Sunday, November 18, 2007

'പഴകിയ' തമിഴ്മകന്‍

ദീപാവലിക്ക് പുറത്തിറങ്ങിയ തമിഴ് സിനിമകളില്‍ ഏറ്റവുമധികം പണം വാരുന്നത് അഴകിയ തമിഴ്മകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പക്ഷെ ചിത്രം കണ്ടപ്പോള്‍ പേര് പഴകിയ തമിഴ്മകന്‍ എന്നാക്കുന്നതായിരുന്നു നല്ലതെന്ന് തോന്നി.

നമ്മുടെ ഭദ്രന്‍ പതിനേഴു വര്‍ഷം മുന്‍പ് സംവിധാനം ചെയ്ത അയ്യര്‍ ദ്ര ഗ്രേറ്റില്‍ മമ്മൂട്ടി അവതരിപ്പിച്ച സൂര്യനാരായണ അയ്യര്‍ക്കുണ്ടായിരുന്ന എക്സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍(ഇ.പി.എസ്-എന്നുവെച്ചാല്‍ നടക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുന്ന രോഗം, പത്തു കോടി ആളുകളില്‍ ഒരാള്‍ക്കു മാത്രം വരുന്ന ത്രികാലോജ്ഞാനോമെനിഞ്ചൈറ്റിസം!)ആണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഭദ്രനുശേഷം ഹോളിവുലും ചിലര്‍ ഈ രോഗം വെച്ച് കളിച്ചിരുന്നു.

രൂപത്തിലും ഭാവത്തിലും നായകനെപ്പോലരിക്കുന്ന ഒരാള്‍ രംഗപ്രവേശം ചെയ്യുന്നതാണ് (ഇത് പിന്നെ അത്യപൂര്‍വമല്ല, ലോകത്തില്‍ ഒരേപോലെ ഏഴു പേരുണ്ടെന്നാണല്ലോ വിശ്വാസം)കഥയുടെ വഴിത്തിരിവ്. അപരനെ തിരിച്ചറിയാതെ നായകന്‍റെ മാതാപിതാക്കളും സുഹൃത്തുക്കളും പ്രതിശ്രുത വധവുമൊക്കെ ക്ലൈമാക്സിലേക്കുള്ള യാത്ര സുഗമമാക്കുന്നു.

ചിത്രത്തിന്‍റെ നിര്‍മാതാവായ സര്‍ഗ ചിത്ര അപ്പച്ചന്‍ ഫൈനല്‍ ഡെസ്റ്റിനേഷന്‍ പോലുള്ള ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കിലും അയ്യര്‍ ദ ഗ്രേറ്റ് കാണാതിരിക്കാന്‍ തരമില്ല. ഈ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പഴകിയ സിനിമാക്കൂട്ടുകള്‍ സംവിധായകന്‍ ഭരതന് കാട്ടിക്കൊടുത്തത് അപ്പച്ചന്‍തന്നെയാണോ എന്ന് ആര്‍ക്കറിയാം?.

അടടടടടടടടടാാാാാാ....ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനു സംസാരിക്കണം? കഥയെന്തായാലും ചിത്രം വിജയിച്ചാല്‍ പോരെ. ഇളയ ദളപതി വിജയ്ക്ക് തെന്നിന്ത്യയിലെന്പാടും ആരാധകരുള്ളപ്പോള്‍ അതുക്ക് എന്ന പ്രചനം?

മലയാളിയുടെ ഹൃസ്വചിത്രത്തില്‍ അമിതാഭ് ബച്ചന്‍"സംഘടിതമായ ഒരു കുറ്റകൃത്യത്തെ നേരിടാന്‍ നമ്മളും സംഘടിക്കേണ്ടതുണ്ട്...വരിക, മനുഷ്യക്കടത്തിനെതിരായ ആഗോള പോരാട്ടത്തില്‍ കൈകോര്‍ക്കുക" ആഹ്വാനം അമിതാഭ് ബച്ചന്‍റേതാണ്. ബിഗ് ബിക്കു പുറമെ ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും പ്രീതി സിന്‍റയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു.

മനുഷ്യക്കടത്തിനെതിരായ ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമായി യുണൈറ്റ‍ഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ‍ഡ്രഗ്സ് ആന്‍റ് ക്രൈമിനു(യു.എന്‍.ഒ.ഡി.സി) വേണ്ടി മലയാളി സംവിധായകന്‍ രാജേഷ് ടച്ച് റിവര്‍ ഒരുക്കിയ വണ്‍ ലൈഫ് നോ പ്രൈസ്എന്ന ഡോക്യുമെന്‍ററി ഹൃസ്വ ചിത്രത്തിലാണ് സാമൂഹിക ദൗത്യവുമായി താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
മനുഷ്യക്കടത്ത് ഏറെ വ്യാപകമായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ചില ഉദാഹരണങ്ങളും എട്ടു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മിന്നി മറയുന്നു.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒട്ടേറെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ സവിശേഷത.

"പ്രതിവര്‍ഷം ആഗോളതലത്തില്‍ 12 ലക്ഷം ആളുകള്‍ മനുഷ്യക്കടത്തിന് വിധേയരാകുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റുകളുടെ വരുമാനം 950 കോടി ഡോററിലേറെ. ഇന്ത്യയില്‍ മാത്രം മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം വരെ കുട്ടികള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു..." യു.എന്നിന്‍റെ വിവിധ സംഘടനകളുടെ കണക്കുകളെ ഉദ്ധരിച്ച് ചിത്രം വ്യക്തമാക്കുന്നു.

മനുഷ്യക്കടത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ ആഗോള പരിപാടി(യു.എന്‍.ഗിഫ്റ്റ്)യുടെ ഭാഗമായി ഒരുക്കിയ വണ്‍ ലൈഫ് നോ പ്രൈസ് യു.എന്‍.ഒ.ഡി.സി ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.
രാജേഷിന്‍റെ ഭാര്യയും മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായ ഹൈദരാബാദിലെ പ്രജ്വല എന്ന പ്രസ്ഥാനത്തിന്‍റെ സാരഥിയുമായ സുനിതാ കൃഷ്ണന്‍റേതാണ് തിരക്കഥ. ഇതേ ചിത്രം ഹിന്ദിയും പ്രാദേശിക ഭാഷകളിലും നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് രാജേഷ് പറഞ്ഞു.


2003ല്‍ ശ്രീലങ്കയിലെ വംശീയ കലാപത്തെ ആസ്പദമാക്കി നിര്‍മിച്ച ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച രാജേഷ് പിന്നീട് 10 ദ സ്ട്രേഞ്ചേഴ്സ്, അലക്സ് എന്നീ തെലുങ്ക് ചിത്രങ്ങളും സംവിധാനം ചെയ്തു.ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം സ്വദേശിയായ സംവിധായകന്‍ ഏറെ ശ്രദ്ധ നേടിയത് സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ ഡോക്യുമെന്‍ററികളീലുടെയാണ്.

മനുഷ്യക്കടത്തിനെ ആസ്പദമാക്കി പ്രജ്വലയും ടച്ച് റിവര്‍ പിക്ചേഴ്സും ചേര്‍ന്ന് നിര്‍മിച്ച അനാമികയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഡോക്യുമെന്‍ററികളിലൊന്ന്. നിരവധി പുരസ്കാരങ്ങള്‍ നേടിയ അനാമിക ദേശീയ പോലീസ് അക്കാദമിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള സേക്രഡ് ഫേസ് എന്ന ഹൃസ്വചിത്രം കഴിഞ്ഞ വര്‍ഷം കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എന്‍റെ മലയാളം ഉള്‍പ്പെടെ ചില സംഗീത ആല്‍ബങ്ങളും സംവിധാനം രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
--------------------------------------------

വണ്‍ ലൈഫ് നോ പ്രൈസ് എന്ന ഹൃസ്വ ചിത്രം കാണാന്‍ മുകളിലത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഇവിടെ

Friday, August 31, 2007

ചക് ദേ ഇന്ത്യ ഓര്‍മിപ്പിക്കുന്നത്"ആ പെനാല്‍റ്റി എടുക്കാന്‍ ആരും തയാറായിരുന്നില്ല. സാമുവല്‍ എറ്റുവോ ക്യാപ്റ്റന്‍ റിഗോബെര്‍ട്ട്‌ സോംഗോ പോലും. കാരണം, പിഴച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയമായിരുന്നു. പക്ഷെ, എനിക്ക്‌ എന്നും ധൈര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഞാന്‍ പെനാല്‍റ്റി സ്പോട്ടിലേക്ക്‌ നടന്നടുത്തത്‌"

2005ഒക്ടോബര്‍ എട്ടിനു നടന്ന ലോകകപ്പ്‌ ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഈജീപ്തിനെതിരെ അവസാന മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ കാമറൂണ്‍ ഡിഫന്‍റര്‍ പിയറെ ലെന്‍ഡ്‌ വോമെ ദിവസങ്ങള്‍ക്കു ശേഷം ആ അഭിശിപ്ത നിമിഷത്തെക്കുറിച്ച്‌ വിവരിച്ചത്‌ ഇങ്ങനെയാണ്‌. പോസ്റ്റിനു പുറത്തുകൂടി പാഞ്ഞ പന്തിനൊപ്പം കാമറൂണിന്‍റെ ലോകകപ്പ്‌ സ്വപ്നങ്ങളും കാറ്റില്‍ പറക്കുകയായിരുന്നു.

ആരാധകരുടെ വധഭീഷണികള്‍ക്കു നടുവില്‍ വോമെയുടെ രാത്രികള്‍ ഉറക്കമില്ലാത്തതായി. കൊളംബിയയിലെ മെഡെലിന്‍ എലിന്‍ഡിയോ ബാറിനു മുന്നില്‍ "ഗോള്‍, ഗോള്‍" എന്ന്‌ ആക്രോശിച്ചുകൊണ്ട്‌ ആന്ദ്രെ എസ്കോബാറിനുനേരെ പന്ത്രണ്ടു തവണ നിറയൊഴിച്ച്‌, സെല്‍ഫ്‌ ഗോളിന്‍റെ കണക്കു തീര്‍ത്ത ഹംബര്‍ട്ടോ മുനോസ്‌ കാസ്ട്രോക്ക്‌ കാമറൂണില്‍ ഒരു പകരക്കാരന്‍ അവതരിച്ചേക്കുമെന്ന്‌ ഭയന്നവര്‍ ഏറെയാണ്‌. പക്ഷെ, ആയുസിന്‍റെ പുസ്തകത്തിലും കാമറൂണ്‍ ടീമിലും തുടരാനുള്ള ഭാഗ്യം ലഭിച്ച വോമെ ഈ വര്‍ഷം‍ രാജ്യാന്തര ഫുട്ബോളില്‍നിന്ന്‌ വിരമിച്ച്‌, ജര്‍മന്‍ ലീഗിലേക്ക്‌ ചുവടു മാറ്റുകയായിരുന്നു.

കളിക്കളത്തിലെ അതിനിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ബോധപൂര്‍വമല്ലാതെ സംഭവിക്കുന്ന വീഴ്ച്ചയുടെ പേരില്‍ വഞ്ചകരായി മുദ്രയടിക്കപ്പെടുന്ന താരങ്ങള്‍ അനവധിയാണ്‌. എസ്കോബാറിന്‍റെ വിധി കാസ്ട്രോ തീരുമാനിച്ചെങ്കില്‍ മറ്റു പലര്‍ക്കും ജീവിതാവസാനം വരെ പേരുദോഷം ചുമക്കേണ്ടിവരുന്നു. അപൂര്‍വം ചിലര്‍ക്ക്‌ സത്യസന്ധത തെളിയിക്കാന്‍ പിന്നീട്‌ അവസരം ലഭിക്കുന്നു.

ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ മുന്‍ ഗോള്‍ കീപ്പറായ മീര്‍ രഞ്ജന്‍ നേഗി ഇതില്‍ അവസാന ഗണത്തില്‍പെടുന്നു. 1982൨ലെ ഏഷ്യന്‍ ഗെയിംസ്‌ ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാന്‍ ഇന്ത്യന്‍ വലയില്‍ അടിച്ചു കയറ്റിയ ഏഴു ഗോളുകള്‍ നേഗിയുടെ ഹൃദയം പിളര്‍ന്ന വെടിയുണ്ടകളായിരുന്നെന്നു പറയാം. വഞ്ചകനായ കാവലാളിന്‍റെ രക്തത്തിനുവേണ്ടി മാധ്യമങ്ങളും ആരാധകരും ഒന്നുപോലെ മുറവിളി കൂട്ടി. പാക്കിസ്ഥാനുമായി ഒത്തു കളിച്ച നേഗി വഴങ്ങിയ ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം പ്രതിഫലം കൈപ്പറ്റിയെന്നുവരെ മാധ്യമങ്ങള്‍ ആരോപിച്ചു.

ആരോപണങ്ങള്‍ ശരിവെക്കും പോലെ നേഗി ഇന്ത്യന്‍ ടീമില്‍നിന്ന്‌ പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ വീടിനു നേരെ ആക്രമണമുണ്ടായി. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയന്ന നേഗി തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ താടി വളര്‍ത്തി. കറുത്ത ബുധനാഴ്ച്ചയുടെ വേദനയുമായി ഒളിവിലെന്നപോല അദ്ദേഹം ചെലവിട്ടത്‌ നീണ്ട പതിനാറു വര്‍ഷമാണ്‌. ഇക്കാലമത്രയും ഹോക്കിയോടുള്ള ആഭിമുഖ്യം നിലനിര്‍ത്തിയ നേഗിക്ക്‌ ഒടുവില്‍ 1998ല്‍ ബാങ്കോക്ക്‌ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെ ഗോള്‍ കീപ്പര്‍മാരെ പരിശീലിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന ആശിശ്‌ ബലാലിനെ നേഗിയുടെ നിര്‍ദേശപ്രകാരമാണ്‌ അവസാന ഘട്ടത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്‌. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബലാലി ന്‍റെ മികവില്‍ കൊറിയയെ തകര്‍ത്ത്‌ ഇന്ത്യ കിരീടം നേടി.

തുടര്‍ന്ന്‌ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ പരിശീലകനായ നേഗി 2002ല്‍ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ടീമിനെ കിരീടത്തിലേക്ക്‌ നയിച്ചുകൊണ്ട്‌ തന്‍റെ വിശ്വാസ്യതയെ സംശയിച്ചവര്‍ക്ക്‌ മറുപടി നല്‍കുകയും ചെയ്തു.

ഷാരൂഖ്‌ ഖാന്‍ നായകനായ ചക്‌ ദേ ഇന്ത്യ എന്ന സിനിമ ബോക്സ്‌ ഓഫീസില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ നേഗിയുടെ കായിക ജീവിതം ചര്‍ച്ചാവിഷയമാവുകയാണ്‌. ചിത്രത്തില്‍ ഷൂരൂഖ്‌ ഖാന്‍ അവതരിപ്പിക്കുന്ന കബീര്‍ ഖാന്‍ എന്ന കഥാപാത്രം തിരിച്ചടികളോടു പൊരുതി ജയിച്ച നേഗിതന്നെയാണ്‌. താന്‍ അനുഭവിച്ച വേദനകളുടെ പത്തു ശതമാനം പോലും ദൃശ്യവത്കരിക്കുന്നില്ലെങ്കിലും ചക്‌ ദേ ഇന്ത്യ നല്‍കുന്ന ആഹ്ളാദം ചെറുതല്ലെന്ന്‌ നേഗി പറയുന്നു. ഇന്ത്യന്‍

ഹോക്കി ടീമിന്‍റെ ക്യാപ്റ്റനും സെന്‍റര്‍ ഫോര്‍വേഡുമായിരുന്ന കബീര്‍ ഖാന്‍ ലോക കപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള വാശിയേറിയ ഫൈനലില്‍ അവസാന മിനിറ്റില്‍ ലഭിച്ച നിര്‍ണയക പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നിടത്താണ്‌ ചക്‌ ദേ ഇന്ത്യ തുടങ്ങുന്നത്‌. രാജ്യവഞ്ചകന്‍ എന്ന പേരുദോഷം ചാര്‍ത്തി മാധ്യമങ്ങളും ആരാധകരും കബീറിനെതിരെ തിരിഞ്ഞു.

ഒരു ദുര്‍ബല നിമിഷത്തിലെ വീഴ്ച്ചക്ക്‌ ഏറെ അപമാനവും അവഹേളനവും ഏറ്റുവാങ്ങി, തറവാട്‌ ഉപേക്ഷിച്ച്‌ അമ്മക്കൊപ്പം നാടുവിടുന്ന കബീര്‍ ഏഴു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ വനിതാ ടീമിന്‍റെ പരിശീലകനായി തിരിച്ചെത്തുന്നു. വനിതാ ടീമില്‍ ഹോക്കി ഫെഡറേഷനു പോലും പ്രതീക്ഷയില്ലായിരുന്ന കാലം. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്ത പരിശീലന ക്യാമ്പി ന്‍റെ തുടക്കത്തില്‍തന്നെ താരങ്ങള്‍ക്കിടയിലെ അസൂയയും അഭിപ്രായ വ്യത്യാസങ്ങളും ഭാഷയുടെയും ദേശത്തിന്‍റെയും പേരിലുള്ള വിഭാഗീയതയുമൊക്കെ പ്രകടമാകുന്നു. അഹംഭാവവും സ്വാര്‍ത്ഥതയും ക്ഷോഭവുമൊക്കെയായിരുന്നു പല താരങ്ങളുടെയും കൈമുതല്‍.

പരമ്പരാഗതമല്ലാത്ത പരിശീലന മാര്‍ഗങ്ങള്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയെങ്കിലും മൂന്നു മാസം കൊണ്ട്‌ ടീം സ്പിരിറ്റ്‌ വളര്‍ത്താനും ടീമിനെ ലോകകപ്പിന്‌ സജ്ജമാക്കാനും കബീറിനു കഴിഞ്ഞു. ഏഴു വര്‍ഷം മുമ്പ്‌ നേരിട്ട അപമാനത്തിന്‌ പ്രായശ്ചിത്തം ചെയ്യാനുള്ള മോഹവുമായി അവര്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക്‌ തിരിക്കുമ്പോള്‍ പഴയ വെള്ളി മെഡലും കബീര്‍ കരുതിയിരുന്നു. നിലവിലുള്ള ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയോട്‌ ദയനീയമായി തോറ്റ്‌ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ടീം ശക്തമായ തിരിച്ചുവരവു നടത്തി ഫൈനലില്‍ ഓസ്ട്രേലിയയെ തകര്‍ത്ത്‌ ലോകകപ്പ്‌ നേടുന്നു. വിഭിന്ന സംസ്ഥാനക്കാരായ താരങ്ങളുടെ സ്വഭാവ വ്യതിരക്തതത അവശ്യ ഘട്ടങ്ങളില്‍ കളിക്കളത്തില്‍ പ്രയോജപ്പെടുത്താനും കബീറിനു കഴിയുന്നു.

യാഷ്‌രാജ്‌ ഫിലിംസിനുവേണ്ടി ഷിമിത്‌ അമിന്‍ സംവിധാനം ചെയ്ത ചിത്രം ഹോക്കിയുമായി ബന്ധപ്പെട്ട കഥയാണ്‌ പറയുന്നതെങ്കിലും പൊതുവില്‍ ഇന്ത്യന്‍ കായിക മഖലയില്‍ നിലനില്‍ക്കുന്ന കാതലായ പല പ്രശ്നങ്ങളിലേക്കും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്‌. കായിക താരങ്ങളില്‍ രൂഢമൂലമായിട്ടുള്ള പ്രാദേശിക വികാരവും ഉച്ചനീചത്വവും താന്‍പോരിമയും കായിക സംഘടനകളുടെ കെടുകാര്യസ്ഥതയും നീതീകരണമില്ലാത്ത മാധ്യമ വിധികളും ആരാധകരുടെ നെറികേടുകളുമൊക്കെ തുറന്നു കാട്ടുന്നതില്‍ ചിത്രത്തി ന്‍റെ അണിറയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു.

തോല്‍വിയുടെ വേദനയില്‍ തകര്‍ന്ന കബീര്‍ ഖാനെ പ്രതിക്കൂട്ടിലാക്കുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ വികാരത്തള്ളലില്‍ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ചിന്തിക്കാത്ത മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഉത്തമ ഉദാഹരണമാണ്‌. അപമാനിതനായി വീടു വിട്ടുപോകുന്ന കബീര്‍ ഖാനെ ഒരു നികൃഷ്ട ജീവിയെപ്പോലെ നോക്കുന്ന നാട്ടുകാര്‍ ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യയുടെ തകര്‍ച്ചയെ തുടര്‍ന്ന്‌ മഹേന്ദ്ര സിംഗ്‌ ധോണിയുടെ റാഞ്ചിയിലെ വീടിനുനേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ എത്രയോ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു?. ലോകകപ്പിലെ തോല്‍വിയെക്കാള്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളെ ആശങ്കാകുലരാക്കിയിരുന്നത്‌ നാട്ടിലുള്ള കുടുംബാംഗങ്ങളുടെ സുരക്ഷയായിരുന്നു. നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍ താരങ്ങളെ വാനാളം പ്രകീര്‍ത്തിക്കുന്ന മാധ്യമങ്ങളും ആരാധകരും തിരിച്ചടികള്‍ സംഭവിക്കുമ്പോള്‍ അവരും മനുഷ്യരാണെന്ന യാഥാര്‍ത്ഥ്യം മറന്ന്‌ പ്രതികരിക്കുക പതിവാണ്‌.

പരിശീലന ക്യാമ്പില്‍ ജാര്‍ഘണ്ടില്‍നിന്നുള്ള താരങ്ങള്‍ നേരിടുന്ന വിവേചനത്തിന്‌ സമാനമായ ഒട്ടേറെ സംഭവങ്ങള്‍ വിവിധ പരിശീലന ക്യാമ്പുകളില്‍ അരങ്ങേറുന്നുണ്ട്‌. ഭാഷയുടെയും സംസ്കാരത്തിന്‍റെ യും ദേശത്തിന്‍റെയുമൊക്കെ അതിര്‍ത്തികളാണ്‌ ഇവിടുത്തെ ഭിന്നതക്ക്‌ കാരമെന്ന്‌ വേണമെങ്കില്‍ ന്യായീരിക്കാം. പക്ഷെ ഇന്ത്യന്‍ ക്യാമ്പില്‍ സ്വന്തം നാട്ടുകാരായ ഷൈനി ഏബ്രഹാമും എം.ഡി. വത്സമ്മയുമൊക്കെ തന്നോടു കാട്ടിയ വിവേചനത്തെക്കുറിച്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷം പി.ടി. ഉഷ തുറന്നു പറഞ്ഞത്‌ ഓര്‍ക്കുക.

കബീര്‍ ഖാനെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ബിന്ദിയ നായിക്കും അലിയ ബോസും ഗുന്‍ജന്‍ മേത്തയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കോച്ച്‌ ഗ്രെഗ്‌ ചാപ്പലിനുമുന്നില്‍ വല്യേട്ടന്‍ കോംപ്ളക്സിന്‍റെ വെല്ലുവിളി സൃഷ്ടിച്ച സൌരവ്‌- സച്ചിന്‍-രാഹുല്‍ ത്രയത്തിണ്റ്റെ പ്രതിരൂപങ്ങളാണെന്ന്‌ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്‌. ചിത്രത്തിലെ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റ് നമ്മുടെ ദേശീയ, സംസ്ഥാന കായിക സംഘടനാ ഭാരാവാഹികളെ അനുസ്മരിപ്പിക്കുന്നു. കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലുമില്ലാത്ത രാജ്യങ്ങള്‍ ഒളിംപിക്സിലും ലോകകപ്പ്‌ ഫുട്ബോളിലുമൊക്കെ സജീവ സാന്നിധ്യമറിയിക്കുമ്പോള്‍ നൂറുകോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ എന്തുകൊണ്ട്‌ ദയനീയമായി പിന്തള്ളപ്പെടുന്നു എന്ന പതിവു ചോദ്യത്തിനുള്ള ഉത്തരവും ചക്‌ ദേ ഇന്ത്യ നല്‍കുന്നുണ്ട്‌.

തീപാറുന്ന കായിക പോരാട്ടങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണിയിക്കപ്പെടുന്ന, സ്വര്‍ണവും വെള്ളിയും വേര്‍തിരിക്കപ്പെടുന്ന നിമിഷങ്ങളുടെ ഉദ്വേഗവും ആവേശവും വാക്കുകള്‍ക്ക്‌ അതീതമാണ്‌. ഇത്തരം മുഹൂര്‍ത്തങ്ങള്‍ അതേപടി വെള്ളിത്തിരയിലേക്ക്‌ പറിച്ചു നട്ട്‌ വിജയം കൊയ്ത ഹോളിവുഡ്‌ സിനിമകള്‍ അനവധിയുണ്ട്‌.

1924ലെ ഒളിംപിക്സില്‍ മാറ്റുരക്കുന്ന രണ്ടു ബ്രിട്ടീഷ്‌ അത് ലിറ്റുകളുടെ കഥ പറഞ്ഞ ചാരിയറ്റ്സ്‌ ഓഫ്‌ ഫയറാണ്‌(1981) ഈ ഗണത്തില്‍ എടുത്തു പറയേണ്ട ഒരു ചിത്രം. ഏഴ്‌ ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ നേടിയ ചാരിയറ്റ്സ്‌ ഓഫ്‌ ഫയര്‍ മികച്ച ചിത്രത്തിന്‌ ഉള്‍പ്പെടെയുള്ള നാല്‌ അവാര്‍ഡുകള്‍ സ്വന്തമാക്കുകയുംചെയ്തു. ഹോക്കിയുമായി ബന്ധപ്പെട്ട്‌ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങള്‍ മിറാക്കിളും(2004), ദ റോക്കറ്റ്‌:ദ മൌറിസ്‌ റിച്ചാര്‍ഡ്‌ സ്റ്റോറിയു(2005)മാണ്‌.

ഇന്ത്യയില്‍ കായികയിനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ അപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. ഇവയില്‍ സമീപകാലത്ത്‌ ശ്രദ്ധിക്കപ്പെട്ടത്‌ അശുതോഷ്‌ ഗൊവാരികറുടെ ലഗാനും(2001) നാഗേഷ്‌ കുകുനൂറിന്‍റെ ഇഖ്ബാലു(2005)മാണ്‌. രണ്ടു ചിത്രങ്ങളുടെയും പ്രമേയം ക്രിക്കറ്റായിരുന്നു.

പ്രൗഢമായ പാരമ്പര്യമുള്ള ഇന്ത്യന്‍ ഹോക്കി വര്‍ഷങ്ങളായി പ്രതിസന്ധിയുടെ വഴിയിലാണ്‌. ഹോക്കി ഫെഡറേഷനിലെ അഴിമിതിയും കെടുകാര്യസ്ഥതയും നൂതന സങ്കേതകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വിമുഖതയുമൊക്കെ ഇതിനു കാരണങ്ങളാണ്‌. ഹോക്കിയില്‍ കരുത്തു കാട്ടുന്ന രാജ്യങ്ങളെല്ലാം എഴുപതുകളില്‍ ആസ്ട്രോ ടര്‍ഫിലേക്ക്‌ ചുവടു മാറ്റിയെങ്കിലും ഇന്ത്യ മടിച്ചു നില്‍ക്കുകയായിരുന്നു. തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടന്നിരുന്ന മത്സരങ്ങള്‍ ഓര്‍മ മാത്രമായി. ഹോക്കിയുടെ നഷ്ടപ്രതാപം വീണ്ടെടെടുക്കാനായി സംഘടിപ്പിച്ച പ്രീമിയര്‍ ഹോക്കി ലീഗും കാര്യമായ പ്രയോജനം ചെയ്തില്ല.

ഈ സാഹചര്യത്തില്‍ വനിതാ ഹോക്കിയെ ആസ്പദമാക്കി ഒരു സിനിമക്ക്‌ വിജയ സാധ്യതയില്ലെന്ന്‌ പ്രവചിച്ചവരാണ്‌ ഏറെ. എന്നാല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒരു രാജ്യാന്തര ടൂര്‍ണമെന്‍റില്‍ നേടിയ വിജയത്തിന്‌ മാധ്യമങ്ങള്‍ മതിയായ പ്രാധാന്യം നല്‍കാതിരുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ താന്‍ ചിത്രത്തിന്‍റെ കഥയെക്കുറിച്ച്‌ ആലോചിച്ചു തുടങ്ങിയതെന്ന്‌ തിരക്കഥാകൃത്ത്‌ ജെയ്ദീപ്‌ സാഹ്നി പറയുന്നു.

ബോളിവുഡിന്‍റെ പതിവ്‌ ചേരുവകളൊന്നുമില്ലാതെ പ്രേക്ഷകരെ എങ്ങനെ ത്രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യാമെന്ന്‌ ഈ ചിത്രം കാട്ടിത്തരുന്നു. ഭാഷയുടെയും ദേശത്തി ന്‍റെയും അതിര്‍ വരമ്പുകള്‍ അപ്രസക്തമാക്കുന്ന ടീം സ്പരിറ്റ്‌ ദേശീയോദ്ഗ്രഥനത്തിന്‍റെ ഉദാത്ത മാതൃകയായി മാറുകയും ചെയ്യുന്നു.

ഷാരൂഖ്‌ ഖാനൊപ്പം 16 പെണ്‍കുട്ടികള്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഒരു പ്രണയ രംഗം പോലും ചക്‌ ദേ യില്‍ ഇല്ല. വിജയദാഹവും പോരാട്ട വീര്യവുമാണ്‌ ഇവിടെ പ്രധാനം. പെണ്‍കുട്ടികളുടെ ഗ്ളാമറിനപ്പുറം മനസാന്നിധ്യത്തിനാണ്‌ ചിത്രം ഊന്നല്‍ നല്‍കുന്നത്‌. വില്ല ന്‍റെ അഭാവത്തില്‍ ചില താരങ്ങളുടെ നിഷേധാത്മക സമീപനമാണ്‌ നായകനു വെല്ലുവിളി സൃഷ്ടിക്കുന്നതും ഒടുവില്‍ കീഴടങ്ങുന്നതും. തുടക്കത്തില്‍തന്നെ ഉദ്വേഗത്തിന്‍റെ വിത്തു വിതക്കുന്ന സംവിധായകന്‍ ഒരു ഇന്ത്യ-പാക്കിസ്ഥാന്‍ ഏകദിന ക്രിക്കറ്റ മത്സരമെന്നപോലെ, ഒരു നിമിഷംപോലും നഷ്ടപ്പെടരുതെന്ന്‌ ആഗ്രഹിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുകയാണ്‌. തങ്ങളോട്‌ പൊരുതി തോല്‍ക്കുന്ന വനിതാ ടീമിനെ ഇന്ത്യന്‍ പുരുഷ ഹോക്കി താരങ്ങള്‍ ആദരിക്കുന്നത്‌ ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ഏറെ വികാരഭരിതമാണ്‌.

മതിയായ ഗൃഹപാഠത്തിനു ശേഷം ചിത്രീകരണമാരംഭിച്ച അമീന്‍ കൃത്യത ഉറപ്പാക്കാന്‍ മിര്‍ രഞ്ജന്‍ നേഗി ഉള്‍പ്പെടെയുള്ള ഹോക്കി വിദഗ്ധരുടെ സഹായം തേടിയിരുന്നു. വ്യാപകമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ചക്‌ ദേ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട 16 പെണ്‍കുട്ടികളും കഥാപാത്രങ്ങളോട്‌ നീതിപുലര്‍ത്തി. ഹോക്കിയില്‍ പ്രാവീണ്യമുള്ളവരെയും അഭിനയത്തില്‍ മികവു പുലര്‍ത്തുന്നവരെയും ഇടകലര്‍ത്തിയാണ്‌ ടീം രൂപീകരിച്ചത്‌. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കോമള്‍ ചൗട്ടാലയെ അവതരിപ്പിക്കുന്ന ചിത്രാഷി റാവത്ത്‌ ഉള്‍പ്പെടെ ഭൂരിഭാഗം പേര്‍ക്കും കാമറക്കു മുന്നില്‍ അരങ്ങേറ്റമായിരുന്നു ഇത്‌.

പതിവു രീതിയില്‍ ചുണ്ടു വിറപ്പിക്കുകയും ദീര്‍ഘനിശ്വാസം വിടുകയും ചെയ്യുന്ന ഷാരൂഖ്‌ ഖാനെയല്ല ചക്ദേയില്‍ കാണുന്നത്‌. കബീര്‍ ഖാന്‍റെ മുഖഭാവത്തിനും കണ്ണുകളുടെ തീക്ഷ്ണതക്കുമാണ്‌ ഇവിടെ ഊന്നല്‍ നല്‍കിയിരിക്കുന്നത്‌. സ്വദേശിനു ശേഷം ഷാരൂഖി ന്‍റെ അഭിനയശേഷി വിളിച്ചോതുന്ന ചിത്രമാണിത്‌.

ചക്‌ ദേ ഇന്ത്യ രാജ്യത്ത്‌ ഒരു ഹോക്കി തരംഗത്തിന്‌ വഴിതെളിക്കുമെന്ന പ്രതീക്ഷ വ്യാപകമായുണ്ട്‌. ചിത്രത്തിന്‍റെ അവസാന രംഗത്തില്‍ കബീര്‍ ഖാന്‍ സമ്മാനമായി നല്‍കുന്ന ഹോക്കി സ്റ്റിക്കുമായി തെരുവിലേക്കോടുന്ന കുട്ടി ഈ പ്രതീക്ഷയുടെ പ്രതീകമാണ്‌. ഹോക്കിയില്‍ ഇന്ത്യയുടെ വസന്ത കാലത്തി ന്‍റെ ഓര്‍മകളുമായി കഴിയുന്ന മുന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ചിത്രം നല്‍കിയിട്ടുള്ള ആവേശം ചെറുതല്ല. ചിത്രം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റ് കെ.പി.എസ്‌ ഗില്‍ ഈ ചിത്രത്തില്‍നിന്ന്‌ പാഠമുള്‍ക്കൊള്ളണമെന്നാണ്‌ മുന്‍ ഇന്ത്യന്‍ താരങ്ങളായ സഫര്‍ ഇഖ്ബാലും പര്‍ഗത്‌ സിംഗും നിര്‍ദേശിക്കുന്നത്‌. പരമ്പരാഗതമല്ലാത്ത ഒരു വിഷയം തെരഞ്ഞെടുക്കുകവഴി ധീരമായ ചുവടുവെപ്പാണ്‌ ചക്‌ ദേ ഇന്ത്യയുടെ അണിയറക്കാര്‍ നിര്‍വഹിച്ചിരിക്കുന്നതെന്ന്‌ 1964ലെ ടോക്കിയോ ഒളിംപിക്സ്‌ സ്വര്‍ണമെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്ന ഹര്‍ബിന്ദര്‍ സിംഗ്‌ വിലയിരുത്തുന്നു.

ക്രിക്കറ്റിന്‌ ലഭിച്ച അമിത പ്രാധാന്യമാണ്‌ ഇന്ത്യയില്‍ ഹോക്കി ഉള്‍പ്പെടെയുള്ള മറ്റ്‌ കായിക ഇനങ്ങളുടെ തകര്‍ച്ചക്ക്‌ കാരണമെന്ന വാദഗതി പ്രബലമാണ്‌. എന്നാല്‍ മികച്ച സംഘാടനമാണ്‌ ക്രിക്കറ്റിന്‍റെ മുന്നേറ്റത്തിന്‌ ഊര്‍ജം പകര്‍ന്നതെന്ന്‌ കാണാം. ഇന്ത്യന്‍ താരങ്ങള്‍ മികവു കാട്ടുന്ന കായിക ഇനങ്ങളോട്‌ രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്‌ സ്വാഭാവികമാണ്‌. മുന്‍പ്‌ ഇന്ത്യയില്‍ ഹോക്കിക്ക്‌ ഏറെ ആരാധകരുണ്ടായിരുന്നതി ന്‍റെ കാരണവും മറ്റൊന്നല്ല. ഹോക്കി പിന്നോക്കം പോവുകയും ക്രിക്കറ്റ്‌ ശ്രദ്ധേമായ വളര്‍ച്ച നേടുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ താല്‍പര്യത്തിലും മാറ്റം സംഭവിച്ചു. 1983 കപില്‍ ദേവും കൂട്ടരും ലോകകപ്പ്‌ സ്വന്തമക്കിയത്‌ ക്രിക്കറ്റ്‌ ജ്വരത്തിന്‌ കരുത്തേകുകയും ചെയ്തു. സാനിയ മിര്‍സയുടെ വിസ്മയക്കുതിപ്പ്‌ ഇന്ത്യയിലെ ചില നഗരങ്ങളിലെങ്കിലും ടെന്നീസ്‌ തരംഗത്തിന്‌ ഇടയാക്കിയിട്ടുണ്ടെന്നു കാണാം. ഇന്ത്യന്‍ ഹോക്കിയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ ഹോക്കി ഫെഡറേഷ ന്‍റെ ഏതാനും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയേ വേണ്ടു. ഹോക്കിയെ രക്ഷിക്കാന്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ സമാന്തര ലീഗ്‌ നടത്തണമെന്ന്‌ ആവശ്യമുയരുന്നതുവരെ എത്തി കാര്യങ്ങള്‍.

ചക്‌ ദേ തരംഗം മുതലാക്കി ഹോക്കിക്ക്‌ പ്രചാരം വര്‍ധിപ്പിക്കുമെന്ന്‌ പ്രഖ്യാപിക്കാനും ഫെഡറേഷന്‍ ധൈര്യം കാട്ടി. കൂടുതല്‍ ആളുകള്‍ വസ്തുതകള്‍ മനസിലാക്കുമ്പോള്‍ ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുമ്പേ എറിയാതെ മാര്‍ഗമില്ലല്ലോ?. സെപ്റ്റംബര്‍ 11ന് ചണ്ഡീഗഡില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പ്രദര്‍ശന മത്സരവും മുന്‍ ഇന്ത്യന്‍ താരങ്ങളും ചലച്ചിത്ര താരങ്ങളും തമ്മിലുള്ള മത്സരവും നടത്താനാണ്‌ തീരുമാനം. സുനില്‍ ഷെട്ടി നയിക്കുന്ന സിനിമാ താരങ്ങളുടെ ടീമില്‍ ചക്‌ ദേയില്‍ അഭിനയിച്ച പെണ്‍കുട്ടികളും അണിനിരക്കുമത്രെ.

ഒരുപാട്‌ അനുഭവങ്ങളില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളാതെ, വിവാദങ്ങളും തൊഴുത്തില്‍കുത്തുമായി നീങ്ങുന്ന ഫെഡറേഷനെ മാനസാന്തരപ്പെടുത്താനും മിന്നല്‍ വേഗത്തില്‍ ഇന്ത്യന്‍ ഹോക്കിയെ രക്ഷപ്പെടുത്താനും ഒരു സിനിമക്ക്‌ കഴിയില്ലെന്നത്‌ പകല്‍പോലെ വ്യക്തമാണ്‌. എങ്കിലും കേവല വിനോദത്തിനപ്പുറം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സിനിമക്ക്‌ കഴിയുമെന്ന്‌ തെളിയിച്ച ചക്‌ ദേയുടെ അണിയറക്കാരെ അഭിനന്ദിച്ചേ തീരു.

-------------------------------
ചിത്രത്തിന് കടപ്പാട്-moviewalah.com

Monday, July 30, 2007

ബെര്‍ഗ് മാന്‍ അന്തരിച്ചു


വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരന്‍ഇഗ്മര്‍ ബെര്‍ഗ്മാന്‍(89) അന്തരിച്ചു.

Friday, March 16, 2007

മോഹന്‍ലാലിന്‍റെ വൈകിട്ടത്തെ പരിപാടി(കേരളത്തില്‍ വളരെ പ്രചാരം നേടിയ
ഒരു മദ്യപ്പരസ്യത്തിന്‍റെ പകുതി ദൃശ്യമാണിത്.
വിവിധ കാരണങ്ങളാല്‍ പ്രധാന ഭാഗം ഒഴിവാക്കുന്നു.
നമ്മുടെ വൈകിട്ടത്തെ പരിപാടി
എന്നാണ് പരസ്യത്തിന്‍റെ ആകര്‍ഷണ വാചകം.)മോഹന്‍ലാലിന്‍റെ വൈകിട്ടത്തെ പരിപാടിയില്‍ മോഡേണ്‍ ടാക്കീസിന് എന്തു കാര്യം
എന്ന് പലര്‍ക്കും തോന്നിയേക്കാം. ഈ പരിപാടിയില്‍ നമുക്ക് ഒരു കാര്യവുമില്ലേ.
പക്ഷെ ലാല്‍ ഒരു നടനായിപ്പോയില്ലേ. അങ്ങനെ വരുന്പോള്‍ ടാക്കിസിന് വേണ്ടപ്പെട്ട ആളല്യോ?

ലാലിന്‍റെ അഭിനയ പ്രതിഭയെക്കുറിച്ച് മനസിലാകുന്നതും അല്ലാത്തതുമായ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍ക്ക് കയ്യും കണക്കുമില്ല. ജനപ്രീതിയുടെ കാര്യത്തില്‍ ഉയരങ്ങളില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ ആരാധകരില്‍ എല്ലാ പ്രായവിഭാഗക്കാരുമുണ്ട്. ഇതിനൊക്കെ പുറമെ ദേശീയ അവാര്‍ഡിന്‍റെയും പത്മശ്രീയുടെയും തിളക്കവും സ്വന്തം. ഇതിലും നല്ല ഒരു മോഡലിനെ വൈകിട്ടത്തെ പരിപാടിക്ക് കിട്ടാനുണ്ടോ?. പ്രമുഖ വ്യക്തികള്‍ മാതൃകാപുരുഷന്‍മാരാകുന്നത് ഇങ്ങനെയാണ്!

ചെറുപ്പക്കാര്‍ ലാലേട്ടന്‍റെ ബ്രാന്‍ഡ് ചോയിച്ച് ചോയിച്ച് വാങ്ങുന്പോള്‍ ആ പഴയ ഡയലോഗ് മോഡേണ്‍ ടാക്കിസ് ഇങ്ങനെ മാറ്റി നോക്കി.

''നമുക്ക് വൈകുന്നേരങ്ങളില്‍ നഗരത്തിലെ ബാറിലേക്ക് പോകാം. ഇരുണ്ട മുറിയില്‍ അരണ്ട വെളിച്ചമുണ്ടോ, സോഡയും ടച്ചിംഗ്സും റെഡിയായോ എന്ന് നോക്കം. അവിടെവെച്ച് ഞാന്‍ നിനക്ക് ഒരു ഫുള്ള് തരും''.
പാവം മനുഷ്യന്‍... സ്വന്തം കന്പനിയുടെ അച്ചാറിന് വില്‍പ്പന കൂട്ടാന്‍
ഒരു വഴി തെരഞ്ഞെടുത്തതാണെന്ന് ആശ്വസിക്കാം.

ലാലിന്‍റെ 'പരിപാടി'യില്‍ പ്രതിഷേധിക്കുന്നവര്‍ക്ക്

ടാക്കീസിന്‍റെ എളിയ പിന്തുണ അറിയിക്കുന്നു.

Sunday, February 25, 2007

പി. ഭാസ്കരന്‍ അന്തരിച്ചു.വിഖ്യാത കവിയും

ഗാന രചയിതാവും

ചലച്ചിത്ര സംവിധായകനുമായ

പി. ഭാസ്കരന്‍ അന്തരിച്ചു.

മോഡേണ്‍ ടാക്കീസിന്‍റെ ആദരാഞ്ജലികള്‍...

Friday, February 23, 2007

ഓസ്കാര്‍ അവാര്‍ഡ് പ്രവചന മത്സരം

ഓസ്കാര്‍ അവാര്‍ഡ്‌ പ്രഖ്യാപനത്തിന്‌ മുന്നോടിയായി മോഡേണ്‍ ടാക്കീസ്‌ ഒരു പ്രവചന മത്സരം നടത്തുകയാണ്‌. 24 വിഭാഗങ്ങളിലായി നോമിനേഷന്‍ നേടിയ വ്യക്തികളുടെയും ചിത്രങ്ങളുടെയും ലിസ്റ്റ്‌ ചുവടെ ചേര്‍ത്തിരിക്കുന്നു.


ഈ പട്ടികയിലുള്ളതില്‍ ഡി.വി.ഡി രൂപത്തില്‍ കയ്യില്‍ കിട്ടിയ ചിത്രങ്ങള്‍ മാത്രമേ മോഡേണ്‍ ടാക്കീസ്‌ വിലയിരുത്തിയിട്ടുള്ളു. ഭൂരിഭാഗം പേരുടെയും സ്ഥിതി ഇതുതന്നെയാകുമെന്ന്‌ കരുതുന്നു. എന്തായാലും സാധാരണ സിനിമാ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന പ്രധാന മേഖലകളാണ് പട്ടികയിലെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഈ പത്ത്‌ വിഭാഗങ്ങളിലാണ്‌ പ്രവചന മത്സരം നടത്തുന്നതും. അതില്‍ കൂടുതല്‍ വോട്ടു ചെയ്യുന്നതിന് വിലക്കില്ല. ഹോളിവുഡ് സിനിമകളോട് താല്‍പര്യമില്ലാത്തവര്‍ക്ക് കറക്കിക്കുത്തി പ്രവചനത്തില്‍ പങ്കാളികളാകാം.

ഏറ്റവും അധികം ശരിയായ പ്രവചനം
നടത്തുന്നവര്‍ക്ക്.....................................
അത് പ്രഖ്യാപനം കഴിഞ്ഞ് പറയാം.
1. മികച്ച ചിത്രം

ബാബേല്‍

ദ ഡീപാര്‍ട്ടഡ്‌

ലെറ്റേഴ്സ്‌ ഫ്രം ഇവോ ജിമ

ലിറ്റില്‍ മിസ്‌ സണ്‍ഷൈന്‍

ദ ക്യൂന്‍


2. സംവിധാനം
ബാബേല്‍

ദ ഡിപാര്‍ട്ടഡ്‌

ലെറ്റേഴ്സ്‌ ഫ്രം ഇവോ ജിമ

ദ ക്യൂന്‍

യുണൈറ്റഡ്‌

3. നടന്‍
ലിയനാര്‍ഡോ ഡികാപ്രിയോ (ബ്ളഡ്‌ ഡയമണ്ട്‌)
റ്യാന്‍ ഗൊസ്ളിംഗ്‌ (ഹാഫ്‌ നെല്‍സണ്‍)

പീറ്റര്‍ ഒടൂളി (വീനസ്‌)

വില്‍ സ്മിത്ത്‌ (ദ പര്‍സ്യൂട്ട്‌ ഓഫ്‌ ഹാപ്പിനെസ്‌)

ഫോറസ്റ്റ്‌ വിറ്റേക്കര്‍ (ദ ലാസ്റ്റ്‌ കിംഗ്‌ ഓഫ്‌ സ്കോട് ലാന്‍റ്)


4. സഹനടന്‍
അലന്‍ അര്‍കിന്‍ (ലിറ്റില്‍ മിസ്‌ സണ്‍ഷൈന്‍)

ജാക്കി ഹാലെ (ലിറ്റില്‍ ചില്‍ഡ്രന്‍)

ദിമന്‍ ഹൌണ്‍സു (ബ്ളഡ്‌ ഡയമണ്ട്‌)

എഡി മര്‍ഫി (ഡ്രീം ഗേള്‍സ്‌)

മാര്‍ക്ക്‌ വാല്‍ബെര്‍ഗ്‌ (ദി ഡിപാര്‍ട്ടഡ്‌)


5. നടി
പെനിലോപ്‌ ക്രൂസ്‌ (വോള്‍വര്‍)

ജൂഡി ഡെഞ്ച്‌ (നോട്സ്‌ ഓണ്‍ എ സ്കാന്‍റല്‍)

ഹെലന്‍ മിരെന്‍ (ദ ക്യൂന്‍)

മെറില്‍ സ്ട്രീപ്പ്‌ (ദ ഡെവിള്‍ വിയേഴ്സ്‌ പ്രദ)

കേറ്റ്‌ വിന്‍സ്ളെറ്റ്‌ (ലിറ്റില്‍ ചില്‍ഡ്രന്‍)


6. സഹനടി
അഡ്രിയാന ബറാസ (ബാബേല്‍)

കേറ്റ്‌ ബ്ളാന്‍കറ്റ്‌ (നോട്ട്സ്‌ ഓണ്‍ എ സ്കാന്‍റല്‍)

അബിഗെയ്ല്‍ ബ്രെസ് ലിന്‍ (ലിറ്റില്‍ മിസ്‌ സണ്‍ഷൈന്‍)

ജെനിഫര്‍ ഹഡ്സണ്‍ (ഡ്രീം ഗേള്‍സ്‌)

റിംകോ കികുചി (ബാബേല്‍)


7. തിരക്കഥ(Original)
ബാബേല്‍

ലെറ്റേഴ്സ്‌ ഫ്രം ഇവോ ജിമ

ലിറ്റില്‍ മിസ്‌ സണ്‍ഷൈന്‍

പാന്‍സ്‌ ലാബിറിന്ത്‌

ദ ക്യൂന്‍


8. വിദേശ ഭാഷാ ചിത്രം
ആഫ്റ്റര്‍ ദ വെഡ്ഡിംഗ്‌

ഡെയ്ഡ്‌ ഓഫ്‌ ഗ്ളോറി

ദ ലൈവ്സ്‌ ഓഫ്‌ അദേഴ്സ്‌

പാന്‍സ്‌ ലാബിറിന്ത്‌

വാട്ടര്‍


9. ഛായാഗ്രഹണം
ദ ബ്ളാക്ക്‌ ദാഹില

ചില്‍ഡ്രണ്‍ ഓഫ്‌ മെന്‍

ദി ഇല്യൂഷനിസ്റ്റ്‌

പാന്‍സ്‌ ലാബിറിന്ത്‌

ദ പ്രസിറ്റീജ്


10. കലാസംവിധാനം
ഡ്രീം ഗേള്‍സ്‌

ദി ഗുഡ്‌ ഷെഫേഡ്‌

പാന്‍സ്‌ ലാബിറിന്ത്‌

പൈറേറ്റ്സ്‌ ഓഫ്‌ ദി കരീബിയന്‍: ഡെഡ്‌ മാന്‍സ്‌ ചെസ്റ്റ്‌

ദ പ്രിസ്റ്റീജ്‌


11.വസ്ത്രാലങ്കാരം
കോഴ്സ്‌ ഓഫ്‌ ദ ഗോള്‍ഡണ്‍ ഫ്ളവര്‍

ദ ഡെവിള്‍ വിയേഴ്സ്‌ പ്രദ

ഡ്രീം ഗേള്‍സ്‌

മാരി അന്‍റോണിറ്റെ

ദ ക്യൂന്‍


12. എഡിറ്റിംഗ്‌
ബാബേല്‍

ബ്ളഡ്‌ ഡയമണ്ട്‌
ചില്‍ഡ്രന്‍ ഓഫ്‌ മെന്‍

ദ ഡീപാര്‍ട്ടഡ്‌ യൂണൈറ്റഡ്‌


13. ചമയം(makeup)
അപ്പോകാലിപ്റ്റോ

ക്ളിക്ക്‌

പാന്‍സ്‌ ലാബിറിന്ത്‌


14. ഡോക്കുമെന്‍ററി ചിത്രം
ഡെലിവര്‍ അസ്‌ ഫ്രം ഈവിള്‍

ആന്‍ ഇന്‍കണീവീനിയന്‍റ് ട്രൂത്ത്‌

ഇറാഖ്‌ ഇന്‍ ഫ്രാഗ്മെന്‍റ് സ്

ജീസസ്‌ ക്യാമ്പ്‌

മൈ കണ്‍ട്രി, മൈ കണ്‍ട്രി


15. ഡോക്കുമെന്‍ററി ഹൃസ്വചിത്രം
ദ ബ്ളഡ്‌ ഓഫ്‌ യിംഗ്സോവു ഡിസ്ട്രിക്ട്‌

റീസൈക്കിള്‍ഡ്‌ ലൈഫ്‌

റിഹേഴ്സിംഗ്‌ എ ഡ്രീം

ടൂ ഹാന്‍സ്‌


16. ആനിമേഷന്‍ ചിത്രം
കാര്‍സ്‌
ഹാപ്പി ഫീറ്റ്‌

മോണ്‍സ്റ്റര്‍ ഹൌസ്‌


17. സംഗീതം(Original score)
ബാബേല്‍

ദ ഗുഡ്‌ ജര്‍മന്‍

നോട്സ്‌ ഓണ്‍ എ സ്കാന്‍റല്‍

പാന്‍സ്‌ ലാബിറിന്ത്‌

ദ ക്യൂന്‍


18. സംഗീതം(Original song)
ഐ നീഡ് ടു വേക്ക് അപ്...(ആന്‍ ഇന്‍കണ്‍വീനിയണ്റ്റ്‌ ട്രൂത്ത്‌)

ലിസണ്‍...(ഡ്രീം ഗേള്‍സ്‌)

ലവ് യു ഐ ഡൂ...(ഡ്രീം ഗേള്‍സ്‌)

അവര്‍ ടൗണ്‍...( കാര്‍സ്‌)

പേഷ്യന്‍...(ഡ്രീം ഗേള്‍സ്‌)


19. ഹൃസ്വ ചിത്രം(ആനിമേഷന്‍)
ദ ഡാനിഷ്‌ പോയറ്റ്‌

ലിഫ്റ്റഡ്‌

ദ ലിറ്റില്‍ മാമാച് ഗേള്‍

മേസ്ട്രോ

നോ ടൈം ഫോര്‍ നട്സ്‌


20. ഹൃസ്വചിത്രം(action)
ബിന്‍റ ആന്‍റ് ദ ഗ്രേറ്റ്‌ ഐഡിയ

ഏരമൊസ്‌ പോകോസ്‌(വണ്‍ ടൂ മെനി)

ഹെല്‍മര്‍ ആന്‍റ് സണ്‍

ദ സേവിയര്‍

വെസ്റ്റ്‌ ബാങ്ക്‌ സ്റ്റോറി


21. സൗണ്ട് എഡിറ്റിംഗ്
അപോകാലിപ്റ്റോ

ബ്ളഡ്‌ ഡയമണ്ട്‌

ഫ്ളാഗ്സ്‌ ഓഫ്‌ അവര്‍ ഫാദേഴ്സ്‌

ലെറ്റേഴ്സ്‌ ഫ്രം ഇവോ ജിമ

പൈറേറ്റ്സ്‌ ഓഫ്‌ ദ കരീബിയന്‍:(ഡെഡ്‌ മാന്‍സ്‌ ചെസ്റ്റ്‌)


22. സൌണ്ട്‌ മിക്സിംഗ്‌
അപോകാലിപ്റ്റൊ
ബ്ളഡ്‌ ഡയമണ്ട്‌

ഡ്രീം ഗേള്‍സ്‌

ഫ്ളാഗ്സ്‌ ഓഫ്‌ അവര്‍ ഫാദേഴ്സ്‌

പൈറേറ്റ്സ്‌ ഓഫ്‌ ദ കരീബിയന്‍: ഡെഡ്‌ മാന്‍സ്‌ ചെസ്റ്റ്‌


23. വിഷ്വല്‍ ഇഫക്ട്‌
പൈറേറ്റ്സ്‌ ഓഫ്‌ ദ കരീബിയന്‍: ഡെഡ്‌ മാന്‍സ്‌ ചെസ്റ്റ്‌

പോസിഡോണ്‍

സൂപ്പര്‍മാന്‍ റിട്ടേണ്‍സ്‌

24. തിരക്കഥ(Adapted )
ബൊറാട്‌ കള്‍ച്ചറല്‍ ലേണിംഗ്സ്‌ ഓഫ്‌ അമേരിക്ക ഫോര്‍ മേക്ക്‌ ബെനഫിറ്റ്‌- ഗ്ളോറിയസ്‌ നേഷന്‍ ഓഫ്‌ കസാഖ്സ്ഥാന്‍

ചില്‍ഡ്രണ്‍ ഓഫ്‌ മെന്‍

ദി ഡീപാര്‍ട്ടഡ്‌

ലിറ്റില്‍ ചില്‍ഡ്രണ്‍

നോട്സ്‌ ഓണ്‍ എ സ്കാന്‍റല്‍


Wednesday, January 31, 2007

സിഡ്നി ഷെല്‍ഡണ്‍ അന്തരിച്ചു


വിഖ്യാത എഴുത്തുകാരനും ഹോളിവുഡ് തിരക്കഥാകൃത്തുമായിരുന്ന
സിഡ്നി ഷെല്‍ഡണ്‍(89)അന്തരിച്ചു.
മോഡേണ്‍ ടാക്കീസിന്‍റെ ആദരാഞ്ജലികള്‍.

Saturday, January 20, 2007

കോഴിക്കോടന്‍ അന്തരിച്ചുപ്രമുഖ ചലച്ചിത്ര നിരൂപകന്‍ കോഴിക്കോടന്‍(അപ്പുക്കുട്ടന്‍ നായര്‍-81) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ചിത്രശാല എന്ന പംക്തിയിലൂടെ വര്‍ഷങ്ങളോളം നിറഞ്ഞുനിന്ന നിരൂപണ കുലപതിക്ക് മോഡേണ്‍ ടാക്കീസിന്‍റെ ആദരാഞ്ജലികള്‍...

Wednesday, January 17, 2007

രംഗ് ദേ ബസന്തി ഔട്ട്!


മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡിന് നോമിനേഷന്‍ നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ആമിര്‍ ഖാന്‍റെ രംഗ് ദേ ബസന്തി അവസാന ഒന്‍പത് സിനിമകളുടെ പട്ടികയില്‍പോലും ഇടം നേടാതെ പുറത്തായി. അതേസമയം ദീപാ മേത്ത സംവിധാനം ചെയ്ത വാട്ടര്‍ കാനഡയുടെ ഔദ്യോഗിക ചിത്രമായി നോമിനേഷന്‍ സാധ്യത നിലനിര്‍ത്തി.

ഓസ്കാര്‍ അവാര്‍ഡിന്‍റെ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ്‌ ഇക്കുറി വിദേശ ഭാഷാ വിഭാഗത്തില്‍ നോമിനേഷന്‍ സാധ്യതയുള്ളചിത്രങ്ങളുടെ പട്ടിക പുറത്തു വിട്ടത്‌. വിവിധ രാജ്യങ്ങളില്‍നിന്നായി പരിഗണനക്കു വന്ന 61 ചിത്രങ്ങളില്‍നിന്നാണ്‌ ഒമ്പതെണ്ണം തെരഞ്ഞെടുത്തത്‌.

പാശ്ചാത്യ രാജ്യങ്ങളില്‍ ഏറ്റവുമധികം പണം വാരിയ ഹിന്ദി ചിത്രം എന്ന ഖ്യാതിക്കു പിന്നാലെയാണ് വാട്ടറിന് ഈ പട്ടികയില്‍ ഇടം ലഭിച്ചത്. ജോണ്‍ എബ്രഹാം, ലിസാ റേ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥക്കും നടിക്കുമുള്ള പുരസ്കാരം നേടുകയും ഇന്ത്യയുടെ ദേശീയ ചലച്ചിത്രോത്സവത്തില്‍ ഉള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത മുതിര്‍ന്ന സ്പാനിഷ്‌ സംവിധായകനായ പെഡ്രോ അല്‍മൊദോവറിന്‍റെ വോള്‍വറും ലിസ്റ്റിലുണ്ട്. അവാര്‍ഡിന്‌ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതും വോള്‍വറിനാണ്‌.

ഇപ്പോള്‍ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്ന ഒമ്പത്‌ ചിത്രങ്ങളില്‍ അഞ്ചു ചിത്രങ്ങള്‍ക്കാണ്‌ നോമിനേഷന്‍ ലഭിക്കുക. ഈ മാസം 23 ന് എല്ലാ വിഭാഗങ്ങളിലെയും നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ഫെബ്രുവരി 25നാണ്‌ ഓക്സാര്‍ അവാര്‍ഡ്‌ ദാനച്ചടങ്ങ്‌.

ഡെയ്സ്‌ ഓഫ്‌ ഗ്ളോറി (റാശിദ്‌ ബൌചറെബ-അര്‍ജീരിയ), ആഫ്റ്റര്‍ ദ വെഡിംഗ്‌( സുസെയ്ന്‍ ബീയെര്‍-ഡെന്‍മാര്‍ക്ക്‌), അവന്യൂ മോണ്ടെയ്ന്‍(ഡാനിയെലെ തോംസണ്‍-ഫ്രാന്‍സ്‌), ദ ലൈവ്സ്‌ ഓഫ്‌ അതേഴ്സ്‌(ഫ്ളോറിയന്‍ ഹെങ്കെല്‍-ജര്‍മനി), പാന്‍സ്‌ ലാബ്രിന്ത്‌(ഗുയിലെറെമൊ ഡെല്‍ ടൊറൊ-മെക്സിക്കൊ), ബ്ളാക്‌ ബുക്ക്‌(പോള്‍ വെര്‍ഹോവന്‍-നെതല്‍ലാന്‍റസ്), വിറ്റസ്‌(ഫെര്‍ഡി മുറെര്‍-സ്വിറ്റ്സര്‍ലാന്‍റ്) എന്നിവയാണ്‌ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനായി പരിഗണിക്കപ്പെടുന്ന മറ്റു ചിത്രങ്ങള്‍.

Tuesday, January 09, 2007

ഗീതു മോഹന്‍ദാസും രാജീവ് രവിയും വിവാഹിതരാകുന്നു

(മലയാളം ന്യൂസ്‌ -ജനുവരി 9, 2007)
കൊച്ചി: ചലച്ചിത്ര നടി ഗീതു മോഹന്‍ദാസും ഛായാഗ്രാഹകന്‍ രാജീവ്‌ രവിയും വിവാഹിതരാവുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കൊല്ലത്ത്‌ നടന്നു. 1986-ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ബാലതാരമായി മലയാള സിനിമയിലെത്തിയ ഗീതു തുടര്‍ന്ന്‌ ഏറെക്കാലം വിദേശത്തായിരുന്നു. ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലൂടെയായിരുന്നു രണ്ടാം വരവ്‌. വാല്‍ക്കണ്ണാടി, ശേഷം, കണ്ണകി, അകലെ, രാപ്പകല്‍ തുടങ്ങിയ സിനിമകളിലൂടെ സജീവമായി.
ബോളിവുഡിലും മലയാളത്തിലും ശ്രദ്ധേയനായ ഛായാഗ്രാഹകനാണ്‌ എറണാകുളം സ്വദേശിയായ രാജീവ്‌ രവി. മധുര്‍ ബന്താര്‍ക്കര്‍ സംവിധാനം ചെയ്ത ചാന്ദ്നി ബാര്‍ ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. തുടര്‍ന്ന്‌ മലയാളത്തിലേക്ക്‌ ചുവടു മാറ്റി. ക്ളാസ്മേറ്റ്സാണ്‌ രാജീവ്‌ ഏറ്റവുമൊടുവില്‍ ക്യാമറ ചലിപ്പിച്ച ചിത്രം.