Tuesday, December 29, 2009

മലയാള സിനിമയോട് മാധ്യമങ്ങള്‍ ചെയ്യുന്നത്

(പല മലയാള പ്രസിദ്ധീകരണങ്ങളും എന്‍റെ രചനകള്‍ പ്രസിദ്ധീകരിക്കാറുള്ളതുകൊണ്ട്
ഈ ലേഖനം തയാറാക്കിയശേഷം ചില മുഖ്യധാരാ മാധ്യമങ്ങളെയാണ് ആദ്യം സമീപിച്ചത്. പക്ഷെ, ഇത് അച്ചടിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിനു തുല്യമാണെന്ന് പല എഡിറ്റര്‍മാരും വ്യക്തമാക്കി.
പാലക്കാട് കേന്ദ്രമായി പ്രസിദ്ധീകരണം ആരംഭിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധനേടുകയും ചെയ്ത 'എക്സ്ക്ലൂസീവ് 'ദിനപ്പത്രത്തിനാണ് പിന്നീട് ഇത് അയച്ചത്. ലേഖനത്തിന്‍റെ ഒരുഭാഗം 2009 ഡിസംബര്‍ 19ന് എക്സ്ക്ലൂസീവ് പ്രസിദ്ധീകരിച്ചു. തുടരും എന്ന അറിയിപ്പും ഉണ്ടായിരുന്നു. പക്ഷെ, ബാക്കി ഭാഗം വെളിച്ചം കണ്ടില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാം ഭാഗം അതേപടി പ്രസിദ്ധീകരിക്കാനാവില്ലെന്നും വൈകാതെ തങ്ങളുടെ ഡയറക്ടറാകാന്‍ പോകുന്ന ഒരു സിനിമാ നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ അടിമുടി മാറ്റിയെഴുതിയാല്‍ മറ്റൊരു ലേഖനമായി കൊടുക്കാമെന്നും പത്രത്തിന്‍റെ എഡിറ്റര്‍ അറിയിച്ചു.
തുടര്‍ന്ന് രണ്ട് അന്തിപ്പത്രങ്ങളിലെ സാധ്യതകള്‍ ആരാഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ബ്ലോഗിന്‍റെ സ്വതന്ത്ര ഇടത്തില്‍തന്നെ ഇത് പ്രസിദ്ധീകരിക്കാമെന്ന് തീരുമാനിച്ചു)


വാര്‍ത്തകളുടെയും സംഭവവികാസങ്ങളുടെയും വര്‍ഷാന്ത്യ അവലോകനത്തിരക്കിലാണ്‌ കേരളത്തിലെ മാധ്യമങ്ങള്‍. ചില ടെലിവിഷന്‍ ചാനലുകള്‍ പോയവര്‍ഷത്തെ കണക്കെടുപ്പുകള്‍ ഡിസംബര്‍ ആദ്യം മുതല്‍ക്കേ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിച്ചുതുടങ്ങി. എല്ലാ മാധ്യമങ്ങളും വിശകലനത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന മേഖലകളിലൊന്നാണ്‌ സിനിമ. കടന്നുപോകുന്ന വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ പട്ടിക നിരത്തിയുള്ള വിലയിരുത്തലുകളും പരാജയങ്ങളുടെ തുലാസുതന്നെയാണ്‌ താഴ്‌ന്നു നില്‍ക്കുന്നതെന്ന പല്ലവിയും ആവര്‍ത്തിക്കപ്പെടുന്നു. ഒറ്റപ്പെട്ട വിജയങ്ങള്‍ നേടിയ ചിത്രങ്ങളെയും അവയിലെ പ്രധാന താരങ്ങളെയും അണിയറക്കാരെയും പുകഴ്‌ത്തുന്നു. ചലച്ചിത്ര ഭാഷയില്‍ പറഞ്ഞാല്‍ അവലോകനത്തിന്റെ `ത്രെഡി'ല്‍ മാറ്റമുണ്ടാകുന്നില്ല എന്നു സാരം.

മലയാള സിനിമ തകര്‍ച്ചയുടെ പാതയില്‍, അന്യഭാഷാ സിനിമകള്‍ കേരളം കീഴടക്കുന്നു, സംഘടനായുദ്ധത്തില്‍ സിനിമ മരിക്കുന്നു തുടങ്ങിയ തലവാചകങ്ങള്‍ നമ്മള്‍ എത്രയോ തവണ കണ്ടിരിക്കുന്നു? ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്ക്‌ മലയാള സിനിമയുടെ ഇന്നത്തെ ദയനീയവാസ്ഥയില്‍ യാതൊരു പങ്കുമില്ലേ എന്ന ചോദ്യം ഏറെ പ്രസക്തമാണ്‌.

വരികള്‍ക്കിടയില്‍ വായിക്കുക എന്നൊരു സാധാരണ പ്രയോഗമുണ്ട്‌. ഇതിന്റെ ഹാസ്യാനുകരണമെന്നോണം `നുണകള്‍ക്കിടയിലൂടെയാണ്‌ ഞാന്‍ വായിക്കുന്നത്‌' എന്ന്‌ അമേരിക്കന്‍ പ്രസിഡന്റായിരുന്ന തോമസ്‌ ജഫേഴ്‌സണ്‍ മാധ്യമങ്ങളുടെ പക്ഷപാതസമീപനത്തെ വിമര്‍ശിച്ചുകൊണ്ട്‌ ഒരിക്കല്‍ പറഞ്ഞു. മാറിയ സാഹചര്യത്തില്‍ ആഗോളതലത്തില്‍തന്നെ സമ്പൂര്‍ണമായ നിഷ്‌പക്ഷ മാധ്യമ പ്രവര്‍ത്തനം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. പക്ഷെ, മലയാള മാധ്യമങ്ങളുടെ സിനിമാ റിപ്പോര്‍ട്ടിംഗിന്റെ കാര്യമെടുത്താല്‍ നമ്മുടെയെല്ലാം വായനയും കാഴ്‌ച്ചയും നുണകള്‍ക്കിടയിലൂടെ മാത്രമാണ്‌ സഞ്ചരിക്കുന്നതെന്ന്‌ പറയേണ്ടിവരും.


സാക്ഷരതയില്‍ രാജ്യത്ത്‌ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനത്ത്‌ സിനിമയ്‌ക്ക്‌ ഇടം നല്‍കുന്ന മാധ്യമങ്ങളെല്ലാം സാധാരണ അറിയിപ്പുകളും പുകഴ്‌ത്തലുകളും സംഘടനാപോരിനെക്കുറിച്ചുള്ള വിവരങ്ങളും മാത്രമാണ്‌ ജനങ്ങളിലെത്തിക്കുന്നത്‌. മുന്‍പ് പത്രങ്ങളിലായിരുന്നപ്പോള്‍ ഞാനും ഇതൊക്കെത്തന്നെയാണ് ചെയ്തിരുന്നത്. ചലച്ചിത്ര വാരികകള്‍, പ്രത്യേകിച്ച്‌ താരങ്ങളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും മുതല്‍മുടക്കില്‍ പ്രവര്‍ത്തിക്കുന്നവ ഈ നിലപാട്‌ സ്വീകരിക്കുന്നത്‌ സ്വാഭാവികമാണ്‌. പക്ഷെ, സത്യസന്ധതയുടെയും നിഷ്‌പക്ഷതയുടെയും സമഗ്രതയുടെയുംമമ മേല്‍വിലാസം അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങളും ഇതില്‍നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ലെന്നു കാണാം. അതുകൊണ്ടുതന്നെ പുതിയ സിനിമകളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമറിയാന്‍ വാമൊഴിയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ്‌ മലയാളി പ്രേക്ഷകര്‍.



അഭിനയചക്രവര്‍ത്തിയുടെ അശ്വമേധം, ലോക സിനിമയില്‍ ആദ്യം, ഇന്ത്യന്‍ സിനിമയിലെ വ്യത്യസ്‌ത പരീക്ഷണം, മലയാള ചലച്ചിത്ര ലോകത്തെ സുധീരമായ ചുവടുവെയ്‌പ്പ്‌, മലയാളം കണ്ട ഏറ്റവും മികച്ച സിനിമ തുടങ്ങിയ വിശേഷണവിശേഷണങ്ങള്‍ വെറും നുണകളാണെന്ന്‌ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.മാധ്യമങ്ങളുടെ പുകഴ്‌ത്തലുകളില്‍ വിശ്വാസമര്‍പ്പിച്ച്‌ ഇറങ്ങിപ്പുറപ്പെടുകയും ആളൊഴിഞ്ഞ തിയേറ്ററിലിരുന്ന്‌ സിനിമ കാണേണ്ടിവരികയും ചെയ്‌തശേഷം പിറ്റേന്ന്‌ പത്രത്തില്‍ `കളക്‌ഷന്‍ കണക്കുകളില്‍ പുതിയ റെക്കോര്‍ഡ്‌' എന്ന തലക്കെട്ടോടെ അതേ സിനിമയുടെ പരസ്യം വായിക്കുന്നവന്റെ ഗതികേട്‌ ആലോചിച്ചുനോക്കൂ. പക്ഷെ, ഇങ്ങനെ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. വേറിട്ട സമീപനത്തിലൂടെ ഈ വര്‍ഷം ഏറെ ശ്രദ്ധനേടിയ `പാസഞ്ചര്‍' ഉള്‍പ്പെടെയുള്ള ഏതാനും ചിത്രങ്ങള്‍ക്ക്‌ അധികം പ്രേക്ഷകരുമെത്തിയത്‌ വാമൊഴി വിലയിരുത്തലുകളില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു എന്ന്‌ നിസംശയം പറയാം.



ഹോളിവുഡ്‌ ഉള്‍പ്പെടെയുള്ള വിവിധ ചലച്ചിത്ര മേഖലകളില്‍ പുതിയ സിനിമകളെ സ്വതന്ത്രമായി വിലിരുത്തുകയും റേറ്റിംഗ്‌ നല്‍കുകയും ചെയ്യുന്ന അനേകം മാധ്യമങ്ങളുണ്ട്‌. സെലക്‌ടീവായി സിനിമകള്‍ കാണുന്നവര്‍ പൊതുവെ ഇത്തരം റേറ്റിംഗുകളെയാണ്‌ ആശ്രയിക്കുന്നത്‌. ബോളിവുഡിലും തെലുങ്കിലും കന്നടയിലുമൊക്കെ ഒരുപറ്റം മാധ്യമങ്ങള്‍ കൃത്യമായ അവലോകനവും റേറ്റിംഗും നടത്തുന്നുണ്ട്‌.

പാസഞ്ചര്‍ എന്ന ചിത്രത്തില്‍നിന്ന്












അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ചിത്രമായ `ആര്യ- 2ന്റെ' ഭീമമായ മുതല്‍മുടക്ക്‌ കണക്കിലെടുക്കാതെതന്നെ പല തെലുങ്കു പത്രങ്ങളും വെബ്‌സൈറ്റുകളും വസ്‌തുനിഷ്‌ഠമായി നിരൂപണം നടത്തി ഫ്‌ളോപ്പ്‌ എന്ന്‌ വിധിയെഴുതിയതുന്നെ ഇതിന്‌ ഏറ്റവും പുതിയ ഉദാഹരണം. താരാരാധന തലക്കുപിടിച്ചവരെന്ന്‌ നാം അധിക്ഷേപിക്കുന്ന തമിഴര്‍ക്കുപോലും ആശ്രയിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ പരിമിതമായെങ്കിലുമുണ്ട്‌. പക്ഷെ പ്രബുദ്ധകേരളത്തില്‍ ഇതൊന്നും പാടില്ല എന്നതാണ്‌ അലിഖിത നിയമം.



കേരളത്തിലെ ഭൂരിഭാഗം ചാനലുകളിലും പുതിയ സിനിമകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും പതിവാണ്‌. പല പത്രങ്ങള്‍ക്കും ആഴ്ച്ചയിലൊരിക്കല്‍ സിനിമാ പേജുമുണ്ട്. എന്തെങ്കിലും പ്രത്യേകതകളുള്ള ചിത്രം പുറത്തിറങ്ങിയാല്‍ അതിനായി വാര്‍ത്തയുടെ ഗണ്യമായ സമയവും സ്ഥലവും മാറ്റിവയ്‌ക്കും. വന്‍ തുകയ്‌ക്ക്‌ പരസ്യംകൂടി കിട്ടിയാല്‍ പറയാനില്ല.



പലപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച നയിക്കുന്ന വാര്‍ത്താ അവതാരകന്‍ പടം കണ്ടിട്ടുണ്ടാവില്ല. വാര്‍ത്തയുടെ ആത്യന്തിക ലക്ഷ്യം സിനിമയുടെ പരസ്യം മാത്രമായതുകൊണ്ട്‌ അത്‌ അനിവാര്യതയാകുന്നുമില്ല. അതുകൊണ്ടുതന്നെ അവതാരകന്റെ താരാരാധനയും ചലച്ചിത്ര കൗതുകങ്ങളുമൊക്കെ ഓരോ ചോദ്യത്തിലും നിറഞ്ഞു നില്‍ക്കുക സ്വാഭാവികം.


കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം ചലച്ചിത്ര അവബോധമില്ലാത്തവരോ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടിക്കുന്നവരോ ആണ്‌ എന്നല്ല പറഞ്ഞുവരുന്നത്‌. ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ നിരപരാധികളാണെന്നു പറയാം. ചില താരങ്ങളും നിര്‍മാതാക്കളും മാധ്യമ മുതലാളിമാരുമാണ്‌ ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌. കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമയെ വിമര്‍ശിക്കുന്നതില്‍ നിര്‍മാതാക്കള്‍ അസഹിഷ്‌ണുക്കളാകുന്നത്‌ സ്വാഭാവികമാണ്‌. താരങ്ങളില്‍ ഭൂരിഭാഗത്തിനും തങ്ങളുടെ അഭിനയത്തിലെ ന്യൂനതകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടുന്നത്‌ ഉള്‍ക്കൊള്ളാനേ കഴിയില്ല. ഏതെങ്കിലും മാധ്യമം അതിനു തുനിഞ്ഞാല്‍ സിനിമാ സെറ്റില്‍ പ്രവേശനം നിഷേധിക്കല്‍, പരസ്യം മുടക്കല്‍ തുടങ്ങി പല ശിക്ഷകളും അവര്‍ക്ക്‌ നേരിടേണ്ടിവരുന്നു.



പരസ്യവാരുമാനവും സ്വന്തം കുടുംബത്തിലെയും സ്ഥാപനത്തിലെയും ചടങ്ങുകള്‍ക്ക്‌ താരങ്ങളുടെ സാന്നിധ്യവും ആഗ്രഹിക്കുന്ന മാധ്യമ ഉടമകളാകട്ടെ, പുകഴ്‌ത്തലുകളല്ലാതെ മറ്റൊന്നും പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യം കാട്ടാറില്ല. ചലച്ചിത്ര നിരൂപകരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന കുറെയാളുകള്‍ ഇവിടെയുണ്ടെങ്കിലും ഉപജീവനത്തിനായി കോക്കസുകളുടെയും സംവിധായകരുടെയും താരങ്ങളുടെയും പാദസേവകരായി മാറിയ ഇക്കൂട്ടരുടെ നിഘണ്ഡുവില്‍ സ്വതന്ത്ര നിരൂപണം എന്ന പദമേയില്ല.



മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്‌ എന്നൊക്കെ വാഴ്‌ത്തപ്പെടുന്ന, ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട `പഴശ്ശിരാജ'യുടെ കാര്യംതന്നെയെടുക്കാം. ഈ സിനിമയെക്കുറിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്ന ഘട്ടംമുതല്‍ ഇന്നോളം മാധ്യമങ്ങള്‍ ഇതിനായി നീക്കിവെച്ച സ്ഥലത്തിനും സമയത്തിനും കണക്കില്ല. വേറിട്ടതോ സാഹിസികത നിറഞ്ഞതോ ആയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാം. പക്ഷെ സിനിമ തീയേറ്ററില്‍ എത്തിയശേഷവും അര്‍ധസത്യങ്ങളും അസത്യങ്ങളും വിളമ്പി ലക്ഷക്കണക്കിന്‌ പ്രേക്ഷകരെയും വായനക്കാരെയും വഞ്ചിക്കുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌?

മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവുമധികം പണം മുടക്കി പഴശ്ശിരാജയെപ്പോലൊരു ചരിത്രപുരുഷനെക്കുറിച്ച്‌ സിനിമ ചെയ്യുന്നു എന്നു പറയുമ്പോള്‍ ശരാശരി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷവയ്‌ക്കുക സ്വാഭാവികം. എന്നാല്‍ ഈ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ചിത്രത്തിനായിട്ടില്ല എന്നതാണ്‌ വാസ്‌തവം.എം.ടിയും ഹരിഹരനും മമ്മൂട്ടിയും ചേര്‍ന്ന്‌ ഒരു സിനിമ ഒരുക്കുന്നു എന്ന്‌ പ്രഖ്യാപിച്ചപ്പോള്‍തന്നെ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ണുമടച്ച്‌ വിധേയത്വം പ്രഖ്യാപിക്കുകയായിരുന്നു. ഷൂട്ടിംഗ്‌ സെറ്റിലെ നിസ്സാര സംഭവങ്ങള്‍പോലും വാര്‍ത്തയാകുകയും ചിത്രം ഒരു മഹാസംഭവമായി കൊണ്ടാടാന്‍ മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്‌തതോടെ സാക്ഷാല്‍ എം.ടി. വാസുദേവന്‍നായര്‍ക്കുപോലും നിയന്ത്രണംവിട്ടുപോയി.



1995ല്‍ പുറത്തിറങ്ങിയ ഹോളിവുഡ്‌ ചിത്രമായ `ബ്രേവ്‌ഹാര്‍ട്ടി'നേക്കാള്‍ മികച്ച ചിത്രമാണ്‌ പഴശ്ശിരാജയെന്ന്‌ റിലീസിനോടനുബന്ധിച്ച്‌ എംടി പറഞ്ഞപ്പോള്‍ അത്യാവശ്യം ഹോളിവുഡ്‌ സിനിമകള്‍ കാണുന്ന മലയാളികള്‍ ഞെട്ടിയിട്ടുണ്ടാവണം. തുടര്‍ന്ന്‌ പഴശ്ശിരാജ കണ്ടപ്പോള്‍ അവര്‍ എംടിയോട്‌ സഹതപിക്കുകയുംചെയ്‌തിട്ടുണ്ടാകും. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ ഞെട്ടുകയോ സഹതപിക്കുകയോ ചെയ്‌തതായി അറിവില്ല. കണ്ടതിനും കേട്ടതിനുമെല്ലാം പഴമ്പുരാണം തപ്പിപ്പോകാറുണ്ടെങ്കിലും ബ്രേവ്‌ഹാര്‍ട്ടിനെയും പഴശ്ശിരാജയെയും താരതമ്യം ചെയ്യാനും ആരും മിനക്കെട്ടില്ല. മറിച്ച്‌ പഴശ്ശിരാജയ്‌ക്ക്‌ പുതിയ വിശേഷണങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണവര്‍. സിനിമയുടെ അണിയറക്കാര്‍ പരസ്യം വാരിക്കോരി നല്‍കിയപ്പോള്‍ ഇതിനപ്പുറം ഒരു സിനിമ ഇറങ്ങാനില്ല എന്ന്‌ അവര്‍ വിധിയെഴുതി. കേരളത്തിലെ ഏറ്റവും പ്രബലവും സുവ്യക്തവുമായ മാധ്യമ സിന്‍ഡിക്കേറ്റ്‌ ഇതുതന്നെയല്ലേ?

എം.ടിയും ഹരിഹരനും മമ്മൂട്ടിയുമൊക്കെ ചേര്‍ന്നാല്‍ അവാര്‍ഡ്‌ കിട്ടിയിരിക്കണം എന്നാണ്‌ പൊതുവെ ധരിച്ചുവെച്ചിരിക്കുന്നതെന്നു തോന്നുന്നു. ദേശീയ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക്‌ പഴശ്ശിരാജയെ പരിഗണിക്കാതിരുന്നതിന്റെ പേരില്‍ എന്തൊക്കെ കോലാഹലങ്ങളാണ്‌ അരങ്ങേറിയത്‌? പഴശ്ശിരാജയും പരിവാരങ്ങളുമൊക്കെ വായുവില്‍ തൂങ്ങി പടവെട്ടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ അവരെ കോര്‍ത്തിട്ടിരിക്കുന്ന കയറുകള്‍ പ്രേക്ഷകരുടെ കണ്ണില്‍നിന്ന്‌ മറയ്‌ക്കാന്‍ പോലും കഴിയാത്തവര്‍ ദേശീയ ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാന്റെ മേക്കിട്ടു കേറിയിട്ട്‌ എന്തുകാര്യം എന്നു ചോദിക്കാന്‍ ഒരു പത്രവും ചാനലുമുണ്ടായില്ല. സംസ്ഥാന, ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ക്കു മുന്നോടിയായി പഴശ്ശിരാജയ്‌ക്കുവേണ്ടിയുള്ള മാധ്യമങ്ങളുടെ കൂട്ടമുറവിളി നാം കാണാനിരിക്കുന്നതേയുള്ളൂ.



മലയാളത്തിന്റെ പരിമിതികളില്‍നിന്നുകൊണ്ട്‌ ഇത്രയൊക്കെ ചെയ്‌തില്ലേ എന്നു ചോദിക്കുന്നവരുണ്ട്‌. ഇത്‌ പത്തു വര്‍ഷം മുമ്പ്‌ പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇപ്പോള്‍ മലയാളത്തിന്‌ എന്തു പരിമിതിയാണുള്ളത്‌? പണമുണ്ടെങ്കില്‍ ലോകത്തില്‍ എവിടെ ചിത്രീകരണം നടത്താനും എവിടെനിന്നും സാങ്കേതിക പ്രവര്‍ത്തകരെയും താരങ്ങളെയും എത്തിക്കാനും യാതൊരു ബുദ്ധിമുട്ടുമില്ല. കോടികള്‍ മുടക്കി ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മാതാവെന്ന പേര്‌ നേടാന്‍ ഗോകുലം ഗോപാലന്‍ തയാറായി. പിന്നെ എന്തിനാണ്‌ ഈ ചിത്രത്തിന്‌ പരിമിതിയുടെ ആനൂകൂല്യം നല്‍കുന്നത്‌?



കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതില്‍ മലയാള താരങ്ങളുടെ, അല്ലെങ്കില്‍ അവരെ അതിനു പ്രാപ്‌തരാക്കുന്നതില്‍ സംവിധായകന്റെ പരമിതി ഈ ചിത്രം വിളിച്ചോതുന്നുണ്ട്‌ എന്ന്‌ പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ദേശീയ അവാര്‍ഡുകളുംട എണ്ണത്തിനും പ്രച്ഛന്നവേഷങ്ങള്‍ക്കുമപ്പുറം മലയാളത്തിന്റെ താരദൈവങ്ങള്‍ അന്യഭാഷാ നടന്‍മാരുടെ മുന്നില്‍ ഒന്നുമല്ലെന്ന വാദഗതിക്ക്‌ പഴശ്ശിരാജ അടിവരയിടുന്നു.പക്ഷെ, മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും മലയാള മാധ്യമങ്ങളുടെ പരിഗണനയില്‍ വന്നിട്ടേയില്ല. വന്നതിലും വരാനിരിക്കുന്നതിലും കേമം എന്നുവാഴ്‌ത്തി അവര്‍ വീരപഴശ്ശിയെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു.



പുതുപ്പണക്കാരും ദുരുദ്ദേശത്തോടെ എത്തുന്നവരുമൊക്കെ നിര്‍മാതാക്കളാകുന്നതാണ്‌ മലയാള സിനിമാ വ്യവസായത്തിന്റെ തകര്‍ച്ചയുടെ കാരണമെന്ന്‌ ഒരു വാദഗതിയുണ്ട്‌. പക്ഷെ, തകര്‍ച്ചയുടെ വേരുകള്‍ ചികഞ്ഞുപോയാല്‍ എല്ലാവരും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രതിക്കൂട്ടിലാകുമെന്നുറപ്പ്‌. ചലച്ചിത്ര മേഖലയില്‍ ഏറ്റവും അനായാസം നടത്താവുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ്‌ പുതിയ സിനിമയുടെ പൂജ. പ്രാദേശിക വാര്‍ത്തകളുടെ കാര്യത്തില്‍പോലും ഏറെ നിഷ്‌കര്‍ഷകള്‍ വച്ചുപുലര്‍ത്തുന്ന മലയാളത്തിലെ മുഖധാരാ മാധ്യമങ്ങള്‍ തങ്ങള്‍ പൂജാവാര്‍ത്ത നല്‍കിയ എത്ര ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയിട്ടുണ്ട്‌ എന്ന്‌ അന്വേഷിച്ചാല്‍ കാര്യങ്ങളുടെ പോക്ക്‌ വ്യക്തമാകും. പക്ഷെ, അതിന്‌ ഇന്നോളം ആരും മിനക്കെട്ടതായി അറിവില്ല.



സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി പ്രശ്‌നങ്ങളെപ്പോലും അവഗണിച്ച്‌ ചലച്ചിത്ര വാര്‍ത്തകള്‍ക്കും സിനിമക്കാരുടെ സംഘടനായുദ്ധത്തിനും ദൃശ്യ,ശാവ്യ, അച്ചടി മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നത്‌ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന, കൂടുതല്‍ പരസ്യ വരുമാനം നല്‍കുന്ന മേഖല എന്ന നിലയ്‌ക്കാണ്‌.ഈ മേഖല എന്നും നിലനില്‍ക്കണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അല്‍പ്പം സാഹസമാണെങ്കിലുംപോലും വസ്‌തുതകളോട്‌ തെല്ലെങ്കിലും നീതിപുലര്‍ത്താന്‍ മാധ്യമങ്ങള്‍ തയാറാകേണ്ടിയിരിക്കുന്നു. പക്ഷെ, ഇപ്പോഴത്തെ നിലവെച്ചു നോക്കിയാല്‍ അടുത്തകാലത്തെങ്ങും അത്‌ സംഭവിക്കാന്‍ പോകുന്നില്ല എന്നുറപ്പ്‌.



.................................................

Thursday, October 29, 2009

സിനിമാല എത്രയോ ഭേദം!(സ്വ. ലേ. റിവ്യൂ)


വാര്‍ത്തകള്‍ക്കു പിന്നിലെ കുടുംബങ്ങളുടെ കഥ എന്ന പരസ്യവാചകം ശ്രദ്ധയില്‍പെട്ടപ്പോള്‍ ദിലീപിന്റെ സ്വ.ലേ ഇറങ്ങിയാലുടന്‍ കാണണം തീരുമാനിച്ചു. പത്രപ്രവര്‍ത്തകരുടെ കഥയാണ്‌, പോരാത്തതിന്‌ പത്രപ്രവര്‍ത്തകനായിരുന്ന കലവൂര്‍ രവികുമാറിന്റേതാണ്‌ തിരക്കഥ. ഞാനുള്‍പ്പെടെയുള്ളവര്‍ അഭിമുഖീകരിച്ചിട്ടുള്ള ഏതെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുമോ? മുടക്കുന്ന കാശ്‌ വെറുതേയാവില്ലെന്നു വിചാരിച്ചു.

റിലീസ്‌ ഷോയ്‌ക്കുതന്നെ പോയി. ചങ്ങനാശേരി അപ്‌സരയില്‍ ചെല്ലുമ്പോള്‍ അകത്ത്‌ ടൈറ്റില്‍സ്‌ കാണിച്ചുതുടങ്ങിയിരുന്നു. പക്ഷെ, പുറത്ത്‌ വാഹനങ്ങള്‍ പരിമിതം. ടിക്കറ്റെടുത്ത്‌ കയറുമ്പോള്‍ ടൈറ്റില്‍സ്‌ അവസാന ഘട്ടത്തില്‍.

നടപ്പുരീതിയനുസരിച്ച്‌ ഇനി സിനിമേടെ കഥയാണ്‌ പറയേണ്ടത്‌. പിന്നെ, കലാപരവും സാങ്കേതികവുമായ വശങ്ങളെക്കുറച്ചുള്ള വിലിയിരുത്തലുകള്‍. എല്ലാം കഴിഞ്ഞ്‌ റേറ്റിംഗ്‌. ആ പതിവ്‌ ഞാന്‍ ഇവിടെ ലംഘിക്കുകയാണ്‌. ഇതു മുഴുവന്‍ വായിക്കാന്‍ നേരം കിട്ടാതെ ആരെങ്കിലും പടം കാണാന്‍ പോയാല്‍ അവരുടെ പിരാക്ക്‌ എന്റെ തലയില്‍ വീഴരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്‌. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഛായാഗ്രാഹകനെന്നനിലയില്‍ വിഖ്യാതനായ പി. സുകുമാറിന്റെ സംവിധാനകനായുള്ള അരങ്ങേറ്റം അതിദയനീയമാണ്‌.

എഷ്യാനെറ്റിലെ സിനിമാല ഇതിലും എത്രയോ നല്ലത്‌ എന്ന്‌ തിയേറ്ററില്‍ ഇരുന്നപ്പോള്‍ പലവട്ടം തോന്നി. പടം കഴിഞ്ഞിറങ്ങിയപ്പോള്‍ ആ തോന്നലും ഉപേക്ഷിച്ചു. കലവൂര്‍ രവികുമാറിന്റെ ഡെഡ്‌ലൈന്‍ എന്ന ചെറുകഥയെ ആസ്‌പദമാക്കി രവികുമാര്‍തന്നെ എഴുതിയ തിരക്കഥ പി.സുകുമാറിന്റെ സംവിധായക ജീവിതത്തിന്റെ ഡെഡ്‌ലൈന്‍ കുറിച്ചാലും അത്ഭുതപ്പെടാനില്ല.
പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവുമൊക്കെ വിവരിച്ച്‌ പടം തുടങ്ങുമ്പോള്‍ എന്തോ വലിയ സംഭവമാണ്‌ വരാന്‍പോകുന്നതെന്ന്‌ കരുതുന്നവരെ കുറ്റം പറയാനാവില്ല. പക്ഷെ പിന്നീടങ്ങോട്ട്‌ തിരക്കഥയും സംവിധാനവുമൊക്കെ പിടിവിടുന്നു

ടെലിവിഷന്‍ ചാനലുകളൊക്കെ രംഗപ്രവേശം ചെയ്യുന്നതിനു മുമ്പുള്ള കാലത്താണ്‌ കഥ നടക്കുന്നത്‌(ഷൂട്ടിംഗ്‌ ചെലവ്‌ കുറയുമെന്നു മാത്രമല്ല, യാഥാര്‍ത്ഥ്യങ്ങളുമായുള്ള അന്തരത്തെ അധികം പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുമില്ല).

ജനചിന്ത എന്ന ചെറുകിട പത്രത്തിന്റെ റിപ്പോര്‍ട്ടറായ ഉണ്ണിമാധവനാണ്‌ ദിലീപ്‌. വിഖ്യാത എഴുത്തുകാരനായ പാലാഴി ശങ്കരപ്പിള്ളയുടെ(പേരിന്‌ തകഴി ശിവശങ്കരപ്പിള്ളയുടെ പേരുമായി സാമ്യം തോന്നിയാല്‍ അതിന്‌ തിരക്കഥാകൃത്തും സംവിധായകനും ഉത്തരവാദികളല്ല) റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ഉണ്ണിമാധവന്‍ നേരിടുന്ന പ്രതിസന്ധിയാണ്‌ പ്രധാന പ്രമേയം. ഒരു വശത്ത്‌ പാലാഴി ശങ്കരപ്പിള്ള മരിക്കാന്‍ കിടക്കുന്നു. മറുഭാഗത്ത്‌ ആരോരുമില്ലാത്ത ഒരു തുരുത്തിലെ വീട്ടില്‍ ഉണ്ണിമാധവന്റെ ഭാര്യ(ഗോപിക) പ്രസവിക്കാന്‍ കിടക്കുന്നു(അവിടെ താലികെട്ട്‌ ഇവിടെ പാലുകാച്ചല്‍ എന്ന മട്ട്‌). പാലാഴിയുടെ വീടും ഉണ്ണിമാധവന്റെ വീടും തമ്മിലുള്ള ദൂരംതന്നെയാണ്‌ ചിത്രത്തിലെ പ്രധാന വില്ലന്‍. പോരാത്തതിന്‌ ഇതിനിടയില്‍ ഒരു കടത്തുമുണ്ട്‌.

ഉണ്ണിമാധവനല്ലാതെ ആ പത്രത്തിന്‌ വേറെ റിപ്പോര്‍ട്ടര്‍മാര്‍ ആരുമില്ലേ എന്നു ഇതു വായിക്കുന്നവര്‍ ചോദിക്കരുത്‌. കാരണം പാലാഴി ശങ്കരപ്പിള്ളയുമായി ആത്മബന്ധമുള്ളയാളാണ്‌ ഉണ്ണിമാധവന്‍. അദ്ദേഹത്തിന്റെ മരണം അയാള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താലേ ഗംഭീരമാക്കാന്‍ പറ്റൂ എന്ന്‌ ന്യൂസ്‌ എഡിറ്ററും എം.ഡിയുമൊക്കെ തീരുമാനിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും? ദുഷ്‌ടന്‍മാര്‍!

ഇനി പണ്ടാരമടങ്ങാന്‍ ജോലി രാജിവെച്ചേക്കാമെന്നു വിചാരിച്ചാല്‍ അതും പറ്റില്ല. ഏഴു വര്‍ഷത്തെ ബോണ്ടിനാണ്‌ പുള്ളി ജനചിന്തയില്‍ ജോലി ചെയ്യുന്നത്‌ (വളഞ്ഞ വഴിയിലൂടെയുള്ള വിമര്‍ശനം അത്ര എളുപ്പമുള്ള പരിപാടിയല്ലാത്തതിനാല്‍ ചിത്രത്തില്‍ വന്‍കിട പത്രങ്ങളെന്ന്‌ പരാമര്‍ശിക്കുന്നവയ്‌ക്ക്‌ കേരളരമ, മലയാള ഭൂമി എന്നൊക്കെ പേരിട്ട്‌ തിരക്കഥാകൃത്തും സംവിധായകനും കാര്യങ്ങള്‍ എളുപ്പമാക്കി. എന്തിനധികം, പാതി മലയാളിയായ ക്രിക്കറ്റ്‌ താരത്തിന്റെ പേരിനൊപ്പം ഒരു ജഡേജകൂടി ചേര്‍ത്ത്‌ പ്രേക്ഷകരുടെ അധ്വാനം കുറച്ചു. മറ്റൊരു സാഹിത്യകാരന്റെ പേര്‌ പൂങ്കുന്നം വര്‍ക്കി!. പക്ഷെ, ഇതൊക്കെപ്പറഞ്ഞാലും ഏഴു വര്‍ഷത്തെ ബോണ്ടില്‍ ജോലി ചെയ്യിപ്പിക്കുന്ന പത്രം ഏതാണെന്നു മാത്രം പിടികിട്ടുന്നില്ല. ഇനി കഥാഗതി ആവശ്യപ്പെടുന്നതുകൊണ്ട്‌ പ്രോബേഷന്‍ ബോണ്ടാക്കി അല്‍പ്പം ദൈര്‍ഘ്യം കൂട്ടിയതാകുമോ?).

പിന്നെ പാലാഴിയുടെ വീട്ടില്‍ പത്രക്കാര്‍ രാപ്പകലില്ലാതെ തമ്പടിക്കുന്നു. ആളു മരിച്ചാല്‍ ലൈവായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍(ജനചിന്തയുടെ കാര്യം പോട്ടെ, കേരളത്തിലെ പ്രധാന പത്രങ്ങള്‍ക്കൊക്കെ പണ്ടേക്കു പണ്ടേ എല്ലാ സ്ഥലങ്ങളിലും മിടുക്കരായ പ്രാദേശിക ലേഖകരുണ്ട്‌. ഇനി മരിക്കാന്‍ കിടക്കുന്നത്‌ ഇപ്പറഞ്ഞപോലെ വല്ല ജ്ഞാപീഠമോ പത്മശ്രീയോ ഒക്കെയാണെങ്കില്‍ പ്രാദേശികര്‍ അറിയിക്കുമ്പോള്‍ ഇമ്മിണി ബല്യ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തിക്കോളും. അല്ലെങ്കില്‍തന്നെ ഈ മരിക്കുന്ന രംഗത്തെക്കുറിച്ച്‌ ആരാണപ്പാ ഇത്രമാത്രം ആഴത്തല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എന്നിട്ടും ഇപ്പറഞ്ഞ പത്രങ്ങളുടെയൊക്കെ പ്രധാന റിപ്പോര്‍ട്ടര്‍മാര്‌ എന്തിന്‌ പാലാഴിയുടെ വീട്ടില്‍ കിടക്കുന്നു?. ചോദിക്കരുത്‌. കഥയില്‍ ചോദ്യമില്ല).

മരിക്കുന്ന ദിവസത്തെ പത്രം ഗംഭീരമാക്കാന്‍ ജനചിന്തയുടെ ന്യൂസ്‌ എഡിറ്ററുടെയും സംഘത്തിന്റെയും ആലോചനകള്‍, അതിനിടയില്‍ ഉണ്ണിമാധവന്റെ ധര്‍മസങ്കടങ്ങള്‍, പാലാഴിയുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരെക്കൊണ്ട്‌ പച്ചപിടിക്കുന്ന സമീപത്തെ ചായക്കടക്കാരന്റെയും അളിയനായ മദ്യപാനിയുടെയും ലീലാവിലാസങ്ങള്‍... അങ്ങനെ പോകുന്നു കാര്യങ്ങള്‍.

ജോലിയിലെയും വീട്ടിലെയും പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ ഓക്‌സിജന്‍ ട്യൂബ്‌ ഊരി പാലാഴിയെ കൊല്ലാന്‍ ഉണ്ണിമാധവന്‍ തീരുമാനിക്കുന്നു. പക്ഷെ അതിനുള്ള ശ്രമത്തിനിടെ പഴയ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആ നീക്കത്തില്‍നിന്ന്‌ പിന്തിരിയുന്നു. പക്ഷെ കഥ, അവസാനിപ്പിക്കേണ്ടേ? പാലാഴിയുടെയും സിനിമയുടേയും. ഇതിനു മുമ്പ്‌ ഒരുപാട്‌ കഥകളില്‍ നാം കണ്ടിട്ടുള്ളതുപോലെ സമാനമായ പ്രതിസന്ധി നേരിടുന്ന മറ്റൊരു പത്രപ്രവര്‍ത്തകന്‍ ട്യൂബ്‌ ഊരി പാലാഴിയുടെ കഥകഴിക്കുന്നു. പിന്നെ നായകന്‌ എല്ലാം ശുഭം.

അവിടംകൊണ്ടും തീര്‍ന്നില്ല.വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന്‌ ഉണ്ണിമാധവന്‍ ഒരു ചാനലില്‍ സുപ്രധാന പോസ്റ്റിലാണ്‌(നികേഷ്‌ കുമാറിനെ ഇതിലും നന്നായി അനുകരിക്കുന്ന ഒരുപാടുപേരുണ്ട്‌). ഒരുപാട്‌ മിമിക്രിക്കാര്‍ പരീക്ഷിച്ച തമാശ അതായത്‌ ഓവര്‍കോട്ടും ടൈയ്യും മാത്രമിട്ട്‌(മേശയ്‌ക്കടിയില്‍ പോകുന്ന ഭാഗത്ത്‌ മുണ്ടാണ്‌) അദ്ദേഹം വാര്‍ത്ത അവതരിപ്പിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നു പറയുന്ന റിപ്പോര്‍ട്ടറെ ശകാരിക്കുന്നു. പോരേ പൂരം!

പാട്ടിന്‍റെ കാര്യം പറയുകേ വേണ്ട. പാട്ടില്ലേ എന്നു ചോദിക്കരുത്. ഉണ്ട്, ഒരെണ്ണം. അലുവയും മീഞ്ചാറും പോലെയാണ് പാട്ടും കഥാഗതിയും.

ഇതെല്ലാം കൂടി കണ്ടാല്‍ സിനിമാല ഒരുക്കുന്ന ഡയാന സില്‍വസ്റ്റര്‍ പണി നിര്‍ത്താനിടയുണ്ട്‌. ഉണ്ണിമാധവനിലൂടെ ചെറുകിട പത്രങ്ങളിലെ ജേണലിസ്റ്റുകളുടെ പ്രാരാബ്‌ധങ്ങള്‍ പറയാനാണ്‌ രവികുമാര്‍ ശ്രമിച്ചതെങ്കിലും തെല്ലും വിജയിച്ചിട്ടില്ലെന്ന്‌ നിസ്സംശയം പറയാം.

അക്കാലത്തു മാത്രമല്ല, ഇന്നും കേരളത്തിലെ ഭൂരിപക്ഷം പത്രപ്രവര്‍ത്തകരും സാമ്പത്തിക ഭദ്രതിയില്ലാത്തവരാണ്‌. പക്ഷെ ആ സാഹചര്യം കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു സാരം. അതും ജോലിയോടുള്ള സമീപനവും ഉള്‍പ്പെടെ എന്തൊക്കെയോ കുറെ കാര്യങ്ങള്‍ വാരിവലിച്ച്‌ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ തിരക്കഥാകൃത്തിനും സംവിധായകനും പാളിയത്‌.

മരണവീട്ടില്‍നിന്ന്‌ പടങ്ങള്‍ മുക്കിക്കൊണ്ടു പോകുന്നതും മരിക്കാനിരിക്കുന്നവരുടെ ജീവചരിത്രവും മറ്റും ഉള്‍പ്പെടുത്തി പേജുകള്‍ മുന്‍കൂട്ടി തയാറാക്കി വെക്കുന്നതുമൊക്കെ സര്‍വസാധാരണമാണ്‌. ആശുപത്രിക്കിടക്കയിലായിരുന്നപ്പോള്‍ തന്‍റെ സ്ഥിതി അന്വേഷിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫോണ്‍ ചെയ്ത കഥ നടന്‍ തിലകന്‍ ഇടക്കിടെ പറയാറുണ്ട്. പക്ഷെ ഇത്തരം വിഷയങ്ങളിലൊക്കെ കോമാളിത്തരം ആവശ്യത്തിലധികം കൂട്ടിക്കുഴച്ച്‌ കുളമാക്കിയിരിക്കുന്നു.

`പത്രപ്രവര്‍ത്തകന്‌ ഹൃദയമുണ്ടാകുന്നത്‌ അയോഗ്യതയാണ്‌', `ഞാനൊരു മനുഷ്യനല്ല, പത്രപ്രവര്‍ത്തകനാണ്‌' തുടങ്ങിയ സംഭാഷണങ്ങള്‍ എഴുതുമ്പോള്‍ ഒരുപാടു മനുഷ്യരുടെ ദുരിതങ്ങള്‍ ലോകത്തെ അറിയിച്ച, അനാഥരെ സനാഥരാക്കിയ, നിരാലംബര്‍ക്ക്‌ ആലംബം കാട്ടിക്കൊടുത്ത ലക്ഷക്കണക്കിന്‌ മാധ്യമപ്രവര്‍ത്തകരെ രവികുമാര്‍ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നു.

ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലീം കുമാര്‍ തുടങ്ങിയ നടന്‍മാരൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ട്‌ ഈ ചിത്രത്തില്‍. മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ സാര്‍ എന്ന്‌ വിളിക്കാറില്ല(അപവാദങ്ങള്‍ ഇല്ലെന്നല്ല). ഉദാഹരണത്തിന്‌ വി.എസ്‌. അച്യുതാനന്ദനെ വി.എസ്‌ അല്ലെങ്കില്‍ സി.എം എന്നാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ പൊതുവെ വിളിക്കുക. സിനിമക്കാരെയും കായികതാരങ്ങളെയുമൊക്കെ പേരോ ചുരുക്കപ്പേരോ ഇതൊന്നുമല്ലെങ്കില്‍ അല്ലെങ്കില്‍ താങ്കള്‍ എന്നോ വിളിക്കും. പക്ഷെ, മലയാളത്തില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ള സിനിമകളിലെല്ലാം സാര്‍ വിളികള്‍ മാത്രമാണ്‌ കേട്ടിട്ടുള്ളത്‌.

കലവൂര്‍ രവികുമാര്‍ എഴുതുന്ന തിരക്കഥയിലെങ്കിലും സാര്‍ വിളികളുടെ പ്രളയം ഉണ്ടാവില്ലെന്നു കരുതി. പക്ഷെ, സംഭവിച്ചത്‌ മറ്റൊന്നാണ്‌. ഇവിടെ രാഷ്‌ട്രീയ നേതാക്കളെ മാത്രമല്ല, ക്രിക്കറ്റ്‌ താരത്തെപ്പോലും മാധ്യമ പ്രവര്‍ത്തകര്‍ സാര്‍ വിളികളില്‍ കുളിപ്പിച്ചു കിടത്തുകയാണ്‌.
കുറിപ്പടി
രവികുമാറും സുകുമാറും ചേര്‍ന്ന്‌ ഇനി ഇത്തരം ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരാഴ്‌ച്ചത്തേക്കെങ്കിലും ഷാജികൈലാസ്‌-രണ്‍ജി പണിക്കര്‍ ടീമിന്റെ പക്കല്‍ ട്യൂഷന്‌ പോകുന്നത്‌ നല്ലതാണ്‌. എന്നു കരുതി പാസ്‌ മാര്‍ക്ക്‌ കിട്ടണമെന്നില്ല, മോഡറേഷന്‍ വാങ്ങിയെങ്കിലും ജയിക്കാം. ആക്ഷേപഹാസ്യം മാത്രമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ സിനിമാല ടീമിന്റെ ഉപദേശം തേടാം.

Monday, October 19, 2009

പഴശ്ശിരാജ-സ്‌തുതിഗീതങ്ങളുടെ മറുപുറം


കോക്കസുകളും സ്‌തുതിപാഠകരും ഫാന്‍സ്‌ അസോസിയേഷനുകളുമാണ്‌ എന്നും മലയാള സിനിമയുടെ ശാപം. കേരളത്തിലെ ചലച്ചിത്രലോകം ഇന്നും ഒരുപരിധിവരെ വൃദ്ധസദനംപോലെ തുടരുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.

മമ്മൂട്ടി നായകനായ പഴശ്ശിരാജ എന്ന ചിത്രത്തിന്‌ താങ്ങാനാവാത്ത വിശേഷണങ്ങളും പുകഴ്‌ത്തലുകളുംകൊണ്ട്‌ നടത്തുന്ന തുലാഭാരവും ഇതിന്റെ തുടര്‍ച്ചയായിവേണം കാണാന്‍.അടുത്തയിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഒരു വാരികക്കുവേണ്ടി നടത്തിയ സംഭാഷണത്തില്‍ സ്വന്തം സൃഷ്‌ടി ഒരു മഹാസംഭവമാണെന്ന്‌ ആവര്‍ത്തിച്ചു പ്രകീര്‍ത്തിച്ചിരുന്നു. റിലീസ്‌ സെന്ററുകളില്‍ ചിത്രം അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ കസര്‍ത്ത്‌.

എം.ടി. വാസുദേവന്‍നായര്‍ എന്ന വലിയ എഴുത്തുകാരനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്‌ത ബ്രേവ്‌ഹാര്‍ട്ടിനെക്കാള്‍ മികച്ച സിനിമയാണ്‌ പഴശ്ശിരാജയെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന മേല്‍പ്പറഞ്ഞ അഭിമുഖത്തെപ്പോലും നാണിപ്പിക്കുന്നതാണ്‌.

പഴശ്ശിരാജയെ കണ്ണടച്ച്‌ ഇകഴ്‌ത്തിക്കാണിക്കാനുള്ള ശ്രമമല്ല. ചരിത്രത്തിലെ ഒരു വിസ്‌മയ പുരുഷനെ, ധീര ദേശാഭിമാനിയെ ഇന്നത്തെ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കാനും അവരില്‍ ദേശസ്‌നേഹം ഉണര്‍ത്താനുമുള്ള ശ്രമമാണ്‌ ഇതെന്ന്‌ നിഷേധിക്കുന്നില്ല. ശബ്‌ദമിശ്രണത്തിലെ റസൂല്‍ പൂക്കുട്ടി ടച്ചും ഇളയരാജയുടെ വിസ്‌മയസംഗീതവുമുള്‍പ്പെടെ മറ്റു പല സവിശേഷതകളും ചിത്രത്തിനുണ്ട്‌. അതൊക്കെ ഇതിനോടകം ഒരുപാട്‌ ആവര്‍ത്തിക്കപ്പെടുകുയംചെയ്‌തു. പഴശ്ശിരാജയെ ലോക സിനിമയിലെതന്നെ മഹാസംഭവമാക്കി പ്രകീര്‍ത്തിക്കുന്നതിലെ സാംഗത്യമില്ലായ്‌മ മാത്രം ചൂണ്ടിക്കാട്ടുകയാണിവിടെ.

സ്‌കോട്ടിഷ്‌ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ബ്രേവ്‌ഹാര്‍ട്ട്‌ 1995ലാണ്‌ പുറത്തിറങ്ങിയത്‌. സംവിധായകന്‍തന്നെ നായകവേഷവും അവതരിപ്പിച്ച ചിത്രം പത്ത്‌ ഓസ്‌കാര്‍ നോമിനേഷനുകളും അഞ്ച്‌ അവാര്‍ഡുകളും നേടി. ഓസ്‌കര്‍ തിളക്കത്തേക്കാളുപരിയായി സാങ്കേതികവും കലാപരവുമായ മികവുതന്നെയാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കിയത്‌. ഇതു മാത്രമല്ല, പതിനൊന്ന്‌ പുരസ്‌കാരങ്ങള്‍നേടി ഓസ്‌കര്‍ ചരിത്രത്തില്‍ പതിറ്റാണ്ടുകളോളം തകര്‍ക്കപ്പെടാതിരുന്ന റെക്കോര്‍ഡിട്ട ബെന്‍ഹര്‍(1959) ഉള്‍പ്പെടെ ഇതിഹാസങ്ങളെയും ചരിത്ര സംഭവങ്ങളെയും ആധാരമാക്കിയുള്ള ഭൂരിഭാഗം ഹോളിവുഡ്‌ ചിത്രങ്ങളുടെയും ഏഴുപത്‌ അയലത്ത്‌ നില്‍ക്കനുള്ള യോഗ്യത പഴശ്ശിരാജയ്‌ക്കില്ലെന്ന്‌ പറയാന്‍ ഏറെ ആലോചിക്കേണ്ടതില്ല.

മലയാളത്തിന്റെ ലോക സിനിമ എന്ന വിശേഷണമാണ്‌ ചിലര്‍ പഴശ്ശിക്ക്‌ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്‌. ഇംഗ്ലീഷില്‍ റിലീസ്‌ ചെയ്യുന്നതും അമേരിക്കയില്‍ തിയേറ്റര്‍ ഉള്ളതും കുറെ വിദേശികള്‍ അഭിനയിച്ചിരിക്കുന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ ലോക സിനിമ എന്ന്‌ എങ്ങനെ ഇതിനെ വിശേഷിപ്പിക്കാനാകും? മലയാളത്തിന്റെ പരമിതിയില്‍നിന്നുകൊണ്ട്‌ ഇത്രയൊക്കെ ചെയ്‌തില്ലേ എന്നു ചോദിക്കുന്നവരുണ്ട്‌. ഇത്‌ ഒരു പത്തു കൊല്ലം മുമ്പ്‌ പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇപ്പോള്‍ എന്താണ്‌ മലയാളത്തിന്റെ പരിമിതി?. ലോകത്തില്‍ എവിടെയും ഷൂട്ടിംഗും സാങ്കേതിക ജോലികളും നടത്താനും എവിടെനിന്നും താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും എത്തിക്കാനും ഇന്ന്‌ യാതൊരു ബുദ്ധിമുട്ടുമില്ല, പണമിറക്കണമെന്നുമാത്രം. പണമിറക്കാനും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മാതാവെന്ന മേല്‍വിലാസം നേടാനും ഗോകുലം ഗോപാലന്‍ തയാറായി. പിന്നെ എന്താണ്‌ പരിമിതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?.

പൂജയ്‌ക്കു മുമ്പു മുതല്‍ അഖിലാണ്ഡ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണം ആവര്‍ത്തിച്ചുകേട്ട്‌ എങ്കിപ്പിന്നെ ഇതൊന്നു കണ്ടിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ച്‌ തീയേറ്ററിലെത്തുന്ന മമ്മൂട്ടി ഫാന്‍സ്‌ അല്ലാത്തവരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ അസ്ഥാനത്താകുമെന്നുറപ്പ്‌. അത്യാവശ്യം ഹോളിവുഡ്‌ സിനിമകള്‍ കാണുന്നവരാണെങ്കില്‍ ഗ്ലാഡിയേറ്ററിലെയും(അവസാന രംഗത്ത്‌ വെടിയേല്‍ക്കുന്ന മമ്മൂട്ടി നിലത്തുകുത്തിയ വാളില്‍ കുമ്പിട്ടിരിക്കുന്നത്‌ ഒരു ഉദാഹരണം) ക്രൗച്ചിംഗ്‌ ടൈഗര്‍ ഹിഡണ്‍ ഡ്രാഗണി(ഈ സിനിമയില്‍ താരങ്ങള്‍ അന്തരീക്ഷത്തിലും വൃക്ഷത്തലപ്പുകളിലുമൊക്കെ നിന്നായിരുന്നു വാള്‍പ്പയറ്റ്‌. പക്ഷെ പഴശ്ശിരാജയിനും അത്‌ അനുകരിച്ചപ്പോള്‍ ഗരുഡന്‍ പറവ നടത്തുകയാണെന്ന്‌ മനസ്സിലാക്കാന്‍ നഴ്‌സറിക്കുട്ടികള്‍ക്കുപോലും അധികം അധ്വാനിക്കേണ്ടതില്ല. അതാണ്‌ പെര്‍ഫെക്ഷന്‍. ആംഗ്‌ ലീ ഹരിഹരനോടു ക്ഷമിക്കട്ടെ)ലെയുമൊക്കെ ഷോട്ടുകളുടെ പകര്‍പ്പുകള്‍കണ്ട്‌ ചിരിക്കും.

ഇനി അഭിനയവിശേഷം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ കാര്യംമെടുക്കാം. ചിത്രത്തിന്റെ അണിയറക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു താരത്തെ പരിഗണിക്കാവുന്ന സാഹചര്യമായിരുന്നിരിക്കില്ല. മാത്രമല്ല, വടക്കന്‍ വീരഗാഥയുടെ ഹാംഗ്‌ ഓവര്‍ നിലനിര്‍ത്തുകയുംവേണമല്ലോ?ദേശീയ അവാര്‍ഡുകളുടെ കണക്കുകള്‍ക്കും ഫാന്‍സി ഡ്രസുകള്‍ക്കുമപ്പുറം അന്യഭാഷാനടന്മാര്‍ക്കുമുന്നില്‍ മലയാളത്തിന്റെ താരദൈവങ്ങള്‍ ഒന്നുമല്ലെന്ന വാദഗതിക്ക്‌ അടിവരയിയിടുന്നുണ്ട്‌ ഈ ചിത്രം. ശരീരവടിവിനും പയറ്റ്‌, യുദ്ധരംഗങ്ങളിലെ മെയ്‌ വഴക്കത്തിലുമൊക്കെ ശരത്‌കുമാറിന്റെ എടെച്ചന കുങ്കന്റെ മുന്നില്‍ വീരപഴശ്ശി വട്ടപ്പൂജ്യമാണ്‌. അതിന്‌ പ്രേക്ഷകര്‍ കടപ്പെട്ടിരിക്കുന്നത്‌ കുങ്കന്റെ റോള്‍ ഉപേക്ഷിച്ച സുരേഷ്‌ഗോപിയോടാണ്‌.

നടന്‍ എന്ന നിലയില്‍ തന്റെ ഇരുപതു വര്‍ഷത്തെ അധ്വാനവും വളര്‍ച്ചയുമാണ്‌ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്ന്‌ മമ്മുട്ടി പറയുന്നു. ഇത്രയും കാലമായിട്ടും അടിസ്ഥാന മാനറിസങ്ങളില്‍ ഒരിഞ്ചുപോലും വ്യത്യാസംവരുത്താന്‍ മമ്മൂട്ടിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ഈ ചിത്രം. വീരപഴശ്ശി കരുത്തനായ ഒരു പോരാളിയായിരുന്നെന്നാണ്‌ ചരിത്രം. പക്ഷെ ഇടക്കിടക്കുള്ള ഗരുഡന്‍ പറവ ഒഴിച്ചുനിര്‍ത്തിയാല്‍ മമ്മൂട്ടി എന്ന നടന്‍ ചിത്രത്തില്‍ ആകെ എത്രതവണ ശരീമിളക്കി പൊരുതുന്നുണ്ടെന്ന്‌ ആരാധകര്‍ ഒന്നു ശ്രദ്ധിക്കുക. മലയാളത്തിന്റെ മഹാനടന്‍ ചിത്രത്തിനുവേണ്ടി ശാരീരികമായി എന്തു തയാറെടുപ്പാണ്‌ നടത്തിയത്‌ എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു. പഴശ്ശിയുടെ കാലത്തെ ആയോധനവീരന്മാരെ നാണംകെടുത്തുന്ന അഴകൊഴമ്പന്‍ ഫൈറ്റുകളാണ്‌ ചിത്രത്തില്‍ ഏറെയും.

മേക്കപ്പ്‌പോലും ബജറ്റിനോട്‌ നീതിപുലര്‍ത്തുന്നില്ലെന്നു കാണാം. മനോജ്‌ കെ. ജയന്റെയും ലാലു അലക്‌സിന്റെയും കഥാപാത്രങ്ങളുടെ ഉറക്കെ സംസാരിച്ചാല്‍ അഴിഞ്ഞുവീഴുന്ന മട്ടില്‍ നില്‍ക്കുന്ന മുഖരോമങ്ങള്‍തന്നെ നല്ല ഉദാഹരണം. ജോദ്ധാ അക്‌ബര്‍ എന്ന ബോളിവുഡ്‌ ചിത്രത്തില്‍ ഹൃതിക്‌ റോഷന്‍ സ്‌ക്രീനിലെത്തുമ്പോള്‍ സുപരിചിതനായ ഒരു നടനാണ്‌ മുന്നില്‍ക്കുന്നതെന്ന കാര്യം പ്രേക്ഷകര്‍ വിസ്‌മരിക്കുന്നു. അത്‌ സംവിധായകന്റെയും മേക്കപ്‌മാന്റെയും നടന്റെയും കഴിവുകളുടെ സമന്വയമാണ്‌. ഇവിടെയാകട്ടെ കഥാപാത്രത്തേക്കാള്‍ പ്രധാനം മേക്കപ്പിനുള്ളിലെ നടനാണ്‌. അത്‌ മലയാളസിനിമയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്‌.

കഥാഗതിയില്‍ പലേടത്തും പഴശ്ശിരാജ ഇംഗ്ലീഷുകാരെ കണ്ടുമുട്ടുന്നുണ്ടെങ്കിലും ഇംഗ്ലീഷ്‌ പറയുന്നില്ല. അറിയാവുന്ന ഇംഗ്ലീഷത്രയും അദ്ദേഹം ക്ലൈമാക്‌സിനുവേണ്ടി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. പഴശ്ശിയുടെ അന്ത്യത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് സംവിധായകന്റെ വക എന്തെങ്കിലും സസ്‌പെന്‍സ്‌ വേണ്ടേ?. അതുകൊണ്ട്‌ അവസാനം പഴശ്ശിരാജയെക്കൊണ്ട്‌ പത്ത്‌ ഇംഗ്ലീഷ്‌ അലക്കി സായ്‌പ്പിനെ ഞെട്ടിപ്പിക്കുകയല്ലാതെ മറ്റെന്തുവഴി? ഈ ഡയലോഗിലൂടെ പഴശ്ശിരാജ മെല്‍ ഗിബ്‌സണെ നിഷ്‌പ്രഭമാക്കിയെന്ന്‌ എം.ടി തെറ്റിധരിച്ചോ ആവോ?

മലയാളത്തിലെ എല്ലാ ചലച്ചിത്ര വാരികകളും ഭൂരിഭാഗം പത്രങ്ങളും ചാനലുകളും സിനിമക്കാരോട്‌ വിധേയത്വം പുലര്‍ത്തുന്നവയാണ്‌. അല്ലാത്തവര്‍ക്ക്‌ സിനിമകളുടെ പരസ്യം കിട്ടില്ല, ഷൂട്ടിംഗ്‌ സെറ്റുകളില്‍ പ്രവേശനവുമുണ്ടാകില്ല. ഏതെങ്കിലും ഒരു മാധ്യമം സിനിമയെക്കുറിച്ച്‌, നടന്റെ അഭിനയത്തെക്കുറിച്ച്‌ വസ്‌തുനിഷ്‌ഠമായി എഴുതാന്‍ തയാറായാല്‍ അതോടെ അവന്‍ സിനിമക്കാരുടെ പൊതുശത്രുവാകും. സ്‌തുതിവചനങ്ങളുടെ എണ്ണത്തോണിയൊരുക്കാന്‍ മത്സരിക്കുന്നവര്‍ക്ക്‌ ഈ ചിത്രം മൂന്നേകാല്‍ മണിക്കൂര്‍ വലിച്ചുനീട്ടേണ്ടതുണ്ടായിരുന്നോ എന്നുപോലും ചോദിക്കാന്‍ ധൈര്യംകാട്ടാനാവില്ലെന്ന്‌ സാരം.

നാട്ടില്‍ നല്ലത്‌ എന്തുണ്ടായാലും അത്‌ അംഗീകരിക്കാതെ പാശ്ചാത്യരെ വാഴ്‌ത്തുന്ന പ്രവണതയുടെ ഭാഗമായി ഈ കുറിപ്പിനെ കാണുന്നവരുണ്ടാകാം. അങ്ങനെയെങ്കില്‍ സ്വന്തം ചിത്രത്തിന്റെ മേന്മ വിവരിക്കാന്‍ ഒരു ഹോളിവുഡ്‌ ചിത്രത്തെക്കുറിച്ച്‌ പരാമര്‍ശിക്കേണ്ടിവന്ന എംടിയെയാണ്‌ അവര്‍ ആദ്യം വിമര്‍ശിക്കേണ്ടത്‌.

മികച്ച ദേശീയോദ്‌ഗ്രഥന ചിത്രം എന്നതുള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ പഴശ്ശിരാജയ്‌ക്ക്‌ ലഭിച്ചേക്കാം. മമ്മൂട്ടി ഒരിക്കല്‍ കൂടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല, അഭിനയമല്ല, താരമാണ്‌ പ്രധാനം. ഓസ്‌കര്‍ വേദിയിലും പഴശ്ശിരാജയ്‌ക്ക്‌ സാന്നിധ്യമറിയിക്കാന്‍ കഴിയട്ടെ ആശിക്കുന്നു. ഈ സിനിമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തെ മാനിക്കുന്നു. സ്വന്തം സൃഷ്‌ടി മികച്ചതെന്ന്‌ അഭിപ്രായപ്പെടുന്നതും മനസ്സിലാക്കാം. പക്ഷെ ആവേശം തലക്കുകയറിയപ്പോള്‍ ഇതൊരു ആഗോള സംഭവമാണെന്നൊക്കെ, പ്രത്യേകിച്ചും ലോകം അംഗീകരിച്ച ഒരു ചിത്രവുമായി താരതമ്യം ചെയ്‌ത്‌ വെച്ചുകാച്ചുന്നതിനുമുമ്പ്‌ ഒന്നുകൂടി ആലോചിക്കണം; പ്രത്യേകിച്ചും എംടിയെപ്പോലെയുള്ളവര്‍.
---------------------------

Thursday, April 23, 2009

ഭാഗ്യദേവത- നമ്മടെ കാശു പോകത്തില്ല, ഒറപ്പ്

ഇന്നലെ രാവിലെ ചങ്ങനാശ്ശേരി അഭിനയേല് 2 ഹരിഹര്‍നഗര്‍ കണ്ടശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ നേരം കിട്ടിയില്ല. ഒരു പാക്കറ്റ് ലേസും മേടിച്ചാണ് അതേ കോംപ്ലക്സിലെ ചെറിയ തിയേറ്ററായ അനുവില്‍ മാറ്റിനിക്ക് ഭാഗ്യദേവത കാണാന്‍ കേറിയത്.

പടത്തിന്‍റെ പേരു ശരിയല്ലെന്ന് നേരത്തെ തോന്നിയാരുന്നു. പോസ്റ്ററും അത്ര എറിപ്പനല്ല. എങ്കിലും സത്യന്‍ അന്തിക്കാടിന്‍റെ പടമല്ലേ, എന്തെങ്കിലും ഇല്ലാതിരിക്കുമോ എന്ന് വിചാരിച്ചു.

റിലീസ് ചെയ്ത് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ഹരിഹര്‍നഗറിന് ഒടുക്കത്തെ തെരക്ക്. ഭാഗ്യദേവതയുടെ ഫസ്റ്റ്ക്ലാസും ബാല്‍ക്കണിയുമൊക്കെ കഷ്ടി ഫുള്ളായെന്നു പറയാം, അത്രേയൊള്ളു.

ഒള്ളതു പറയാവല്ലോ. മൊടക്കിയ കാശ് മൊതലായി. വെറുതെ മൊതലായീന്നു പറഞ്ഞാ ശരിയാവില്ല. മൊമ്മതലായി. പടത്തിന്‍റെ കഥ വലിയ സംഭവമൊന്നുമല്ല. അത് ഇതിനോടകം നിങ്ങളൊക്കെ അവിടേം ഇവിടേമൊക്കെ വായിച്ചിട്ടൊണ്ടാകുമല്ലോ. അതുകൊണ്ട് വിസ്തരിക്കുന്നില്ല. എങ്കിലും ചുരുക്കിപ്പറയാം.




കുട്ടനാട്ടിലെ ശരാശരി പ്രാരാബ്ധക്കാരുടെ പ്രതിനിധിയായ നായകന്‍ ബെന്നി ജീവിതം പച്ചപിടിപ്പിക്കാനുള്ള കുറുക്കുവഴിയായി അഞ്ചു ലക്ഷം രൂപ സ്ത്രീധനം വാങ്ങി പെണ്ണു കെട്ടാന്‍ തീരുമാനിച്ചു. പക്ഷെ ക‍ൃത്യ സമേത്ത് സ്ത്രീധനം കിട്ടാതെ ആശാന്‍ കുടുങ്ങി. അതിന്‍റെ പേരില്‍ നമ്മള്‍ ഒരുപാടു സിനിമകളില്‍ കണ്ടിരിക്കുന്ന പോലെ പെണ്ണിനെ വീട്ടിക്കൊണ്ടുപോയി വിട്ടു. അങ്ങനെയിരിക്കുന്പോ പെണ്ണിന് രണ്ടു കോടി രൂപ ലോട്ടറിയടിച്ചു. പിന്നെ അവളെ തിരിച്ചുകൊണ്ടുവരാന്‍ ബെന്നീടെ പരാക്രമങ്ങള്‍.

കാര്യങ്ങള് അങ്ങനെ നിക്കുന്പോള്‍ ബെന്നീടെ പെങ്ങള് ഒരുത്തനുമായി സൊള്ളാന്‍ പോകുന്നതിനെടേല് നാട്ടുകാര് പിടിച്ചു. അപ്പംപിന്നെ അവളെ അവന് കെട്ടിച്ചുകൊടുത്ത് മാനം രക്ഷിക്കണ്ടേ? ചെക്കന്‍റെ വീട്ടുകാര് ഉയര്‍ന്ന തുക സ്ത്രീധനം ചോദിച്ചപ്പോള്‍ നായകന്‍ പണ്ട് നായികേടെ വീട്ടുകാര് നേരിട്ട അതേ പ്രതിസന്ധിയില്‍ കുടുങ്ങുന്നു. ബാക്കി പറയാതെ ഊഹിക്കാമല്ലോ. നായകന്‍റെ കുടുംബത്തിന്‍റെ മാനം കപ്പലു കേറാന്‍ തുറമുഖം വിട്ട നേരത്ത് പൊന്നും പണവുമായി പറന്നെത്തി നായിക അത്(മാനം) വീണ്ടെടുക്കുന്നു. അങ്ങനെ മധുരമായി പ്രതികാരം ചെയ്യുന്നു. ഒടുവില്‍ അവര്‍ ഒന്നാകുന്നു. ശുഭം.

സംഗതി പറഞ്ഞപ്പം തീര്‍ന്നു. ഇത്രേയൊള്ളോ സാധനം എന്ന് നിങ്ങക്കും തോന്നിയേക്കാം. ഈ പടം കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ധനഷ്ടവും മാനഹാനീമൊന്നും സംഭവിക്കാനുമില്ല. ഇത് മലയാള സിനിമാ ചരിത്രത്തിലെ മയില്‍ക്കുറ്റിയാകാന്‍ പോകുന്നുമില്ല. പക്ഷെ, പൊന്നു ചങ്ങാതിമാരെ, സാഗര്‍ ഏലിയാസ് ജാക്കിയും ഐജിയും ടു ഹരിഹര്‍നഗറും ഉള്‍പ്പെടെയുള്ള തട്ടിപ്പൊളിപ്പുകളും തല്ലിപ്പൊളികളും കണ്ട് തല മന്ദിച്ചിരിക്കുന്ന നിങ്ങള്‍ക്ക് പച്ചയായ ജീവിതം കാണണമെങ്കില്‍, റെഡീമേഡല്ലാത്ത, മുഴച്ചുനില്‍ക്കാത്ത നര്‍മം ആസ്വദിച്ച് ചിരിക്കണമെങ്കില്‍, കഥാപാത്രങ്ങള്‍ക്കൊപ്പം അല്‍പ്പം സങ്കടപ്പെടണമെങ്കില്‍ ധൈര്യമായി ടിക്കറ്റെടുത്തോ. ഇതിനെല്ലാം പറ്റിയ എന്തൊക്കെയോ ഈ പടത്തിലൊണ്ട്. പള്ളിക്കൂടത്തിലെ സാറമ്മാരു വ്യാകരണമെന്നോ ആശാരിമാരു കാതലെന്നോ, റിയാലിറ്റി ഷോക്കാരു സംഗതീന്നോ ഒക്ക പറയുന്നപോലൊരു സാധനം.

നേരത്തെ പോയാല്‍ തടി കേടാകാതെ ടിക്കറ്റുകിട്ടും, ഫുള്‍ ഏസീലിരുന്ന് പടം കാണാം. സത്യന്‍ അന്തിക്കാടിന്‍റെ പടങ്ങളുടെ ചരിത്രം അറിയാവമല്ലോ. ആദ്യം ആളില്ലേലും രണ്ടാഴ്ച്ച കഴിയുന്പോ സംഗതി മാറും. വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ചരിത്രം മറക്കണ്ട.

നായികക്ക് ലോട്ടറി അടിക്കുന്നത് ഉള്‍പ്പെടെയുള്ള ചില്ലറ കല്ലുകടികളുണ്ടെങ്കിലും കുട്ടനാട്ടിലെ സാധാരണക്കാരുടെ സെറ്റപ്പ്, വീട്ടുകാര്യങ്ങള്‍ ഒക്കെ കിറുകൃത്യമായി സ്ക്രീനേലോട്ട് പറിച്ചുവെച്ച സത്യന്‍ അന്തിക്കാടിന് കൈ കൊടുക്കാതിരിക്കാന്‍ പറ്റില്ലകേട്ടോ. നായകന്‍ ജയറാമും നായിക കനിഹയുമാണെങ്കിലും ഭാഗ്യദേവതയിലെ യഥാര്‍ത്ഥ നായിക കെ.പി. എ.സി ലളിതതന്നെ. നമ്മടെ വീടുകളിലില്‍ ചുറ്റുപാടുകളില്‍ സ്ഥിരം കാണുന്ന ടിപ്പിക്കല്‍ അമ്മച്ചി. സ്ഫടികത്തിലെയും വീണ്ടും ചില വീട്ടുകാര്യങ്ങളിലെയും താന്‍തന്ന അവതരിപ്പിച്ച അമ്മച്ചിമാരെ ലളിത ശൂ ആക്കിക്കളഞ്ഞു. 2009ലെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഇവിടെക്കൊട്.

അപ്പം പോയി പടം കണ്ടിട്ട് വിവരം പറ. തല്‍ക്കാലം ഞാനങ്ങോട്ട് പോട്ടെ.

Thursday, March 26, 2009

സാഗര്‍ അലിയാസ് ജാക്കി-റിവ്യൂ


മല്‍ നീരദ് സംവാധനം ചെയ്ത സാഗര്‍ അലിയാസ് ജാക്കി റീലോഡഡ് കണ്ടശേഷം ഒരു റിവ്യു എഴുതണമെന്ന് നേരത്തെ ആലോചിച്ചിരുന്നു. കണ്ടു കഴിഞ്ഞപ്പോള്‍ അതിനായി മിനക്കെടണോ എന്നൊരു സന്ദേഹം.


എറണാകുളം പത്മ തീയേറ്ററില്‍ റിലീസ് ദിവസം രണ്ടാമത്തെ ഷോയ്ക്ക് ചെന്നപ്പോള്‍ അവിടെ ടിക്കറ്റിനായി ഘോരയുദ്ധം. ലാല്‍ ആരാധകരും റിലീസ് സംഭവമാക്കാന്‍ തുനിഞ്ഞിറങ്ങിയ ഫാന്‍സുകാരും കൂടിയായപ്പോള്‍ തിയേറ്ററിന്‍റെ രണ്ടു നിലയിലെയും വരാന്ത വിയര്‍പ്പില്‍ കുതിര്‍ന്നു.


ഏതായാലും പടം കഴിഞ്ഞിറങ്ങുന്പോള്‍ കേട്ട കമന്‍റുകള്‍ ചില കമന്‍റുകള്‍ മാത്രം ഇവിടെ ചേര്‍ക്കാം.


1സംഗതി റീലോഡഡായിയില്ല മോനേ


2. --------ലെ പടം


3.ടിക്കറ്റിന്‍റെ കാശ് ഞാന്‍ തരില്ല (ഷെയറിടാമെന്ന വ്യവസ്ഥയില്‍ ഒന്നിച്ചു ടിക്കറ്റെടുത്ത യുവാവിനോട് കൂട്ടുകാരിലൊരാള്‍)


4.ആക്ച്വലി ഇത്രയും നേരം എന്താണ് സംഭവിച്ചത്?


5.സിഎന്‍എന്‍ ചാനല്‍ മലയാളം തുടങ്ങിയത് എപ്പഴാണപ്പാ?


6. കണ്ണില്‍ കാണുന്നവരെയൊക്കെ സാറേന്നു വിളിക്കുന്ന ആദ്യ ജേണലിസ്റ്റിനുള്ള അവാര്‍ഡ് യെവക്കു കൊടുക്കണം.


7.ഇതെന്താണ് റാഞ്ചല്‍-വെടിവെപ്പു മത്സരമോ?


8.ഗുണ്ടകളുടെ ഫാഷന്‍ പരേഡ്


9.ലാലേട്ടന്‍ ബുള്ളറ്റ് പ്രൂഫ് ആണു മോനേ?


10.ഈ നേരത്ത് പെന്‍റാ മേനകേന്ന് രണ്ടു കന്പിപ്പടം മേടിച്ചു കണ്ടാമതിയാരുന്നു.






Wednesday, January 07, 2009

സൗദി സിനിമയിലേക്കുള്ള 500 കിലോമീറ്ററുകള്‍

സിനിമാ തീയേറ്ററുകളില്ലാത്ത സൗദി അറേബ്യയിലെ സിനിമാ വിശേഷങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയ ലേഖനവും രണ്ടു സംവിധായകരുടെ അഭിമുഖവും മാതൃഭൂമി ആഴ്ചപ്പതിപ്പ് (28) പ്രസിദ്ധീകരിച്ചത് കുറെപ്പേരെങ്കിലും കണ്ടിരിക്കുമെന്ന് കരുതുന്നു. അത് കാണാത്തവര്‍ക്കുവേണ്ടി പേജുകള്‍ (ഫോട്ടോഷോപ്പ്) ചുവടെ ചേര്‍ത്തി രിക്കുന്നു.വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ.