Wednesday, January 17, 2007

രംഗ് ദേ ബസന്തി ഔട്ട്!


മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡിന് നോമിനേഷന്‍ നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ആമിര്‍ ഖാന്‍റെ രംഗ് ദേ ബസന്തി അവസാന ഒന്‍പത് സിനിമകളുടെ പട്ടികയില്‍പോലും ഇടം നേടാതെ പുറത്തായി. അതേസമയം ദീപാ മേത്ത സംവിധാനം ചെയ്ത വാട്ടര്‍ കാനഡയുടെ ഔദ്യോഗിക ചിത്രമായി നോമിനേഷന്‍ സാധ്യത നിലനിര്‍ത്തി.

ഓസ്കാര്‍ അവാര്‍ഡിന്‍റെ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ്‌ ഇക്കുറി വിദേശ ഭാഷാ വിഭാഗത്തില്‍ നോമിനേഷന്‍ സാധ്യതയുള്ളചിത്രങ്ങളുടെ പട്ടിക പുറത്തു വിട്ടത്‌. വിവിധ രാജ്യങ്ങളില്‍നിന്നായി പരിഗണനക്കു വന്ന 61 ചിത്രങ്ങളില്‍നിന്നാണ്‌ ഒമ്പതെണ്ണം തെരഞ്ഞെടുത്തത്‌.

പാശ്ചാത്യ രാജ്യങ്ങളില്‍ ഏറ്റവുമധികം പണം വാരിയ ഹിന്ദി ചിത്രം എന്ന ഖ്യാതിക്കു പിന്നാലെയാണ് വാട്ടറിന് ഈ പട്ടികയില്‍ ഇടം ലഭിച്ചത്. ജോണ്‍ എബ്രഹാം, ലിസാ റേ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥക്കും നടിക്കുമുള്ള പുരസ്കാരം നേടുകയും ഇന്ത്യയുടെ ദേശീയ ചലച്ചിത്രോത്സവത്തില്‍ ഉള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത മുതിര്‍ന്ന സ്പാനിഷ്‌ സംവിധായകനായ പെഡ്രോ അല്‍മൊദോവറിന്‍റെ വോള്‍വറും ലിസ്റ്റിലുണ്ട്. അവാര്‍ഡിന്‌ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതും വോള്‍വറിനാണ്‌.

ഇപ്പോള്‍ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്ന ഒമ്പത്‌ ചിത്രങ്ങളില്‍ അഞ്ചു ചിത്രങ്ങള്‍ക്കാണ്‌ നോമിനേഷന്‍ ലഭിക്കുക. ഈ മാസം 23 ന് എല്ലാ വിഭാഗങ്ങളിലെയും നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ഫെബ്രുവരി 25നാണ്‌ ഓക്സാര്‍ അവാര്‍ഡ്‌ ദാനച്ചടങ്ങ്‌.

ഡെയ്സ്‌ ഓഫ്‌ ഗ്ളോറി (റാശിദ്‌ ബൌചറെബ-അര്‍ജീരിയ), ആഫ്റ്റര്‍ ദ വെഡിംഗ്‌( സുസെയ്ന്‍ ബീയെര്‍-ഡെന്‍മാര്‍ക്ക്‌), അവന്യൂ മോണ്ടെയ്ന്‍(ഡാനിയെലെ തോംസണ്‍-ഫ്രാന്‍സ്‌), ദ ലൈവ്സ്‌ ഓഫ്‌ അതേഴ്സ്‌(ഫ്ളോറിയന്‍ ഹെങ്കെല്‍-ജര്‍മനി), പാന്‍സ്‌ ലാബ്രിന്ത്‌(ഗുയിലെറെമൊ ഡെല്‍ ടൊറൊ-മെക്സിക്കൊ), ബ്ളാക്‌ ബുക്ക്‌(പോള്‍ വെര്‍ഹോവന്‍-നെതല്‍ലാന്‍റസ്), വിറ്റസ്‌(ഫെര്‍ഡി മുറെര്‍-സ്വിറ്റ്സര്‍ലാന്‍റ്) എന്നിവയാണ്‌ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനായി പരിഗണിക്കപ്പെടുന്ന മറ്റു ചിത്രങ്ങള്‍.