല്യത്തിലെ ദാരിദ്ര്യവും അമ്മയുടെ ലാളനം ലഭിക്കാതിരുന്നതും കോണറിയുടെ വ്യക്തിത്വത്തെ ബാധിച്ചിട്ടുണ്ടെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌കൂള്‍ വിട്ട്‌ പാല്‍ക്കാരന്‍റെ ജോലി ചെയ്‌ത അദ്ദേഹം തന്റെ ഭാവി എഡിന്‍ബറോയുടെ പരിസരങ്ങളില്‍ ഒതുങ്ങുന്നതല്ലെന്ന്‌ മനസ്സിലാക്കി റോയല്‍ നേവിയില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തിനു ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ അവിടെനിന്ന്‌ പുറത്തായി. തിരിച്ച്‌ നാട്ടിലെത്തി ചില്ലറ ജോലികളുമായി കഴിയുന്നതിനിടെ 1951ല്‍ കിംഗ്‌സ്‌ തിയേറ്ററില്‍ സഹായിയായി. വിനോദ വ്യവസായ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്‌.

ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന കോണറി തൊട്ടടുത്ത വര്‍ഷം ലണ്ടനില്‍ നടന്ന മിസ്റ്റര്‍ യൂനിവേഴ്‌സ്‌ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ന്ന്‌ റോയല്‍ തിയേറ്ററിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. അന്ന്‌ കോണറിയുടെ രൂപഭാവങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നെന്ന്‌ റോയല്‍ തിയേറ്ററിലുണ്ടായിരുന്ന നടി ഹോണര്‍ ബ്ലാക്‌മാന്‍ അനുസ്‌മരിക്കുന്നു.

1958ല്‍ അനതര്‍ ടൈം അനതര്‍ പ്ലേസ്‌ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സഹനടി ലാന ടര്‍ണറും കോണറിയും അടുപ്പത്തിലാണെന്ന്‌ കഥകള്‍ പ്രചരിച്ചു. ലാനയുടെ കാമുകന്‍ ജോണി സ്റ്റൊംപാനാറ്റോ സെറ്റില്‍ അതിക്രമിച്ചു കയറി കോണറിക്കു നേരെ തോക്കു ചൂണ്ടിയെങ്കിലും തോക്ക്‌ പിടിച്ചെടുത്ത്‌ ജോണിയെ നായകന്‍ അടിച്ചൊതുക്കി.

1962ലായിരുന്നു ഓസ്‌ട്രേലിയയില്‍ ജനിച്ച ദിയാനെ സിലെന്റോയുമായുള്ള വിവാഹം. ദിയാനെയുടെ രണ്ടാം വിവാഹമായിരുന്നു ഇത്‌. ഈ ബന്ധം പത്തു വര്‍ഷമേ നീണ്ടുള്ളൂ.1975ല്‍ വിവാഹം ചെയ്‌ത ഫ്രാന്‍സുകാരി മിഷെലിന്‍ റെക്വെബ്രൂണിനൊപ്പം ബഹാമസിലാണ്‌ ഇപ്പോള്‍ സ്ഥിരവാസം. ഡോക്‌ടര്‍ നോ മുതല്‍ നെവര്‍ സേ നെവര്‍ എഗേന്‍ വരെ ഏഴ്‌ ജെയിംസ്‌ ബോണ്ട്‌ സിനിമകളില്‍ വേറിട്ട മാനറിസങ്ങളും സ്‌കോട്ടിഷ്‌ ഉച്ചാരണവുമായി ജ്വലിച്ചുനിന്ന കോണറി പ്രേക്ഷക ലക്ഷങ്ങളുടെ ഹരമായി മാറിയത്‌ വളരെ പെട്ടെന്നാണ്‌.

ജെയിംസ്‌ ബോണ്ട്‌ എന്നാല്‍ കോണറി എന്ന്‌ ജനം ചിന്തിക്കുന്നിടംവരെയെത്തി കാര്യങ്ങള്‍. ബോണ്ട്‌ ചിത്രങ്ങള്‍ക്കു പുറമെ ശ്രദ്ധേയമായ അനേകം വേഷങ്ങള്‍ ചെയ്‌ത അദ്ദേഹം ബ്രിട്ടന്‍ സംഭാവന ചെയ്‌ത ഏറ്റവും മികച്ച നടനെന്ന്‌ വാഴ്‌ത്തപ്പെട്ടു.1987ല്‍ ദ അണ്‍ടച്ചബിള്‍സിലെ അഭിനയത്തിന്‌ മികച്ച സഹനടനുള്ള ഓസ്‌കര്‍ ലഭിച്ചു. 2000ല്‍ ബ്രിട്ടനിലെ എലിസബത്ത്‌ രാജ്ഞി കോണറിയെ സര്‍ പദവി നല്‍കി ആദരിച്ചു. 2003ല്‍ ദ ലീഗ്‌ ഓഫ്‌ എക്‌സ്‌ട്രാ ഓര്‍ഡിനറി ജെന്റില്‍മെനില്‍ അഭിനയിച്ചശേഷമാണ്‌ അദ്ദേഹം വിരമിച്ചത്‌.

വിവാദങ്ങളുടെ വേലിയേറ്റത്തിനിടയിലും കോണറി എന്ന അഭിനേതാവിനെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍, അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രകോപനവുമായി പിന്നാലെ നടക്കുന്നവര്‍ നെഞ്ചേറ്റി. തന്റെ ജീവചരിത്ര പ്രസാധകരും പ്രതീക്ഷ വെക്കുന്നത്‌ ഈ പ്രകോപനക്കാരിലാണെന്ന്‌ കോണറി അറിയുന്നുണ്ടാകുമോ?
--------------------------------
പി.ഡി.എഫ് പേജ് ഇവിടെ വായിക്കാം

Wednesday, July 23, 2008

സാബുവാണ് താരം


ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ ഹോളിവുഡില്‍ സജീവ സാന്നിധ്യമറിയിക്കുന്ന ഒരു കാലമുണ്ടണ്ടാകുമോ?.
ഏറെക്കാലമായി ചലച്ചിത്ര പ്രേമികള്‍ ഉന്നയിച്ചിരുന്ന ചോദ്യം അപ്രസക്തമായിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക്‌ അപ്രാപ്യമെന്ന്‌ കരുതപ്പെട്ടിരുന്ന ഹോളിവുഡില്‍നിന്നും മുംബൈയിലേക്ക്‌ വാഗ്ദാനങ്ങള്‍ പ്രവഹിക്കുകയാണ്‌. പെര്‍സിസ്‌ ഖംബട്ട, കബീര്‍ ബേദി, നസ്സറുദ്ദീന്‍ ഷാ, ഓംപുരി, അമരീഷ് പുരി, ഗുല്‍ഷന്‍ ഗ്രോവര്‍, ഐശ്വര്യാ റായ് തുടങ്ങിയവര്‍ക്കുശേഷം മല്ലികാ ഷെരാവത്തും(അന്‍വീല്‍ഡ്‌), അക്ഷയ്‌ കുമാറും( ബാന്‍ഡ്സ്റ്റാന്‍ഡ്‌) സല്‍മാന്‍ ഖാനും
ശില്‍പ്പാ ഷെട്ടിയും ഹോളിവുഡില്‍ എത്തിക്കഴിഞ്ഞു.
മുന്‍ഗാമികളില്‍നിന്ന്‌ വ്യത്യസ്തമായി ഇവര്‍ക്കെല്ലാം ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ്‌ ഹോളിവുഡില്‍ ലഭിച്ചത്‌.

ബോഡി ഓഫ്‌ ലൈസ്‌ എന്ന പുതിയ ചിത്രത്തില്‍ ലിയാനാര്‍ഡോ ഡികാപ്രിയോക്കും റസല്‍ ക്രോവിനുമൊപ്പം ജോര്‍ദാന്‍കാരനായി അഭിനയിക്കാന്‍ റെഡ് ലി സ്കോട്ട്‌ കണ്ടെണ്ടത്തിയത്‌ സാക്ഷാല്‍ അമിതാഭ്‌ ബച്ചനെയാണ്‌. മീരാ നായരുടെ ശാന്താറാം എന്ന ചിത്രത്തില്‍ ജോണി ഡെപിനൊപ്പം അഭിനയിക്കുന്നതും ബിഗ് ബിതന്നെ.
ഇവരുടെയൊക്കെ ഹോളിവുഡ്‌ രംഗപ്രവേശം വലിയ സംഭവമായി കൊണ്ടാടുന്നവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ പാശ്ചാത്യ സിനിമാ ലോകത്ത്‌ അരങ്ങേറ്റം കുറിക്കുകുയം വളരെ പെട്ടെന്ന്‌ താരരാജാവായി മാറുകയും ചെയ്ത ഒരു കര്‍ണാടകക്കാരനെ വിസ്മരിച്ചോ എന്ന്‌ സംശയിക്കേണ്ടിരിയിരിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ രാജ്യാന്തര ചലച്ചിത്ര താരമായ സാബുവിനെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌.

മൈസൂറില്‍ ആനപ്പാപ്പാനായിരുന്ന സാബു ചില ഹോളിവുഡ്‌ സിനിമകളില്‍ അഭിനയിച്ചു എന്നതിലുപരി സിനിമക്കഥയെപ്പോലും വെല്ലുന്ന ആ ജീവിതത്തെക്കുറിച്ചോ അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചോ ഇന്ത്യയിലെ ഭൂരിപക്ഷം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും അറിയില്ല എന്നതാണ്‌ സത്യം. ഹോളിവുഡില്‍ ഇന്ത്യന്‍ സാന്നിധ്യം ശക്തമാകുന്നത്‌ ചലച്ചിത്ര ലോകത്ത്‌ സാബു അരങ്ങേറ്റം കുറിച്ചിട്ട്‌ ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടാണെന്ന് ഓര്‍ക്കുക.
മലയാളം വിക്കിയില്‍ സാബുവിനെക്കുറിച്ച് ഞാന്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളുടെ ടിസ്ഥാനത്തില്‍ പണ്ട് ഇട്ട ഒരു പോസ്റ്റ് ആവര്‍ത്തിക്കുകയാണ് ഇവിടെ.

ശൂന്യതയില്‍നിന്ന്‌ ഉദിച്ച താരം
1924 ജനുവരി 27ന്‌കര്‍ണാടത്തിലെ മൈസൂറിനു സമീപം കാരപൂരില്‍ ഒരു ആനപ്പാപ്പന്‍റെ മകനായി ജനിക്കുകയും ബാല്യത്തില്‍തന്നെ അതേ തൊഴില്‍ സ്വീകരിക്കുകയും ചെയ്ത സെലാര്‍ ഷെയ്ഖ്‌ സാബുവാണ്‌ പില്‍ക്കാലത്ത്‌ ബ്രിട്ടീഷ്‌, ഹോളിവുഡ്‌ സിനിമകളിലെ ശ്രദ്ധേയ നടന്‍മാരില്‍ ഒരാളായി മാറിയത്‌. (സാബുവിന്‍റെ പേര്‌ സാബു ദസ്തഗിര്‍ എന്ന്‌ പല രേഖകളിലും കാണപ്പെടുന്നുണ്ട്‌. ഇത്‌ ഇദ്ദേഹത്തിന്‍റെ സഹോദരന്‍റെ പേരാണെന്ന്‌ കുടുംബാംഗങ്ങളും സാബുവിന്‍റെ ജീവിതത്തെക്കുറിച്ച്‌ പഠനം നടത്തിയിട്ടുള്ള പത്രപ്രവര്‍ത്തകനായ ഫിലിപ്‌ ലെയ്ബ്ഫ്രെഡും സ്ഥിരീകരിച്ചിട്ടുണ്ട്‌). ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള മറ്റ്‌ യൂറോപ്യന്‍ ഭാഷകളിലും സാബു സാന്നിധ്യമറിയിച്ചിട്ടുണ്ട്‌.

ആദ്യകാലം
മൈസൂറില്‍ ആനപാപ്പാനായി ജീവിക്കേണ്ടിയിരുന്ന സാബുവിന്‍റെ ജീവിതത്തില്‍ സ്വപ്നതുല്യമായ വഴിത്തിരിവുണ്ടാക്കിയത്‌ വിഖ്യാത ബ്രിട്ടീഷ്‌ ഡോക്യുമെന്‍ററി സംവിധായകനായിരുന്ന റോബര്‍ട്ട്‌ ജെ. ഫ്ളഹെര്‍ട്ടിയാണ്‌. 1934ല്‍ റുഡ് യാര്‍ഡ് കിപ്ലിംഗിന്‍റെ തുമായി ഓഫ്‌ ദ എലിഫെന്‍റ്സ് എന്ന രചനയെ ആസ്പദമാക്കി സംവിധാനം ചെയ്ത ദ എലിഫെന്‍റ് ബോയ്‌ എന്ന ചിത്രത്തിലൂടെയാണ്‌ ഫ്ളഹെര്‍ട്ടി സാബുവിനെ വെള്ളിത്തിരയില്‍ എത്തിച്ചത്‌. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്‌ അനുയോജ്യനായ ബാല താരത്തെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ്‌ 1935ല്‍ പതിനൊന്നു കാരാനായ സെലാര്‍ ഷെയ്ഖ്‌ സാബുവിനെ ഫ്ളഹര്‍ട്ടി കണ്ടെത്തിയത്‌.

മൈസൂര്‍ മഹാരാജാവിന്‍റെ ആനപാപ്പാന്‍മാരില്‍ ഒരാളായിരുന്നു സാബുവിന്‍റെ പിതാവ്‌. മാതാവ്‌ അസാം സ്വദേശിനിയും. സാബുവിന്‍റെ ശൈശവത്തില്‍തന്നെ മാതാവ്‌ മരിച്ചു. 1931ല്‍ പിതാവും മരിച്ചതിനെ തുടര്‍ന്ന്‌ അനാഥനായ സാബു ഉപജീവനത്തിനുവേണ്ടി പിതാവിന്‍റെ തൊഴില്‍ സ്വീകരിക്കുകയായിരുന്നു.

എലിഫെന്‍റ് ബോയിയുടെ ചിത്രീകരണം ഇന്ത്യയില്‍തന്നെയായിരുന്നു. 1935ല്‍ തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‌ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ്‌ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്‌. അന്നത്തെ മൈസൂര്‍ പ്രധാനമന്ത്രിയുടെ പഴ്സണല്‍ അസിസ്റ്റന്‍റായിരുന്ന എ.കെ സേട്ട്‌ ഫളഹര്‍ട്ടിയുടെ ജീവചരിത്രകാരനായ പോള്‍ റോത്തക്ക്‌ അയച്ച കത്തില്‍ സാബുവിന്‍റെ ആദ്യാഭിനയത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന്ത ഇങ്ങനെയാണ്-ആ ദിവസത്തെ എന്‍റെ എറ്റവും വിലപ്പെട്ട ഓര്‍മ സാബുവിനെക്കുറിച്ചുള്ളതാണ്‌. ഒരു ആനപ്പുറത്ത്‌ വളരെ സാവധനാത്തിലാണ്‌ അവന്‍ പ്രത്യക്ഷപ്പെട്ടത്‌. വലിയ മൈതാനത്തിന്‍റെ മധ്യത്തില്‍ ലോകത്തിനു മുഴുവന്‍ കാണാവുന്ന രീതിയില്‍ അവര്‍ നിലയുറപ്പിച്ചു. കൃശഗാത്രനായ അവന്‍ ഒരു ചെറിയ ലുങ്കിയും തനി തെന്നിന്ത്യന്‍ ശൈലിയിലുള്ള ഒരു തലപ്പാവുമാണ്‌ ധരിച്ചിരുന്നത്‌... ഭീമാകാരനായ ആ ആനയെ വരുതിയില്‍ നിര്‍ത്തുന്നതു കണ്ടാല്‍ മതി ആര്‍ക്കും അവന്‍റെ കഴിവില്‍ വിശ്വാമര്‍പ്പിക്കാന്‍.

ഇതേ കത്തില്‍തന്നെ സേട്ട്‌ വര്‍ഷങ്ങള്‍ക്കു ശേഷം സാബുവുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചും വിശദീരിക്കുന്നു-വര്‍ഷങ്ങള്‍ക്കുശേഷം ഔപചാരികതകളില്ലാതെ സാബു എനിക്കൊപ്പം വിരുന്നുണ്ടു. അവനെ ആദ്യമായി കണ്ട മുഹൂര്‍ത്തത്തെക്കുറിച്ച്‌ അപ്പോള്‍ പറഞ്ഞു. അന്ന്‌ അവന്‍ വന്നത്‌ ആനപ്പുറത്തല്ല, ഒരു കാഡിലാക്‌ കാറിലായിരുന്നു. ലുങ്കിക്കും ടര്‍ബനും പകരം ആഢ്യത്വം തുളുമ്പുന്ന വേഷം ധരിച്ചിരുന്ന അവന്‍ സംസാരിച്ചതാകട്ടെ തനി അമേരിക്കന്‍ ശൈലിയിലും.

ചലച്ചിത്ര ജീവിതം
എലിഫെന്‍ഫെന്‍റ് ബോയിക്ക്‌ നിരൂപകരുടെ സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചതെങ്കിലും ചിത്രം ബോക്സ്‌ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. സാബുവിന്‍റെ സാന്നിധ്യംതന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ഏഷ്യന്‍ കഥാപാത്രങ്ങളെ പാശ്ചാത്യ താരങ്ങള്‍തന്നെ അവതരിപ്പിച്ചുപോന്ന കാലഘട്ടത്തില്‍ കഥാപാത്രത്തെ അക്ഷരംപ്രതി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ബാലന്‍റെ രംഗപ്രവേശം ശ്രദ്ധേയമായത്‌ സ്വാഭാവികം. പാശ്ചാത്യരില്‍ ഭൂരിഭാഗത്തിനും കേട്ടുകേള്‍വി മാത്രമായിരുന്ന നാട്ടില്‍നിന്നെത്തിയ സാബു താരമായത്‌ വളരെ പെട്ടെന്നാണ്‌.

ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി സാബുവിനെയും സഹോദരന്‍ ദസ്തഗിറിനെയും ഇംഗ്ളണ്ടിലേക്ക്‌ കൊണ്ടുപോയി. ലണ്ടനില്‍ ബി.ബി.സിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും അലക്സാണ്‍ഡ്ര കൊട്ടാരത്തിലെ ടെലിവിഷന്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുകയും ചെയ്ത സാബുവിനെവിനെ മുന്നിലിരുത്തി വിഖ്യാത ശില്‍പ്പകലാ വിദഗ്ധ ലേഡി കെന്നറ്റ്‌ ശില്‍പ്പം തീര്‍ക്കുകയും ചിത്രകാരനായ ആല്‍ഫ്രഡ്‌ എഗെര്‍ട്ടന്‍ കൂപ്പര്‍ പോര്‍ട്രെയ്റ്റ്‌ വരക്കുകയും ചെയ്തു. ആ വര്‍ഷം വെനീസ്‌ ചലച്ചിത്രോത്സവത്തില്‍ ബ്രിട്ടന്‍റെ ഔദ്യോഗിക എന്‍ട്രിയായിരുന്ന എലിഫെന്‍റ് ബോയ്‌ അവിടെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുകയുംചെയ്തു.

ആദ്യ ചിത്രത്തിന്‍റെ തരംഗം കെട്ടടങ്ങും മുമ്പ്‌ സാബുവിനെത്തേടി അടുത്ത അവസരമെത്തി. എലിഫെന്‍റ് ബോയിയുടെ സംവിധാനത്തില്‍ പങ്കാളിയായ സുല്‍ത്താന്‍ കോര്‍ദ എ.ഇ മാന്‍സന്‍റെ നോവലിനെ ആധാരമാക്കി ഒരുക്കിയ ദ ഡ്രം ആയിരുന്നു ചിത്രം. തുകല്‍ വാദ്യ വിദ്വാനായ ഒരു ഇംഗ്ളീഷ്‌ യുവാവും ഇന്ത്യന്‍ രാജകുമാരനും തമ്മിലുള്ള ബന്ധമായിരുന്നുവെയ്ല്‍സില്‍ ചിത്രീകരിച്ച ദ ഡ്രമ്മിന്‍റെ ഇതിവൃത്തം. ടെക്നികളറിലാണ്‌ ഇത്‌ ചിത്രീകരിച്ചത്‌. ഈ ചിത്രത്തിന്‍റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ്‌ സാബു ആദ്യം അമേരിക്കയിലെത്തുന്നത്‌.

മൂന്നാമത്തെ ചിത്രമായ ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ സാബുവിന്‍റെ അഭിനയ ജീവിതത്തിലെ ആഘോഷമായി മാറി. എക്കാലത്തെയും മികച്ച കല്‍പ്പിത കഥാ ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഇത്‌ സംവിധാനം ചെയ്തത്‌ ലുഡ്‌വിഗ്‌ ബെര്‍ഗര്‍, മൈക്കല്‍ പവല്‍, ടിം വെലന്‍ എന്നിവര്‍ ചേര്‍ന്നാണ്‌. പ്രധാന കഥാപാത്രമായ അബുവിനെയാണ്‌ സാബു അവതരിപ്പിച്ചത്‌. ജൂണ്‍ ഡ്യൂപ്രെസ്‌, ജോണ്‍ ജസ്റ്റിന്‍, റെക്സ്‌ ഇന്‍ഗ്രാം തുടങ്ങിയ പ്രമുഖരായിരുന്നു മറ്റ്‌ അഭിനേതാക്കള്‍. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന്‌ തടസപ്പെട്ട ചിത്രീകരണവും അനുബന്ധ ജോലികളും ഇടക്ക്‌ ഹോളിവുഡിലേക്ക്‌ മാറ്റേണ്ടിവന്നു. ഈ കാലതാസമത്തിനിടെ ആര്‍.കെ.ഒയുടെ ഗുംഗ ഡിന്‍ എന്ന ചിത്രത്തില്‍ സാബു വേഷമിട്ടു.

1940ലെ ക്രിസ്മസ്‌ ദിനത്തില്‍ പുറത്തിറങ്ങിയ ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ ഗംഭീര വിജയമായിരുന്നു. വര്‍ണ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഛായാഗ്രഹണം, കലാസംവിധാനം, ദൃശ്യ, ശബ്ദ മികവ്‌ എന്നിവക്കുള്ള ഓസ്കാര്‍ അവാര്‍ഡുകളും ചിത്രത്തിനു ലഭിച്ചു. സുല്‍ത്താന്‍ കോര്‍ദയും സാബുവും കൈകോര്‍ത്ത അവസാന ചിത്രവും റുഡ് യാര്‍ഡ് കിപ്ളിംഗിന്‍റെ രചനയെ ആസ്പദമാക്കിയുള്ളതായിരുന്നു. 1942ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കില്‍ സാബു മൌഗ്ളിയായാണ്‌ വേഷമിട്ടത്‌. അതേ വര്‍ഷം യുണിവേഴ്സല്‍ പിക്ചേഴ്സുമായി കരാര്‍ ഒപ്പിട്ട സാബു അവരുടെ നാലു ചിത്രങ്ങളില്‍(അറേബ്യന്‍ നൈറ്റ്സ്‌-1942, വൈറ്റ്‌ സാവേജ്‌-1943, കോബ്രാ വുമണ്‍-1944, ടാംഗിയര്‍-1946) അഭിനയിച്ചു. ഈ ചിത്രങ്ങളിലൊന്നും നായക വേഷമായിരുന്നില്ലെന്നുമാത്രം.

രണ്ടാം ലോക മഹായുദ്ധം രൂക്ഷമായതോടെ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്‍റിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ സാബു 30 നഗരങ്ങളില്‍ പര്യടനം നടത്തുകയും റേഡിയോ പ്രക്ഷേപണത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1944ല്‍ സാബുവിന്‌ അമേരിക്കന്‍ പൗരത്വം ലഭിച്ചു. വൈകാതെ വടക്കന്‍ കരോലിനയിലെ ആര്‍മി എയര്‍ഫോഴ്സ്‌ ബേസില്‍ പരിശീലനത്തിനു ചേര്‍ന്ന ഇദ്ദേഹം യുദ്ധത്തില്‍ അമേരിക്കന്‍ വിമാനങ്ങളില്‍ ടെയ്ല്‍ ഗണാറായി സേവനമനുഷ്ഠിച്ചു. പസഫിക്‌ മേഖലയില്‍ നാല്‍പ്പതോളം ദൌത്യങ്ങളില്‍ പങ്കാളിയായ സാബുവിന്‌ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും (ഡിസ്റ്റിംഗുഷ്ഡ്‌ ഫ്ളൈയിംഗ്‌ ക്രോസ്‌) ലഭിച്ചു. ബ്രിട്ടനില്‍ തിരിച്ചെത്തിയയുടന്‍‌ അടുത്ത ചിത്രത്തിലേക്ക്‌ ക്ഷണം ലഭിച്ചു. മൈക്കല്‍ പവല്‍ സംവിധാനം ചെയ്ത ബ്ളാക്ക്‌ നാര്‍സിസസില്‍(1947) നായകനായിരുന്നില്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. അടുത്ത ചിത്രമായ എന്‍ഡ്‌ ഓഫ്‌ ദ റിവറില്‍(1947) ബ്രസീലിയന്‍ താരറാണി ബിബി ഫെരെയ്‌റയായിരുന്നു സാബുവിന്‍റെ ഭാര്യയായി വേഷമിട്ടത്‌. ചിത്രം കാര്യമായ വിജയം കണ്ടില്ല.

വീണ്ടും അമേരിക്കയിലെത്തിയ സാബു യൂണിവേഴ്സല്‍ പിക്ചേഴ്സിന്‍റെ മാന്‍ ഈറ്റര്‍ ഓഫ്‌ കുമായോണ്‍ (1948)എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം ജൂലൈയില്‍ കൊളംബിയ ഫിലിംസിന്‍റെ സോംഗ്‌ ഓഫ്‌ ഇന്ത്യയില്‍ അഭിനയിക്കുമ്പോഴാണ്‌ യുവ നടി മാരിലിന്‍ കൂപ്പറുമായി സാബു പ്രണയത്തിലാകുന്നത്‌. ചിത്രത്തില്‍ സാബുവിന്‍റെ നായികയായി നിശ്ചയിച്ചിരുന്ന ഗെയ്ല്‍ റെസ്സലിന്‍റെ പകരക്കാരിയായാണ്‌ മാരിലിന്‍ അഭിനയിക്കാനെത്തിയത്‌. ഒക്ടോബര്‍ 19 സാബു മാരിലിനെ വിവാഹം ചെയ്തു.

ചുവടുമാറ്റവും സര്‍ക്കസ്‌ ജീവിതവും
പ്രായമേറുന്നതനുസരിച്ച്‌ തന്‍റെ പയ്യന് ‍പ്രതിഛായ മങ്ങുന്നതായി സാബു മനസിലാക്കി. അതുകൊണ്ടുതന്നെ 1950ല്‍ അഭിനയത്തിന്‍റെ ഇടവേളകളില്‍ അദ്ദേഹം കോണ്‍ട്രാക്ടിംഗ്‌, റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകളില്‍ ഏര്‍പ്പെട്ടു.

യുദ്ധാനന്തര കാലഘട്ടത്തില്‍ കല്‍പ്പിത കഥകളും കാട്ടിലെ കഥകളും അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക്‌ പ്രിയം കുറഞ്ഞതോടെ സാബുവിന്‌ അവസരങ്ങള്‍ നാമമാത്രമായി. 1952ല്‍ ബഗ്ദാദ്‌ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി സാബു വീണ്ടും ഇന്ത്യയിലെത്തി. അതേ വര്‍ഷം ഇംഗ്ളണ്ടില്‍ മടങ്ങിയെത്തിയ സാബുവിനെ പിന്നീട്‌ കാണുന്നത്‌ ഹാരിംഗ്ഗേ സര്‍ക്കസില്‍ ആന അഭ്യാസിയായാണ്‌. ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ എന്ന ചിത്രത്തിലെ വേഷത്തിലാണ്‌ ഇദ്ദേഹം ആദ്യം സര്‍ക്കസില്‍ പ്രത്യക്ഷപ്പെട്ടത്‌. കാണികള്‍ ഇതില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുര്‍ന്ന്‌ പരമ്പരാഗാത വേഷമായ മുണ്ട്‌ ധരിക്കാന്‍ നിര്‍ബന്ധിതനായി. കൊടും തണുപ്പില്‍ മുണ്ട്‌ ധരിച്ച്‌ സര്‍ക്കസില്‍ പങ്കെടുത്തത്‌ സാബുവിന്‍റെ ആരോഗ്യത്തെ ദോഷകരമയി ബാധിച്ചു. 1953ല്‍ സര്‍ക്കസ്‌ സംഘത്തിനൊപ്പം അദ്ദേഹം യൂറോപ്പില്‍ പര്യടനം നടത്തി.

മടങ്ങിവരവ്‌
തൊട്ടടുത്ത വര്‍ഷം ഹലോ എലിഫെന്‍റ് എന്ന ഇറ്റാലിയന്‍ ചിത്രത്തില്‍ വിറ്റോറിയോ ഡെസികക്കൊപ്പം അഭിനയിച്ചു. ഇതും 1956ല്‍ പുറത്തിറങ്ങിയ ബ്ളാക്‌ പാന്തറും നടന്‍ എന്ന നിലയില്‍ സാബുവന്‌ കാര്യമായ നേട്ടമുണ്ടാക്കിയില്ല. മുടങ്ങിപ്പോയ ചില ചിത്രങ്ങളിലെ രംഗങ്ങള്‍ ഉപയോഗിച്ച്‌ തന്‍റെ അനുവാദമില്ലാതെ സംവിധാനം ചെയ്ത ജംഗിള്‍ ഹെല്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവിനെതിരെ സാബു കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്‌ ഈ ചിത്രം വെളിച്ചം കണ്ടില്ല.

സാബു എന്ന ബാലതാരത്തെ മനസില്‍ സൂക്ഷിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ട് അലൈഡ്‌ ആര്‍ട്ടിസ്റ്റ്‌ പിക്ചേഴ്സ് കോര്‍പ്പറേഷന്‍ ഒരു പരീക്ഷണത്തിന്‌ തയാറായി. 1957ല്‍ സാബു ആന്‍ഡ്‌ ദ മാജിക്‌ റിംഗ്‌ എന്ന ചിത്രം പുറത്തിറങ്ങി. ഒരു നടന്‍റെ പേരില്‍തന്നെ സിനിമ ഇറങ്ങുക എന്ന അപൂര്‍വതയും സാബുവിന്‌ ഇതിലൂടെ സ്വന്തമായി. ജര്‍മന്‍-ഇറ്റാലിയന്‍ ചിത്രമായ മിസ്ട്രസ്‌ ഓഫ്‌ ദി വേള്‍ഡ്‌(1959), റാംപേജ്‌(1963), ടൈഗര്‍ വോക്സ്‌(1964) എന്നിവയാണ്‌ സാബുവിന്‍റെ അവസാന ചിത്രങ്ങള്‍.

മരണം
1963 ഡിസംബര്‍ രണ്ടിന്‌ അമേരിക്കയിലെ ചാറ്റ്സ്‌വര്‍ത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സാബുവിന്‍റെ അപ്രതീക്ഷിത അന്ത്യം. വിഖ്യാതരായ ചലച്ചിത്ര താരങ്ങള്‍ അന്ത്യവിശ്രമംകൊള്ളുന്ന ഫോറസ്റ്റ്ലോണ്‍ സെമിത്തേരിയിലാണ്‌ മൃതദേഹം സംസ്കരിച്ചത്‌. ഇദ്ദേഹത്തിന്‍റെ മരണശേഷമാണ്‌ അവസാന ചിത്രമായ എ ടൈഗര്‍ വോക്സ്‌ പുറത്തിറങ്ങിയത്‌. സാബു-മാരിലിന്‍ ദമ്പതികള്‍ക്ക്‌ രണ്ടു മക്കള്‍. പോളും ജാസ്മിനും.

സംഗീത ലോകത്ത്‌ ചുവടുറപ്പിച്ച പോള്‍ സാബു രൂപം നല്‍കിയ ഒണ്‍ലി ചൈല്‍ഡ്‌ എന്ന റോക്‌ ബാന്‍ഡ്‌ വാന്‍ വിജയം നേടി. എഴുത്തുകാരിയും കുതിര പരിശീലകയുമായിരുന്ന ജാസ്മിന്‍ 2001 ല്‍ നിര്യാതയായി. ജാസ്മിന്‍ പരിശീലിപ്പിച്ച കുതിരകള്‍ ബ്ളേഡ്‌ റണ്ണര്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

മറ്റ് സവിശേഷതകള്‍
*നാല്‍പ്പതുകളിലും അന്‍പതുകളിലും ഹോളിവുഡിലെ സമ്പന്നരായ നടന്‍മാരില്‍ ഒരാളായിരുന്നു സാബു.

*ജെയിംസ്‌ സ്റ്റെവാര്‍ട്ട്‌, റൊണാള്‍ഡ്‌ റീഗന്‍ തുടങ്ങിയ പ്രമുഖ ഹോളിവുഡ്‌ താരങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു സാബു.

*നാടന്‍ കലാകാരനായ ജോണ്‍ പ്രൈമിന്‍റെ പാട്ടുകളില്‍ സാബുവിനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

*ദാനിയല്‍ എം. പിങ്ക്‌ വാട്ടറിണ്റ്റെ നോവലുകളില്‍ സാബു ദ എലിഫെന്‍റ് ബോയി എന്ന പേരില്‍ ഒരു കഥാപാത്രമുണ്ട്‌.

സാബു അഭിനയിച്ച ചിത്രങ്ങള്‍1937
എലിഫെന്‍റ് ബോയ്‌
1938
ദ ഡ്രം
1940
ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌
1942
ജംഗിള്‍ ബുക്ക്‌
അറേബ്യന്‍ നൈറ്റ്സ്‌
1943
വൈറ്റ്‌ സാവേജ്‌
1944
കോബ്രാ വുമണ്‍
1946
ടാംഗിയര്‍
1947
ബ്ളാക്ക്‌ നാര്‍സിസസ്‌
ദ എന്‍ഡ്‌ ഓഫ്‌ ദ റിവര്‍
1948
മാന്‍ ഈറ്റര്‍ ഓഫ്‌ കുമായോണ്‍
1949
സോംഗ്‌ ഓഫ്‌ ഇന്ത്യ
1951
സാവേജ്‌ ഡ്രംസ്‌
1952
ബഗ്ദാദ്‌
ഹലോ എലിഫെന്‍റ്(ബ്യവോഗിയോര്‍ണോ എലഫെന്‍റെ)
1953
ദ ബ്ളാക്ക്‌ പാന്തര്‍
1954
ദ ട്രഷറര്‍ ഓഫ്‌ ബംഗാള്‍(ടെസോറോ ദെല്‍ ബെംഗള)
1956
ജംഗിള്‍ ഹെല്‍
1957
സാബു ആണ്റ്റ്‌ ദ മാജിക്‌ റിംഗ്‌
1960
മിസ്ട്രസ്‌ ഓഫ്‌ ദ വേള്‍ഡ്‌
1963
റാംപേജ്‌
1964
എ ടൈഗര്‍ വോക്സ്‌
ചിത്രത്തിന് കടപ്പാട്-www.filmreference.com

താരേ സമീന്‍ പറിന്‍റെ ഹോം വീഡിയോ അവകാശം വാള്‍ട്ട്‌ ഡിസ്‌നിക്ക്

ആമിര്‍ ഖാന്‍ സംവിധാനം ചെയ്‌ത താരേ സമീന്‍ പര്‍ എന്ന സിനിമയുടെ ഓവര്‍സീസ്‌ ഹോം വീഡിയോ അവകാശം ഹോളിവുഡിലെ വിഖ്യാത സ്ഥാപനമായ വാള്‍ട്ട്‌ ഡിസ്‌നി കോര്‍പ്പറേഷന്‍ വാങ്ങി.

ഇതാദ്യമായാണ്‌ ഒരു ഹോളിവുഡ്‌ കമ്പനി ഇന്ത്യന്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കുന്നത്‌. അമേരിക്ക, ബ്രിട്ടന്‍, കാനഡ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ്‌ വാള്‍ട്ട്‌ ഡിസ്‌നി ചിത്രം വിതരണം ചെയ്യുക.

അണിയറ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും നിര്‍മാണം സംബന്ധിച്ച ആമിര്‍ഖാന്‍റെ വിവരണവും സിനിമയില്‍ ബാലതാരം ദര്‍ശീല്‍ സഫാരി വരച്ച ചിത്രങ്ങളുടെ പകര്‍പ്പുകളുമൊക്കെ ഹോംവീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഡിസ്‌നിയുമായുള്ള കരാറിന്‍റെ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നാലു കോടി രൂപക്കാണ്‌ അവകാശം വിറ്റതെന്ന്‌ പറയപ്പെടുന്നു.

(കടപ്പാട്-ഐ.ബി.എന്‍ ലൈവ്)

Sunday, June 29, 2008

'ദശാപരാധം'

കമലഹാസന്‍റെ പുതിയ അഖില ലോക ബ്രഹ്മാണ്ഡ സിനിമ ദശാവതാരം കണ്ടു. ഏതായാലും ദശാവതാരം എന്നതിനു പകരം 'ദശാപരാധം' എന്ന പേരായിരുന്നു നല്ലതെന്നു തോന്നുന്നു.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ ഫാന്‍സീ ഡ്രസ്‌ മത്സരങ്ങളില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന വേഷങ്ങള്‍ക്ക്‌ ഈ അവതാരങ്ങളേക്കാള്‍ എത്രയോ പെര്‍ഫെക് ഷനുണ്ട്?.

പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കുഴച്ചു വാര്‍ത്തെടുത്ത പോലെ കുറെ വേഷങ്ങള്‍, വായില്‍ പഞ്ഞി തിരുകിവച്ച പോലെ മറ്റു ചിലത്‌. മുഖത്ത്‌ കരിവാരിത്തേച്ച്‌ മറ്റൊന്ന്‌, ഇന്ത്യാന ജോണ്‍സിനെ തോല്‍പ്പിക്കുന്ന കഥാഗതി....ഈശ്വരാ!ഈ സാധനത്തിനു വേണ്ടിയാണല്ലോ ഇത്രയും കാലം ഭൂമുഖത്തില്ലാത്ത കോളിളക്കം മുഴുവന്‍ ഉണ്ടാക്കിയതും സാക്ഷാല്‍ ജാക്കി ചാന്‍ ഇങ്ങോട്ടു കെട്ടിയെടുത്തതുമൊക്കെ.

ഈ 'മഹാസംഭവ'ത്തിന്‍റെ നീരൂപണമെഴുതാനുള്ള കെല്‍പ്പില്ല.
പക്ഷെ ഒരു കാര്യം മാത്രം പറയാം. ഇനി ആരെങ്കിലും ആ വഴിക്ക്‌ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ കാശിന്‌ ഒരു മട്ടന്‍ ബിരിയാണി വാങ്ങിത്തിന്ന്‌ വീട്ടിപ്പോയിരുന്ന്‌ ടോം ആന്‍റ് ജെറി കാണുക. കൃത്യ സമയത്ത്‌ ഒരാള്‍ ഉപദേശിക്കാനില്ലാതിരുന്നതുകൊണ്ട്‌ എനിക്കു പറ്റിയത്‌ മറ്റാര്‍ക്കും പറ്റരുതെന്നുള്ള സതുദ്ദേശ്യം മാത്രമാണ്‌ ഈ കുറിപ്പിനു പിന്നില്‍.