Tuesday, September 20, 2011

സംവിധായകന്‍ ബ്ലസിയുമായി അഭിമുഖം

 (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് സെപ്റ്റംബര്‍ 18 ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്‍റെ പൂര്‍ണരൂപം)


ബ്ലസി/ജസ്റ്റിന്‍ പതാലില്‍


 

എം. മുകുന്ദനെ നേരില്‍ കാണണം. മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവും  കടപ്പുറവും സന്ദര്‍ശിക്കണം. വെള്ളിയാങ്കല്ലില്‍ പാറി നടക്കുന്ന തുമ്പികളെ നോക്കി നില്‍ക്കണം... ജ്യേഷ്ഠനുമായി വഴക്കിട്ട് ഒളിച്ചോടി മാഹിയിലേക്ക് പോകുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന വലിയ ആഗ്രഹങ്ങള്‍ ഇതൊക്കെയായിരുന്നു.
 
വെളുപ്പിന് മാഹിയിലെത്തി വളരെ ആവേശത്തോടെയാണ് അവിടുത്തെ കച്ചവടക്കാരോടും മറ്റും മുകുന്ദന്റെ വീട് തിരക്കിയത്. ഏതു മുകുന്ദന്‍ എന്ന ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി.
വായനക്കാരുടെ മനസ്സില്‍ മുകുന്ദന്‍ കത്തിനില്‍ക്കുന്ന കാലഘട്ടമാണെങ്കിലും അദ്ദേഹത്തിന്റെ വീടു കണ്ടെത്താനുള്ള എന്റെ ശ്രമം ദയനീയമായി പരാജയപ്പെടുകയായിരുന്നു. 
 
പിന്നെ മൂപ്പന്‍ സായ്‌വി ബംഗ്ലാവ് തേടി.  ഏതോ ഒരു ബംഗ്ലാവ് കണ്ട് തൃപ്തിയടഞ്ഞു. അന്നു രാത്രി മാഹി പള്ളിയില്‍ കിടന്നുറങ്ങി. പിറ്റേന്ന് കടപ്പുറത്തുപോയി ഷര്‍ട്ട് കഴുകി ഉണക്കാനിട്ടു. അപ്പോഴേക്കും മഞ്ഞവെള്ളം ശര്‍ദ്ദിക്കാന്‍ തുടങ്ങി. അതിന് ഒരു വര്‍ഷം മുമ്പ് എനിക്ക് മഞ്ഞപ്പിത്തമുണ്ടായിരുന്നു.
 
ശര്‍ദ്ദിച്ച് അവശനിലയിലായപ്പോള്‍ കുഴപ്പത്തിലേക്കാണ് നിങ്ങുന്നതെന്ന് ഉറപ്പായി. മാഹി സന്ദര്‍ശനത്തിനുശേഷമെന്ത് എന്നതിനെക്കുറിച്ച് നേരത്തെ  യാതൊരു ധാരണയുമുണ്ടായിരുന്നില്ല. മുകുന്ദനെ കണ്ടാല്‍ എന്തെങ്കിലും വഴിതെളിയുമെന്നു കരുതിയിട്ടുണ്ടാകും. അന്നത്തെ യഥാര്‍ത്ഥ മാനസികാവസ്ഥ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാന്‍ നാട്ടിലേക്ക് മടങ്ങി.
 
അന്ന് ഞാന്‍ ഒരു സിനിമയിലെ കഥാപാത്രത്തെപ്പോലെയായിരുന്നു. കാല്‍പ്പനികതയില്‍ മാത്രം ജീവിതത്തെ കണ്ടിരുന്ന ചെറുപ്പക്കാരന്‍.  സ്വപ്നജീവിയെന്ന് എന്നെ പരിഹസിച്ചിരുന്ന ഒരുപാടു പേരുണ്ട്.
എനിക്ക് മൂന്നു വയസുള്ളപ്പോള്‍ പപ്പ മരിച്ചു. ഞാന്‍ പ്രിഡീഗ്രിക്ക് പഠിക്കുമ്പോള്‍ അമ്മയും. പിന്നീട് സഹോദരങ്ങളൊക്കെ പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നു. ഞാനും ജ്യേഷ്ഠനും മാത്രമായിരുന്നു വീട്ടില്‍ . അതുകൊണ്ടുതന്നെ ഡിഗ്രി പഠന കാലത്ത് ഒരുപരിധിവരെ അനാഥത്വത്തിലും ദുഃഖത്തിലുമായിരുന്നു. അതും പിന്നീടുവന്ന അനേകം കടുത്ത പ്രതിസന്ധികളും മറികടന്ന് ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നന്നേ ചെറുപ്പം മുതല്‍ സിനിമയോടുണ്ടായിരുന്ന അഭിനിവേശം ഒന്നുകൊണ്ടുമാത്രമാണ്. 

ദീപാ തിയേറ്റര്‍
ഓര്‍മ്മവച്ച കാലം മുതല്‍ എന്റെ മനസിലും അരികിലും സിനിമയുണ്ട്. തിരുവല്ലയിലെ കുടുംബവീടിനു മുന്നിലെ റോഡ് മുറിച്ചുകടന്നാല്‍ ചെല്ലുന്നത് ദീപാ തിയേറിലേക്കായിരുന്നു. തിയേറ്റര്‍ ഉടമ യാകട്ടെ പപ്പയുടെ സുഹൃത്തും.

അതുകൊണ്ടുതന്നെ  ഏതു നേരവും അവിടെ കയറിയിറങ്ങാനും എല്ലാ സിനിമയും ടിക്കറ്റെടുക്കാതെ കാണാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.  സാധാരണ കുട്ടികള്‍ക്ക് കളിക്കോപ്പുകള്‍പോലെ, അല്ലെങ്കില്‍ തുറന്ന മൈതാനംപോലെ ആയിരുന്നു എന്റെ ജീവിതത്തില്‍ ആ തിയേറ്റര്‍.
ഓപ്പറേറ്ററുടെ മുറില്‍വരെ കയറുമായിരുന്നു. ചലച്ചിത്ര സാങ്കേതികവിദ്യ വികസിക്കുന്നതിന് നാലുപതിറ്റാണ്ടോളം മുന്‍പാണെങ്കിലും അവിടുത്തെ കാഴ്ച്ചകള്‍ വിസ്മയങ്ങളായിരുന്നു.
 
ആറു മക്കളില്‍ ഏറ്റവും ഇളയവനായിരുന്ന എനിക്ക് അച്ഛനില്ലാതെ വളര്‍ന്ന ഒരു കുട്ടി എന്ന നിലയില്‍ അമ്മ  പ്രത്യേക പരിഗണന നല്‍കി. പപ്പയുടെ ലാളനയറിയാത്തതുകൊണ്ട് എന്നെ വേദനിപ്പിക്കാതെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നതായി അമ്മ ബന്ധുക്കളോടും മറ്റും പറയുന്നത് എന്റെ ഓര്‍മയിലുണ്ട്. അമ്മയുമായുണ്ടായിരുന്ന വലിയ ആത്മബന്ധം പിന്നീട് അറിഞ്ഞോ അറിയാതെയോ എന്റെ സിനിമകളില്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു.
 
ചിറകില്‍കീഴില്‍ ഒതുക്കിവച്ചെന്നതുപോലെ വളര്‍ത്തിയിരുന്നതുകൊണ്ട് കളിക്കാന്‍പോലും പുറത്തുവിടില്ലായിരുന്നു. പക്ഷെ സിനിമയ്ക്ക് പോകുന്നതു വിലക്കിയിരുന്നില്ല. സുഹൃത്തുക്കളില്ലാതിരുന്നതുകൊണ്ടുംമറ്റും ഞാന്‍ അന്നേ ഏകാന്തത അനുഭവിച്ചിരുന്നു. 

മറ്റു കുട്ടികളുടെ അച്ഛന്‍മാരെ കാണുമ്പോള്‍ എന്റെ മനസ്സില്‍ എവിടെയോ വേദനയുടെ ഒരു നനവ് അനുഭവപ്പെട്ടിരുന്നു. അമ്മ തനിയെ ആറു മക്കളെ വളര്‍ത്തുന്നതിന്റെ സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
വീട്ടില്‍നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു സി.വി.എന്‍ തിയേറ്റര്‍. എട്ടിലും ഒന്‍പതിലുമൊക്കെ പഠിക്കുമ്പോള്‍ ഞാനും ചേച്ചിയുംകൂടി ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ അവിടെ നടന്നുപോയി  മാറ്റിനി കണ്ടിരുന്നു.  
 
കാപ്പിക്ക് ഉപയോഗിക്കുന്ന ചക്കര വാങ്ങാനായി ചന്തയില്‍ പോകുന്ന പതിവുണ്ട്. അപ്പോള്‍ തിയേറ്ററില്‍  പടങ്ങളും സ്ലൈഡുകളും  ഫോട്ടോ കാര്‍ഡുകളുമൊക്കെ വച്ചിരിക്കുന്നതു കാണാം. അവിടെനിന്നും സിനിമാ പാട്ടുകളുടെ പുസ്തകം വാങ്ങും.
 
അങ്ങനെ ഞാനറിയാതെതന്നെ സിനിമയുമായി ഒരടുപ്പം ഉടലെടുത്തു. അന്ന് എല്ലാത്തരം സിനിമകളും കണ്ടിരുന്നു.  കരകാണാക്കടല്‍, മയിലാടുംകുന്ന്, ബാബുമോന്‍ തുടങ്ങി  ഒട്ടേറെ ചിത്രങ്ങള്‍ ഓര്‍മയിലുണ്ട്.
കാണുന്ന സിനിമയിലെ പാട്ടുകളും ഡാന്‍സുകളും ഞാനും സഹോദരിയുംകൂടി ശനിയാഴ്ച്ച വൈകിട്ടിരുന്ന് അനുകരിക്കും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ഭാവിയില്‍ ഒരു ഫിലിം മേക്കറാകണമെന്ന്  അമ്മയോടു പറഞ്ഞു. അന്ന് എന്റെ അറിവിലുള്ള സംവിധായകര്‍ കുഞ്ചാക്കോയും സേതുമാധവനുമൊക്കെയാണ്. ആഗ്രഹത്തെ അമ്മ വിലക്കിയില്ലെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം നേടിയശേഷമേ സംവിധായകനാകാന്‍ ശ്രമിക്കാവൂ എന്ന് ഉപദേശിച്ചു. ആ വാക്ക് ഞാന്‍ പാലിക്കുകയും ചെയ്തു.
 
സിനിമയുടെ മുഖ്യ കാര്യദര്‍ശി സംവിധായകനാണെന്ന് വളരെ കുട്ടിക്കാലത്തേ മനസ്സിലായിരുന്നു. അതുകൊണ്ടുതന്നെ അന്നേ ആ മേഖലയിലേക്ക് മനസുകൊണ്ട് യാത്ര തുടങ്ങി.
പകല്‍ തിയേറ്ററില്‍ കണ്ട സിനിമയുടെ സെക്കന്‍ഡ് ഷോ നടക്കുമ്പോള്‍ അതിന്റെ ശബ്ദം എനിക്ക് വീട്ടില്‍ കേള്‍ക്കാം. ആ ശബ്ദവും നേരത്തെ കണ്ട ദൃശ്യങ്ങളും ചേര്‍ത്ത് മനസ്സില്‍ സിനിമ പുനരവതരിപ്പിക്കുന്നതായിരുന്നു   ആദ്യത്ത ചലച്ചിത്ര പഠനം. ഇത്തരത്തിലുള്ള വലിയൊരു എക്‌സര്‍സൈസ് അറിയാതെ മനസ്സില്‍ നടന്നിട്ടുണ്ട്.
 
വൈകുന്നേരം അഞ്ചര മുതല്‍ ആറരവരെ തിയേറ്ററില്‍ പാട്ടുകള്‍ വയ്ക്കും.അക്കാലത്ത് പാട്ടുകള്‍ കേള്‍ക്കാന്‍ മറ്റു സാധ്യതകള്‍ വിരളമാണ്.  ലോട്ടറിക്കച്ചവടക്കാര്‍പോലും  പാട്ടുകള്‍ കൊണ്ടുനടക്കുന്നത് അത്ര വ്യാപകമല്ല.
സ്‌കൂളില്‍നിന്ന് വന്ന് കുളിച്ചൊരുങ്ങി വീടിന്റെ പടിക്കെട്ടില്‍ പാട്ടുകേള്‍ക്കാന്‍ കാത്തിരിക്കും. അന്നു കേട്ട സയനോര സയനോര...പോലെയുള്ള പാട്ടുകള്‍ ഇപ്പോഴും മനസ്സിലുണ്ട്. പാട്ടുകേള്‍ക്കുമ്പോള്‍ ആകാശത്തേക്കു നോക്കും. അപ്പോള്‍ അവിടെ പാട്ടിനൊത്തെ ദൃശ്യങ്ങള്‍ തെളിയും.  
ആകാശത്തെ മേഖപ്പാളികളുടെ രൂപവ്യതിയാനങ്ങളെ കുട്ടികള്‍ വ്യാളികളായും കുതിരയായും ക്രിസ്മസ് അപ്പൂപ്പനായുമൊക്കെ കാണാറുള്ളതുപോലെ ഞാന്‍ ആദ്യമായി വിഷ്വലൈസ് ചെയ്തതും അവിടെയാണ്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നം
ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് തിരുവല്ലക്കാരനായ കെ.ജി. ജോര്‍ജ്  ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ പോകുന്നത്. അതറിഞ്ഞതോടെ  ശ്രദ്ധയത്രയും അദ്ദേഹത്തിലായി.
ജോര്‍ജ് സാറിന്റെ ആദ്യ ചിത്രമായ സ്വപ്നാടനം അന്നു കണ്ടപ്പോള്‍ കാര്യമായി മനസ്സിലായില്ല. പക്ഷെ, അതുവരെ കണ്ടിരുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തോ പ്രത്യേകത തോന്നി. നാട്ടുകാരന്‍ ചെയ്ത ഒരു സിനിമ എന്ന നിലയില്‍  അറിയാതെ ഇഷ്ടപ്പെടുകയും ചെയ്തു. 

പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാനുള്ള ആഗ്രഹം ശക്തമാകാന്‍ അത് കാരണമായി. പിന്നീട്  കോളേജില്‍ എത്തുമ്പോഴാണ് തിരുവല്ലക്കാരന്‍ കവിയൂര്‍ ശിവപ്രസാദ് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നതായറിഞ്ഞത്.  അതോടെ ശ്രമിച്ചാല്‍ എനിക്കും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാമെന്ന തോന്നലായി.
 
സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ നാടകങ്ങളില്‍ ഞാന്‍ സജീവമായിരുന്നു. ജില്ലാതലത്തിലുംമറ്റും നാടകത്തിന് സമ്മാനങ്ങള്‍ നേടിയിരുന്നു. 
തിരുവല്ല എസ്.സി.എസ് സ്‌കൂളില്‍ മലയാളം പഠിപ്പിച്ചിരുന്ന സി.ബാബു എന്ന അധ്യാപകനാണ് നന്നായി വായിക്കാനും നാടകങ്ങള്‍ ചെയ്യാനുമൊക്കെ പ്രേരണയായത്.  അന്ന് മധ്യതിരുവിതാംകൂറില്‍ കലാസാഹിത്യമേഖലകളില്‍ ശ്രദ്ധേയരായ വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. എം.ജി. സോമന്റെയും കെ.ജി. ജോര്‍ജിന്റെയുമൊക്കെ സുഹൃത്തായിരുന്ന ബാബുസാറാണ് സോമന് സംസ്ഥാന അവാര്‍ഡ് കിട്ടിയ 'ശരം' എന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചത്.
 
മനോഹരമായി മലയാളം പഠിപ്പിച്ചിരുന്ന ബാബുസാറിന്റെ പല നിര്‍ദേശങ്ങളും എന്നെ  ആഗ്രഹങ്ങളുടെ വഴിയില്‍ മുന്നോട്ടു നയിക്കുന്നതായി തോന്നി.  സാറിന്റെ വീട്ടില്‍ ഞാന്‍ സ്ഥിരമായി പോകുകയും അദ്ദേഹം തരുന്ന പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു.
 
നക്‌സല്‍ പ്രസ്ഥാനത്തിന്റെസഹയാത്രികനായിരുന്ന സാര്‍ അടിയന്തരാവസ്ഥക്കാലത്ത്  കുറെക്കാലം ജയില്‍വാസമനുഭവിച്ചു.  രാഷ്ട്രീയ പശ്ചാത്തലമൊന്നും അറിയില്ലെങ്കിലും അതിന്റെ പേരില്‍ വലിയ ബഹുമാനം തോന്നി. രാജ്യത്തിനുവേണ്ടി, നമുക്കുവേണ്ടി ജയിലില്‍ കഴിഞ്ഞ അധ്യാപകന്‍ എന്ന വിചാരമായിരുന്നു മനസ്സില്‍.
 
ഡിഗ്രിക്ക് തിരുവല്ല മാര്‍തോമാ കോളേജിലായിരുന്നു. ഐശ്ചിക വിഷയം സുവോളജി.  അത്യാവശ്യം പടം വരച്ചിരുന്നതിനാല്‍ റെക്കോര്‍ഡ് ബുക്കും പ്രാക്ടിക്കലുംവഴി വലിയ അധ്വാനമില്ലാതെ കുറച്ച് മാര്‍ക്ക് കിട്ടുമെന്നും നാടകത്തിനും മറ്റും സമയം കണ്ടെത്താമെന്നുമായിരുന്നു കണക്കുകൂട്ടല്‍.
മാത്രമല്ല, അന്ന് ഇക്കാലത്തേതുപോലെ ഭാവിയെക്കുറിച്ച് വിശദമായ പ്ലാനിംഗോടെ പഠനവിഷയം തെരഞ്ഞെടുക്കുന്നവര്‍ വളരെ കുറവായിരുന്നെന്നു തോന്നുന്നു.  പ്രീഡിഗ്രിക്ക് ഏറ്റവുമധികം മാര്‍ക്ക് കിട്ടിയ വിഷയം ഡിഗ്രിക്ക് ഐശ്ചികമായെടുക്കുന്നതൊക്കെയായിരുന്നു പതിവ്.
 
എഴുത്തിലും അഭിനയത്തിലും യാതൊരു പരിചയവുമില്ലെന്നാണ് മുന്‍പ് പല അഭിമുഖങ്ങളിലും  ഞാന്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ, ചെറുപ്പത്തിലെ കാര്യങ്ങള്‍  ഓര്‍ത്തെടുക്കുന്നില്ല എന്നതാണ് സത്യം. അന്നത്തെ എഴുത്തുകളും അഭിനയവുമൊന്നും വിലമതിക്കാത്തതോ വേണ്ടത്ര അംഗീകാരം കിട്ടാതിരുന്നതോ ആകാം കാരണം.
കോളേജിലെ സോഷ്യലിനുവേണ്ടി 'തമസ്' എന്നൊരു നാടകം എഴുതി സംവിധാനം ചെയ്തത് ഇപ്പോള്‍ ഓര്‍ക്കുന്നു. അതുള്‍പ്പെടെ ഏതാനും ചെറിയ നാടകങ്ങള്‍ എഴുതിയിരുന്നു. പിന്നെ ഡയറികളില്‍ സൂക്ഷിച്ചുവയ്ക്കുന്ന കുറെ കുഞ്ഞു കവിതകളുണ്ട്. പക്ഷെ, അന്ന് കഴിവുകളൊന്നും വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞിരുന്നില്ല.
 
ജി. ശങ്കരപ്പിള്ള സാറിന്റെ 'അമാലന്‍മാര്‍' എന്ന നാടകത്തിലെ അഭിനയത്തിന് ഞാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  പിന്നീട് പലേടത്തും അവതരിപ്പിച്ച ആ നാടകം ശ്രദ്ധ നേടിയിരുന്നു. ഒരു ഇന്‍ര്‍ കൊളീജിയറ്റ് മത്സരത്തില്‍ പി. ബാലചന്ദ്രന്‍ സാറിന്റെ 'മകുടി' എന്ന നാടകത്തിലെ അഭിനയത്തിന് ബെസ്റ്റ് കൊമേഡിയനായി തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.
 
അക്കാലത്ത് മാര്‍തോമാ കോളേജ് കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലായിരുന്നു. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ഞങ്ങള്‍ ഒരു നാടകമവതരിപ്പിക്കുകയാണ്. വേദിയും സദസും വിദ്യാര്‍ത്ഥികളുടെ കൂവലില്‍ മുങ്ങിയിരിക്കുന്നു.  കൂവലിനു നടുവില്‍ കയ്യും കാലും വിറച്ചിട്ട് അനങ്ങാന്‍ പറ്റുന്നില്ല. വേദിയിലെ ഒരു മേശയില്‍ മുറുകെപ്പിടിച്ചുനിന്ന് ഡയലോഗ് മുഴുവന്‍ പറഞ്ഞുതീര്‍ത്താണ് ഞങ്ങള്‍ പിന്മാറിയത്.
 
ഡിഗ്രി അവസാന വര്‍ഷമായപ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം നേടാനുള്ള പ്രയത്‌നം സജീവമാക്കി. ആ സമയത്ത് ഹോമിയോ മെഡിസിന് പ്രവേശനം കിട്ടിയെങ്കിലും പോയില്ല.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്ത, ജീവിക്കുന്നത് എന്തിനാണെന്ന് അറിയാത്ത സ്ഥിതിയായിരുന്നു അന്ന്. മുകുന്ദനെയും ഒ.വി. വിജയനെയും പോലുള്ളവരുടെ കൃതികളാണ് ഏറെയും വായിച്ചിരുന്നത്.  പലപ്പോഴും ഇവരുടെ കഥാപാത്രങ്ങള്‍ നമ്മള്‍തന്നെയാണെന്ന് തോന്നിയിരുന്നു.
 
ഏറെ അലയുകയും ഒളിച്ചോടുകയുമൊക്കെ ചെയ്‌തെങ്കിലും ഡിഗ്രി ആദ്യ ചാന്‍സില്‍തന്നെ വിജയിച്ചു. അത് എനിക്കുതന്നെ അത്ഭുതമായിരുന്നു. അവസാന വര്‍ഷത്തെ പരീക്ഷയ്ക്കു മുന്‍പ് പെങ്ങളുടെ വീട്ടില്‍ നിന്നായിരുന്നു പഠനം രാപ്പകല്‍ വ്യത്യാസമില്ലാത്ത പഠനം കണ്ടപ്പോള്‍ അവര്‍ റാങ്ക് പ്രതീക്ഷിച്ചിട്ടുണ്ടാകും. പുസ്തകങ്ങള്‍ ഞാന്‍ ആദ്യമായി തുറന്നു നോക്കുന്നത് അപ്പോഴാണെന്ന് അവര്‍ക്കറിയില്ലല്ലോ.
മനസു നിറയെ നാടകവും സിനിമയുമായിരുന്നതിനാല്‍ ക്ലാസുകളില്‍ വല്ലപ്പോഴും മാത്രമാണ് കയറിയിരുന്നത്. പരീക്ഷയുടെ സമയത്ത് നോട്ടുകള്‍ പകര്‍ത്തിയെടുക്കുയയായിരുന്നു. ചിട്ടയായി പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. അങ്ങനെയായിരുന്നെങ്കില്‍ മറ്റേതെങ്കിലും മേഖലയില്‍ ചെന്നെത്തുമായിരുന്നു.
 
പഠനത്തില്‍ ഞാന്‍ ഒരു ശരാശരിക്കാരന്‍ മാത്രമായിരുന്നു. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. ജീവിതത്തില്‍ എന്തിനോടെങ്കിലും പൂര്‍ണമായ അഫിനിറ്റി ഉണ്ടാകണമെന്നാണ് ഞാന്‍ ഇപ്പോള്‍ അവരോട് പറയുന്നത്. അത് പഠനത്തോടാകാം. മറ്റുകാര്യങ്ങളോടാകാം.

കുഴഞ്ഞുവീണ സ്വപ്നം
ഡിഗ്രികഴിഞ്ഞ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനത്തിനായി മൂന്നുവട്ടം ടെസ്റ്റെഴുതിയെങ്കിലും കിട്ടിയില്ല. പക്ഷെ അഡയാര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഇന്റര്‍വ്യൂവിന് വിളിച്ചു.
ഒരിക്കലും മറക്കാത്ത ചില അനുഭവങ്ങളിലേക്കായിരുന്നു  ആദ്യത്തെ മദ്രാസ് യാത്ര.  അക്കാലത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ രാഗം മൂവിസിന്റെ ശ്രീകൃഷ്ണപ്പരുന്തിന്റെ ഡബ്ബിംഗ് മദ്രാസില്‍ നടക്കുന്ന സമയമാണത്. 

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എനിക്കുവേണ്ടി ശുപാര്‍ശചെയ്യാന്‍ ആരുമില്ല.  രാഗം മൂവീസിലെ മണി മല്യത്തിനെ ചെന്നു കണ്ട് സഹായം തേടി. ശ്രീകൃഷ്ണപ്പരുന്തിന്റെ സംവിധായകന്‍ വിന്‍സെന്റ് മാഷ് വിചാരിച്ചാല്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വളരെ വേഗം സീറ്റു കിട്ടുമെന്ന് മണി മല്യത്ത് പറഞ്ഞു.
 
എഗ്‌മോറിലെ സുജാത തിയേറ്ററില്‍ ഡബ്ബിംഗ് കഴിഞ്ഞ് പുറത്തേക്കു പോകുമ്പോഴാണ് വിന്‍സെന്റ് മാഷിനെ കണ്ടത്. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ലിഫ്റ്റില്‍ കയറി. പില്‍ക്കാലത്ത് ഞാന്‍ സംവിധാനംചെയ്ത ഭ്രമരത്തിന്റെ നിര്‍മാതാവ് രാജു മല്യത്ത് എന്നെ മാഷിന് പരിചയപ്പെടുത്തി. ലിഫ്റ്റ് മൂന്നാം നിലയില്‍നിന്ന് താഴെയെത്തുന്ന സമയത്തേക്കു മാത്രമാണ് കൂടിക്കാഴ്ച്ച.
 
വിന്‍സെന്റ് മാഷ് ആദ്യം ചോദിച്ചത് കണക്കിലെ ഏതോ ഒരു സ്‌ക്വയര്‍ റൂട്ടാണ്. പത്താം ക്ലാസില്‍വച്ച് കണക്കുപേക്ഷിച്ച എനിക്ക് അതിന് ഉത്തരമുണ്ടായില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ചലച്ചിത്ര മേഖലയിലെത്തുക എന്ന സ്വപ്നവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ തലയില്‍ ആണിയടിച്ചു കയറ്റുന്നതുപോലെയായിരുന്നു ആ  ചോദ്യം.
രണ്ടാമത്തെ ചോദ്യം സത്യജിത്ത് റേയെക്കുറിച്ചായിരുന്നു. ഞാന്‍ സത്യജിത് റേയെക്കുറിച്ചുള്ള പുസ്തകം ലൈബ്രറിയില്‍ വാച്ച് പണംവച്ച് വീട്ടിലെടുത്തുകൊണ്ടുവന്ന് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍, കഥാപാത്രങ്ങള്‍,  ഷൂട്ടിംഗിന് അദ്ദേഹം അനുഭവിച്ച ക്ലേശങ്ങള്‍ തുടങ്ങി എല്ലാം വിശദമായ ഒരു ലേഖനമെഴുതാന്‍ തക്കവണ്ണം  മനഃപാഠമാണ്. ലിഫ്റ്റ് താഴെയെത്തിയിരുന്നു. ഉത്തരം പറയുംമുമ്പേ  ആദ്യ ചോദ്യത്തിനു മുന്നില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ ഷോക്കില്‍  ഞാന്‍ ലിഫ്റ്റില്‍ കുഴഞ്ഞുവീണു.
 
രാജു മല്യത്തുംമറ്റും അടുത്ത കടയില്‍നിന്ന് സോഡ വാങ്ങി മുഖത്തു തളിച്ച് എന്നെ പറഞ്ഞുവിട്ടു.  ഇത്രയും ദുര്‍ബലനായ ഒരു പയ്യന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍  പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നായിരുന്നു വിന്‍സെന്റ് മാഷിന്റെ പ്രതികരണം. അന്നൊക്കെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളിലെയും ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലെയും ബുദ്ധിജീവികള്‍ കൊള്ളസംഘത്തിന് സമാനമാണെന്നായിരുന്നല്ലോ പൊതുവേയുള്ള ധാരണ.
പില്‍ക്കാലത്ത് ആ ലിഫ്റ്റില്‍ പലവട്ടം കയറുകയും വിന്‍സെന്റ് മാഷ് ഇരുന്ന  കണ്‍സോളില്‍ ഇരിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍പോലും അവിടുത്തെ ആദ്യദിനം ഓര്‍ക്കാതിരുന്നിട്ടില്ല.
 
അന്ന് മനസ്സ് അത്രമാത്രം ദുര്‍ബലമായിരുന്നു.  കയ്യിലുണ്ടായിരുന്നതത്രയും നാടകാഭിനയത്തിനു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളാണ്. അതുകൊണ്ടുതന്നെ അഡയാറില്‍ ആക്ടിംഗ് കോഴ്‌സിന് അഡ്മിഷന്‍ തരാമെന്ന് പറഞ്ഞു. അഭിനയം എന്നെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു അന്നത്തെ വിചാരം. 
 
സംവിധായകനാകാനാണ് ആഗ്രഹിച്ചതെഘങ്കിലും ആദ്യപടിയായി ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കുകയായിരുന്നു ഉദ്ദേശ്യം. അതിനായി  സിനിമാറ്റോഗ്രഫി കോഴ്‌സിനാണ് അപേക്ഷിച്ചിരുന്നത്.   അന്നും എന്റെ ചെറിയ മനസ്സില്‍ ഒരുപാട് നല്ല തീരുമാനങ്ങള്‍  എടുത്തിരുന്നു. 
അഭിനയത്തിന് അഡ്മിഷന്‍ വേണ്ടെന്നു പറഞ്ഞത് അതിലൊന്നായിരുന്നു.
പക്ഷെ, ഇന്ന് അതുപോലെ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍  കഴിയുന്നില്ല. ഒരുപാടു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതോ മറ്റുപലരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതോ  മുന്‍കരുതലെടുക്കുതോ ആവാം കാരണം.

അരാജകത്വത്തിലേക്ക്

ഇന്റര്‍വ്യൂ കഴിഞ്ഞ് ഞാന്‍ മദ്രാസില്‍ കെ.ജി. ജോര്‍ജ് സാറിനെ  പോയി കണ്ടു.  നാട്ടില്‍നിന്ന് സി. ബാബു സാര്‍ തന്ന ശുപാര്‍ശ കത്തു കൊടുത്തു. സിനിമയോടുള്ള എന്റെ തീക്ഷ്ണതയെ ബഹുമാനിച്ചാണ്  കത്തു നല്‍കുന്നതെന്നും അതുകൊണ്ട് സഹായിക്കണമെന്നുമാണ് സാര്‍ എഴുതിയിരുന്നത്. 

അഡയാര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തനിക്ക് ബന്ധമില്ലെന്നും പൂനെയില്‍ പ്രവേശനത്തിന് ശ്രമിക്കാമെന്നും ജോര്‍ജ് സാര്‍ പറഞ്ഞു. പൂനെയില്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് അറിയിച്ചതോടെ  തന്റെ അടുത്ത പടത്തിന് അസിസ്റ്റന്റായി വരാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
 
ജോര്‍ജ് സാര്‍ യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയ സിനിമകള്‍ ചെയ്ത കാലമാണ്. പിന്നെ രണ്ടു വര്‍ഷക്കാലത്തോളം ഞാന്‍ സ്ഥിരമായി അദ്ദേഹത്തെ കാണാന്‍ മദ്രാസിനു പൊയ്‌ക്കൊണ്ടിരുന്നു.
ഫോണ്‍വിളിച്ചാല്‍  കിട്ടാത്തതുകൊണ്ട് വൈകുന്നേരത്തെ മദ്രാസ് മെയിലിന് തിരുവല്ലയില്‍നിന്നു കയറും. ലോക്കല്‍ കംപാര്‍ട്ട്‌മെന്റിലാണ് യാത്ര. രാവിലെ ട്രെയിനില്‍തന്നെയോ മദ്രാസ് റെയില്‍വേ സ്റ്റേഷനിലോ കുളിച്ച് റെഡിയായി ഭക്ഷണംകഴിക്കുംമുമ്പേ നേരെ അശോക് നഗറിലെ ജോര്‍ജ് സാറിന്റെ വീട്ടിലേക്കു പോകും. പലപ്പോഴും അദ്ദേഹത്തെ വിളിച്ചുണര്‍ത്തുന്നത് ഞാനായിരുന്നു.
 
സിനിമയൊന്നും ആയിട്ടില്ല, പിന്നെ വരൂ എന്ന് ജോര്‍ജ് സാര്‍ പറയും. സാറിന് ആ സമയത്ത് വലിയൊരു ഇടവേളയായിരുന്നു. പടങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, പിന്നീട് വാ എന്നു പറയുന്നതു കേള്‍ക്കാന്‍വേണ്ടി മാത്രം മദ്രാസ് യാത്ര തുടര്‍ന്നു.
ജോര്‍ജ് സാര്‍ അതു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ സംസാരമില്ല. ഞാന്‍ നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകും. വൈകുന്നേരംവരെ 
അവിടെ കാത്തുനിന്ന് നാട്ടിലേക്ക് മടങ്ങും.
 
ചേട്ടനും കുടുംബവും ബാംഗ്ലൂരിലേക്ക് താമസം മാറ്റിയതോടെ വീട്ടില്‍ ഞാന്‍ തനിച്ചായി. സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചെങ്കില്‍ കഴിച്ചു അത്രമാത്രം. മൂന്നു നേരവും ഭക്ഷണം കഴിച്ചാല്‍  സിനിമ കാണാന്‍ കാശുണ്ടാവില്ല. അതുകൊണ്ട് രാവിലത്തെ ഭക്ഷണം ഒഴിവാക്കാന്‍ ഉച്ചവരെ കിടന്നുറങ്ങും.  ഒറ്റപ്പെട്ട ജീവിതം മനസ്സില്‍ കൂടുതല്‍ ഇരുട്ടു നിറച്ചുകൊണ്ടിരുന്നു.
 
അക്കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. സിനിമകള്‍ വളരെ ഗൗരവത്തോടെ കാണും, ഫിലിം ഫെസ്റ്റിവലുകള്‍ക്കും മറ്റു സിനിമാ പ്രദര്‍ശനങ്ങള്‍ക്കും മുന്‍കൈ എടുക്കും.'കോലങ്ങള്‍' എന്ന സിനിമയുടെ പെട്ടി എറണാകുളത്തുനിന്നും തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവന്നശേഷം ഞാന്‍തന്നെ തലച്ചുമടായി വീട്ടിലെത്തിച്ചതോര്‍ക്കുന്നു. നാടക റിഹേഴ്‌സലും മറ്റും അവിടെ നടത്തിയിരുന്നു.
കുട്ടിക്കാലത്ത് ആത്മീയത ഉണ്ടായിരുന്നെങ്കിലും പിന്നീട് ജീവിതത്തെക്കുറിച്ച് വ്യത്യസ്ഥമായ കാഴ്ച്ചപ്പാടും രാഷ്ട്രീയവുമൊക്കെയാണ് വച്ചുപുലര്‍ത്തിയിരുന്നത്.  ദൈവം ഉണ്ടായിരിക്കാം, പക്ഷെ, മനുഷ്യന്റെ പ്രയത്‌നങ്ങളാണ് അവനെ മുന്നോട്ടു നയിക്കുന്നതെന്ന വിശ്വാസമായിരുന്നു.
 
അമ്മയുടെ കയ്യില്‍ പിടിച്ച് തിരിഞ്ഞു നടക്കുന്ന ഒരു കുട്ടിയുടെ ചിത്രം വീട്ടില്‍ വരച്ചുവച്ചിരുന്നു.  മാതാപിതാ ബന്ധങ്ങളില്‍നിന്ന് എത്രയും പെട്ടെന്ന് മുക്തി നേടുക എന്ന ഇന്‍ഡോ ആംഗ്ലിയന്‍ എഴുത്തുകാരനായ ഷഷ്ടിബ്രദയുടെ ഒരു സന്ദേശവും അതോടൊപ്പമുണ്ടായിരുന്നു.
ഇത്തരം ഇരുണ്ട ചിന്തകളും കാഴ്ച്ചപ്പാടുകളും ഏറിയ ഒരു കാലഘട്ടമായിരുന്നു അത്. അന്നത്തെ സാഹിത്യവും അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നല്ലോ. അതുകൊണ്ടുതന്നെ നന്മയുടെ വെളിച്ചമോ ഈശ്വരസാന്നിധ്യമോ ഒന്നും എനിക്ക് അനുഭവപ്പെട്ടിരുന്നില്ല.
 
മെലിഞ്ഞുണങ്ങി,  താടി നീട്ടി വളര്‍ത്തി, ജുബ്ബയിട്ട ഒരു രൂപമായിരുന്നു ഞാന്‍. ആയിടയക്ക് പ്രണാമം എന്ന സിനിയുടെ ഷൂട്ടിംഗിനായി ഭരതേട്ടന്‍ തിരുവല്ലയില്‍ എത്തി.  അതിന്റെ ആര്‍ട്ട് ഡയറക്ടറായ റോയ് പി. തോമസുമായി എനിക്ക് ചെറിയൊരു പരിചയമുണ്ടായിരുന്നു. എന്റെ രൂപം കണ്ട് സിനിമയില്‍ അഭിയനിക്കാന്‍ റോയി ക്ഷണിച്ചു. അഭിനയം എന്റെ വഴിയല്ലെന്ന് വിശ്വസിച്ചിരുന്നതുകൊണ്ട് ഓഫര്‍ നിരസിക്കുകയായിരുന്നു.
 
കെ.ജി. ജോര്‍ജ് സാറിനെ നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിനൊപ്പം ഒരിക്കല്‍പോലും സിനമയില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. പിന്നീട് അദ്ദേഹം മദ്രാസില്‍നിന്ന് വന്ന് തിരുവനന്തപുരത്ത് താമസമാക്കി. ഒരു അവസരത്തെക്കുറിച്ചുകേട്ട് ഞാന്‍ പെട്ടിയുമെടുത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് ആ പടം ക്യാന്‍സലായെന്നറിയുന്നത്. അതാണ് പിന്നീട് 'മനു അങ്കിള്‍' എന്ന സിനിമയായി മാറിയത്.

മറക്കാത്ത പുതുവര്‍ഷരാത്രി
നിരാശയുടെ നടുക്കടലില്‍ മുങ്ങിയപ്പോള്‍  1985 ഡിസംബര്‍ 31ന് ഒരു തീരുമാനമെടുത്തു;  ഒരു വര്‍ഷംകൂടി കാത്തിരിക്കുക. അതിനുള്ളില്‍ ഒരു സിനിമയിലെങ്കിലും സഹസംവിധായകനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക.

സിനിമാ സ്വപ്നം പൂവണിയാത്തതു മാത്രമായിരുന്നില്ല കാരണം. കുടുംബപരമായ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് അതിന്റെ വിശദാംശങ്ങള്‍ പറയുന്നില്ല.  ഒരുപാട് അലഞ്ഞിട്ടും രക്ഷയില്ല. 22 വയസുകാരനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത സ്ഥിതി. ചുറ്റുപാടുകള്‍ ആകെ പ്രശ്‌നമയം. പോംവഴി ആത്മഹത്യമാത്രം.
 
അന്നു രാത്രിയാണ്  സുഹൃത്ത് ഷെല്ലി എന്നെ കാണുന്നത്. എന്റെ മാനസികാവസ്ഥയും തീരുമാനവുമൊക്കെ  അവനോടു വിശദീകരിച്ചു.  തകര്‍ച്ച മനസ്സിലാക്കിയിട്ടെന്നോണം അവന്‍ എന്നെ പരുമല പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഞാന്‍ ആദ്യമായി പോകുകയായിരുന്നു. അര്‍ധരാത്രി പിന്നിട്ടിരുന്നെങ്കിലും പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളും കത്തിച്ച മെഴുകുതിരികളുമൊക്കെയുണ്ടായിരുന്നു.
കുട്ടിക്കാലത്തിനുശേഷം ഞാന്‍ മനസ്സു തുറന്ന് കരയുന്നതും പ്രാര്‍ത്ഥിക്കുന്നതും അന്നാണ്. മനസ്സ് ഉരുകിയ രാത്രിയായിരുന്നു അത്.

ഒരു വര്‍ഷത്തിനുള്ളില്‍ പത്മരാജന്‍സാറിനൊപ്പം സിനിമയില്‍ അസിസ്റ്റന്റാകാന്‍ അവസരം ലഭിച്ചു. ആ  കാലത്തുതന്നെ മൂത്ത സഹോദരിയുടെ വിവാഹം നടന്നു. ഞാന്‍ നേരിട്ട പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി.
 
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ആയിരുന്നു ഞാന്‍ സംവിധാന സഹായിയായി അരങ്ങേറ്റം കുറിച്ച ചിത്രം.  ശ്രീകൃഷ്ണപ്പരുന്ത് നിര്‍മിച്ച രാഗം മൂവിസിന്റെന്റെതന്നെ പ്രോജക്ട്. എന്റെ ഭ്രമരം എന്ന ചിത്രം നിര്‍മിച്ചതും അവരാണ്.

പത്മരാജന്‍സാര്‍
സംവിധായകന്‍ എന്നതിനേക്കാളുപരിയായി എഴുത്തുകാരന്‍ എന്ന നിലയിലാണ് ഞാന്‍ അക്കാലത്ത് പത്മരാജനെ ഏറെ ബഹുമാനിച്ചിരുന്നത്. 26-ാമത്തെ വയസില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതുംമറ്റും ആ ബഹുമാനം വര്‍ധിപ്പിക്കുകയുംചെയ്തു.

അതേസമയംതന്നെ അദ്ദേഹത്തിന്‍റെ സിനിമകളെ വളരെ ഗൗരവമായി കാണുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്തിരുന്നു. 'കൈകേയി' എന്ന സിനിമ കണ്ടുമടങ്ങുംവഴി ഞാനും സുഹൃത്തുക്കളും ചങ്ങനാശേരിയിലെ ബസ് സ്റ്റാന്‍ഡില്‍വച്ച് പത്മരാജനെ കാണാനിടയായി. ഒരു സ്യൂട്ട് കേസുമായി എവിടേക്കോ പോകാന്‍ കാത്തിരുന്ന   അദ്ദേഹത്തോട് ഞങ്ങള്‍ വഴക്കിട്ടു. പെരുവഴിയമ്പലം,   ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങിയ  ചിത്രങ്ങള്‍ ചെയ്ത ഒരാള്‍ കൈകേയിക്ക് തിരക്കഥ എഴുതുന്നതിന് നീതീകരണമില്ലെന്നായിരുന്നു ബുദ്ധിജീവികളെന്ന് സ്വയം ധരിച്ചുവച്ചിരുന്ന ഞങ്ങളുടെ വാദം.
 
ക്ലാസിക് സിനിമകള്‍ ചെയ്തതിന്‍റെ പേരില്‍ ബഹുമാനിക്കപ്പെട്ടിരുന്ന അദ്ദേഹം ഇത്തരം കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്  വേദനിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് ഈ സംഭവത്തെക്കുറിച്ച് പത്മരാജന്‍സാറിനോടു പറഞ്ഞിട്ടുണ്ട്. അതു നീയായിരുന്നോ എന്ന ചോദ്യമായിരുന്നു പ്രതികരണം.   ഞങ്ങളുടെ ആക്രമണം അദ്ദേഹത്തെ അത്രമാത്രം വേദനിപ്പിച്ചിരുന്നിരിക്കണം.
 
ഒരു സിനിമയില്‍ മാത്രമായാണ് പത്മരാജന്‍സാര്‍ എനിക്ക് അവസരം നല്‍കിയത്. പക്ഷെ ഷൂട്ടിംഗിന്റെ ആദ്യദിവസം പിന്നിട്ടപ്പോള്‍തന്നെ അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ എനിക്കു സാധിച്ചു. ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ളവയും സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുമൊക്കെ സാറിന് മനസ്സിലായി. 

മൈസൂറിലെ ലളിത്മഹള്‍ പാലസിനടുത്തുള്ള ഒരു വീട്ടിലായിരുന്നു ആദ്യ ഷൂട്ടിംഗ്. മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും വഴക്കിടക്കുന്ന സീനോടെയാണ് തുടക്കം.
 
പണ്ടെങ്ങോ ടൂറിനു പോയപ്പോള്‍ മാത്രം കണ്ടിട്ടുള്ള നാട്ടിലാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഏറെക്കാലത്തെ കഷ്ടപ്പാടിനുശേഷം വിഖ്യാതനായ ഒരു സംവിധായകനുകീഴില്‍ സിനിമ പഠിക്കാന്‍ പോകുന്നു.  മോഹന്‍ലാലിനെയും കവിയൂര്‍ പൊന്നമ്മയെയുമൊക്കെ ആദ്യമായി നേരില്‍ കാണുന്നു.  ഇതിന്റെയെല്ലാം അങ്കലാപ്പ് ഉള്ളിലുണ്ട്. മാത്രമല്ല, സെറ്റില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. മറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍മാരെ പരിചയപ്പെട്ടിട്ടുമില്ല.
 
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി പഠിച്ചിറങ്ങിയവര്‍ ചെയ്യുന്ന സ്യൂട്ടിട്ട പണിക്കാണ് എത്തിയിരിക്കുന്നതെന്നും പത്മരാജന്‍സാര്‍ കഴിഞ്ഞാല്‍ സെറ്റിലെ ഏറ്റവും വലിയ ആളുകള്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരാണെന്നുമാണ് എന്‍റെ ധാരണ.  

ഷോട്ടെടുക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി കുറച്ചുപേര്‍ ചെടിച്ചട്ടികളുംമറ്റും ക്രമീകരിക്കുന്നു. ലൊക്കേഷനിലെ കൊടുംതണുപ്പിനെ ചെറുക്കാന്‍ യാതൊരു മുന്‍കരുതലുകളുമെടുത്തിരുന്നില്ല. തണുപ്പത്ത് കൈകള്‍ കൂട്ടിക്കെട്ടി കാഴ്ച്ചക്കാരനായി ഇരിക്കുയാണ്.
ചരിഞ്ഞ് എന്നെയൊന്നു നോക്കിയശേഷം സാര്‍ ചോദിച്ചു; ''താനെന്താ കാറ്റുകൊണ്ടു നില്‍ക്കുകയാണോ?''. അപ്പോള്‍ കാര്യം പടികിട്ടിയെങ്കിലും എന്തു ജോലിയാണ് ചെയ്യേണ്ടതെന്നറിയില്ല. അവരൊക്കെ ചെയ്യുന്നതു കണ്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അതോടെ ഞാന്‍ കളത്തിലിറങ്ങി.
ചെടിച്ചട്ടി മാറ്റിവയ്ക്കുന്നതുള്‍പ്പെടെയുള്ള പണിയാണ് സഹസംവിധായകന്റേതന്ന് അന്നാണ് മനസ്സിലാകുന്നത്. പിന്നീട് തറ തുടയ്ക്കുകവരെ  ചെയ്തിട്ടുണ്ട്. ഡിഗ്രിവരെ പഠിച്ചിട്ടു വന്നിട്ട് ഇതൊക്കെ ചെയ്യേണ്ടിവരുന്നല്ലോ എന്ന് തുടക്കത്തില്‍ തോന്നിയിരുന്നു. സെറ്റ് അസിസ്റ്റന്റുമാരുണ്ടെങ്കിലും പറയുമ്പോള്‍ നമ്മള്‍ ചാടിക്കയറി ചെയ്യുകയാണ്. അത്രയധികം കനലുമായാണ് സിനിമയെ സമീപിക്കുന്നത്. മരണത്തില്‍നിന്ന് രക്ഷപ്പെടുത്തിയ സിനിമകളായിരുന്നു അക്കാലത്തേത്.  ഇപ്പോഴും മനസ്സില്‍ ആ കനല്‍ കിടപ്പുണ്ട്.

പത്മരാജന്‍സാറിനൊപ്പം ഏഴു സിനിമകളില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് എന്റെ വായനയുടെ അനുഭവങ്ങളൊക്കെ അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമായിരുന്നു. 

സിനിമയില്‍ അങ്ങനയൊരു ഗുരുവിനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. സിനിമയോട്, പ്രത്യേകിച്ച് എഴുത്തിന്റെ കാര്യത്തില്‍ സത്യസന്ധമായ  സമീപനം പുലര്‍ത്തുന്നവര്‍ കുറവാണ്. തിരക്കഥ ഇത്രയധികം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി എഴുതുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല.
കഥാപാത്രത്തിന്റെ പോക്കറ്റിലിടുന്ന  പേനയുടെ നിറംപോലും എഴുതിവച്ചിട്ടുണ്ടാകും. ഒരു ബാഗിനുള്ളില്‍നിന്ന് വസ്ത്രങ്ങളോ മറ്റു വസ്തുക്കളോ പുറത്തേക്കെടുക്കുമ്പോള്‍ അവയില്‍ ആ കഥാപാത്രത്തിന്റെ സ്വഭാവം, വിദ്യാഭ്യാസം, വ്യക്തിത്വം, മാനസികാവസ്ഥ എല്ലാം പ്രതിഫലിക്കും.
 
ഇപ്പോള്‍ മലയാള സിനിമയില്‍ മിക്കവാറും കഥാപാത്രങ്ങളുടെ പോക്കറ്റ് കാലിയായിരിക്കും. അല്ലെങ്കില്‍ ഒരു കടലാസ് മടക്കിവയ്ക്കും. അതേസമയം പത്മരാജന്‍സാറിന്റെ തിരക്കഥയില്‍ ഒരു കഥാപാത്രം പോക്കറ്റില്‍നിന്ന്  പത്തുരൂപ പുറത്തേക്കെടുമ്പോള്‍ ഒപ്പം ചിലപ്പോള്‍ ഒരു ബസ് ടിക്കറ്റും ഉണ്ടാകും.
 
എന്റെ പല സിനിമകളിലും ഞാന്‍ ഇത്തരം വിശദാംശങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന് കാഴ്ച്ചയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പോക്കറ്റില്‍നിന്ന് പണമെടുക്കുമ്പോള്‍ വട്ടത്തിലുള്ള ഒരു ചീപ്പും കാണാം. ജീവിതത്തോടടുത്തു നില്‍ക്കുന്ന ഒരു ലിറ്ററേച്ചര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരു എഴുത്തുകാരനാണ് അദ്ദേഹം. അത് വളരെ അടുത്തറിയാന്‍ സാധിച്ചത് എനിക്ക് പ്രയോജനം ചെയ്തിട്ടുണ്ടാകാം.
 
അക്കാലത്ത് സംവിധാന സഹായികളായി പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പേരെക്കാള്‍ ലോകസിനിമയെക്കുറിച്ച് എനിക്കറിവുണ്ടായിരുന്നു. ലൂമിയര്‍ ബ്രദേഴ്‌സില്‍ തുടങ്ങി കുറസോവ, ബര്‍ഗ്മാന്‍, ഐസന്‍സ്റ്റീന്‍, പുഡോള്‍സ്‌കിന്‍ തുടങ്ങിയ പ്രമുഖരുടേതുള്‍പ്പെടെയുള്ള  ക്ലാസിക്കുകള്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയിരുന്നു.
 
ലോക സിനിമയെക്കുറിച്ചുള്ള അറിവുമായി അത്തരം സിനിമ മോഹിച്ചാണ് ഞാനും ഈ രംഗത്തെത്തുന്നത്. സിനിമയില്‍ ജോലിചെയ്തു തുടങ്ങുമ്പോഴാണ് അതൊരു ജീവിതോപാധിയായി മാറുന്നത്.
അതുകൊണ്ടുതന്നെ ആദ്യകാലത്ത്  തെല്ലു നിരാശയുണ്ടായിരുന്നു. മനസ്സില്‍ കണ്ട വഴികളിലൂടെയല്ല സഞ്ചരിക്കുന്നതെന്ന തോന്നലായിരുന്നു  കാരണം. പക്ഷെ പിന്നീട് നമ്മുടെ നാടിന്റെ  ലിറ്ററേച്ചറുമായും ദൃശ്യസങ്കല്‍പ്പങ്ങളുമായി യോജിക്കുമ്പോഴുണ്ടാകുന്ന വ്യതിയാനമാണ്  കാരണമെന്ന വസ്തുത ഉള്‍ക്കൊണ്ടു.
ബംഗാളില്‍ കൂടുതല്‍ ക്ലാസിക് സിനിമകള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അവിടെ സര്‍ക്കാരാണ് അത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നതെന്ന് വ്യക്തമാകുന്നത്. ജനറല്‍ പിക്‌ചേഴ്‌സ് രവി എന്ന നിര്‍മാതാവ് ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇത്രയുമെങ്കിലും ക്ലാസിക് ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. 
കേവലം ഒരു കലാരൂപം എന്നതിനപ്പുറം സിനിമ സാമ്പത്തിക ബാധ്യതകളും ഉള്‍ക്കൊള്ളുന്നതാണെന്ന തിരിച്ചറിവ് കാലക്രമേണ ഉണ്ടായി.
 
ചെറുപ്പത്തിന്‍റെ ആവേശത്തിലേക്ക് യാഥാര്‍ത്ഥ്യങ്ങള്‍ കലര്‍ന്നപ്പോള്‍  അതുമായി പൊരുത്തപ്പെട്ടു. അതുകൊണ്ടുതന്നെ  പിന്നീടൊരിക്കലും അപകര്‍ഷതാബോധം ഉണ്ടായിട്ടില്ല.
മറ്റു പല സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. അവരില്‍നിന്നെല്ലാം സ്വാഭാവികമായും പലതും പഠിച്ചിട്ടുണ്ട്.  എറെ സ്വാതന്ത്ര്യം തന്നെ സംവിധായകനാണ് ജയരാജ്. വിദ്യാരംഭത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ് അദ്ദേഹം അടുത്ത സിനിമയ്ക്ക് പോകുകയായിരുന്നു. ഡബ്ബിംഗ് മുതലുള്ള കാര്യങ്ങള്‍ എനിക്ക് സ്വതന്ത്രമായി ചെയ്യാന്‍ കഴിഞ്ഞു. മാനസികമായി ഞങ്ങള്‍ തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നു.
 
ജയരാജ് ഫ്രെയിമുകള്‍ ഒരുക്കി അവയില്‍ കഥാപാത്രങ്ങളുടെ മൂവ്‌മെന്‍റ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അത് ഭരതേട്ടന്‍റെ ഓരു പാറ്റേണാണെന്നു തോന്നുന്നു. അപ്പോള്‍ ആ ഫ്രെയിമിന് ഒരു സൗന്ദര്യമുണ്ടാകും.
പക്ഷെ, ലോഹിയേട്ടന്‍ ഈ ഗ്രാമറുകള്‍ ഉപയോഗിക്കാതെ എഴുതിയിരിക്കുന്ന കഥാപാത്രങ്ങള്‍ അഭിനയിച്ചു കാണിക്കും. എന്‍റെ സിനിമയില്‍ ഞാനും  അഭിനയിച്ചു കാണിക്കാറുണ്ട്. അപ്പോഴാണ് എന്നിലെ പഴയ മികച്ച നടനൊക്കെ കയറിവരുന്നത്.
 
ഒരു കഥാപാത്രം ചൂലുകൊണ്ട് തൂക്കുന്നതും, തല തോര്‍ത്തുന്നതുമൊക്കെ എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു കാഴ്ച്ചപ്പാടുണ്ടാകും. അതിനനുസൃതമായി സ്വാഭാവികമായി വിഷ്വലൈസ് ചെയ്യുന്ന പാറ്റേണായിരുന്നു ലോഹിയേട്ടന്‍റേത്.

ഇതൊക്കെ ആലോചിക്കുമ്പോഴും സിനിമയുടെ ഗ്രാമറുകള്‍ പൂര്‍ണമായും പഠിക്കരുതെന്ന പത്മരാജന്‍സാറിന്‍റെ ഉപദേശം ഞാന്‍ എന്നും ഓര്‍ക്കും.
സിനിമ ചില  ഗ്രാമറുകളില്‍കൂടിയാണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കിയാല്‍ അതിന്  ഫ്രഷ്‌നസ് നഷ്ടമാകും. മനസിലുള്ളആശയങ്ങളെ, ബിംബങ്ങളെ കഥകളെയൊക്കെ വിഷ്വലൈസ് ചെയ്യാനുള്ള ഒരു ശ്രമം മാത്രമായാണ് സാങ്കേതിക കാര്യങ്ങളെസമീപിക്കേണ്ടത്. അല്ലെങ്കില്‍ സംവിധാനം വെറും സാങ്കേതിക പ്രവര്‍ത്തനം മാത്രമായി മാറും. 

തന്മാത്രയും കഴിഞ്ഞ ചിത്രമായ പ്രണയവുമൊക്കെ ചെയ്യുമ്പോള്‍ ഒരു ഷോട്ട് എടുക്കുന്ന വേളയില്‍ മാത്രമാണ് ഞാന്‍ അടുത്തതിലേക്ക് പോയിരുന്നത്. സാധാരണ ഒരു ബ്രഷ് കൊണ്ട് ചിത്രം വരയ്ക്കുമ്പോള്‍ അടുത്ത സ്‌ട്രോക്ക് എവിടെയാണ് വരേണ്ടതെന്ന് നേരത്തെ ചിന്തിക്കാറില്ലല്ലോ. അതിനു സമാനമായ രീതി.

ഒരു സീനിലെ കഥാപാത്രങ്ങളുടെ അഭിനയം എവിടേക്കാണ് വളരുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് ഇനി വേണ്ടത് ക്ലോസ് അപ്പോ മിഡ് ഷോട്ടോ എന്നൊക്കെ ആലോചിക്കുന്നത്.  അതുകൊണ്ടുതന്നെയാണ് ഒരു മികച്ച പ്രകടനം അഭിനേതാക്കളില്‍നിന്ന്  ലഭിക്കുന്നത്. .
പ്രണയത്തില്‍ പ്രണയം എന്ന വിഷയവുമായി ബന്ധപ്പെട്ട് കൂടുതതല്‍ സൗന്ദര്യങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. വിഷ്വലുകള്‍ക്ക് കുറച്ചുകൂടി ഘടന ഉണ്ടാക്കി ചെയ്ത സിനിമ പ്രണയമായിരിക്കും.

കാഴ്ച്ചയുടെ വഴിയില്‍

ഓരോ സിനിമ കാണുമ്പോഴും അതുവരെ കാണാത്ത സിനിമ ചെയ്യാനാണ് ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ, കാത്തിരിപ്പ് അനിശ്ചിതമായി നീണ്ടു.  സ്വന്തമായി ഒരു സിനിമ ചെയ്യേണ്ട കാലം കഴിഞ്ഞു എന്നൊരു തോന്നലുണ്ടായി. 

എന്‍റെ സമീപനംവച്ച് ഒരു നിര്‍മാതാവിനെ കണ്ട് ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല.  എന്‍റെ ഈ നനഞ്ഞ  ശബ്ദത്തെക്കുറിച്ച് പറഞ്ഞ് ജയറാമും മറ്റും  കളിയാക്കുമായിരുന്നു.

അങ്ങനെ പ്രസന്‍റബിളല്ലാത്ത ഒരു മനുഷ്യന്‍ ഒരാളുടെ അടുത്തുചെന്ന് ദീര്‍ഘകാലത്തെ എക്‌സ്പീരിയന്‍സ് ഉണ്ടെന്നു പറഞ്ഞാലും പ്രയോജനമുണ്ടാവില്ല.  ഒരു നിര്‍മാതാവിനെ കണ്ടെത്തിയാലും ആദ്യം പറയുക കാഴ്ച്ചയുടെ കഥയാണ്. അതിനു മുമ്പ് മമ്മൂക്ക ക്രോണിക് ബാച്ചിലര്‍ പോലുള്ള സിനിമകളാണ് ചെയ്തിരുന്നത്. അങ്ങനെയൊരാളുടെ അടുത്ത് ഈ കഥ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? 

സ്വയം ഒതുങ്ങുന്ന ഒരാളെന്ന നിലയ്ക്ക്  ഇക്കാര്യം അരോടും പറയാതെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ഉള്ളില്‍ കടുത്ത നിരാശയുണ്ടായിരുന്നു. എല്ലാ സംവിധായകരും വിളിക്കുമ്പോള്‍ ഞാന്‍ പോകാറില്ല. പക്ഷെ, ജീവിക്കാനുള്ള മാര്‍ഗവും തൊഴിലും ഇതാണല്ലോ.

1993ല്‍ വിവാഹംകഴിച്ചു.  96ല്‍ മൂത്ത കുട്ടി പിറന്നു. കുടുംബാന്തരീക്ഷത്തിലും അതിനോടകം മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. 

സൂത്രധാരന്‍ കഴിഞ്ഞ് രണ്ടു വര്‍ഷത്തോളം ഞാന്‍  സിനിമയില്‍നിന്ന് വിട്ടുനിന്നു. അക്കാലത്ത് സ്‌ക്രീന്‍ പ്രിന്റിംഗും ഇന്റീരിയര്‍ ഡിസൈനിംഗും ചെറുകിട പരസ്യങ്ങളുമൊക്കെയായിരുന്നു ഉപജീവനമാര്‍ഗം. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപം സേവി മനോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നത് അക്കാലത്താണ്. അങ്ങനെ സേവിയുമായി അടുപ്പത്തിലായി. സേവി അപ്പോഴേക്കും രണ്ടു സിനിമകള്‍ നിര്‍മിച്ചിരുന്നു. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലേക്ക് ജയരാജ് വിളിച്ചു. ആ പടം കഴിഞ്ഞപ്പോള്‍ സഹസംവിധായനെന്ന പണിക്ക് ഇനി വരരുതെന്നും സ്വന്തമായി സിനിമ ചെയ്യണമെന്നും ജയരാജ് നിര്‍ദേശിച്ചു.
 
അക്കാലത്ത് ഒരിക്കല്‍ ഞാന്‍ സേവിയോട് കാഴ്ച്ചയുടെ കഥ പറഞ്ഞു. ഒരു നല്ല സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹം  കഥ കേട്ടപ്പോള്‍ അതു സിനിമയാക്കാന്‍  തീരുമാനിക്കുകയായിരുന്നു.
കാഴ്ച്ചയ്ക്കു മുമ്പുതന്നെ തന്മാത്രയുടെയും പ്രണയത്തിന്‍റെയും കഥ എന്‍റെ മനസ്സിലുണ്ടായിരുന്നു. ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്നുള്ള സമയമായതുകൊണ്ട് കാഴ്ച്ചയാണ് പ്രസക്തമെന്നു തോന്നി. 

ദേശാടനം കഴിഞ്ഞ് ന്യൂജനറേഷന്‍ ഫിലിംസിനുവേണ്ടി ഒരു സിനിമ ചെയ്യാന്‍ ജയരാജ് പറഞ്ഞതിനെത്തുടര്‍ന്ന് ആലോചിച്ചപ്പോഴാണ് 16 എംഎം പ്രൊജക്ടറുമായി നടക്കുന്ന ഒരു ഓപ്പറേറ്ററെയും അയാള്‍ക്കൊപ്പം വന്നു ചേരുന്ന ഒരു പയ്യനെയും കേന്ദ്രീകരിച്ചുള്ള കഥ ഉരുത്തിരിഞ്ഞത്. അന്ന് പക്ഷെ ഗുജറാത്തിലെ ഭൂകമ്പസ്ഥലത്തുനിന്നു വന്ന ഒരു കുട്ടിയായിരുന്നില്ല സങ്കല്‍പ്പത്തില്‍.                                                     
                     

ഭൂകമ്പം എല്ലാവരെയുമെന്നപോലെ എന്നെയും ഭയചകിതനാക്കിയിരുന്നു. ഒരു ദിവസം പുലര്‍ച്ചെ കിടന്നുറങ്ങുമ്പോഴാണ് എല്ലാം കുലുങ്ങന്നതുപോലെ തോന്നിയത്. കൈക്കുഞ്ഞിനെയും വാരിയെടുത്ത് പേടിച്ചുവിറച്ച് പുറത്തേക്കോടുകയായിരുന്നു. ആ സാഹചര്യത്തില്‍ ദൈവത്തെ വിളിക്കുയല്ലാതെ മറ്റു മാര്‍ഗമില്ലല്ലോ. പ്രകൃതിയുടെ മുന്നില്‍ മനുഷ്യന്റെ നിസ്സാരത വ്യക്തമാക്കിയ,ധനികനെയും ദരിദ്രനെയും ഒന്നുപോലെയാക്കിയ ദിവസങ്ങളായിരുന്നു അത്.  അന്ന് എല്ലാവരിലും ഒരുപാട് നന്മയുണ്ടായിരുന്നു.  സ്‌നേഹം പങ്കുവയ്ക്കാനുള്ള മനസ്സുണ്ടായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ സ്വര്‍ഗം തുറക്കുന്നതുപോലുള്ള അവസ്ഥ.  

ഇത് എന്റെ മനസ്സിനെ സ്പര്‍ശിച്ചു. ആ ഒരാഴ്ച്ചത്തെ മാറ്റങ്ങള്‍ ഒരു സിനിമയുടെ കഥയാക്കണമെന്ന് ആഗ്രഹിച്ചു. എഴുതാന്‍ അറിയില്ലെന്ന തോന്നലില്‍ അതിനുവേണ്ടി ശ്രമിച്ചില്ലെന്നു മാത്രം. ഈ ചിന്തകള്‍ പഴയ കഥയുമായി ബന്ധിപ്പിച്ചപ്പോള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ഗുജറാത്തില്‍നിന്ന് വന്ന ഒരു കുട്ടി കഥാപാത്രമായി മാറുകയായിരുന്നു. അപ്പോഴേക്കും കഥാതന്തുവില്‍ വീണ്ടും മാറ്റമുണ്ടായി.സേവിക്കൊപ്പം മമ്മൂക്കയ്ക്കും കഥയിഷ്ടമായി. 

പബ്ലിസിറ്റിക്കും സാമ്പത്തികനേട്ടത്തിനും വേണ്ടി സിനിമ ചെയ്യണമെന്ന്  ഇന്നുവരെ ആഗ്രഹഹിച്ചിട്ടില്ല.എന്റെ പശ്ചാത്തലംതന്നെയാണ് കാരണം. കെ.ജി. ജോര്‍ജിന്‍റെ സ്വപ്നാടനം, ഭരതന്‍റെ പ്രയാണം , പത്മരാജന്‍റെ പെരുവഴിയമ്പലം എന്നിവ ഈ സംവിധായകരുടെ ഏറ്റവും മികച്ച ചിത്രങ്ങളായാണ് ഞാന്‍ കാണുന്നത്. ആദ്യസിനിമയില്‍തന്നെ എന്റെ സിനിമാസങ്കല്‍പ്പം ഉണ്ടാകണമെന്നും ആ സിനിമ ജീവിതത്തിന്‍റെ ഭാഗമാകണമെന്നുമാണ്  വളരെ ചെറുപ്പത്തിലേ ആഗ്രഹിച്ചത്.
പക്ഷെ, അതിലേക്കെത്താന്‍ ഒരു തിരക്കഥയുണ്ടാകുന്നില്ല. ഒരുപാടു വര്‍ഷം സിനിമയില്‍ ജോലി ചെയ്‌തെങ്കിലും എനിക്ക് ഒരു എഴുത്തുകാരുമായും ബന്ധമുണ്ടായിരന്നില്ല. സ്വതവേ അന്തര്‍മുഖനായതിന്റെ പ്രശ്‌നമാണ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. 

ലോഹിയേട്ടനൊപ്പമായിരുന്നപ്പോള്‍ അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് താരാമെന്ന് എന്നോടു പറഞ്ഞിരുന്നു. അഞ്ചു സിനിമകളില്‍ ഒന്നിച്ചു വര്‍ക്ക് ചെയ്‌തെങ്കിലും  ഒരിക്കല്‍പോലും എന്റെ സിനിമയുടെ തിരക്കഥാ ചര്‍ച്ചയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തന്മാത്രയുടെ കഥ ലോഹിയേട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹത്തെക്കൊണ്ട് എഴുതിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷെ, അദ്ദേഹം അതില്‍ താല്‍പര്യം കാണിച്ചില്ല. പക്ഷെ, എനിക്കുമേല്‍ സംഭവിച്ചിട്ടുള്ള എല്ലാ അപകടങ്ങളും ദുരന്തങ്ങളും ദുഃഖങ്ങളും വേദനകളും എന്റെ ഭാഗ്യമാണെന്ന് വിശ്വാസം.

കാഴ്ച്ചയുടെ കഥകേട്ട് ഡേറ്റ് തരുമ്പോള്‍ ആരാണ് തിരക്കഥയെഴുതന്നതെന്ന് മമ്മൂക്ക ചോദിച്ചു. വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.  സക്കറിയയെക്കൊണ്ട് എഴുതിക്കാമെന്ന് ഞാന്‍ പറഞ്ഞു. മമ്മൂക്കയും സക്കറിയയും തമ്മില്‍ അടുപ്പമുണ്ടെന്ന് ആരോ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി വെറുതേ സക്കറിയയുടെ പേരു പറഞ്ഞതാണ്.
 
സക്കറിയ സ്‌ക്രീന്‍ പ്ലേ എഴുതിയാല്‍ എത്രത്തോളം വിജയകരമാകുമെന്ന് അറിയില്ലെന്ന് മമ്മൂക്ക പറഞ്ഞു. ലോഹിയേട്ടനും മറ്റും സഹായിച്ചേക്കുമെന്ന് ഞാന്‍ സൂചിപ്പിച്ചു.  ലോഹിയുടെ പാറ്റേണിലുള്ള സിനിമയല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഒടുവില്‍ ഞാന്‍തന്നെ ശ്രമിച്ചുനോക്കാന്‍ മമ്മൂക്ക നിര്‍ദേശിച്ചു. ഇന്നേവരെ എഴുതിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ എഴുതാനാവില്ലെന്നും വ്യക്തമാക്കി. പിന്നീട് തിരക്കഥയെഴുതിക്കാന്‍ സീരിയില്‍ എഴുത്തുകാര്‍ ഉള്‍പ്പെടെ ഒരുപാടു പേരെ സമീപിച്ചു. അതില്‍ വളരെ പ്രശസ്തരായ പലരുമുണ്ട്. അവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് പേരുകള്‍ പറയുന്നില്ല. 

കഥ പറഞ്ഞപ്പോള്‍ ഇതുവച്ച് എങ്ങനെയാണ് സിനിമയുണ്ടാക്കുക? ഭാഷയറിയാത്ത രണ്ടു പേര്‍ എത്ര സീനില്‍ ആംഗ്യഭാഷയില്‍ സംസാരിക്കും? എന്നൊക്കെയാണ് അവര്‍ ചോദിച്ചത്.
ഭാഷയറിയില്ലെങ്കില്‍ പിന്നെ ആംഗ്യഭാഷ എന്നാകാം അവരുടെ ധാരണ. അതോടെ ഞാന്‍ വലിയ വിഷമത്തിലായി. പതിനെട്ടു വര്‍ഷക്കാലത്തെ എന്റെ സിനിമാ സങ്കല്‍പ്പം പാഴായിരുന്നല്ലോ എന്ന നിരാശയിലേക്ക്  വീണുപോയി.
 
കഥ കേട്ടപ്പോള്‍ വളരെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ ചോദിച്ചത് സിനിമാ പാരഡിസോ കണ്ടിട്ടുണ്ടോ എന്നാണ്.  കണ്ടിട്ടുണ്ടെന്നും അതുമായി എന്റ കഥയ്ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി. അപ്പോഴത്തെ മാനസികാവസ്ഥയായിരിക്കാം എന്നോട്  അത്രയും ക്രൂരമായി സംസാരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അത് വരാനിരുന്ന നല്ലതിനുവേണ്ടിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.  അന്നു രാത്രിയില്‍ ഞാന്‍ ഒരുപാടു കരഞ്ഞു. അവിടെനിന്നാണ് തനിയെ എഴുതാനുള്ള തീരുമാനത്തിലേക്ക് വന്നത്.
 
സിനിമയ്ക്ക് അതിന്‍റേതായ ഒരുഭാഷ, ദൃശ്യഭാഷ ഉണ്ടെന്നു വ്യക്തമാക്കേണ്ട വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഇറാനിയന്‍ സിനിമകളും റഷ്യന്‍ സിനിമകളുമൊക്കെ നമ്മള്‍ കാണുന്നത് ഭാഷ മനസ്സിലാക്കിയിട്ടല്ല. ചാപ്ലിന്റെ സിനിമയില്‍ സംഭാഷണമേയില്ല.
അഞ്ചുദിവസംകൊണ്ട്  കാഴ്ച്ചയുടെ ആദ്യപകുതി എഴുതിത്തീര്‍ത്തു. പത്തു പന്ത്രണ്ടു ദിവസം കൊണ്ട് സ്‌ക്രിപ്റ്റ് പൂര്‍ണമാക്കി. അന്ന് ഗുജറാത്ത് കണ്ടിട്ടില്ല. പക്ഷെ അവിടെ ചെല്ലുമ്പോള്‍ നേരത്തെ ഞാന്‍ എഴുതിയതുപോലെതന്നെയുള്ള ചുറ്റുപാടുകളാണ് കണ്ടത്. പിന്നീട് നടന്നതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍.

സമൂഹം, സംസ്‌കാരം, സിനിമ
തിയേറ്ററില്‍ ഓടിയാല്‍ മാത്രം മതിയെന്ന ലക്ഷ്യത്തോടെയോ മറ്റു മുന്‍വിധികളോടെയോ  ഒരു സിനിമയെയും സമീപിച്ചിട്ടില്ല. സ്വന്തം പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് സിനിമകള്‍ ഒരുക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളേക്കാള്‍ വലിയതെന്തോ ചെയ്യേണ്ടയാളാണ് എന്ന അഹംബോധമില്ല. ജീവിതത്തില്‍ ആഗ്രഹിച്ച വഴികളില്‍ എത്തിപ്പെടാന്‍ കഴിഞ്ഞന്നതുതന്നെ വലിയ ഭാഗ്യമാണ്. 

ബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് കുടംബബന്ധങ്ങളെക്കുറിച്ചാണ് സിനിമകളില്‍ ഞാന്‍  ഇതുവരെ കൂടുതലും പറഞ്ഞത്. അതിനെ സമാനതയായി കാണാനാവില്ല. ചിലപ്പോള്‍ സംവിധായകന്‍ ജീവിതത്തില്‍ അനുഭിക്കാത്ത അവസ്ഥകള്‍ സിനിമകളിലൂടെ അവതരിപ്പിക്കുന്നതാവാം. അമ്മ എന്ന കഥാപാത്രത്തിനേക്കള്‍ എന്റെ സിനിമയില്‍ പ്രധാന്യം അച്ഛനായിരിക്കും. എന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുണ്ടായിരുന്നത്, ഏറെ സ്വാധീനിച്ചത് അമ്മതന്നെയാണ്. പക്ഷെ, അച്ഛന്‍ ഒരു എനിക്കൊരു സങ്കല്‍പ്പമാണ്. ഈ സങ്കല്‍പ്പം അറിയാതെ മറ്റൊരു ഭാവത്തില്‍ വരുന്നുണ്ടാകും. അത് സ്വാഭാവികമായും സംഭവിക്കുന്നതാണ്. അതുണ്ടാക്കുന്ന ഇഫക്ട് ദോഷകരമല്ല.

ഇക്കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ നന്മതിന്മകളുടെ വലിയൊരു ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. പലപ്പോഴും ഞെട്ടിപ്പിക്കുന്ന, അറപ്പുളവാക്കുന്ന തരത്തിലുള്ള ജീവിതാനുഭവങ്ങളില്‍കൂടിയാണ് നമ്മള്‍ കടന്നുപോകുന്നത്.
പണ്ട് മനുഷ്യനും മൃഗവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനമായ വ്യത്യാസം തിരിച്ചറിവുകളായിരുന്നു. അച്ഛനെയും അമ്മയെയും മക്കളെയുമൊക്കെ പരസ്പരം തിരിച്ചറിയാനുള്ള വിവേകം.
 
ഇന്ന് മാധ്യമങ്ങളില്‍ നാം കാണുന്ന വാര്‍ത്തകള്‍ എന്താണ്? പിതാവും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു. മൃഗങ്ങള്‍ ചിലപ്പോള്‍ സ്വന്തം ആവശ്യം സാധിക്കുമായിരിക്കാം. അതിനപ്പുറം മറ്റൊരു മൃഗത്തെ കൂട്ടിക്കൊണ്ടുവരുന്ന അവസ്ഥയിലേക്ക് തരംതാഴാനിടയില്ല.
 
ഇത്തരം അവസ്ഥയിലേക്ക് സമൂഹം മാറുമ്പോള്‍   ധാര്‍മിക ഇടപെടലുകള്‍ ആവശ്യമാണ്. അതാണ് എന്റെ രാഷ്ട്രീയം. പളുങ്ക് എന്ന ചിത്രത്തില്‍ അതാണു ചെയ്തത്. 
കൊട്ടാരക്കരയില്‍ രണ്ടര വയസുള്ള ഒരു കുഞ്ഞിനെ കടത്തിണ്ണയിലിട്ട് ബലാത്സംഗം ചെയ്തു എന്ന പത്രവാര്‍ത്തനല്‍കിയ വേദനയാണ്  ആ സിനിമയിലേക്ക് നയിച്ചത്. 

ആഗോളവത്കരണം എന്നാല്‍ കൊക്കക്കോള കമ്പനി കേരളത്തെ വിലയ്ക്കു വാങ്ങുന്നതൊന്നുമല്ല. വിപണനത്തിലൂടെ, ഉപഭോക്തൃ സംസ്‌കാരത്തിലൂടെ അറിഞ്ഞോ അറിയാതെയോ ബന്ധങ്ങളിലുണ്ടായ മാറ്റമാണ്. 
 
നാലു പേര്‍ മാത്രമുള്ള വീട്ടില്‍പോലും അകല്‍ച്ചകളുണ്ടാകുന്നു. ഭാര്യാഭര്‍തൃബന്ധത്തില്‍  നിനക്ക് ഞാന്‍ വളയൂരിത്തന്നാല്‍ എനിക്ക് എന്തു ലാഭമുണ്ടാകും എന്നതരത്തിലുള്ള ചിന്തകളാണ്. ജീവിതപങ്കാളിക്കു മുന്നില്‍ മനുഷ്യന് കുറ്റബോധങ്ങളില്ലാതാകുന്നു. ആലങ്കാരിക വസ്തുക്കളോടുള്ള ഭ്രമമേറുന്നു.
 
ഓരോ ദിവസവും ചാച്ചന് ഓരോ മണമാണ്. ഈ മണമാണ് എനിക്ക് ഇഷ്ടം എന്ന് പളുങ്കിലെ കഥാപാത്രം പറയുന്നുണ്ട്.  അതുപക്ഷെ വേറൊരു പെണ്ണിന്റെ മണമാണ്. ഞാന്‍ ചെയ്തതില്‍ ഏറ്റവും പൊളിറ്റിക്കലായിട്ടുള്ള പടമാണത്. താരതമ്യേന ചര്‍ച്ച ചെയ്യപ്പെടാതെ പോയ പടവും അതാണ്. അതില്‍ ഏറെ വിഷമം തോന്നിയിരുന്നു. 
അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പാടില്ലാത്ത ഇവന്റെയൊന്നും ചെത്തിക്കളയാന്‍ ഇവിടെ നിയമമില്ലേ സാറേ എന്ന ചോദ്യം ആ സിനിമയില്‍ നീതിപീഠത്തിനു മുന്നിലുയരുന്നുണ്ട്.
 
ഇപ്പോഴും പത്രത്തില്‍ കാണുന്ന് കോതമംഗലത്തെയും പറവൂരിലെയുമൊക്കെ പെണ്‍വാണിഭത്തിന്റെ വാര്‍ത്തകളാണ്. ഇത് എന്തുകൊണ്ട് നില്‍ക്കുന്നില്ല?  വിതുരതൊട്ട് ഇങ്ങോട്ട് എത്ര പെണ്‍വാണിഭങ്ങള്‍ നടന്നു?. ഇവന്റെയൊക്കെ ചെത്തിക്കളയുന്ന നിയമം വന്നാല്‍ എല്ലാം അവിടെ നില്‍ക്കില്ലേ?
പഴയകാലത്തിന്റെ ഒരു മനസ്സ് ഉള്ളിലുള്ളതുകൊണ്ടാണ് ഇങ്ങനെ ചിന്തിച്ചുപോകുന്നത്.  സമൂഹത്തിന് കുറച്ചൂകുടി നന്മയുണ്ടാകണം, സ്‌നേഹമുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളില്‍നിന്നാണ് ഈ സിനിമയൊക്കെ ഉണ്ടാകുന്നത്. അതുകൊണ്ടാണ്  സമാനതകള്‍ തോന്നുന്നത്.
 
തന്മാത്ര വളരെ വ്യക്തിപരമായ ഒരു ചിത്രമാണ്.  ന്യൂക്ലിയര്‍ ഫാമിലിയില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആലോചനയാണ് ആ സിനിമയിലെത്തിയത്. അല്‍ഷിമേഴ്‌സ് രോഗമൊക്കെ പിന്നീടാണ് കടന്നുവന്നത്.
 
ഭാര്യയ്ക്കും ഒന്നോ രണ്ടോ കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍.ബാങ്കില്‍ പോയി ഒരു ചെക്കുപോലും     ഒപ്പിടാനറിയാത്ത വീട്ടമ്മ. അയാളുടെ അഭാവത്തില്‍ ആ കുടുംബം എങ്ങനെയായിരിക്കും? അപ്പോള്‍പിന്നെ മരിച്ചതിനു തുല്യമായി ഗൃഹനാഥന്‍ ജീവിച്ചിരുന്നാലോ?
ഇതൊക്കെ ജീവിതവുമായി ബന്ധപ്പെട്ട എന്റെ വേദനകളും ആശങ്കകളും ഒക്കെയാണ്. അതുകൊണ്ടുതന്നെയാണ് എന്റെ സിനിമകള്‍ സത്യമാകുന്നത്.
 
പ്രണയം എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഇന്ന് പ്രണയം ഉണ്ടോ എന്ന ചോദ്യമുയരുന്നു.  സ്‌നേഹത്തിനും പ്രേമത്തിനും അപ്പുറത്തേക്കുള്ള യാത്രയാണ് പ്രണയം. പ്രണയത്തിന്റെ ഏറ്റവും വ്യത്യസ്തമയ ഒരു തലത്തിനേക്കുറിച്ച്  സംസാരിക്കുവാനുള്ളതുകൊണ്ടാണ് ഈ സിനിമ ചെയ്യുന്നത്. സിനിമയെ ഒരു കാലാരൂപമായിതന്നെ കാണുന്ന ഒരു കാലഘട്ടം വരെയേ ഞാന്‍ സിനിമയിലുണ്ടാകൂ. അതല്ലാത്ത അവസ്ഥയിലേക്ക് സിനിമ ചുരുങ്ങുമ്പോള്‍ എന്റെ സിനിമാ സങ്കല്‍പ്പങ്ങളും അതിനോടുള്ള അവേശവും തീരും.
മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ് പ്രണയം. പക്ഷെ, പ്രണയം എന്ന പേരില്‍ ഇതുവരെ ഒരു മലയാള സിനിമ ഉണ്ടായിട്ടില്ലെന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതെന്റെ ഭാഗ്യമായാണ് കരുതുന്നത്.
 
മറ്റൊരാള്‍ പറയാത്തത് പറയാന്‍ ശ്രമിച്ചതാണ് ഈ സിനിമയ്ക്കുവേണ്ടി ഞാനെടുത്തിട്ടുള്ള ഏറ്റവും വലിയൊരു എഫര്‍ട്ട് എന്ന് വിലയിരുത്താം. ലോക സാഹിത്യത്തിലും സിനിമയിലും ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടുട്ടുള്ള വിഷയമാണ് പ്രണയം. അതായത് ഒരു യൂണിവേഴ്‌സല്‍ സബ്ജക്ട്.  പ്രകൃതിയില്‍ എല്ലാ ചരാചരങ്ങളിലും പ്രണയമുണ്ട്. കടലും തിരയുമായി, പൂവും വണ്ടുമായി, ആണും പെണ്ണുമാമായി പ്രണയമുണ്ടാകാം.  അതോടൊപ്പംതന്നെ മനുഷ്യന് പ്രകൃതിയോടും പ്രകൃതിക്ക് മനുഷ്യനോടുമുണ്ടാകും. ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരവസ്ഥയാണത്. മരണത്തിന്റെ തൊട്ടു മുന്‍പും ചിലപ്പോള്‍ മരണത്തിലുമുണ്ടാകാം. ചിലപ്പോള്‍ മരണത്തോടാകും 
പ്രണയം. 

വ്യത്യസ്ഥമായ ഒരു പശ്ചാത്തലത്തില്‍നിന്നുകൊണ്ട് സൗന്ദര്യവത്കരിക്കപ്പെട്ട ഒരവസ്ഥയില്‍ കഥ പറയാനുള്ള ഒരു ശ്രമമാണ് നടത്തിയിട്ടുള്ളത്. പ്രത്യേകിച്ച് ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥ. ഈ തലമുറയില്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഒരുപാട് അവസ്ഥകളുടെ ഓര്‍പ്പെടുത്തലുകള്‍കൂടി അതിലുണ്ട്.

നന്മ ചെയ്യണമെങ്കില്‍ മനസ്സിന് എപ്പോഴും ആര്‍ദ്രത ഉണ്ടാകണം. സാംസ്‌കാരിക ഇടപെടലുകളുടെ അഭാവത്തിലാണ് അത് നഷ്ടപ്പെടുന്നത്. ഈ ഇടപെടല്‍ സാഹിത്യത്തില്‍നിന്നോ സിനിമയില്‍നിന്നോ നാടകത്തില്‍നിന്നോ ഒന്നും ഉണ്ടാകുന്നില്ല. ഇവിടേക്ക് സംസ്‌കാരം ഇറക്കുമതി ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ രാഷ്ട്രീയമായി വേണം കാണാന്‍.
പ്രണയത്തിലെ ഫോട്ടോകള്‍ ഒരു പത്രത്തിന് അയച്ചുകൊടുത്തു.  മോഹന്‍ലാലിന്റെ ചിത്രമുണ്ടെങ്കിലെ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്.
 
ഈ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അനുപം ഖേറും ജയപ്രദയുമുണ്ട്. അവര്‍ ആര്‍ട്ടിസ്റ്റുകളല്ലേ?. ആ പത്രപ്രവര്‍ത്തകന്റെ മനസ്സ് എത്ര വികലമാണ്? ഇലക്‌ട്രോണിക് മീഡിയ രംഗത്ത് കിടമത്സരമാണ് നടക്കുന്നത്.
രാഷ്ട്രീയക്കാരും പോലീസുകാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ നന്മ ചിന്തിക്കേണ്ട കാലമാണിത്. പക്ഷെ, മാധ്യമങ്ങള്‍ ചില കച്ചവടക്കാരുടെ കൈകളിലകപ്പെട്ടതോടെ റേറ്റിംഗ് കൂട്ടുവാന്‍ എന്തു കള്ളത്തരവും കാണിക്കുന്ന സ്ഥിതിയാണുള്ളത്. എല്ലായിടത്തും കച്ചവടം കടന്നുകൂടിയതിന്‍റെ കുഴപ്പമാണിത്.
 
കല്‍ക്കട്ട ന്യൂസിന്‍റെ റിലീസിനോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇരിക്കുമ്പോള്‍  എന്തിനാണ് എല്ലാ സിനിമയിലും ഇത്രയധികം സാമൂഹ്യപ്രതിബദ്ധത ഉള്‍ക്കൊള്ളിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചു.

ഒരു നിമിഷം ഞാന്‍ മിണ്ടാതിരുന്നുപോയി. സാമൂഹ്യ പ്രതിബദ്ധത തെറ്റാണെന്ന്  ചൂണ്ടിക്കാണിക്കുകയാണ്. അതും മാധ്യമ സമൂഹത്തില്‍നിന്നൊരാള്‍. ഇവിടെ ഞാന്‍ എന്താണ് മറുപടി പറയേണ്ടത്? അത്തരമൊരു അവസ്ഥയിലേക്ക് നമ്മുടെ സമൂഹം മാറിപ്പോയി. 
ഈ ഭൂമി നിലനില്‍ക്കുന്നത് ഇവിടെയുള്ള ആളുകളെല്ലാം നല്ലവരയാതുകൊണ്ടല്ല. ചുരുക്കം ചിലരുടെ നന്മയിലാണ്. ലോകം മുഴുവന്‍ മാറി. പ്രത്യേകതരം സിനിമകളേ പ്രോത്സാഹിപ്പിക്കപ്പെടുന്നുള്ളൂ എന്നു പറഞ്ഞതുകൊണ്ട് ഞാനും ആ വഴിയില്‍ സഞ്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. 

തീര്‍ച്ചയായും ഒരു കലാകാരന് ജീവിതത്തില്‍ ഫേസ് ചെയ്യേണ്ടിവരുന്ന ത്യാഗത്തിന്റെ വഴികള്‍തന്നെയായിരിക്കും എനിക്കു മുന്നിലുള്ളത്. ഇത്രയധികം സാക്രിഫൈസ് ചെയ്തുവന്ന എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വിഷമമല്ല.
 
സിനിമ ധാര്‍മികതയെ പിടിച്ചുകൊണ്ടുള്ളതായിരിക്കണമെന്നോ എല്ലാ വാക്കുകളും സാമൂഹ്യപ്രതിബദ്ധത തുളുമ്പുന്നതായിരിക്കണമെന്നോ അല്ല പറയുന്നത്. സിനിമയ്ക്ക് വേറെ സൗന്ദര്യ സങ്കല്‍പ്പങ്ങളുണ്ട്. നേരത്തെ സൂചിപ്പിച്ച പത്രപ്രവര്‍ത്തകന്‍ ഒരുപക്ഷെ  ഉദ്ദേശിച്ചത് അതായിരിക്കും. പക്ഷെ,  കൊടികള്‍ക്കും ഇസങ്ങള്‍ക്കും അപ്പുറത്ത് ഒരു രാഷ്ട്രീയമുണ്ട്. 
കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്‍റെയും നന്മയുടെയും തിന്മയുടെയും ഒക്കെ വഴികള്‍ പിന്നിട്ട്  വളര്‍ന്നുവന്ന ഒരാളെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതം സമ്മാനിച്ച അനുഭവങ്ങള്‍ പറയാനുണ്ടാകും.  ചെറുപ്പത്തില്‍ ഞാന്‍ പാര്‍ട്ടി രാഷ്ട്രീയത്തിന് പോകാതിരുന്നതിന്റെ കാരണം അങ്ങനെയാകും വ്യക്തമാകുക. അത് തെറ്റാണെന്ന് എങ്ങനെ പറായാനാകും? 

കഴിഞ്ഞകാല അനുഭവങ്ങളൊക്കെ ഇപ്പോള്‍  ബൈബിള്‍ പോലെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്. നാളെയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് നഷ്ടപ്പെടുന്നതുകൊണ്ടാവാം മനുഷ്യന്‍ ആത്മഹത്യ ചെയ്യുന്നത്.  ഇമാജിനേഷന്‍ നഷ്ടപ്പെടുന്നവനാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. എനിക്ക് ചെറുപ്പത്തില്‍ സംഭവിച്ചതും അതാണ്. പിന്നിട്ട കഷ്ടപ്പാടുകളുടെ തുടര്‍ച്ചയാണ് നാളെയും എന്ന ചിന്തയാണ്. ഇതെല്ലാം മാറുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. സോഷ്യല്‍ ഗാതറിംഗ്‌സ് നഷ്ടപ്പെടുമ്പോഴാണ്  സ്വയം ഒതുങ്ങി ഇങ്ങനയൊക്കെ ചിന്തിക്കുന്നത്. അത് ഒരു മാനസികാവസ്ഥകൂടിയാണ്. രോഗമെന്നു പറയാന്‍ പറ്റില്ല.
 
മലയാളികള്‍ പൊതുവേ വിദ്യാഭ്യാസമ്പന്നരാണെങ്കിലും മാനസികരോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടാണ്. ഷുഗറോ പ്രഷറോ കാന്‍സര്‍പോലുമോ ഉണ്ടെന്നു പറയാന്‍ തയാറാകുന്നവരുണ്ട്. പക്ഷെ, എനിക്ക് മാനസികമായി കുറച്ച് ഡിപ്രഷനുണ്ടെന്ന് പറയില്ല. പറഞ്ഞാല്‍ അതു കേള്‍ക്കുന്നവര്‍  ഭ്രാന്താണെന്ന് ധരിക്കും. പക്ഷെ, ഇന്ന് കേരളത്തില്‍ മനസുകളെയാണ് ഏറ്റവുമധികം രോഗം ബാധിച്ചിട്ടുള്ളത്.
പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി മറ്റു കുട്ടികളേക്കാള്‍ മാര്‍ക്കു നേടണമെന്ന് അമ്മ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കും.  ഇത് അമ്മയെയും  കുട്ടിയെയും ഒന്നുപോലെ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുന്നു. 
ഡ്രൈവര്‍ക്ക് മുതലാളിയോടുണ്ടാകുന്ന കോംപ്ലക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ വേറെ. ഇത് എവിടെയും ചര്‍ച്ചക്കെടുക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല.
 
കേരളത്തിലെ മനുഷ്യരുടെ മാനസികാവസ്ഥ മനസിലാക്കണമെങ്കില്‍ കൊച്ചിയില്‍  വൈറ്റിലയില്‍നിന്ന് പാലാരിവട്ടംവരെ ഒരു ബസില്‍ യാത്രചെയ്താല്‍ മതി. മുന്നേ ഓടുന്ന ബസിനെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ അന്‍പതു പേരുടെ ജീവന്‍ തന്റെ കയ്യിലാണെന്നത് ഡ്രൈവര്‍ മറക്കുന്നു.
 
മാധ്യമങ്ങളാകട്ടെ ഇത്തരം വിഷയങ്ങള്‍ പരിഗണിക്കുന്നതേയില്ല.  വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിസല്‍ ഇത്തരം പ്രവണതകള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
 
ഇങ്ങനെ നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളൊക്കെ  സിനിമകളിലും ഉണ്ടാകണം. മറ്റുള്ളവര്‍ അങ്ങനെ ചിന്തിക്കുന്നുണ്ടോ എന്നതല്ല പ്രശ്‌നം. എന്റെ സിനിമ ആര്‍ട്ട് സിനിമയായിരിക്കുമെന്ന് അടുത്തകാലത്ത് ഒരാള്‍ പറഞ്ഞു. സിനിമ ഒരു ആര്‍ട്ടാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ്  ഞാന്‍ ഇത്രയും കഷ്ടപ്പെട്ടു വന്നതെന്ന് അയാളെ കണ്ടപ്പോള്‍  പറഞ്ഞു.
അല്ലെങ്കില്‍ എന്റെ സഹോദരിമാരൊക്കെ അമേരിക്കയിലുണ്ട്. ഒരു നഴ്‌സിനെ കല്യാണം കഴിച്ച് എനിക്കും അവിടേക്ക് പോകാമായിരുന്നു. ഒരു കലാകാരനായി ജീവിക്കാന്‍വേണ്ടിയാണ് സിനിമയില്‍ വന്നത്. 
ഇത്തരത്തില്‍ വിലകുറഞ്ഞ അവസ്ഥയിലേക്ക് സിനിമയും സംസ്‌കാരവുമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ വിഷമിച്ചിട്ടും നമ്മളും അങ്ങനെയായിട്ടും കാര്യമില്ല. നമ്മളാല്‍ ആകുന്നത് ചെയ്യുകയാണ് വേണ്ടത്.
 
ജീവിതത്തെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലൂടെയാണ് കാലം മുന്നോട്ടു പോകുന്നത്.  ശരി ചെയ്യുന്നവര്‍ പരാജയപ്പെടുകയും തെറ്റുമാത്രം വിജയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്റെ സിനിമകള്‍ സിനിമയേയല്ലെന്ന് പറയുന്ന ആളുകളുണ്ടാകും. അതൊന്നും നമ്മള്‍ പരിഗണിക്കേണ്ടതില്ലല്ലോ.
 
ഇന്നത്തെ അവസ്ഥയ്ക്ക് പ്രേഷകരെ ഒരുപരിധിവരെയെ കുറ്റംപറയാനാകൂ. ഒരു സിനിമ തുടര്‍ച്ചായി ഓടുമ്പോള്‍ പ്രേഷകരുടെ സങ്കല്‍പ്പംതന്നെ മാറുന്നു. എഴുപതുകളിലും എണ്‍പതുകളിലും നിരന്തരമായി സമാന്തര സിനിമകളിറങ്ങി. ആ സിനിമകള്‍ കാണാന്‍ വലിയൊരു പ്രേഷക സമൂഹവും ഉണ്ടായിരുന്നു.   ഇത്തരം ഒരു സമൂഹം ഇന്ന് ഇല്ലാഞ്ഞിട്ടല്ല. അവര്‍ സിനിമയില്‍നിന്ന് മാറി നില്‍ക്കുകയാണ്.
തിയേറ്ററില്‍ ഓടാന്‍ മാത്രമായി ഒരു ഫോര്‍മുല ഉണ്ടാകുയും അതിനുവേണ്ടി മാത്രം സിനിമയൊരുക്കുകയും അത് തീയേറ്ററില്‍ പരാജയപ്പെടുകയും ചെയ്താല്‍ പിന്നെ സംവിധായകന് നിലനില്‍പ്പില്ല. അതേസമയം അത്യാവശ്യം മികച്ച മാര്‍ക്കറ്റിംഗ് ഉണ്ടെങ്കില്‍ ഇപ്പോഴും നല്ല സിനിമകള്‍ക്ക് മലയാളത്തില്‍ സാധ്യതകളുണ്ട്. പുതുമുഖ സംവിധായകരാണെങ്കില്‍ അത്തരം സിനിമകള്‍ക്ക് നിര്‍മാതാക്കളെ കിട്ടുന്നതുവരെ കാത്തുനില്‍ക്കണം. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടുമെന്ന ബൈബിള്‍ വാക്യമാണ് ഇവിടെ ഞാന്‍ ഓര്‍മിപ്പിക്കുന്നത്.
 
പണ്ട് അതൊക്കെ വായിച്ചപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. കാത്തിരുന്ന പതിനെട്ടു വര്‍ഷത്തിനിടെ പത്തു വര്‍ഷം പിന്നിട്ടപ്പോള്‍ എല്ലാം അവസാനിപ്പിച്ച് ഞാന്‍ പോയിരുന്നെങ്കിലോ? ചിലപ്പോള്‍ അറുപതു വയസു കഴിയുമ്പോഴായിരിക്കും എനിക്കൊരു സിനിമ ചെയ്യാന്‍ സാധിക്കുക. പൗലോ കൊയ്‌ലോ എത്ര വൈകിയാണ് നോവല്‍ എഴുതിത്തുടങ്ങിയത്? ഇപ്പോഴും അദ്ദേഹം പുസ്തകങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു.
 
എഴുതിയിട്ട് വേണ്ടെന്നുവച്ച തിരക്കഥകളുണ്ട്. പ്രണയത്തിനു മുമ്പ് ഒരു തിരക്കഥ എഴുതിത്തുടങ്ങിയിട്ട് ഉപേക്ഷിച്ചു.  ഞാന്‍ സിനിമയെ ഗൗരവമായി എടുത്തു തുടങ്ങിയ കാലത്തുണ്ടായിരുന്ന സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമല്ല ഇന്നുള്ളത്. ഇന്ന് സിനിമ ഒരു കലാരൂപമാണോ എന്നുപോലും മലയാളികള്‍ സംശയിച്ചു നില്‍ക്കുകയാണ്.
 
വായനയും സിനിമയും ജീവിതത്തിന്റെ ഭാഗമായി നിലനിന്നിരുന്ന, സമൂഹത്തില്‍ വലിയൊരു സാംസ്‌കാരിക അവബോധമുണ്ടാക്കിയിരുന്ന   കാലമുണ്ടായിരുന്നു. ഇന്ന് അതിന്റെ സാധ്യതകള്‍ വളരെ കുറഞ്ഞു.
എഴുപതുകളിലെ, അല്ലെങ്കില്‍ എണ്‍പതുകളിലെ രീതിയില്‍ കുടുംബബന്ധങ്ങള്‍ അവതരിപ്പിച്ചാല്‍ അസംഭവ്യമെന്നാണ് ഇന്നത്തെ തലമുറ കരുതുക. സാഹചര്യങ്ങളിലെ മാറ്റമാണ് കാരണം.
എംടി സാറിന്റെയും മറ്റും കഥകളിലെ കുടുംബങ്ങളില്‍ അമ്മാവനും ചെറിയച്ഛനും ഓപ്പോളിനുമൊക്കെ വലിയ സ്ഥാനമുണ്ടായിരുന്നു. പട്ടാളത്തില്‍നിന്നും ട്രങ്കുമൊക്കെയായി വരുന്ന, അച്ഛനെക്കാള്‍ ബഹുമാനിക്കപ്പെടുന്ന ഒരു അമ്മാവനെക്കുറിച്ച് ഇന്ന് എവിടെ എഴുതാന്‍ പറ്റും?  സാമൂഹിക പശ്ചാത്തലത്തിനൊത്ത് കഥ കണ്‍സീവ് ചെയ്യുന്ന രീതിയും മാറ്റാതിരിക്കാനാവില്ല.
 
 സിനിമയായാലും സാഹിത്യമായാലും ഒരു സമൂഹത്തിന്റെ മനോവ്യാപാരങ്ങളിലൂടെ കടന്നുപോകുമ്പോള്‍, അവരുടെ സംസ്‌കാരത്തെ  സ്പര്‍ശിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ വായനക്കാരില്‍ ഒരു മാറ്റം സംഭവിക്കും. അതില്‍നിന്നും അവന്റെ മനസ് ഒരു ഊര്‍ജ്ജം സ്വീകരിക്കും.
 
നന്മയുള്ള ഒരു സിനിമ കാണുമ്പോള്‍ അല്ലെങ്കില്‍ ഒരു രനച വായിക്കുമ്പോള്‍ അറിയാതെ നന്മയുടെ പക്ഷത്ത് വരും. അതേസമയംതന്നെ പോലീസുകാരനെ മുണ്ടുപറിച്ചടിക്കുന്നതു കാണുമ്പോള്‍ തന്റെ നാട്ടിലെ ഒരു പോലീസുകാരനെ ചീത്തപറയണമെന്ന മനോഭാവം അറിയാതെ വളരുകയാണ്. ഇത്തരത്തില്‍  മാനസികമായ ഒരു ബോധതലം സൃഷ്ടിക്കുന്ന ഒരു അവസ്ഥ സാഹിത്യത്തിനും സിനിമയ്ക്കുമൊക്കെയുണ്ട്.
 
അതുകൊണ്ടു സംസ്‌കാരത്തെ നന്മയിലേക്ക് നയിക്കാന്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് യോഗ്യതയുണ്ടാവണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉള്ളതുപോലെ.
ഞാന്‍ അറിയാതെ പടച്ചുവിടുന്ന ഒരു സാധനം ഞാന്‍ കാണുന്ന അര്‍ത്ഥതലങ്ങള്‍ക്കു മുകളിലേക്ക് സഞ്ചരിക്കുന്നു എന്ന ഒരു തോന്നലുണ്ടാകണം. അത് ഇന്നത്തെ സിനിമകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

സംതൃപ്തി
സിനിമയിലെന്നല്ല, മറ്റു ക്രിയേറ്റിവിറ്റികളിലും എനിക്ക് സംപൂര്‍ണ സംതൃപ്തി ലഭിക്കാറില്ല.  കാഴ്ച്ച ഒന്നുകൂടി ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ കുറേക്കൂടി നന്നാക്കാമായിരുന്നെന്ന് തോന്നാറുണ്ട്. തന്മാത്രയുള്‍പ്പെടെ  എല്ലാ സിനിമകളും റീമേക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.  പുറമെനില്‍ക്കുന്ന  ഒരാള്‍ സിനിമയുടെ സൗന്ദര്യം കാണുമ്പോള്‍ സംവിധായകന്‍ അതിന്റെ ന്യൂനതകളിലേക്കാവും ചെന്നെത്തുക.  ഈ ന്യൂനതകള്‍ തിരുത്തുവാനുള്ള അവസരമാണ് എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത്. അത് എല്ലാ സൃഷ്ടിയുടെയും പിന്നിലുള്ള ഒരവസ്ഥയാണ്.

എന്റെ സിനിമകളില്‍ സൂപ്പര്‍ താരങ്ങളെ മാത്രമാണ് അഭിനയിപ്പിക്കുന്നതെന്ന് പറയുന്നവരോട്   എനിക്ക് ചില മറുചോദ്യങ്ങളുണ്ട്. തന്മാത്ര ഹിന്ദിയിലും കന്നഡയിലും ബംഗാളിയിലും മറ്റും റീമേക്ക് ചെയ്യാന്‍ റൈറ്റ് വാങ്ങി. പക്ഷെ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായരുടെ വേഷം ചെയ്യാന്‍  പോന്ന മറ്റൊരു ആര്‍ട്ടിസ്റ്റും ഇല്ല. അത്രയധികം ഇന്റന്‍സിറ്റിയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തിലെ ഒരു നടനേ കഴിഞ്ഞുള്ളൂ.
ഞാന്‍ ഇതുവരെ ചെയ്ത സിനിമകളുടെ ആവശ്യമായിരുന്നു അവയില്‍ അഭിനയിച്ച താരങ്ങള്‍.

പ്രണയത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് 65 വയസുകാരനായിട്ടാണ്. ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും തമ്മിലുള്ള ബാലന്‍സാണ് കാണിക്കുന്നത്. മറുപക്ഷത്ത് നില്‍ക്കുന്നത് ഈ കഥാപാത്രത്തിന്റെ, നടന്റെ പേഴ്‌സനാലിറ്റിക്കൊപ്പം നില്‍ക്കുന്നയാളാകണം. ആളുടെ പേഴ്ണാലിറ്റിയാണ് പ്രേക്ഷകനില്‍ ഇമേജായി മാറുന്നത്. അത്തരത്തിലുള്ള ഒരു ബാലന്‍സിംഗിനുവേണ്ടിയാണ് അനുപം ഖേറിനെ വച്ചത്.  അല്ലാതെ എന്റെ കോംപ്രമൈസല്ല. അഭിനിയിക്കാനുള്ള കഴിവും പ്രധാനമാണ്.

ആത്മീയത
1985ല്‍ പരുമല പള്ളിയില്‍ പോകുന്നതിനുമുമ്പ്  ഞാന്‍ സ്വന്തം കഴിവുകളിലാണ് വിശ്വസിച്ചിരുന്നത്. ഇന്ന് കഴിവുകളെക്കുറിച്ച് ചിന്തിക്കാറില്ല. എല്ലാം ഏറ്റുവാങ്ങാനായി ഞാന്‍ ഒരുക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെയാണ് ജീവിതത്തില്‍ കൈവരിച്ചതൊന്നും നേട്ടങ്ങളായി തോന്നാത്തത്. 

ഗുജറാത്തില്‍  മുമ്പേ സംഭവിച്ച ഒരു കാര്യം  അറിയാതെ അതേപടി കാഴ്ച്ചയുടെ തിരക്കഥയില്‍ എഴുതിയതും മറ്റും യാദൃശ്ചികമല്ല.  ഈശ്വരാനുഗ്രഹമാണ്.
 
ഒരു സീന്‍ എഴുതിക്കഴിഞ്ഞ് അതില്‍നിന്ന് അടുത്ത സീനിലേക്കു പോകുന്ന സ്വാഭാവിക വളര്‍ച്ചയാണ് സംഭവിക്കുന്നത്.സാധാരണ പുലര്‍ച്ചെയാണ് എഴുത്ത്. രാത്രി കിടക്കുമ്പോള്‍ പിറ്റേന്ന് എന്താണ് എഴുതേണ്ടതെന്ന് മനസ്സിലുണ്ടാവില്ല. പുലര്‍ച്ചെ രണ്ടിനോ മൂന്നിനോ എഴുന്നേറ്റിരുന്ന് ഒരു സീന്‍ എഴുതിക്കഴിയുമ്പോഴാണ് ഇത് കുറച്ചു മുമ്പ് എന്റെ കയ്യില്‍ ഇല്ലായിരുന്നല്ലോ എന്നു തോന്നുന്നത്. ഈ അത്ഭുതം ശരിക്കും അനുഭവിക്കുന്നുണ്ട്. അവിടെയാണ് ഇത് പൂര്‍ണമായും എന്നിലേക്ക് വരുന്നതാണെന്ന്  മനസ്സിലാക്കുന്നത്. 
 
ഭ്രമരം എഴുതി അറുപതു ശതമാനം പിന്നിട്ട് നായകന്‍ ഒരു മുനമ്പില്‍ ലോറി കൊണ്ടുവന്ന് ചവിട്ടി നിര്‍ത്തി, വെളിയില്‍ ഇറങ്ങി കൈകൊട്ടി ചിരിക്കുന്ന രംഗത്തിലെത്തുമ്പോഴാണ് അയാളുടെ ഉന്മാദാവസ്ഥയെക്കുറിച്ച് ഞാന്‍ അറിയുന്നത്. തുടര്‍ന്ന് പിന്നിലേക്ക് വായിച്ചുനോക്കി.
 
ഇയാളുടെ ചെവിയില്‍ വണ്ടു മൂളുന്നതും  പാതി താഴ്ന്ന തലയുമായി കൂട്ടുകാരനെ നോക്കിയതുമൊക്കെ ഞാന്‍ എഴുതിവച്ചിട്ടുണ്ട്. ഇതെങ്ങനെ എന്നെ അത്ഭുതപ്പെടുത്താതിരിക്കും?.
 
ഈ യാത്രകളിലൊക്കെ അയാള്‍ ഭ്രാന്ത് കാണിച്ചിട്ടുണ്ട്.  വണ്ടിന്റെ മൂളല്‍ റീറെക്കോര്‍ഡിംഗിനു വേണ്ടി മാത്രമാണ് എഴുതിയിരുന്നത്. പിന്നീടാണ് ഈ വണ്ട് ഭ്രമരമായി മാറുന്നത്. ഇതെല്ലാം സൃഷ്ടിക്കപ്പെട്ട് വച്ചിരിക്കുന്നതില്‍നിന്ന് നമ്മള്‍ കണ്ടെത്തുകയാണ്. ഞാനെഴുതിയ സ്‌ക്രിപ്റ്റാണെന്നൊക്കെ പറയുന്നത് പിന്നീടാണ്.
 
മോഹന്‍ലാലിന്റെ കഥാപാത്രം മറ്റു രണ്ടുപേരെയുംകൊണ്ട് പോകുന്ന രംഗം എഴുതമ്പോള്‍ എവിടെ ചെന്നാണ് നില്‍ക്കുകയെന്നും പടം എവിടെയാണ് അവസാനിക്കുന്നതെന്നും എനിക്കറിയില്ല.  എഴുത്തില്‍ കഥാപാത്രങ്ങള്‍ക്കൊപ്പമുള്ള വലിയൊരു യാത്രയുണ്ട്. ആ യാത്ര എനിക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ആത്മീയതയായിട്ടാണ് ഞാന്‍ കാണുന്നത്.
പ്രണയത്തിന്റെ കഥ രണ്ടാമത് ആലോചിച്ചപ്പോള്‍  അതിന്റെ അവസാനത്തെ ഷോട്ടാണ് മനസ്സില്‍ ആദ്യമെത്തിയത്. എന്നാല്‍ പോലും ആ ഷോട്ടിലേക്ക് എത്താനുള്ള ഒരു യാത്രയുണ്ടായിരുന്നു.
 
പണ്ടത്തെ ഷഷ്ടിബ്രദയില്‍നിന്നുള്ള എന്റെ വളര്‍ച്ച ഇതാണ്. നമ്മള്‍ക്ക് ഒരു കലാകരനായി അംഗീകരിക്കപ്പെടുമ്പോള്‍ ഇത് ഒരു നിമിത്തമായിരുന്നെന്ന് സ്വയം വെളിവാക്കപ്പെടുകയാണ്.  അങ്ങനെ മാത്രമേ എനിക്ക് ഇപ്പോഴും ജീവിതത്തെ കാണാന്‍ കഴിയൂ.  എഴുതപ്പെട്ടിരിക്കുന്ന, സംഭവിക്കപ്പെടേണ്ട കാര്യങ്ങള്‍ക്ക് നാം നിമിത്തമാകുകയാണ്.  അതുതന്നെയാണ് എന്റെ ആത്മീയതയും.
ഇതിനൊക്കെയപ്പുറം എതെങ്കിലുമൊരു മതത്തിന്റെ രാഷ്ട്രീയം എനിക്കിഷ്ടമല്ല. മൃഗങ്ങളെപ്പോലെ മരങ്ങളെപ്പോലെ മനുഷ്യനെപ്പോലെ  ഓരോ ഗണണങ്ങളായാണ് കാണുന്നത്.  അതിനെയൊക്കെ കോ ഓര്‍ഡിനേറ്റു ചെയ്യുന്ന ഒരു നന്മ  തീര്‍ച്ചയായും ഉണ്ടാകും.

ആടുജീവിതവും ഗദ്ദാമയും
പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം എന്റെ ഡ്രീം പ്രോജക്ടാണ്. ആ ചിത്രം തീര്‍ച്ചയായും ഉണ്ടാകും. ഒരു ഫിലിം മേക്കര്‍ എന്ന രീതിയില്‍ ഏറെ കഷ്ടപ്പെടേണ്ട പ്രോജക്ടാണ്. എഴുതപ്പെട്ട ഒരു കഥ, പ്രത്യേകിച്ചും സമീപകാലത്ത് ഏറ്റവുമധികം വായനാനുഭവമുള്ള കഥ ആദ്യമായി വിഷ്വലൈസ് ചെയ്യുമ്പോള്‍ അതില്‍ പുതിയ കാഴ്ച്ചകള്‍ ഉണ്ടാക്കുകയാണ് സംവിധാകന്റെ  ത്രില്‍. ആദ്യം വിക്രമിനെ വച്ച് ചെയ്യാനാണ് ആലോചിച്ചത്. പിന്നീട് പൃഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത്രയധികം എസ്റ്റാബ്ലിഷ്ഡായിട്ടുള്ള കഥ ഉണ്ടായിട്ടു പോലും അതിന്റെ ഒരു ഛായയുണ്ടാകുന്ന ഗദ്ദാമ എന്ന സിനിമ  വന്നപ്പോള്‍ സ്വാഭാവികമായി വിഷമം തോന്നി. അതിനു മറുപടി പറയാനൊന്നും പോയില്ല. സിനിമ തന്നെയാണ് മറുപടി പറയേണ്ടത്. ആടുജീവിതം നവംബറില്‍ തുടങ്ങാനാണ് ഉദ്ദേശ്യം.

ക്യാമറയ്ക്കു മുന്നില്‍
സുബ്രഹ്മണ്യപുരം ചെയ്തതിനുശേഷമാണ് തമിഴ് സംവിധായകന്‍ ശശികുമാറിനെ ഞാന്‍ പരിചയപ്പെടുന്നത്.  അദ്ദേഹം നേരത്തെതന്നെ എന്റെ സിനിമകള്‍ കണ്ടിരുന്നു.
 
ഈശന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടകങ്ങുന്നതിന് ആറു മാസം മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് രാവിലെ ശശി എന്നെ ഫോണില്‍ ബന്ധപ്പെട്ടാണ് അതില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞത്. ഞാന്‍ വീടു മാറി  വാടകവീട്ടില്‍ താമസം തുടങ്ങിയ ദിവസമായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വിളി എത്തിയത്.
 
അഭിനയവും തമിഴ് ഭാഷയും അറിയില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍  സമ്മതിക്കുകയായിരുന്നു. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു നടന്നാല്‍ സാധിക്കില്ലല്ലോ എന്ന്  പിന്നീട് ചിന്തിച്ചു. ജീവിതത്തില്‍ എനിക്കുവേണ്ടി കൊണ്ടുവന്നു തരുന്ന അവസരമാണത്. ഏതെല്ലാം വേഷങ്ങളിലൂടെ കടന്നുപോകണമെന്നുള്ളത് എഴുതിവയ്ക്കപ്പെട്ട കാര്യമാണ്. അതിന്റെ ഒരു എന്‍ജോയ്‌മെന്റുണ്ടായിരുന്നു. 
 
ആറു മാസത്തോളം മുടിയൊക്കെ വളര്‍ത്തി അഭിനയത്തിനുവേണ്ടി തയാറെടുത്തു. എന്റെ സിനിമയ്ക്കുവേണ്ടി പല കഥാപാത്രങ്ങളും ഞാന്‍ അഭിനയിച്ചു കാണിക്കാറുണ്ട്. അഭിനയിപ്പിക്കാറുമുണ്ട്. പക്ഷെ, ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു അഭിനേതാവിനു വേണ്ട ആത്മവിശ്വാസവും ധൈര്യവും സമചിത്തതയുമൊക്കെ ഉണ്ടാകുന്നതില്‍ സംവിധായകന്റെ റോളെന്തെന്ന തിരിച്ചറിവ് ആ സിനിമ എനിക്കു നല്‍കി.
 
ആള്‍ക്കൂട്ടത്തില്‍ കാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നടന് അല്ലെങ്കില്‍ നടിക്ക് വേണ്ട കംഫര്‍ട്ട് ലെവല്‍ സൃഷ്ടിക്കേണ്ടത് നമ്മളാണ്. സെറ്റിലെ ബഹളങ്ങള്‍ക്കു നടുവില്‍ എങ്ങനെയാണ് കോണ്‍സെന്‍ട്രേഷന്‍ കിട്ടുക? ഇതെല്ലാം ബുദ്ധികൊണ്ടു ചെയ്യുന്ന കാര്യങ്ങളാണ്. 

പക്ഷെ, പലപ്പോഴും ഒരു ചെറിയ ഡയലോഗ്  തെറ്റിക്കുമ്പോള്‍ നടീനടന്‍മാരെ നമ്മള്‍  ചീത്തവിളിക്കും,  ബഹളംവയ്ക്കും. അപ്പോള്‍ അഭിനേതാവ് ഡ്രോപ്പാകുകയാണ്. അയാളില്‍നിന്ന് പിന്നൊന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. ഒരു കുഞ്ഞിനെ  വളര്‍ത്തിക്കൊണ്ടുവരുന്നതുപോലെയാണ് അഭിനേതാക്കളുടെ കംഫര്‍ട്ട്‌ലെവല്‍ സൃഷ്ടിക്കേണ്ടത്. അക്കാര്യത്തില്‍ ആ സിനിമ എനിക്കൊരു പാഠമാണ്.
 
അതുകൊണ്ടുതന്നെ അതുകഴിഞ്ഞു സംവിധാനം ചെയ്ത പ്രണയം ആര്‍ട്ടിസ്റ്റുകളുമായി ഞാന്‍  ഏറ്റവും കുറച്ച് വഴക്കുണ്ടാക്കിയിട്ടുള്ള സിനിമയായിരിക്കും. ഈശനില്‍ അഭിനയിച്ചതുകൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം അതുതന്നെയാണ്.
 
ഒരു വെള്ളക്കടലാസുപോലെയാണ് ഞാന്‍ ശശിയുടെ അടുത്തെത്തിയത്.   നിങ്ങള്‍ എന്താണോ അതുതന്നെയാണ് കഥാപാത്രത്തിലും പ്രതീക്ഷിച്ചതെന്നും അവസാനം അമ്പലത്തില്‍ വന്ന് ഉറഞ്ഞുതുള്ളുന്ന സീന്‍ ചെയ്യാന്‍ കഴിയുമോ എന്നു മാത്രമേ ആശങ്കയുണ്ടായിരുന്നുള്ളുവെന്നുമാണ് ശശി പറഞ്ഞത്. പക്ഷെ, ഞാന്‍ ഏറ്റവും ആസ്വദിച്ചത് ആ രൗദ്രഭാവം അഭിനയിച്ചപ്പോഴാണ്.

തിരുവല്ല
തിരുവല്ലക്കാനായിരിക്കുമ്പോഴാണ് എനിക്ക്  കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാന്‍ കഴിയുന്നത്. ഇവിടുത്തെ ദൃശ്യങ്ങളാണ് പഴയ ഓര്‍മകള്‍ നിലനിര്‍ത്തുന്നത്. നാടിന്റെ എല്ലാ മുക്കിലും മൂലയിലും  പത്തു പതിനഞ്ചു വര്‍ഷം മുന്‍പത്തേതുപോലെതന്നെ ഞാനുണ്ട്.
 ചലച്ചിത്രകാരനായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍. കാരണം, അടുത്ത സിനിമ എന്നെ പേടിപ്പിക്കുന്നുണ്ട്. ഇതുവരെ ചെയ്ത സിനിമകളിലുടെ ഞാനുണ്ടാക്കിയെടുത്ത അടുത്ത സിനിമയില്‍  നഷ്ടപ്പെടാം. അത് ഒരു ഫിലിം മേക്കര്‍ക്കുണ്ടാകാവുന്ന ആധിയാണത്.   ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് പിന്നീട് പശ്ചാത്തപിക്കേണ്ടിവരുന്ന ഒരു സിനിമ  ആഗ്രഹിക്കുന്നില്ല. 


 ഒരു ചലച്ചിത്രകാരനായിക്കണമെങ്കില്‍ ജീവിതത്തില്‍ അയാള്‍ അതാവരുത്.  എഴുത്തുകാന്‍ തന്‍റെ രചനകള്‍ക്കുള്ള വളം  നേടുന്നത് ജീവിതത്തില്‍നിന്നാണ്.  സിനിമാ സംവിധായകനല്ലാതിരുന്നാല്‍ മാത്രമേ എനിക്ക് സാധാരണ ജീവിതം നഷ്ടപ്പെടാതിരിക്കൂ. അതുകൊണ്ടുതന്നെയാണ് ഒരു തിരുവല്ലക്കാരനായിരിക്കാന്‍ ആഗ്രിഹിക്കുന്നത്.
 
ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ഒരുപാടുപേരുണ്ട്. ഇന്ന് എല്ലാം നമ്മുടെ കൈത്തുമ്പിലാണ്. ലോകസിനിമ കാണാന്‍ യൂട്യൂബില്‍ കയറിയാല്‍ മതി. മലയാളത്തിലെ പ്രശസ്തരായ സംവിധായകരെ ഫേസ്ബുക്കില്‍ കണ്ടുമുട്ടാം. അതായത് അധികം സ്ട്രഗിള്‍ ചെയ്യാതെ പലതും നേടിയെടുക്കാവുന്ന ഒരു സാഹചര്യം. അതുകൊണ്ടുതന്നെ  കിട്ടുന്നതിനെ ചെറുതായി കാണുന്ന പ്രവണതയുണ്ട്.

അതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ അനുഭവങ്ങള്‍ ഉണ്ടാകണം. ഏറെ വായിക്കണം. വായനാശീലം സമൂഹത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വായിക്കുമ്പോഴാണ് നമ്മള്‍ ഏറ്റവുമധികം വിഷ്വലൈസ് ചെയ്യുന്നത്. മാഹി കാണുന്നതിനു മുമ്പുതന്നെ മുകുന്ദന്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ എന്റെ മനസ്സില്‍ ആ സ്ഥലത്തെക്കുറിച്ച് ഒരു വിഷ്വല്‍ ഉണ്ടായിരുന്നു. അതിന്റെ ചുറ്റുവട്ടങ്ങളില്‍ മൂപ്പന്‍ സായ്‌വിനെയും മറ്റു കഥാപാത്രങ്ങളെയും ഞാന്‍ കണ്ടു.
 
കാലത്തിനൊത്ത് സിനിമ വെറും സാങ്കേതികമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സാഹചര്യത്തില്‍ നമ്മുടെ സംസ്‌കാരത്തെ നിലനിര്‍ത്താന്‍ സാങ്കേതികത്വത്തിനൊപ്പം നഷ്ടമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങള്‍ക്കും സിനിമയില്‍ ഇടം നല്‍കണം. തമിഴ് സിനിമകള്‍ പലപ്പോഴും അവരുടെ ആചാരങ്ങളെയും ആഘോഷങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ്. സുബ്രഹ്മണ്യപുരവും പരുത്തിവീരനുമൊക്കെതന്നെന്ന ഉദാഹരണം. ഞാന്‍ അഭിനയിച്ച ഈശന്‍ എന്ന ചിത്രത്തിലും അതുണ്ട്.
 
നമ്മുടെ പള്ളികളിലും അമ്പലങ്ങളിലുമൊക്കെ ഒരുപാട് ആഘോഷങ്ങളുണ്ട്. വിഖ്യാതമായ കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട് അടുത്തകാലത്തെങ്ങും ഒരു സിനിമ വന്നിട്ടില്ല. മീര ജാസ്മിനെവച്ച് ചെമ്പട്ട് എന്ന സിനിമ ലോഹിയേട്ടന്‍ ഷൂട്ടു ചെയ്‌തെങ്കിലും പൂര്‍ത്തിയായില്ല.

അടുത്തകാലത്താണ് ഞാന്‍ ആറന്‍മുളയില്‍  വള്ളസദ്യക്കു പോകുന്നത്.എത്രമാത്രം വിഷ്വല്‍സാണ് അവിടെയുള്ളത്.  ഓണക്കാലത്തെ  വലിയൊരാഘോഷമാണ് വള്ളംകളി. കേവലം ഒരു പാട്ടിലോ മറ്റോ ഉള്‍ക്കൊള്ളിക്കുന്നതല്ലാതെ അതിന്റെ പശ്ചാത്തലത്തില്‍നിന്നുകൊണ്ടുള്ള  സിനിമകളും ഉണ്ടാകുന്നില്ല. ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ കുഴപ്പമാണത്. ആ തിരിച്ചവോടെ നമ്മുടെ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കാനുള്ള ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു.