
"ആ പെനാല്‍റ്റി എടുക്കാന്‍ ആരും തയാറായിരുന്നില്ല. സാമുവല്‍ എറ്റുവോ ക്യാപ്റ്റന്‍ റിഗോബെര്‍ട്ട് സോംഗോ പോലും. കാരണം, പിഴച്ചാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ക്ക് നന്നായി അറിയമായിരുന്നു. പക്ഷെ, എനിക്ക് എന്നും ധൈര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാന്‍ പെനാല്‍റ്റി സ്പോട്ടിലേക്ക് നടന്നടുത്തത്"
2005ഒക്ടോബര്‍ എട്ടിനു നടന്ന ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഈജീപ്തിനെതിരെ അവസാന മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ കാമറൂണ്‍ ഡിഫന്റര്‍ പിയറെ ലെന്‍ഡ് വോമെ ദിവസങ്ങള്‍ക്കു ശേഷം ആ അഭിശിപ്ത നിമിഷത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയാണ്. പോസ്റ്റിനു പുറത്തുകൂടി പാഞ്ഞ പന്തിനൊപ്പം കാമറൂണിന്റെ ലോകകപ്പ് സ്വപ്നങ്ങളും കാറ്റില്‍ പറക്കുകയായിരുന്നു.
ആരാധകരുടെ വധഭീഷണികള്‍ക്കു നടുവില്‍ വോമെയുടെ രാത്രികള്‍ ഉറക്കമില്ലാത്തതായി. കൊളംബിയയിലെ മെഡെലിന് എലിന്‍ഡിയോ ബാറിനു മുന്നില്‍ "ഗോള്‍, ഗോള്‍" എന്ന് ആക്രോശിച്ചുകൊണ്ട് ആന്ദ്രെ എസ്കോബാറിനുനേരെ പന്ത്രണ്ടു തവണ നിറയൊഴിച്ച്, സെല്‍ഫ് ഗോളിന്റെ കണക്കു തീര്‍ത്ത ഹംബര്‍ട്ടോ മുനോസ് കാസ്ട്രോക്ക് കാമറൂണില്‍ ഒരു പകരക്കാരന് അവതരിച്ചേക്കുമെന്ന് ഭയന്നവര്‍ ഏറെയാണ്. പക്ഷെ, ആയുസിന്റെ പുസ്തകത്തിലും കാമറൂണ്‍ ടീമിലും തുടരാനുള്ള ഭാഗ്യം ലഭിച്ച വോമെ ഈ വര്‍ഷം രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ച്, ജര്‍മന്‍ ലീഗിലേക്ക് ചുവടു മാറ്റുകയായിരുന്നു.
കളിക്കളത്തിലെ അതിനിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ബോധപൂര്‍വമല്ലാതെ സംഭവിക്കുന്ന വീഴ്ച്ചയുടെ പേരില്‍ വഞ്ചകരായി മുദ്രയടിക്കപ്പെടുന്ന താരങ്ങള്‍ അനവധിയാണ്. എസ്കോബാറിന്റെ വിധി കാസ്ട്രോ തീരുമാനിച്ചെങ്കില്‍ മറ്റു പലര്‍ക്കും ജീവിതാവസാനം വരെ പേരുദോഷം ചുമക്കേണ്ടിവരുന്നു. അപൂര്‍വം ചിലര്‍ക്ക് സത്യസന്ധത തെളിയിക്കാന്‍ പിന്നീട് അവസരം ലഭിക്കുന്നു.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ഗോള്‍ കീപ്പറായ മീര്‍ രഞ്ജന്‍ നേഗി ഇതില്‍ അവസാന ഗണത്തില്‍പെടുന്നു. 1982൨ലെ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാന് ഇന്ത്യന്‍ വലയില്‍ അടിച്ചു കയറ്റിയ ഏഴു ഗോളുകള്‍ നേഗിയുടെ ഹൃദയം പിളര്‍ന്ന വെടിയുണ്ടകളായിരുന്നെന്നു പറയാം. വഞ്ചകനായ കാവലാളിന്റെ രക്തത്തിനുവേണ്ടി മാധ്യമങ്ങളും ആരാധകരും ഒന്നുപോലെ മുറവിളി കൂട്ടി. പാക്കിസ്ഥാനുമായി ഒത്തു കളിച്ച നേഗി വഴങ്ങിയ ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം പ്രതിഫലം കൈപ്പറ്റിയെന്നുവരെ മാധ്യമങ്ങള്‍ ആരോപിച്ചു.
ആരോപണങ്ങള്‍ ശരിവെക്കും പോലെ നേഗി ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയന്ന നേഗി തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ താടി വളര്‍ത്തി. കറുത്ത ബുധനാഴ്ച്ചയുടെ വേദനയുമായി ഒളിവിലെന്നപോല അദ്ദേഹം ചെലവിട്ടത് നീണ്ട പതിനാറു വര്‍ഷമാണ്. ഇക്കാലമത്രയും ഹോക്കിയോടുള്ള ആഭിമുഖ്യം നിലനിര്‍ത്തിയ നേഗിക്ക് ഒടുവില്‍ 1998ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെ ഗോള്‍ കീപ്പര്‍മാരെ പരിശീലിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന ആശിശ് ബലാലിനെ നേഗിയുടെ നിര്‍ദേശപ്രകാരമാണ് അവസാന ഘട്ടത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബലാലി ന്റെ മികവില്‍ കൊറിയയെ തകര്‍ത്ത് ഇന്ത്യ കിരീടം നേടി.
തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായ നേഗി 2002ല്‍ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് തന്റെ വിശ്വാസ്യതയെ സംശയിച്ചവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
ഷാരൂഖ് ഖാന് നായകനായ ചക് ദേ ഇന്ത്യ എന്ന സിനിമ ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ നേഗിയുടെ കായിക ജീവിതം ചര്‍ച്ചാവിഷയമാവുകയാണ്. ചിത്രത്തില്‍ ഷൂരൂഖ് ഖാന് അവതരിപ്പിക്കുന്ന കബീര്‍ ഖാന് എന്ന കഥാപാത്രം തിരിച്ചടികളോടു പൊരുതി ജയിച്ച നേഗിതന്നെയാണ്. താന്‍ അനുഭവിച്ച വേദനകളുടെ പത്തു ശതമാനം പോലും ദൃശ്യവത്കരിക്കുന്നില്ലെങ്കിലും ചക് ദേ ഇന്ത്യ നല്കുന്ന ആഹ്ളാദം ചെറുതല്ലെന്ന് നേഗി പറയുന്നു. ഇന്ത്യന്‍
ഹോക്കി ടീമിന്റെ ക്യാപ്റ്റനും സെന്റര്‍ ഫോര്‍വേഡുമായിരുന്ന കബീര്‍ ഖാന് ലോക കപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള വാശിയേറിയ ഫൈനലില്‍ അവസാന മിനിറ്റില്‍ ലഭിച്ച നിര്‍ണയക പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നിടത്താണ് ചക് ദേ ഇന്ത്യ തുടങ്ങുന്നത്. രാജ്യവഞ്ചകന്‍ എന്ന പേരുദോഷം ചാര്‍ത്തി മാധ്യമങ്ങളും ആരാധകരും കബീറിനെതിരെ തിരിഞ്ഞു.
ഒരു ദുര്‍ബല നിമിഷത്തിലെ വീഴ്ച്ചക്ക് ഏറെ അപമാനവും അവഹേളനവും ഏറ്റുവാങ്ങി, തറവാട് ഉപേക്ഷിച്ച് അമ്മക്കൊപ്പം നാടുവിടുന്ന കബീര്‍ ഏഴു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി തിരിച്ചെത്തുന്നു. വനിതാ ടീമില്‍ ഹോക്കി ഫെഡറേഷനു പോലും പ്രതീക്ഷയില്ലായിരുന്ന കാലം. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്ത പരിശീലന ക്യാമ്പി ന്റെ തുടക്കത്തില്‍തന്നെ താരങ്ങള്‍ക്കിടയിലെ അസൂയയും അഭിപ്രായ വ്യത്യാസങ്ങളും ഭാഷയുടെയും ദേശത്തിന്റെയും പേരിലുള്ള വിഭാഗീയതയുമൊക്കെ പ്രകടമാകുന്നു. അഹംഭാവവും സ്വാര്‍ത്ഥതയും ക്ഷോഭവുമൊക്കെയായിരുന്നു പല താരങ്ങളുടെയും കൈമുതല്‍.
പരമ്പരാഗതമല്ലാത്ത പരിശീലന മാര്‍ഗങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും മൂന്നു മാസം കൊണ്ട് ടീം സ്പിരിറ്റ് വളര്‍ത്താനും ടീമിനെ ലോകകപ്പിന് സജ്ജമാക്കാനും കബീറിനു കഴിഞ്ഞു. ഏഴു വര്‍ഷം മുമ്പ് നേരിട്ട അപമാനത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള മോഹവുമായി അവര്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിക്കുമ്പോള്‍ പഴയ വെള്ളി മെഡലും കബീര്‍ കരുതിയിരുന്നു. നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് ദയനീയമായി തോറ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ടീം ശക്തമായ തിരിച്ചുവരവു നടത്തി ഫൈനലില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ലോകകപ്പ് നേടുന്നു. വിഭിന്ന സംസ്ഥാനക്കാരായ താരങ്ങളുടെ സ്വഭാവ വ്യതിരക്തതത അവശ്യ ഘട്ടങ്ങളില്‍ കളിക്കളത്തില്‍ പ്രയോജപ്പെടുത്താനും കബീറിനു കഴിയുന്നു.
യാഷ്രാജ് ഫിലിംസിനുവേണ്ടി ഷിമിത് അമിന്‍ സംവിധാനം ചെയ്ത ചിത്രം ഹോക്കിയുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നതെങ്കിലും പൊതുവില്‍ ഇന്ത്യന്‍ കായിക മഖലയില്‍ നിലനില്‍ക്കുന്ന കാതലായ പല പ്രശ്നങ്ങളിലേക്കും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. കായിക താരങ്ങളില്‍ രൂഢമൂലമായിട്ടുള്ള പ്രാദേശിക വികാരവും ഉച്ചനീചത്വവും താന്‍പോരിമയും കായിക സംഘടനകളുടെ കെടുകാര്യസ്ഥതയും നീതീകരണമില്ലാത്ത മാധ്യമ വിധികളും ആരാധകരുടെ നെറികേടുകളുമൊക്കെ തുറന്നു കാട്ടുന്നതില്‍ ചിത്രത്തി ന്റെ അണിറയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു.
തോല്‍വിയുടെ വേദനയില്‍ തകര്‍ന്ന കബീര്‍ ഖാനെ പ്രതിക്കൂട്ടിലാക്കുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ വികാരത്തള്ളലില്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ്. അപമാനിതനായി വീടു വിട്ടുപോകുന്ന കബീര്‍ ഖാനെ ഒരു നികൃഷ്ട ജീവിയെപ്പോലെ നോക്കുന്ന നാട്ടുകാര്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ വീടിനുനേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ എത്രയോ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു?. ലോകകപ്പിലെ തോല്‍വിയെക്കാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആശങ്കാകുലരാക്കിയിരുന്നത് നാട്ടിലുള്ള കുടുംബാംഗങ്ങളുടെ സുരക്ഷയായിരുന്നു. നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍ താരങ്ങളെ വാനാളം പ്രകീര്‍ത്തിക്കുന്ന മാധ്യമങ്ങളും ആരാധകരും തിരിച്ചടികള്‍ സംഭവിക്കുമ്പോള്‍ അവരും മനുഷ്യരാണെന്ന യാഥാര്‍ത്ഥ്യം മറന്ന് പ്രതികരിക്കുക പതിവാണ്.
പരിശീലന ക്യാമ്പില്‍ ജാര്‍ഘണ്ടില്‍നിന്നുള്ള താരങ്ങള്‍ നേരിടുന്ന വിവേചനത്തിന് സമാനമായ ഒട്ടേറെ സംഭവങ്ങള്‍ വിവിധ പരിശീലന ക്യാമ്പുകളില്‍ അരങ്ങേറുന്നുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെ യും ദേശത്തിന്റെയുമൊക്കെ അതിര്‍ത്തികളാണ് ഇവിടുത്തെ ഭിന്നതക്ക് കാരമെന്ന് വേണമെങ്കില്‍ ന്യായീരിക്കാം. പക്ഷെ ഇന്ത്യന്‍ ക്യാമ്പില്‍ സ്വന്തം നാട്ടുകാരായ ഷൈനി ഏബ്രഹാമും എം.ഡി. വത്സമ്മയുമൊക്കെ തന്നോടു കാട്ടിയ വിവേചനത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം പി.ടി. ഉഷ തുറന്നു പറഞ്ഞത് ഓര്‍ക്കുക.
കബീര്‍ ഖാനെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ബിന്ദിയ നായിക്കും അലിയ ബോസും ഗുന്ജന് മേത്തയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഗ്രെഗ് ചാപ്പലിനുമുന്നില്‍ വല്യേട്ടന് കോംപ്ളക്സിന്റെ വെല്ലുവിളി സൃഷ്ടിച്ച സൌരവ്- സച്ചിന്-രാഹുല്‍ ത്രയത്തിണ്റ്റെ പ്രതിരൂപങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ചിത്രത്തിലെ ഹോക്കി ഫെഡറേഷന് പ്രസിഡന്റ് നമ്മുടെ ദേശീയ, സംസ്ഥാന കായിക സംഘടനാ ഭാരാവാഹികളെ അനുസ്മരിപ്പിക്കുന്നു. കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലുമില്ലാത്ത രാജ്യങ്ങള്‍ ഒളിംപിക്സിലും ലോകകപ്പ് ഫുട്ബോളിലുമൊക്കെ സജീവ സാന്നിധ്യമറിയിക്കുമ്പോള്‍ നൂറുകോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ എന്തുകൊണ്ട് ദയനീയമായി പിന്തള്ളപ്പെടുന്നു എന്ന പതിവു ചോദ്യത്തിനുള്ള ഉത്തരവും ചക് ദേ ഇന്ത്യ നല്‍കുന്നുണ്ട്.
തീപാറുന്ന കായിക പോരാട്ടങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണിയിക്കപ്പെടുന്ന, സ്വര്‍ണവും വെള്ളിയും വേര്‍തിരിക്കപ്പെടുന്ന നിമിഷങ്ങളുടെ ഉദ്വേഗവും ആവേശവും വാക്കുകള്‍ക്ക് അതീതമാണ്. ഇത്തരം മുഹൂര്‍ത്തങ്ങള്‍ അതേപടി വെള്ളിത്തിരയിലേക്ക് പറിച്ചു നട്ട് വിജയം കൊയ്ത ഹോളിവുഡ് സിനിമകള്‍ അനവധിയുണ്ട്.
1924ലെ ഒളിംപിക്സില്‍ മാറ്റുരക്കുന്ന രണ്ടു ബ്രിട്ടീഷ് അത് ലിറ്റുകളുടെ കഥ പറഞ്ഞ ചാരിയറ്റ്സ് ഓഫ് ഫയറാണ്(1981) ഈ ഗണത്തില്‍ എടുത്തു പറയേണ്ട ഒരു ചിത്രം. ഏഴ് ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ നേടിയ ചാരിയറ്റ്സ് ഓഫ് ഫയര്‍ മികച്ച ചിത്രത്തിന് ഉള്‍പ്പെടെയുള്ള നാല് അവാര്‍ഡുകള്‍ സ്വന്തമാക്കുകയുംചെയ്തു. ഹോക്കിയുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങള്‍ മിറാക്കിളും(2004), ദ റോക്കറ്റ്:ദ മൌറിസ് റിച്ചാര്‍ഡ് സ്റ്റോറിയു(2005)മാണ്.
ഇന്ത്യയില്‍ കായികയിനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ അപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. ഇവയില്‍ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടത് അശുതോഷ് ഗൊവാരികറുടെ ലഗാനും(2001) നാഗേഷ് കുകുനൂറിന്റെ ഇഖ്ബാലു(2005)മാണ്. രണ്ടു ചിത്രങ്ങളുടെയും പ്രമേയം ക്രിക്കറ്റായിരുന്നു.
പ്രൗഢമായ പാരമ്പര്യമുള്ള ഇന്ത്യന്‍ ഹോക്കി വര്‍ഷങ്ങളായി പ്രതിസന്ധിയുടെ വഴിയിലാണ്. ഹോക്കി ഫെഡറേഷനിലെ അഴിമിതിയും കെടുകാര്യസ്ഥതയും നൂതന സങ്കേതകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വിമുഖതയുമൊക്കെ ഇതിനു കാരണങ്ങളാണ്. ഹോക്കിയില്‍ കരുത്തു കാട്ടുന്ന രാജ്യങ്ങളെല്ലാം എഴുപതുകളില്‍ ആസ്ട്രോ ടര്‍ഫിലേക്ക് ചുവടു മാറ്റിയെങ്കിലും ഇന്ത്യ മടിച്ചു നില്‍ക്കുകയായിരുന്നു. തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടന്നിരുന്ന മത്സരങ്ങള്‍ ഓര്മ മാത്രമായി. ഹോക്കിയുടെ നഷ്ടപ്രതാപം വീണ്ടെടെടുക്കാനായി സംഘടിപ്പിച്ച പ്രീമിയര്‍ ഹോക്കി ലീഗും കാര്യമായ പ്രയോജനം ചെയ്തില്ല.
ഈ സാഹചര്യത്തില്‍ വനിതാ ഹോക്കിയെ ആസ്പദമാക്കി ഒരു സിനിമക്ക് വിജയ സാധ്യതയില്ലെന്ന് പ്രവചിച്ചവരാണ് ഏറെ. എന്നാല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒരു രാജ്യാന്തര ടൂര്‍ണമെന്റില്‍ നേടിയ വിജയത്തിന് മാധ്യമങ്ങള്‍ മതിയായ പ്രാധാന്യം നല്‍കാതിരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് താന്‍ ചിത്രത്തിന്റെ കഥയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതെന്ന് തിരക്കഥാകൃത്ത് ജെയ്ദീപ് സാഹ്നി പറയുന്നു.
ബോളിവുഡിന്റെ പതിവ് ചേരുവകളൊന്നുമില്ലാതെ പ്രേക്ഷകരെ എങ്ങനെ ത്രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യാമെന്ന് ഈ ചിത്രം കാട്ടിത്തരുന്നു. ഭാഷയുടെയും ദേശത്തി ന്റെയും അതിര് വരമ്പുകള്‍ അപ്രസക്തമാക്കുന്ന ടീം സ്പരിറ്റ് ദേശീയോദ്ഗ്രഥനത്തിന്റെ ഉദാത്ത മാതൃകയായി മാറുകയും ചെയ്യുന്നു.
ഷാരൂഖ് ഖാനൊപ്പം 16 പെണ്‍കുട്ടികള്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഒരു പ്രണയ രംഗം പോലും ചക് ദേ യില്‍ ഇല്ല. വിജയദാഹവും പോരാട്ട വീര്യവുമാണ് ഇവിടെ പ്രധാനം. പെണ്‍കുട്ടികളുടെ ഗ്ളാമറിനപ്പുറം മനസാന്നിധ്യത്തിനാണ് ചിത്രം ഊന്നല്‍ നല്‍കുന്നത്. വില്ല ന്റെ അഭാവത്തില്‍ ചില താരങ്ങളുടെ നിഷേധാത്മക സമീപനമാണ് നായകനു വെല്ലുവിളി സൃഷ്ടിക്കുന്നതും ഒടുവില്‍ കീഴടങ്ങുന്നതും. തുടക്കത്തില്‍തന്നെ ഉദ്വേഗത്തിന്റെ വിത്തു വിതക്കുന്ന സംവിധായകന് ഒരു ഇന്ത്യ-പാക്കിസ്ഥാന് ഏകദിന ക്രിക്കറ്റ മത്സരമെന്നപോലെ, ഒരു നിമിഷംപോലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുകയാണ്. തങ്ങളോട് പൊരുതി തോല്‍ക്കുന്ന വനിതാ ടീമിനെ ഇന്ത്യന്‍ പുരുഷ ഹോക്കി താരങ്ങള്‍ ആദരിക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ഏറെ വികാരഭരിതമാണ്.
മതിയായ ഗൃഹപാഠത്തിനു ശേഷം ചിത്രീകരണമാരംഭിച്ച അമീന് കൃത്യത ഉറപ്പാക്കാന്‍ മിര്‍ രഞ്ജന്‍ നേഗി ഉള്‍പ്പെടെയുള്ള ഹോക്കി വിദഗ്ധരുടെ സഹായം തേടിയിരുന്നു. വ്യാപകമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ചക് ദേ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 16 പെണ്‍കുട്ടികളും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ഹോക്കിയില്‍ പ്രാവീണ്യമുള്ളവരെയും അഭിനയത്തില്‍ മികവു പുലര്‍ത്തുന്നവരെയും ഇടകലര്‍ത്തിയാണ് ടീം രൂപീകരിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കോമള്‍ ചൗട്ടാലയെ അവതരിപ്പിക്കുന്ന ചിത്രാഷി റാവത്ത് ഉള്‍പ്പെടെ ഭൂരിഭാഗം പേര്‍ക്കും കാമറക്കു മുന്നില്‍ അരങ്ങേറ്റമായിരുന്നു ഇത്.
പതിവു രീതിയില്‍ ചുണ്ടു വിറപ്പിക്കുകയും ദീര്‍ഘനിശ്വാസം വിടുകയും ചെയ്യുന്ന ഷാരൂഖ് ഖാനെയല്ല ചക്ദേയില്‍ കാണുന്നത്. കബീര്‍ ഖാന്റെ മുഖഭാവത്തിനും കണ്ണുകളുടെ തീക്ഷ്ണതക്കുമാണ് ഇവിടെ ഊന്നല്‍ നല്‍കിയിരിക്കുന്നത്. സ്വദേശിനു ശേഷം ഷാരൂഖി ന്റെ അഭിനയശേഷി വിളിച്ചോതുന്ന ചിത്രമാണിത്.
ചക് ദേ ഇന്ത്യ രാജ്യത്ത് ഒരു ഹോക്കി തരംഗത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷ വ്യാപകമായുണ്ട്. ചിത്രത്തിന്റെ അവസാന രംഗത്തില്‍ കബീര്‍ ഖാന് സമ്മാനമായി നല്കുന്ന ഹോക്കി സ്റ്റിക്കുമായി തെരുവിലേക്കോടുന്ന കുട്ടി ഈ പ്രതീക്ഷയുടെ പ്രതീകമാണ്. ഹോക്കിയില്‍ ഇന്ത്യയുടെ വസന്ത കാലത്തി ന്റെ ഓര്‍മകളുമായി കഴിയുന്ന മുന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ചിത്രം നല്‍കിയിട്ടുള്ള ആവേശം ചെറുതല്ല. ചിത്രം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് പ്രസിഡന്റ് കെ.പി.എസ് ഗില്‍ ഈ ചിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ സഫര്‍ ഇഖ്ബാലും പര്‍ഗത് സിംഗും നിര്‍ദേശിക്കുന്നത്. പരമ്പരാഗതമല്ലാത്ത ഒരു വിഷയം തെരഞ്ഞെടുക്കുകവഴി ധീരമായ ചുവടുവെപ്പാണ് ചക് ദേ ഇന്ത്യയുടെ അണിയറക്കാര്‍ നിര്‍വഹിച്ചിരിക്കുന്നതെന്ന് 1964ലെ ടോക്കിയോ ഒളിംപിക്സ് സ്വര്‍ണമെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്ന ഹര്‍ബിന്ദര്‍ സിംഗ് വിലയിരുത്തുന്നു.
ക്രിക്കറ്റിന് ലഭിച്ച അമിത പ്രാധാന്യമാണ് ഇന്ത്യയില്‍ ഹോക്കി ഉള്‍പ്പെടെയുള്ള മറ്റ് കായിക ഇനങ്ങളുടെ തകര്‍ച്ചക്ക് കാരണമെന്ന വാദഗതി പ്രബലമാണ്. എന്നാല്‍ മികച്ച സംഘാടനമാണ് ക്രിക്കറ്റിന്റെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നതെന്ന് കാണാം. ഇന്ത്യന്‍ താരങ്ങള്‍ മികവു കാട്ടുന്ന കായിക ഇനങ്ങളോട് രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് സ്വാഭാവികമാണ്. മുന്‍പ് ഇന്ത്യയില്‍ ഹോക്കിക്ക് ഏറെ ആരാധകരുണ്ടായിരുന്നതി ന്റെ കാരണവും മറ്റൊന്നല്ല. ഹോക്കി പിന്നോക്കം പോവുകയും ക്രിക്കറ്റ് ശ്രദ്ധേമായ വളര്‍ച്ച നേടുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ താല്പര്യത്തിലും മാറ്റം സംഭവിച്ചു. 1983 കപില്‍ ദേവും കൂട്ടരും ലോകകപ്പ് സ്വന്തമക്കിയത് ക്രിക്കറ്റ് ജ്വരത്തിന് കരുത്തേകുകയും ചെയ്തു. സാനിയ മിര്‍സയുടെ വിസ്മയക്കുതിപ്പ് ഇന്ത്യയിലെ ചില നഗരങ്ങളിലെങ്കിലും ടെന്നീസ് തരംഗത്തിന് ഇടയാക്കിയിട്ടുണ്ടെന്നു കാണാം. ഇന്ത്യന്‍ ഹോക്കിയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ ഹോക്കി ഫെഡറേഷ ന്റെ ഏതാനും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയേ വേണ്ടു. ഹോക്കിയെ രക്ഷിക്കാന്‍ ക്രിക്കറ്റിന്റെ മാതൃകയില്‍ സമാന്തര ലീഗ് നടത്തണമെന്ന് ആവശ്യമുയരുന്നതുവരെ എത്തി കാര്യങ്ങള്‍.
ചക് ദേ തരംഗം മുതലാക്കി ഹോക്കിക്ക് പ്രചാരം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കാനും ഫെഡറേഷന് ധൈര്യം കാട്ടി. കൂടുതല്‍ ആളുകള്‍ വസ്തുതകള്‍ മനസിലാക്കുമ്പോള്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിയാതെ മാര്‍ഗമില്ലല്ലോ?. സെപ്റ്റംബര്‍ 11ന് ചണ്ഡീഗഡില്‍ ഇന്ത്യ-പാക്കിസ്ഥാന് പ്രദര്‍ശന മത്സരവും മുന്‍ ഇന്ത്യന്‍ താരങ്ങളും ചലച്ചിത്ര താരങ്ങളും തമ്മിലുള്ള മത്സരവും നടത്താനാണ് തീരുമാനം. സുനില്‍ ഷെട്ടി നയിക്കുന്ന സിനിമാ താരങ്ങളുടെ ടീമില്‍ ചക് ദേയില്‍ അഭിനയിച്ച പെണ്‍കുട്ടികളും അണിനിരക്കുമത്രെ.
ഒരുപാട് അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ, വിവാദങ്ങളും തൊഴുത്തില്‍കുത്തുമായി നീങ്ങുന്ന ഫെഡറേഷനെ മാനസാന്തരപ്പെടുത്താനും മിന്നല്‍ വേഗത്തില്‍ ഇന്ത്യന്‍ ഹോക്കിയെ രക്ഷപ്പെടുത്താനും ഒരു സിനിമക്ക് കഴിയില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. എങ്കിലും കേവല വിനോദത്തിനപ്പുറം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സിനിമക്ക് കഴിയുമെന്ന് തെളിയിച്ച ചക് ദേയുടെ അണിയറക്കാരെ അഭിനന്ദിച്ചേ തീരു.
-------------------------------
ചിത്രത്തിന് കടപ്പാട്-moviewalah.com