Saturday, July 16, 2011

ഫിലിം സ്റ്റാര്‍ - ക്ഷമപരീക്ഷിക്കുന്ന സാമൂഹ്യ പ്രതിബദ്ധത


തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യകിരണ്‍.
അദ്ദേഹത്തെ തപ്പി നന്ദഗോപന്‍  (ദിലീപ്) ആദ്യം അലയുന്നത് ചെന്നൈ നഗരത്തിലാണ്. അപ്പോഴത്തെ മൊത്തത്തിലുള്ള സെറ്റപ്പ് വച്ചു നോക്കുന്പോള്‍ സൂര്യകിരണ്‍ ഒരു തമിഴ് നടനാകാം എന്ന് തോന്നാം. മാത്രമല്ല, ഇടയ്ക്ക് എവിടെയോ തമിഴ് നടന്‍ സൂര്യയുടെ ഫ്ളക്സ് ബോര്‍ഡ് കാണിക്കുന്പോള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂര്യതന്നെയോ എന്ന സംശയവും തോന്നാം.


പക്ഷെ, സൂപ്പര്‍താരമായി അവതരിക്കുന്നത് കലാഭവന്‍ മണിയാണ്. പരിവേഷം തെന്നിന്ത്യ മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുകയാണെന്നു വ്യക്തമാക്കാന്‍ രംഭയുമായി ചേര്‍ന്നുള്ള ഒരു നൃത്തരംഗവുമുണ്ട്. പിന്നങ്ങോട്ട് സൂപ്പര്‍താരത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രതികാരദാഹത്തിന്‍റെയും ചിറകിലാണ് സഞ്ജീവ് രാജ് സംവിധാനം ചെയ്ത ഫിലിം സ്റ്റാര്‍ എന്ന ചിത്രം മുന്നോട്ടു പോകുന്നത്. 


കലാഭവന്‍ മണിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രതീക്ഷവച്ച് തീയേറ്ററില്‍ എത്തുന്നവര്‍ ഒടുവില്‍ കാശുപോയതിന്‍റെ കലിപ്പ് കൂവിത്തീര്‍ത്തുകൊണ്ടിറങ്ങുന്പോള്‍  മലയാള സിനിമയുടെ 2011ലെ ബാലന്‍സ് ഷീറ്റില്‍ മറ്റൊരു ഫ്ലോപ്പുകൂടി ചേര്‍ക്കപ്പെടുകയാണ്.


ഫാക്ടറിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതം അവരിലൊരാളായ നന്ദഗോപന്‍ തിരക്കഥയാക്കുന്നു. അത് സിനിമയാക്കാനുള്ള നിരന്തരശ്രമങ്ങള്‍ക്കൊടുവില്‍ ഒരു ദിവസം സൂപ്പര്‍ സ്റ്റാര്‍ സൂര്യകിരണിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുന്നു. അദ്ദേഹം പോലീസിനെ വിളിക്കാന്‍ പോകുന്പോള്‍ സെന്‍റി അടിക്കുന്നു. താരം കഥകേള്‍ക്കുന്നു. വണ്‍ലൈന്‍ പറയാനറിയാതെ സ്ക്രിപ്റ്റ് വായിക്കാന്‍ നന്ദഗോപന്‍ ശ്രമിക്കുന്പോള്‍ താരം വീണ്ടും ഉടക്കുന്നു. അതോടെ ഗതയില്ലാതെ സ്ക്രിപ്റ്റ് താരത്തിനു മുന്നില്‍ വലിച്ചെറിഞ്ഞ് മടങ്ങാനൊരുങ്ങുന്പോള്‍ തട്ടിവീഴുന്ന നന്ദഗോപന് ഒരു കാല്‍ അരയ്ക്ക് കീഴ്പ്പോട്ടില്ലെന്ന് താരം മനസ്സിലാക്കുന്നു.


അതോടെ വിഷമമായി. പിന്നെ അയാള്‍ എറിഞ്ഞിട്ടുപോയ കടലാസുകള്‍ അടുക്കിപ്പെറുക്കിവച്ച് ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കുന്നു. വായിച്ചപ്പോള്‍ കഥയോട് ഭയങ്കര അറ്റാച്ച് മെന്‍റ്. നന്ദഗോപന്‍റെ അഭയാര്‍ത്ഥികള്‍ എന്ന തിരക്കഥ സ്വയം നിര്‍മിച്ച് അഭിനയിക്കാന്‍ തീരുമാനിക്കുന്നു.നന്ദഗോപന്‍റെ നാട്ടില്‍തന്നെ ഷൂട്ടിംഗ് തുടങ്ങി. അവിടെ ഒരു വിഭാഗം ആളുകളുടെ ശക്തമായ എതിര്‍പ്പ്. ആകെ പ്രശ്നം. അവസാനത്തില്‍ പഴയ സോപ്പുപെട്ടി കഥയുടെ വഴിയിലൂടെയാണ് കാര്യങ്ങളുടെ പോക്ക്. 


ഫാക്ടറിക്കെതിരെ പോരാടുകയും കൂട്ടുകാരിലൊരാളുട ചതിക്ക് ഇരയായി മരിക്കുകയും ചെയ്ത സഖാവ് രാഘവന്‍റെ മകനാണ് സൂപ്പര്‍ താരം. അയാളുടെ പഴയ കളിക്കൂട്ടുകാരനാണ് നന്ദഗോപന്‍.. നാട്ടുകാരെല്ലാം വേണ്ടപ്പെട്ടവര്‍.പോരേ പൂരം.


തീര്‍ന്നില്ല. പ്രതികാരം വീട്ടണ്ടേ. സൂര്യകിരണിനും നന്ദഗോപനും വില്ലനെ കൊല്ലണം. അവരുകൊന്നാല്‍ പിന്നെ പോലീസ്, കോടതി ആകെ പുലിവാല്‍. പക്ഷെ, പതിവു പോലെ മറ്റൊരാള്‍ അവര്‍ക്കുവേണ്ടി ആ കര്‍മ്മം നിര്‍വഹിക്കുന്നു. ശുഭം.


കലാഭവന്‍മണിതന്നെയാണ് ചിത്രത്തിലെ നായകന്‍. എങ്കില്‍ പിന്നെ ദിലീപ് എന്തിന് എന്നു ചോദിക്കരുത്. കാരണം അതിന്‍റെ ഉത്തരം എനിക്കറിയില്ല. ഒരുപക്ഷെ, ദിലീപും ഇപ്പോള്‍ ഇത് സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാവും.

‘നമ്മുടെ ചുറ്റും ഇതുപോലെ നിരവധി പ്രശ്‌നങ്ങളുണ്ട്. എന്ത് കൊണ്ട് ഇവയില്‍ ഒരു സെലിബ്രിറ്റിക്ക് ഇടപെട്ടുകൂടാ എന്ന ചിന്തയാണ് ഈ സിനിമയുടെ കഥയാവുന്നത്.’ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞതായി നേരത്തെ എവിടെയോ വായിച്ചിരുന്നു. വികസനത്തിന്‍റെ മറവില്‍ കുടിയിറക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ മുതലാളിത്ത പ്രീണനം അങ്ങനെ ഒരുപാടു കാര്യങ്ങള്‍ പറയാന്‍ തിരക്കഥാകൃത്ത് വെന്പല്‍ കൊണ്ടു എന്നത് ശരിയാണ്. ആ വെന്പല്‍ കാലത്തനൊത്ത ഒരു സിനിമയായി എഴുതി ഫലിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ലെന്നുമാത്രം. 



ഇതൊക്കെയാണെങ്കിലും പ്രമേയത്തിന്‍റെയും ട്രീറ്റ്മെന്‍റിന്‍റെയുമൊക്കെ വ്യത്യസ്തതയെക്കുറിച്ച് സംവിധായനും തിരക്കഥാകൃത്തുമൊക്കെ വാചാലാരാകുന്നത് വരും ദിവസങ്ങളില്‍ നമുക്ക് ടെലിവിഷനില്‍ കാണാം. ത്രീ കിംഗ്സിനെക്കുറിച്ച് വി.കെ. പ്രകാശും കൂട്ടരും നടത്തിയ പ്രഭാഷണം നമ്മള്‍ കേട്ടതല്ലേ.

കനപ്പെട്ട കഥയില്ലാതെ തന്നെ എങ്ങനെ ഭേദപ്പെട്ട സിനിമകളുണ്ടാക്കാം എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാലത്താണ് എന്തൊക്കെയോ  വലിച്ചുവാരി പറഞ്ഞാല്‍ പ്രേക്ഷകരുടെ സിന്പതിയും പിന്തുണയും കിട്ടുമെന്ന് കരുതി സുരേഷ് ബാബുവും സഞ്ജീവ് രാജും കളത്തിലിറങ്ങിയത്. സദ്യയ്ക്ക് പപ്പടമെന്നപോലെ സിനിമയുടെ ആദ്യഭാഗത്ത് സുരാജ് വെഞ്ഞാറമ്മൂടിനുവേണ്ടി കുറച്ച് സമയം മാറ്റിവച്ചിട്ടുണ്ട്. ചിരിപ്പിക്കാനുള്ള സുരാജിന്‍റെ ദയനീയ ശ്രമങ്ങളോടുള്ള പ്രതികരണം സഭ്യതയുടെ അതിരുകടന്നാല്‍ പ്രേഷകനെ കുറ്റം പറയാനാവില്ല.

എന്തിനധികം പറയണം?