Friday, October 15, 2010

ഹോളിവുഡിന്‍റെ ട്രെയ്റ്റര്‍ മലയാളത്തിന്‍റെ അന്‍വര്‍

2008ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സ്പൈ ത്രില്ലര്‍ സിനിമയാണ് ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ട്രെയ്റ്റര്‍. പ്രേക്ഷകര്‍ക്ക് ഉദ്വേഗമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്കുകയും ചെയ്തു.

പൃഥ്വിരാജിനെ നായകനായക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് മലയാള ചിത്രം അന്‍വര്‍ ഇന്നു കണ്ടപ്പോഴാണ് ട്രെയ്റ്ററിനെക്കുറിച്ച് ഓര്‍ത്തത്. കാരണം, കഥാതന്തു മാത്രമല്ല
അന്‍വറിന്‍റെ ഏറിയ പങ്കും ട്രെയ്റ്റര്‍തന്നെയാണെന്നു പറയാം. പക്ഷെ, അങ്ങനൊരു കടപ്പാടിനെക്കുറിച്ച് സംവിധായകന്‍ എവിടെയും പറഞ്ഞുകേട്ടില്ല.

റിലീസിനു മുന്പ് പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് ഭാവിയിലെ സൂപ്പര്‍ സ്റ്റാറായി പൃഥ്വിരാജിനെ പ്രതിഷ്ഠിച്ചുകഴിഞ്ഞ ചെറുപ്പക്കാര്‍ക്ക് അന്‍വര്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. മോഡേണ്‍ സംവിധായകനെന്ന ഇമേജ് നേടിക്കഴിഞ്ഞ അമലിന്‍റെ വേറിട്ട ശൈലിയുടെ ബലത്തില്‍ പൃഥ്വിരാജ് പുതിയ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. വേറിട്ട പോസ്റ്ററുകളും ട്രെയ് ലറും പാട്ടുകളും ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.

പക്ഷെ, ഇന്ന് ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ട്രെയ്റ്ററില്‍നിന്നുള്ള പകര്‍പ്പുകള്‍ക്കപ്പുറമുള്ളത് മറ്റു ചില ഇംഗ്ലീഷ് ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളും അമലിന്‍റെതന്നെ മുന്‍ ചിത്രങ്ങളില്‍ കണ്ടുമടുത്ത ലൊക്കേഷനുകളും ഷോട്ടുകളും കേട്ടുമടുത്ത സംഭാഷണങ്ങളും സ്ലോമോഷനുകളുടെ പരന്പരയുമാണെന്ന് പറയാം.

കോയന്പത്തൂര്‍ ബോംബ് സ്ഫോടനത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട യുവാവാണ് അന്‍വര്‍(പൃഥ്വിരാജ്). ഇതേ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്‍വറിന്‍റെ പ്രതിശ്രുത വധു അയേഷ(മംമ്ത) അറസ്റ്റിലാകുന്നു. നഗരത്തിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്നു കൊണ്ടുപോയ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഈ അമോണിയം നൈട്രേറ്റിന്‍റെ കണ്‍സൈന്‍മെന്‍റ് പേപ്പറില്‍ മേലുദ്യോഗസ്ഥന്‍റെ അഭാവത്തില്‍ ഒപ്പിട്ടു എന്നതാണ് അയേഷ കേസില്‍ പ്രതിയാകാനുള്ള കാരണം.

അയേഷയെ അന്വേഷിച്ചെത്തുന്ന അന്‍വര്‍ ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെ തലവന്‍ സ്റ്റാലിന്‍ മണിമാരന്‍റെ‍(പ്രകാശ് രാജ്) വെല്ലുവിളി സ്വീകരിച്ച് ബോംബ് സ്ഫോടനത്തിന്‍റെ യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നു. ഇതിന്‍റെ ഭാഗമായി ഹവാല ഇടപാടിന്‍റെ പേരില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്നു. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫോര്‍ട്ടുകൊച്ചിയിലെ ധനികനായ ബാബു സേട്ടും ഇതേ ജയിലിലാണ്. ഹിന്ദു-മുസ്ലിം വിഭാഗീയത നിലവിലുള്ള ജയിലിനുള്ളില്‍ ആദ്യം സഹാനുഭൂതിയും പിന്നെ കയ്യൂക്കും വ്യക്തമാക്കി അന്‍വര്‍ ബാബു സേട്ടിന്‍റെ പ്രിയങ്കരനാകുന്നു. വൈകാതെ ബാബു സേട്ടിന്‍റെ ആളുകള്‍ അന്‍വറിനെ ജാമ്യത്തിലിറക്കുന്നു. ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഗുണ്ടാസംഘത്തെ അടിച്ചൊതുക്കിക്കൊണ്ട് ജയിലിനുപുറത്ത് അന്‍വര്‍ ബാബു സേട്ടിനുവേണ്ടിയുള്ള ജോലി തുടങ്ങുന്നു. ബാബു സേട്ട് പുറത്തിറങ്ങുന്നതോടെ അയാളുടെ തീവ്രവാദ പദ്ധതികളിലും അന്‍വറിനെ ഉള്‍പ്പെടുത്തുന്നു. അയാള്‍ പലേടങ്ങളിലും വിദഗ്ധമായി സ്ഫോടനങ്ങള്‍ നടത്തുന്നു.

ബാബു സേട്ടിലൂടെ അന്‍വര്‍ കോയന്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രധാന പ്രതികളെ കണ്ടെത്തുന്നു. കൊച്ചിയില്‍നിന്നും അവരെ ബോംബെയില്‍ എത്തിക്കാനുള്ള ഒരു ദൗത്യം ഏറ്റെടുക്കുന്ന അന്‍വര്‍ അവരെ വകവരുത്തുന്നു. തുടര്‍ന്ന് അന്‍വര്‍ തന്നെ വകവരുത്താനെത്തുന്പോള്‍ ബാബുസേട്ട് സ്വയം വെടിവച്ച് മരിക്കുന്നു.

ട്രെയ്റ്ററിലെ കേന്ദ്രകഥാപാത്രത്തിന്‍റെ പിതാവ് വീടിനു പുറത്ത് കാര്‍ ബോംബ് സ്ഫോടനത്തില്ലാണ് കൊല്ലപ്പെടുന്നത്. അന്‍വറിന്‍റഎ പിതാവിനൊപ്പം മാതാവും സഹോദരിയും കൊല്ലപ്പെടുന്നുണ്ട്. കാറിനു പകരം വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് ബോംബ് പൊട്ടുന്നത്. അവിടെത്തുടങ്ങുന്നു ട്രെയ്റ്ററും അന്‍വറും തമ്മിലുള്ള സാമ്യവും അതിനെ മറയ്ക്കാന്‍ വേണ്ടി ചേര്‍ത്ത സാമ്യമില്ലായ്മകളും. ഓരോ രംഗങ്ങളും എടുത്ത് തലനാരിഴ കീറി വിലയിരുത്താനും സാമ്യങ്ങള്‍ ചൂണ്ടിക്കാട്ടാനും ശ്രമിക്കുന്നില്ല. ട്രെയ്റ്റര്‍ കണ്ടിട്ടുള്ളവര്‍ അന്‍വര്‍ കണ്ടശേഷം വിലയിരുത്തട്ടെ. ട്രെയ്റ്റര്‍ കാണാത്തവര്‍ക്ക് ഈ പോസ്റ്റിനൊടുവില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.

ഫോര്‍ട്ടുകൊച്ചിയും രാമേശ്വരവുമൊക്കെ ഒരുപക്ഷെ ഭാഗ്യലൊക്കേഷനുകളായതുകൊണ്ടാകാം അമല്‍ വീണ്ടും അവിടങ്ങളിലേക്ക് പോകുന്നത്. പക്ഷെ പ്രേക്ഷകര്‍ക്ക് അതൊക്കെ മടുത്തു തുടങ്ങി എന്ന് പറയാതെ വയ്യ. കൊച്ചിക്കു പകരം കുറഞ്ഞത് ആലുവയോ പെരുന്പാവൂരോ ആലപ്പുഴയോ ഒക്കെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊച്ചി സ്ലാംഗും ക്വട്ടേഷന്‍ സെറ്റപ്പുമൊക്കെ ചെറുപ്പക്കാരെ ത്രസിപ്പിച്ചിരുന്നു ഇപ്പോഴല്ല, പണ്ട്. കൂടുതല്‍ വിശദീകരിക്കുന്നില്ല. എങ്കിലും അവസാനിക്കുന്നതിനു മുന്പ് പടത്തെക്കുറിച്ച് ഒറ്റവാക്കില്‍ അഭിപ്രായം പറയാം- കണ്ടിരിക്കാം. അതായത് സഹിക്കാന്‍ പറ്റാത്ത പടം അല്ല എന്ന് സാരം.

ട്രെയ്റ്റര്‍ എന്ന ചിത്രം ഓണ്‍ലൈനില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, September 25, 2010

യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്; ഇതാണു മോനേ ചങ്കൂറ്റം !

''ഇത്തരമൊരു പ്രചാരണത്തിനായി ലണ്ടന്‍തന്നെ തെരഞ്ഞെടുത്തത് കേരള ടൂറിസത്തിന്റെ ആത്മവിശ്വാസമാണ് പ്രകടമാക്കുന്നതെന്ന് കീത്ത് വാസ് എംപി പറഞ്ഞു.''

മോളിപ്പറഞ്ഞ വാചകം ഞാന്‍ ഒരു മലയാള പത്രത്തീന്നെടുത്തതാണ്. വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകളെ ഈ ഭൂലോകം മുഴുവന്‍ പരിചയപ്പെടുത്താനുദ്ദേശിച്ച് നിര്‍മിച്ച 'യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്',എന്ന പരസ്യ ചിത്രം കണ്ടശേഷമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കീത്ത് വാസ് ഇങ്ങനെ വച്ചുകാച്ചിയത്.


ലണ്ടനിലെ സാച്ചി ഗാലറിയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് സാക്ഷികളായ വിഖ്യാത ഫുട്‌ബോള്‍ താരം ദിദിയ ദ്രോഗ്ബ ഉള്‍പ്പെടെയുള്ളവരുടെ വാഴ്ത്തലുകള്‍ ആ വാര്‍ത്തേലൊണ്ടാരുന്നെങ്കിലും എനിക്കിഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടത് കീത്ത് വാസിന്റെ കമന്റുതന്നെ. അതെന്നാന്ന് ചോദിക്കുന്നതിനു മുമ്പ് അഖിലലോക ബ്രഹ്മാണ്ഡ അണ്ഡകടാഹമെന്ന് വാഴ്ത്തപ്പെടുന്ന ഈ പരസ്യ ചിത്രം നിങ്ങള്‍ ഒന്നു കണ്ടു നോക്ക്. കേരള ടൂറിസത്തിന്റെ വിപണചരിത്രത്തിലെ നാഴികക്കല്ല്, ഒലക്കേടെ മൂട് എന്നൊക്കെയുള്ള വിശേഷം കേട്ടാണ് യൂടൂബിപ്പോയി ഞാനും ഈ സാധനം കണ്ടത്. അപ്പഴാ കീത്ത് വാസ് പറഞ്ഞതിനെക്കുറിച്ച് ഒന്നൂടെ ഓര്‍ത്തത്.


നാട്ടുമ്പൊറത്തെ ഒരു ആസ്ഥാന അടിപിടിക്കാരനോട് വെരപോലിരിക്കുന്ന ഒരുത്തന്‍ പോയി കോടു ചോദിച്ച് വലിച്ചുവാരി തല്ലുമേടിച്ചാല്‍ നമ്മള്‍ സാധാരണ എന്നതാ പറയുന്നേ? ''വേറെ ആരേം കിട്ടിയില്ലേ കോഡു ചോദിക്കാന്‍ ഇടികൊണ്ടു ചാകാറായെങ്കിലും അവന്റെ മുന്നിപ്പോയി വില്ലിച്ച നിന്റെ ചങ്കൂറ്റം സമ്മതിക്കണം! ''


ഏതാണ്ട് അതുപോലെതന്നെല്ല കീത്ത് വാസ് ഉദ്ദേശിച്ചതെന്ന് ആര്‍ക്കറിയാം. എത്രയോ ലോകോത്തര സിനിമകളുടെയും വിഡിയോകളുടെയും പ്രദര്‍ശനം നടന്ന നഗരത്തില്‍ കേരളത്തിന്റെ പേരില്‍ കൊട്ടിഘോഷിച്ച് കാണിച്ച സാധനം കണ്ടപ്പോള്‍ ശെരിക്കും കരച്ചിലുവന്നുപോയി.


ഞാനിതു പറയുമ്പോ ചെലര്‍ക്ക് ഇഷ്ടപ്പെടുകേല. പ്രകൃതിയുടെ മിശ്രണം, ടാറ്റയുടെ പാക്കിംഗ് പിന്നെയെല്ലാം കേമം എന്നാണ് പലരും കരുതുന്നത്. സര്‍ക്കാരിന്റെ സംരംഭം, വോഡാഫോണ്‍ സുസു പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മേടെ സംവിധാനം, ലണ്ടനില്‍ പ്രിവ്യൂ, ദിദിയര്‍ ദ്രോഗ്‌ബെമുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരുടെ സ്തുതിപ്പുകള്‍...ഇത്രേമായിട്ടും കുറ്റം പറയാന്‍ ഇവന്‍ ആരെടാ എന്ന് ചോദിക്കുന്നവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.


ഇത്തരക്കാരുതന്നെയാണ് എ.ആര്‍. റഹ്മാന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോംഗും മഹാസംഭവമാണെന്ന് വാഴ്ത്തിയത്. എന്നിട്ടെന്തായി? സംഗതി ശരിയല്ലെന്ന് ഗെയിംസിന്റെ സംഘാടകസമിതിക്കുതന്നെ തോന്നി. പാട്ടു പൊളിച്ചടുക്കാന്‍ അവര്‍ തീരുമാനിക്കുകേം ചെയ്തു. പറയേണ്ടത്, പറയേണ്ടപ്പോ പറയേണ്ടപോലെ പറയണം. ഏത്?


ഞാന്‍ കാടുകേറിപ്പോകുവല്ല. കാര്യത്തിലേക്കു വരാം. 'യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്' എന്ന മൂന്നു മിനിറ്റ് വീഡിയോയില്‍ കണ്ട സാധനങ്ങള്‍ കടലാസിലാക്കാന്‍ പറഞ്ഞാല്‍ ഞാന്‍ എഴുതുന്നത് ഇങ്ങനാരിക്കും.


രംഗം ഒന്ന്: നമ്മള്‍ മുമ്പ് പല പരസ്യങ്ങളിലും കണ്ടിട്ടുള്ള തേക്കടി തടാകത്തിലെ മരക്കുറ്റികള്‍ക്കെടേലൂടെ കക്ഷത്തിലൊരു കമ്പും വച്ച് നടന്നുപോകുന്ന ഒരു ആനിമേറ്റഡ് ചേട്ടന്റെ നെഴല്. ഇത്രേം ഒണങ്ങിയ ഒരു ചേട്ടനെ സൊമാലിയയില്‍ പോലും കണ്ടുപിടിക്കാമ്പറ്റത്തില്ലെന്നതു വേറെ കാര്യം. സമയം സന്ധ്യയാണോ പുലര്‍ച്ചെയാണോ എന്നൊന്നും ചോദിക്കല്ലേ, എനിക്കറിയാമ്മേല.


രംഗം രണ്ട്: ഏതോ ഒരു തിരുമ്മുശാലേല് അല്ലെങ്കില്‍ ഒരു സുഖചികിത്സാകേന്ദ്രത്തില്‍ മുലക്കച്ചയും മുണ്ടുമുടുത്ത് ദേഹത്ത് എണ്ണപുരട്ടി തിരുമ്മുകൊള്ളാനും ധാരയ്ക്കുമായി റെഡിയായിക്കിടക്കുന്ന ഒരു ചേച്ചി. ആദ്യം ഒരു റിവേഴ്‌സ് ഷോട്ട് പിന്നെ നേരേ ഷോട്ട്. ചേച്ചി ചെറുതായി പൊളയുന്നുണ്ട്. ചുറ്റുപാടു കണ്ടിട്ട് സമയം രാത്രിപോലെ.


രംഗം മൂന്ന്: ഏതോ ഒരു കുന്നിന്റെ ചെരുവിലെ പുല്ലിനുള്ളില്‍ അതേ വേഷത്തില്‍ കിടന്ന് പൊളയുകയും ചുരുണ്ടുകൂടുകയും ചെയ്യുന്ന ചേച്ചി. ഇവിടേം രാത്രീം പകലുമല്ലാത്ത ചുറ്റുപാട്. ചെലപ്പോള്‍ നിലാവുള്ള രാത്രിയാരിക്കും.


രംഗം നാല്: കാലങ്ങളായി മഴ പെയ്തിട്ടില്ലാത്ത നാട്ടിമ്പുറത്തെ ഒരു തൊണ്ടില്‍ക്കൂടി(ഞങ്ങടെ നാട്ടില്‍ അതിന് തൊണണ്ട് എന്നാ പറയുന്നേ. നിങ്ങക്കുവേണേല്‍ ഇടവഴീന്നാക്കാം) തെക്കോട്ടു നോക്കി നടക്കുന്ന ചേച്ചി. മുട്ടിനൂ മോളി നിക്കുന്ന കുട്ടിയുടുപ്പും കഴുത്തിലൊരു ഷോളുമാണ് വേഷം. ഇപ്പം സമയം വൈകുന്നേരം പോലെ.


രംഗം അഞ്ച്: പഴയ ഒരു ചെറുവീടിന്റെ മുന്നിലെ അരമതിലിലിരുന്ന് കഥകളി മുദ്ര കാണിക്കുന്ന ഒരു അച്ചായന്‍(അതു കഥകളിയാണെന്ന് എനിക്കു തോന്നുന്നു) കഥകളി കണ്ടിട്ടില്ലാത്ത ഒരാള്‍ അതുകണ്ടാല്‍ അച്ചായന് എന്തോ ജ്വരം ബാധിച്ചതോ പൈല്‍സാണെന്നോ മറ്റോ മാത്രമേ തോന്നൂ. പുള്ളിക്കാരന്‍ ആരെങ്കിലും കഥകളി പഠിപ്പിക്കുയാണെന്നു വിചാരിക്കാമെന്നുവച്ചാല്‍ മുന്നിലും പിന്നിലും പരിസരത്തുമൊന്നും ആരുമില്ല. കഥകളിക്കുപയോഗിക്കുന്ന ഒരു അലങ്കാരവസ്തുവോ വേഷമോ പോലും പരിസരത്തില്ല.


രംഗം ആറ്: ജ്വരം ബാധിച്ച അച്ചായനെ കണ്ടിട്ടെന്നോണം പഴേ ചേച്ചി തെല്ലിട നിന്ന് നോക്കുന്നു.


രംഗം ഏഴ്: മഴക്കാറു മുടിയ പുഴയുടെ നടുവില്‍ വള്ളത്തില്‍ ഒറ്റയ്ക്ക് എന്തോ ചിന്തിച്ചിരിക്കുന്ന നമ്മടെ മറ്റേ ചേച്ചി. പാദേത്തോളമെത്തുന്ന കനം കുറഞ്ഞ വെള്ള ഒറ്റയുടുപ്പാണ് വേഷം. പുഴക്കരയില്‍ തെങ്ങുകളും കാടും മറ്റും. ദൂരെനിന്നും മറ്റൊരു വള്ളത്തില്‍ ആദ്യത്തെ ചേച്ചിയുടെ വള്ളത്തെ സമീപിക്കുന്ന വേറൊരു ചേച്ചി. വള്ളം തുഴയുന്ന ഒരു കഷണ്ടി അച്ചായനെ കടുകമണി പോലെ കാണാം. വള്ളങ്ങള്‍ കടന്നുപോകുമ്പോള്‍ ചാച്ചിമാര്‍ പരസ്പരം നോക്കുന്നു. നിര്‍വികാരരായി. സമയം ചോയിക്കല്ലേ എനിക്കറിയാമ്മേല.


രംഗം എട്ട്: ഏതോ കാവിനു നടുവില്‍ പടര്‍ന്നുകിടക്കുന്ന മരവേരുകള്‍ക്കിടയിലിരുന്ന് തലമുടി അഴിച്ചിട്ട് അര്‍മാദിക്കുന്ന ഒരു ചാച്ചി. മുഖം കാണാന്‍ മേല. ശരീരം മുഴുവന്‍ മൂടുന്ന വേഷമാണ്. സമീപത്തുനിന്ന് രണ്ടു ചേട്ടന്മാര്‍ ചെണ്ടകൊട്ടുന്നു. കാഴ്ച്ചക്കാരായി ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നാലു പേരും പിന്നെ മരവേരുകള്‍ക്കു മോളിലിരിക്കുന്ന നിക്കര്‍ മാത്രമിട്ട കുറെ പിള്ളാരും. കുറെ തുള്ളികക്കഴിയുമ്പോ മുടിമാറി ചാച്ചീടെ മൊഖം തെളിയുന്നു. പിന്നെ നേരത്തെ പറഞ്ഞ മരവേരുകളിലിരിക്കുന്ന പിള്ളാരുടെ ക്ലോസപ്പ്. സമയം പകലാണ്, ഒറപ്പ്.


രംഗം ഒമ്പത്: തരിശായ പാടത്തിനു നടുവിലിരുന്ന് മസിലു വെറപ്പിക്കുന്ന ഒരു തെയ്യം വേഷക്കാരന്‍. പുള്ളീടെ തലേല് സ്‌കഡ് മിസൈലു പോലെ എന്തോ ഒന്ന് വച്ചുകെട്ടീരിക്കുന്നു. പിന്നെ വേറെ രണ്ടു തെയ്യങ്ങള്‍. അതിലൊന്ന് നമ്മടെ പഴേ ചാച്ചീടെ ചെവീല്‍ എന്തൊക്കെയോ രഹസ്യം പറയുന്നു. പിന്നെ ആദ്യത്തെ രണ്ടു തെങ്ങളുടെയും ചാച്ചിയോട് രഹസ്യം പറയുന്ന തെയ്യത്തിന്റെയും ലോംഗ് ഷോട്ട്. അവരുടെ എല്ലാം മുമ്പില്‍ വാലു പൊക്കി നിക്കുന്ന ഒരു ചാവാലിപ്പട്ടി.


രംഗം പത്ത്: കാട്ടു ചോലയില്‍ കുന്തിച്ചിരിക്കുന്ന ഒരാന. ആനയുടെ മുന്നിലിരുന്ന് തുമ്പിക്കയില്‍ തഴുകുന്ന ചാച്ചി. ചുരിദാറും ടോപ്പും ഷാളും തയലിലൊരു കെട്ടുമാണ് വേഷം. ആനയുടെ കണ്ണിന്റെയും തുമ്പിക്കയില്‍ ചാരി എല്ലാം മറന്നിരിക്കുന്ന ചാച്ചിയുടെയും ക്ലോസ് ഷോട്ട്. അതേ സീനിന്റെ ഒരു ലോംഗ് ഷോട്ട്.


ശൂന്യമായ സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്നു യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്.


സംഗതി കഴിഞ്ഞു.


വിഖ്യാത പരസ്യ ചിത്രകാരനായ പ്രകാശ് വര്‍മ രണ്ടു കോടിയോളം രൂപകൊണ്ട് അര്‍മാദിച്ചുണ്ടാക്കിയ സാധനം ഇതാണ്. ഇതിനെയാണ്. കാശുമുടക്കിന്റെ കാര്യം നോക്കിയാല്‍ കേരളത്തിന്റെ ടൂറിസം വിപണ ചരിത്രത്തിലെ വമ്പന്‍ സംഭവം എന്ന വിശേഷണം സമ്മതിക്കാം. പക്ഷെ, കേരളം എന്നു കേട്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ വന്നിട്ടൊള്ളോരുടെ മനസ്സിലേക്കു വരുന്ന ഒന്നും മഷിയിട്ടു നോക്കിയാല്‍ ഇതില്‍ കാണില്ല.


സിനിമയുടെയും പരസ്യ ചിത്രങ്ങളുടെയും സാങ്കേതിക രഹസ്യങ്ങളെക്കുറിച്ചുള്ള എന്റെ അറിവ് പരിമിതമായതുകൊണ്ട്


പരിചയമുള്ള ഒരു സിനിമ നിരൂപകനെത്തന്നെ വിളിച്ചു. എന്റെ അഭിപ്രായം പറയാതെ പുള്ളീടെ അഭിപ്രായം ചോദിച്ചു.


''ഗംഭീര സാധനമല്ലേ. ഒരു ഡ്രീം പോലയല്ലേ. അതിന്റെ ടോണിലെ ഒരു വേരിയേഷനും അപ്രാച്ചിലെ ഡിഫറന്‍സും...'' ഗീര്‍വാണം നിര്‍ത്തുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ ഇടയ്ക്കു കയറി.


''ഈ ഒണക്ക മരക്കുറ്റീം മഴപെയ്യാത്ത ഇടത്തൊണ്ടും കരിഞ്ഞുണങ്ങിയ വയലും മരംകേറി നടക്കുന്ന പിള്ളാരേം ചാവാലിപ്പട്ടീനേം ഒക്കെ കാണാനാണോ വിദേശികളെ ഇങ്ങോട്ടു ക്ഷണിക്കുന്നത്. ഇതാണോ ടൂറിസം വിപണനത്തിലെ വിപ്ലവകരമായ അധ്യായം''


''അതു പിന്നെ ശരിയാണ്. സംഗതി കളര്‍ലെസാണ്. കേരളത്തിന്റെ ആ ഹരിതഭംഗിയും കളര്‍ഫുള്‍നെസുമൊന്നും കൊണ്ടവാരാന്‍ കഴിഞ്ഞിട്ടില്ല....'' ഫോണ്‍ കട്ടു ചെയ്ത് ഞാന്‍ എന്റെ പാടുനോക്കി.


ഇതുതന്നെയാണ് പ്രശ്‌നം. ഈ സൃഷ്ടിയുടെ ഉദാത്തതയും കാല്‍പ്പനികതയും സര്‍ഗവൈഭവവുമൊന്നും മനസ്സിലാകാത്ത എന്നേപ്പോലുള്ളവര്‍ കുറ്റം പറഞ്ഞാ ആര്‍ക്കെന്നാ പറ്റാനാ?


താന്‍ ഇനിയും കണ്ടെത്താത്ത കേരളമുണ്ടെന്ന തിരിച്ചറിവു നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞു എന്നാണ് മോഹന്‍ലാല്‍ അലക്കിയത്. അദ്ദേഹം എന്തിനെയാണ് ഉദ്ദേശിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതിനൊക്കെയാണ് കടുംകൈ എന്ന വാക്ക് ശെരിക്കും യോജിക്കുന്നത്.


വിദേശികളെ ആകര്‍ഷിക്കാനാണ് ഒരു ഇറക്കുമതി താരത്തെ നായികയാക്കിയതെന്നു വിചാരിക്കാം. പക്ഷെ കേരളത്തിനു തന്നെ നതനതായ അനേകം വാദ്യോപകരണങ്ങളും സംഗീതരൂപങ്ങളും പ്രതിഭാധനരായ സംഗീകാരന്‍മാരുമുള്ളപ്പോള്‍ എന്തിന് ഒരു സെനഗളുകാരന്റെ സംഗീതം ഉപയോഗിച്ചു എന്ന് ചോദിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ?


അങ്ങനെ ചോദിക്കാനേ പാടില്ല.കാരണം ഇത് ഒരു അത്യുദാത്ത സൃഷ്ടിയാണ്. അണ്ഡകടാഹമാണ്. ഇതുകണ്ട് ലോകമെമ്പാടുംനിന്നുള്ള വിനോദസഞ്ചാരികള്‍ ഇവിടേക്ക് ആര്‍ത്തലച്ചെത്താന്‍ പോകുകയാണ്. അവരെ വരവേല്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം.