Tuesday, December 29, 2009

മലയാള സിനിമയോട് മാധ്യമങ്ങള്‍ ചെയ്യുന്നത്

(പല മലയാള പ്രസിദ്ധീകരണങ്ങളും എന്‍റെ രചനകള്‍ പ്രസിദ്ധീകരിക്കാറുള്ളതുകൊണ്ട്
ഈ ലേഖനം തയാറാക്കിയശേഷം ചില മുഖ്യധാരാ മാധ്യമങ്ങളെയാണ് ആദ്യം സമീപിച്ചത്. പക്ഷെ, ഇത് അച്ചടിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിനു തുല്യമാണെന്ന് പല എഡിറ്റര്‍മാരും വ്യക്തമാക്കി.
പാലക്കാട് കേന്ദ്രമായി പ്രസിദ്ധീകരണം ആരംഭിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധനേടുകയും ചെയ്ത 'എക്സ്ക്ലൂസീവ് 'ദിനപ്പത്രത്തിനാണ് പിന്നീട് ഇത് അയച്ചത്. ലേഖനത്തിന്‍റെ ഒരുഭാഗം 2009 ഡിസംബര്‍ 19ന് എക്സ്ക്ലൂസീവ് പ്രസിദ്ധീകരിച്ചു. തുടരും എന്ന അറിയിപ്പും ഉണ്ടായിരുന്നു. പക്ഷെ, ബാക്കി ഭാഗം വെളിച്ചം കണ്ടില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാം ഭാഗം അതേപടി പ്രസിദ്ധീകരിക്കാനാവില്ലെന്നും വൈകാതെ തങ്ങളുടെ ഡയറക്ടറാകാന്‍ പോകുന്ന ഒരു സിനിമാ നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ അടിമുടി മാറ്റിയെഴുതിയാല്‍ മറ്റൊരു ലേഖനമായി കൊടുക്കാമെന്നും പത്രത്തിന്‍റെ എഡിറ്റര്‍ അറിയിച്ചു.
തുടര്‍ന്ന് രണ്ട് അന്തിപ്പത്രങ്ങളിലെ സാധ്യതകള്‍ ആരാഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ബ്ലോഗിന്‍റെ സ്വതന്ത്ര ഇടത്തില്‍തന്നെ ഇത് പ്രസിദ്ധീകരിക്കാമെന്ന് തീരുമാനിച്ചു)


വാര്‍ത്തകളുടെയും സംഭവവികാസങ്ങളുടെയും വര്‍ഷാന്ത്യ അവലോകനത്തിരക്കിലാണ്‌ കേരളത്തിലെ മാധ്യമങ്ങള്‍. ചില ടെലിവിഷന്‍ ചാനലുകള്‍ പോയവര്‍ഷത്തെ കണക്കെടുപ്പുകള്‍ ഡിസംബര്‍ ആദ്യം മുതല്‍ക്കേ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിച്ചുതുടങ്ങി. എല്ലാ മാധ്യമങ്ങളും വിശകലനത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന മേഖലകളിലൊന്നാണ്‌ സിനിമ. കടന്നുപോകുന്ന വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ പട്ടിക നിരത്തിയുള്ള വിലയിരുത്തലുകളും പരാജയങ്ങളുടെ തുലാസുതന്നെയാണ്‌ താഴ്‌ന്നു നില്‍ക്കുന്നതെന്ന പല്ലവിയും ആവര്‍ത്തിക്കപ്പെടുന്നു. ഒറ്റപ്പെട്ട വിജയങ്ങള്‍ നേടിയ ചിത്രങ്ങളെയും അവയിലെ പ്രധാന താരങ്ങളെയും അണിയറക്കാരെയും പുകഴ്‌ത്തുന്നു. ചലച്ചിത്ര ഭാഷയില്‍ പറഞ്ഞാല്‍ അവലോകനത്തിന്റെ `ത്രെഡി'ല്‍ മാറ്റമുണ്ടാകുന്നില്ല എന്നു സാരം.

മലയാള സിനിമ തകര്‍ച്ചയുടെ പാതയില്‍, അന്യഭാഷാ സിനിമകള്‍ കേരളം കീഴടക്കുന്നു, സംഘടനായുദ്ധത്തില്‍ സിനിമ മരിക്കുന്നു തുടങ്ങിയ തലവാചകങ്ങള്‍ നമ്മള്‍ എത്രയോ തവണ കണ്ടിരിക്കുന്നു? ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്ക്‌ മലയാള സിനിമയുടെ ഇന്നത്തെ ദയനീയവാസ്ഥയില്‍ യാതൊരു പങ്കുമില്ലേ എന്ന ചോദ്യം ഏറെ പ്രസക്തമാണ്‌.

വരികള്‍ക്കിടയില്‍ വായിക്കുക എന്നൊരു സാധാരണ പ്രയോഗമുണ്ട്‌. ഇതിന്റെ ഹാസ്യാനുകരണമെന്നോണം `നുണകള്‍ക്കിടയിലൂടെയാണ്‌ ഞാന്‍ വായിക്കുന്നത്‌' എന്ന്‌ അമേരിക്കന്‍ പ്രസിഡന്റായിരുന്ന തോമസ്‌ ജഫേഴ്‌സണ്‍ മാധ്യമങ്ങളുടെ പക്ഷപാതസമീപനത്തെ വിമര്‍ശിച്ചുകൊണ്ട്‌ ഒരിക്കല്‍ പറഞ്ഞു. മാറിയ സാഹചര്യത്തില്‍ ആഗോളതലത്തില്‍തന്നെ സമ്പൂര്‍ണമായ നിഷ്‌പക്ഷ മാധ്യമ പ്രവര്‍ത്തനം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. പക്ഷെ, മലയാള മാധ്യമങ്ങളുടെ സിനിമാ റിപ്പോര്‍ട്ടിംഗിന്റെ കാര്യമെടുത്താല്‍ നമ്മുടെയെല്ലാം വായനയും കാഴ്‌ച്ചയും നുണകള്‍ക്കിടയിലൂടെ മാത്രമാണ്‌ സഞ്ചരിക്കുന്നതെന്ന്‌ പറയേണ്ടിവരും.


സാക്ഷരതയില്‍ രാജ്യത്ത്‌ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനത്ത്‌ സിനിമയ്‌ക്ക്‌ ഇടം നല്‍കുന്ന മാധ്യമങ്ങളെല്ലാം സാധാരണ അറിയിപ്പുകളും പുകഴ്‌ത്തലുകളും സംഘടനാപോരിനെക്കുറിച്ചുള്ള വിവരങ്ങളും മാത്രമാണ്‌ ജനങ്ങളിലെത്തിക്കുന്നത്‌. മുന്‍പ് പത്രങ്ങളിലായിരുന്നപ്പോള്‍ ഞാനും ഇതൊക്കെത്തന്നെയാണ് ചെയ്തിരുന്നത്. ചലച്ചിത്ര വാരികകള്‍, പ്രത്യേകിച്ച്‌ താരങ്ങളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും മുതല്‍മുടക്കില്‍ പ്രവര്‍ത്തിക്കുന്നവ ഈ നിലപാട്‌ സ്വീകരിക്കുന്നത്‌ സ്വാഭാവികമാണ്‌. പക്ഷെ, സത്യസന്ധതയുടെയും നിഷ്‌പക്ഷതയുടെയും സമഗ്രതയുടെയുംമമ മേല്‍വിലാസം അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങളും ഇതില്‍നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ലെന്നു കാണാം. അതുകൊണ്ടുതന്നെ പുതിയ സിനിമകളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമറിയാന്‍ വാമൊഴിയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ്‌ മലയാളി പ്രേക്ഷകര്‍.



അഭിനയചക്രവര്‍ത്തിയുടെ അശ്വമേധം, ലോക സിനിമയില്‍ ആദ്യം, ഇന്ത്യന്‍ സിനിമയിലെ വ്യത്യസ്‌ത പരീക്ഷണം, മലയാള ചലച്ചിത്ര ലോകത്തെ സുധീരമായ ചുവടുവെയ്‌പ്പ്‌, മലയാളം കണ്ട ഏറ്റവും മികച്ച സിനിമ തുടങ്ങിയ വിശേഷണവിശേഷണങ്ങള്‍ വെറും നുണകളാണെന്ന്‌ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.മാധ്യമങ്ങളുടെ പുകഴ്‌ത്തലുകളില്‍ വിശ്വാസമര്‍പ്പിച്ച്‌ ഇറങ്ങിപ്പുറപ്പെടുകയും ആളൊഴിഞ്ഞ തിയേറ്ററിലിരുന്ന്‌ സിനിമ കാണേണ്ടിവരികയും ചെയ്‌തശേഷം പിറ്റേന്ന്‌ പത്രത്തില്‍ `കളക്‌ഷന്‍ കണക്കുകളില്‍ പുതിയ റെക്കോര്‍ഡ്‌' എന്ന തലക്കെട്ടോടെ അതേ സിനിമയുടെ പരസ്യം വായിക്കുന്നവന്റെ ഗതികേട്‌ ആലോചിച്ചുനോക്കൂ. പക്ഷെ, ഇങ്ങനെ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. വേറിട്ട സമീപനത്തിലൂടെ ഈ വര്‍ഷം ഏറെ ശ്രദ്ധനേടിയ `പാസഞ്ചര്‍' ഉള്‍പ്പെടെയുള്ള ഏതാനും ചിത്രങ്ങള്‍ക്ക്‌ അധികം പ്രേക്ഷകരുമെത്തിയത്‌ വാമൊഴി വിലയിരുത്തലുകളില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു എന്ന്‌ നിസംശയം പറയാം.



ഹോളിവുഡ്‌ ഉള്‍പ്പെടെയുള്ള വിവിധ ചലച്ചിത്ര മേഖലകളില്‍ പുതിയ സിനിമകളെ സ്വതന്ത്രമായി വിലിരുത്തുകയും റേറ്റിംഗ്‌ നല്‍കുകയും ചെയ്യുന്ന അനേകം മാധ്യമങ്ങളുണ്ട്‌. സെലക്‌ടീവായി സിനിമകള്‍ കാണുന്നവര്‍ പൊതുവെ ഇത്തരം റേറ്റിംഗുകളെയാണ്‌ ആശ്രയിക്കുന്നത്‌. ബോളിവുഡിലും തെലുങ്കിലും കന്നടയിലുമൊക്കെ ഒരുപറ്റം മാധ്യമങ്ങള്‍ കൃത്യമായ അവലോകനവും റേറ്റിംഗും നടത്തുന്നുണ്ട്‌.

പാസഞ്ചര്‍ എന്ന ചിത്രത്തില്‍നിന്ന്












അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ചിത്രമായ `ആര്യ- 2ന്റെ' ഭീമമായ മുതല്‍മുടക്ക്‌ കണക്കിലെടുക്കാതെതന്നെ പല തെലുങ്കു പത്രങ്ങളും വെബ്‌സൈറ്റുകളും വസ്‌തുനിഷ്‌ഠമായി നിരൂപണം നടത്തി ഫ്‌ളോപ്പ്‌ എന്ന്‌ വിധിയെഴുതിയതുന്നെ ഇതിന്‌ ഏറ്റവും പുതിയ ഉദാഹരണം. താരാരാധന തലക്കുപിടിച്ചവരെന്ന്‌ നാം അധിക്ഷേപിക്കുന്ന തമിഴര്‍ക്കുപോലും ആശ്രയിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ പരിമിതമായെങ്കിലുമുണ്ട്‌. പക്ഷെ പ്രബുദ്ധകേരളത്തില്‍ ഇതൊന്നും പാടില്ല എന്നതാണ്‌ അലിഖിത നിയമം.



കേരളത്തിലെ ഭൂരിഭാഗം ചാനലുകളിലും പുതിയ സിനിമകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും പതിവാണ്‌. പല പത്രങ്ങള്‍ക്കും ആഴ്ച്ചയിലൊരിക്കല്‍ സിനിമാ പേജുമുണ്ട്. എന്തെങ്കിലും പ്രത്യേകതകളുള്ള ചിത്രം പുറത്തിറങ്ങിയാല്‍ അതിനായി വാര്‍ത്തയുടെ ഗണ്യമായ സമയവും സ്ഥലവും മാറ്റിവയ്‌ക്കും. വന്‍ തുകയ്‌ക്ക്‌ പരസ്യംകൂടി കിട്ടിയാല്‍ പറയാനില്ല.



പലപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച നയിക്കുന്ന വാര്‍ത്താ അവതാരകന്‍ പടം കണ്ടിട്ടുണ്ടാവില്ല. വാര്‍ത്തയുടെ ആത്യന്തിക ലക്ഷ്യം സിനിമയുടെ പരസ്യം മാത്രമായതുകൊണ്ട്‌ അത്‌ അനിവാര്യതയാകുന്നുമില്ല. അതുകൊണ്ടുതന്നെ അവതാരകന്റെ താരാരാധനയും ചലച്ചിത്ര കൗതുകങ്ങളുമൊക്കെ ഓരോ ചോദ്യത്തിലും നിറഞ്ഞു നില്‍ക്കുക സ്വാഭാവികം.


കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം ചലച്ചിത്ര അവബോധമില്ലാത്തവരോ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടിക്കുന്നവരോ ആണ്‌ എന്നല്ല പറഞ്ഞുവരുന്നത്‌. ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ നിരപരാധികളാണെന്നു പറയാം. ചില താരങ്ങളും നിര്‍മാതാക്കളും മാധ്യമ മുതലാളിമാരുമാണ്‌ ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌. കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമയെ വിമര്‍ശിക്കുന്നതില്‍ നിര്‍മാതാക്കള്‍ അസഹിഷ്‌ണുക്കളാകുന്നത്‌ സ്വാഭാവികമാണ്‌. താരങ്ങളില്‍ ഭൂരിഭാഗത്തിനും തങ്ങളുടെ അഭിനയത്തിലെ ന്യൂനതകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടുന്നത്‌ ഉള്‍ക്കൊള്ളാനേ കഴിയില്ല. ഏതെങ്കിലും മാധ്യമം അതിനു തുനിഞ്ഞാല്‍ സിനിമാ സെറ്റില്‍ പ്രവേശനം നിഷേധിക്കല്‍, പരസ്യം മുടക്കല്‍ തുടങ്ങി പല ശിക്ഷകളും അവര്‍ക്ക്‌ നേരിടേണ്ടിവരുന്നു.



പരസ്യവാരുമാനവും സ്വന്തം കുടുംബത്തിലെയും സ്ഥാപനത്തിലെയും ചടങ്ങുകള്‍ക്ക്‌ താരങ്ങളുടെ സാന്നിധ്യവും ആഗ്രഹിക്കുന്ന മാധ്യമ ഉടമകളാകട്ടെ, പുകഴ്‌ത്തലുകളല്ലാതെ മറ്റൊന്നും പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യം കാട്ടാറില്ല. ചലച്ചിത്ര നിരൂപകരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന കുറെയാളുകള്‍ ഇവിടെയുണ്ടെങ്കിലും ഉപജീവനത്തിനായി കോക്കസുകളുടെയും സംവിധായകരുടെയും താരങ്ങളുടെയും പാദസേവകരായി മാറിയ ഇക്കൂട്ടരുടെ നിഘണ്ഡുവില്‍ സ്വതന്ത്ര നിരൂപണം എന്ന പദമേയില്ല.



മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്‌ എന്നൊക്കെ വാഴ്‌ത്തപ്പെടുന്ന, ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട `പഴശ്ശിരാജ'യുടെ കാര്യംതന്നെയെടുക്കാം. ഈ സിനിമയെക്കുറിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്ന ഘട്ടംമുതല്‍ ഇന്നോളം മാധ്യമങ്ങള്‍ ഇതിനായി നീക്കിവെച്ച സ്ഥലത്തിനും സമയത്തിനും കണക്കില്ല. വേറിട്ടതോ സാഹിസികത നിറഞ്ഞതോ ആയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാം. പക്ഷെ സിനിമ തീയേറ്ററില്‍ എത്തിയശേഷവും അര്‍ധസത്യങ്ങളും അസത്യങ്ങളും വിളമ്പി ലക്ഷക്കണക്കിന്‌ പ്രേക്ഷകരെയും വായനക്കാരെയും വഞ്ചിക്കുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌?

മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവുമധികം പണം മുടക്കി പഴശ്ശിരാജയെപ്പോലൊരു ചരിത്രപുരുഷനെക്കുറിച്ച്‌ സിനിമ ചെയ്യുന്നു എന്നു പറയുമ്പോള്‍ ശരാശരി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷവയ്‌ക്കുക സ്വാഭാവികം. എന്നാല്‍ ഈ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ചിത്രത്തിനായിട്ടില്ല എന്നതാണ്‌ വാസ്‌തവം.എം.ടിയും ഹരിഹരനും മമ്മൂട്ടിയും ചേര്‍ന്ന്‌ ഒരു സിനിമ ഒരുക്കുന്നു എന്ന്‌ പ്രഖ്യാപിച്ചപ്പോള്‍തന്നെ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ണുമടച്ച്‌ വിധേയത്വം പ്രഖ്യാപിക്കുകയായിരുന്നു. ഷൂട്ടിംഗ്‌ സെറ്റിലെ നിസ്സാര സംഭവങ്ങള്‍പോലും വാര്‍ത്തയാകുകയും ചിത്രം ഒരു മഹാസംഭവമായി കൊണ്ടാടാന്‍ മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്‌തതോടെ സാക്ഷാല്‍ എം.ടി. വാസുദേവന്‍നായര്‍ക്കുപോലും നിയന്ത്രണംവിട്ടുപോയി.



1995ല്‍ പുറത്തിറങ്ങിയ ഹോളിവുഡ്‌ ചിത്രമായ `ബ്രേവ്‌ഹാര്‍ട്ടി'നേക്കാള്‍ മികച്ച ചിത്രമാണ്‌ പഴശ്ശിരാജയെന്ന്‌ റിലീസിനോടനുബന്ധിച്ച്‌ എംടി പറഞ്ഞപ്പോള്‍ അത്യാവശ്യം ഹോളിവുഡ്‌ സിനിമകള്‍ കാണുന്ന മലയാളികള്‍ ഞെട്ടിയിട്ടുണ്ടാവണം. തുടര്‍ന്ന്‌ പഴശ്ശിരാജ കണ്ടപ്പോള്‍ അവര്‍ എംടിയോട്‌ സഹതപിക്കുകയുംചെയ്‌തിട്ടുണ്ടാകും. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ ഞെട്ടുകയോ സഹതപിക്കുകയോ ചെയ്‌തതായി അറിവില്ല. കണ്ടതിനും കേട്ടതിനുമെല്ലാം പഴമ്പുരാണം തപ്പിപ്പോകാറുണ്ടെങ്കിലും ബ്രേവ്‌ഹാര്‍ട്ടിനെയും പഴശ്ശിരാജയെയും താരതമ്യം ചെയ്യാനും ആരും മിനക്കെട്ടില്ല. മറിച്ച്‌ പഴശ്ശിരാജയ്‌ക്ക്‌ പുതിയ വിശേഷണങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണവര്‍. സിനിമയുടെ അണിയറക്കാര്‍ പരസ്യം വാരിക്കോരി നല്‍കിയപ്പോള്‍ ഇതിനപ്പുറം ഒരു സിനിമ ഇറങ്ങാനില്ല എന്ന്‌ അവര്‍ വിധിയെഴുതി. കേരളത്തിലെ ഏറ്റവും പ്രബലവും സുവ്യക്തവുമായ മാധ്യമ സിന്‍ഡിക്കേറ്റ്‌ ഇതുതന്നെയല്ലേ?

എം.ടിയും ഹരിഹരനും മമ്മൂട്ടിയുമൊക്കെ ചേര്‍ന്നാല്‍ അവാര്‍ഡ്‌ കിട്ടിയിരിക്കണം എന്നാണ്‌ പൊതുവെ ധരിച്ചുവെച്ചിരിക്കുന്നതെന്നു തോന്നുന്നു. ദേശീയ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക്‌ പഴശ്ശിരാജയെ പരിഗണിക്കാതിരുന്നതിന്റെ പേരില്‍ എന്തൊക്കെ കോലാഹലങ്ങളാണ്‌ അരങ്ങേറിയത്‌? പഴശ്ശിരാജയും പരിവാരങ്ങളുമൊക്കെ വായുവില്‍ തൂങ്ങി പടവെട്ടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ അവരെ കോര്‍ത്തിട്ടിരിക്കുന്ന കയറുകള്‍ പ്രേക്ഷകരുടെ കണ്ണില്‍നിന്ന്‌ മറയ്‌ക്കാന്‍ പോലും കഴിയാത്തവര്‍ ദേശീയ ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാന്റെ മേക്കിട്ടു കേറിയിട്ട്‌ എന്തുകാര്യം എന്നു ചോദിക്കാന്‍ ഒരു പത്രവും ചാനലുമുണ്ടായില്ല. സംസ്ഥാന, ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ക്കു മുന്നോടിയായി പഴശ്ശിരാജയ്‌ക്കുവേണ്ടിയുള്ള മാധ്യമങ്ങളുടെ കൂട്ടമുറവിളി നാം കാണാനിരിക്കുന്നതേയുള്ളൂ.



മലയാളത്തിന്റെ പരിമിതികളില്‍നിന്നുകൊണ്ട്‌ ഇത്രയൊക്കെ ചെയ്‌തില്ലേ എന്നു ചോദിക്കുന്നവരുണ്ട്‌. ഇത്‌ പത്തു വര്‍ഷം മുമ്പ്‌ പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇപ്പോള്‍ മലയാളത്തിന്‌ എന്തു പരിമിതിയാണുള്ളത്‌? പണമുണ്ടെങ്കില്‍ ലോകത്തില്‍ എവിടെ ചിത്രീകരണം നടത്താനും എവിടെനിന്നും സാങ്കേതിക പ്രവര്‍ത്തകരെയും താരങ്ങളെയും എത്തിക്കാനും യാതൊരു ബുദ്ധിമുട്ടുമില്ല. കോടികള്‍ മുടക്കി ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മാതാവെന്ന പേര്‌ നേടാന്‍ ഗോകുലം ഗോപാലന്‍ തയാറായി. പിന്നെ എന്തിനാണ്‌ ഈ ചിത്രത്തിന്‌ പരിമിതിയുടെ ആനൂകൂല്യം നല്‍കുന്നത്‌?



കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതില്‍ മലയാള താരങ്ങളുടെ, അല്ലെങ്കില്‍ അവരെ അതിനു പ്രാപ്‌തരാക്കുന്നതില്‍ സംവിധായകന്റെ പരമിതി ഈ ചിത്രം വിളിച്ചോതുന്നുണ്ട്‌ എന്ന്‌ പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ദേശീയ അവാര്‍ഡുകളുംട എണ്ണത്തിനും പ്രച്ഛന്നവേഷങ്ങള്‍ക്കുമപ്പുറം മലയാളത്തിന്റെ താരദൈവങ്ങള്‍ അന്യഭാഷാ നടന്‍മാരുടെ മുന്നില്‍ ഒന്നുമല്ലെന്ന വാദഗതിക്ക്‌ പഴശ്ശിരാജ അടിവരയിടുന്നു.പക്ഷെ, മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും മലയാള മാധ്യമങ്ങളുടെ പരിഗണനയില്‍ വന്നിട്ടേയില്ല. വന്നതിലും വരാനിരിക്കുന്നതിലും കേമം എന്നുവാഴ്‌ത്തി അവര്‍ വീരപഴശ്ശിയെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു.



പുതുപ്പണക്കാരും ദുരുദ്ദേശത്തോടെ എത്തുന്നവരുമൊക്കെ നിര്‍മാതാക്കളാകുന്നതാണ്‌ മലയാള സിനിമാ വ്യവസായത്തിന്റെ തകര്‍ച്ചയുടെ കാരണമെന്ന്‌ ഒരു വാദഗതിയുണ്ട്‌. പക്ഷെ, തകര്‍ച്ചയുടെ വേരുകള്‍ ചികഞ്ഞുപോയാല്‍ എല്ലാവരും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രതിക്കൂട്ടിലാകുമെന്നുറപ്പ്‌. ചലച്ചിത്ര മേഖലയില്‍ ഏറ്റവും അനായാസം നടത്താവുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ്‌ പുതിയ സിനിമയുടെ പൂജ. പ്രാദേശിക വാര്‍ത്തകളുടെ കാര്യത്തില്‍പോലും ഏറെ നിഷ്‌കര്‍ഷകള്‍ വച്ചുപുലര്‍ത്തുന്ന മലയാളത്തിലെ മുഖധാരാ മാധ്യമങ്ങള്‍ തങ്ങള്‍ പൂജാവാര്‍ത്ത നല്‍കിയ എത്ര ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയിട്ടുണ്ട്‌ എന്ന്‌ അന്വേഷിച്ചാല്‍ കാര്യങ്ങളുടെ പോക്ക്‌ വ്യക്തമാകും. പക്ഷെ, അതിന്‌ ഇന്നോളം ആരും മിനക്കെട്ടതായി അറിവില്ല.



സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി പ്രശ്‌നങ്ങളെപ്പോലും അവഗണിച്ച്‌ ചലച്ചിത്ര വാര്‍ത്തകള്‍ക്കും സിനിമക്കാരുടെ സംഘടനായുദ്ധത്തിനും ദൃശ്യ,ശാവ്യ, അച്ചടി മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നത്‌ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന, കൂടുതല്‍ പരസ്യ വരുമാനം നല്‍കുന്ന മേഖല എന്ന നിലയ്‌ക്കാണ്‌.ഈ മേഖല എന്നും നിലനില്‍ക്കണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അല്‍പ്പം സാഹസമാണെങ്കിലുംപോലും വസ്‌തുതകളോട്‌ തെല്ലെങ്കിലും നീതിപുലര്‍ത്താന്‍ മാധ്യമങ്ങള്‍ തയാറാകേണ്ടിയിരിക്കുന്നു. പക്ഷെ, ഇപ്പോഴത്തെ നിലവെച്ചു നോക്കിയാല്‍ അടുത്തകാലത്തെങ്ങും അത്‌ സംഭവിക്കാന്‍ പോകുന്നില്ല എന്നുറപ്പ്‌.



.................................................