പടത്തിന്റെ പേരു ശരിയല്ലെന്ന് നേരത്തെ തോന്നിയാരുന്നു. പോസ്റ്ററും അത്ര എറിപ്പനല്ല. എങ്കിലും സത്യന് അന്തിക്കാടിന്റെ പടമല്ലേ, എന്തെങ്കിലും ഇല്ലാതിരിക്കുമോ എന്ന് വിചാരിച്ചു.
റിലീസ് ചെയ്ത് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ഹരിഹര്‍നഗറിന് ഒടുക്കത്തെ തെരക്ക്. ഭാഗ്യദേവതയുടെ ഫസ്റ്റ്ക്ലാസും ബാല്‍ക്കണിയുമൊക്കെ കഷ്ടി ഫുള്ളായെന്നു പറയാം, അത്രേയൊള്ളു.
ഒള്ളതു പറയാവല്ലോ. മൊടക്കിയ കാശ് മൊതലായി. വെറുതെ മൊതലായീന്നു പറഞ്ഞാ ശരിയാവില്ല. മൊമ്മതലായി. പടത്തിന്റെ കഥ വലിയ സംഭവമൊന്നുമല്ല. അത് ഇതിനോടകം നിങ്ങളൊക്കെ അവിടേം ഇവിടേമൊക്കെ വായിച്ചിട്ടൊണ്ടാകുമല്ലോ. അതുകൊണ്ട് വിസ്തരിക്കുന്നില്ല. എങ്കിലും ചുരുക്കിപ്പറയാം.

കുട്ടനാട്ടിലെ ശരാശരി പ്രാരാബ്ധക്കാരുടെ പ്രതിനിധിയായ നായകന് ബെന്നി ജീവിതം പച്ചപിടിപ്പിക്കാനുള്ള കുറുക്കുവഴിയായി അഞ്ചു ലക്ഷം രൂപ സ്ത്രീധനം വാങ്ങി പെണ്ണു കെട്ടാന്‍ തീരുമാനിച്ചു. പക്ഷെ കൃത്യ സമേത്ത് സ്ത്രീധനം കിട്ടാതെ ആശാന് കുടുങ്ങി. അതിന്റെ പേരില്‍ നമ്മള് ഒരുപാടു സിനിമകളില്‍ കണ്ടിരിക്കുന്ന പോലെ പെണ്ണിനെ വീട്ടിക്കൊണ്ടുപോയി വിട്ടു. അങ്ങനെയിരിക്കുന്പോ പെണ്ണിന് രണ്ടു കോടി രൂപ ലോട്ടറിയടിച്ചു. പിന്നെ അവളെ തിരിച്ചുകൊണ്ടുവരാന്‍ ബെന്നീടെ പരാക്രമങ്ങള്‍.
കാര്യങ്ങള്‍ അങ്ങനെ നിക്കുന്പോള്‍ ബെന്നീടെ പെങ്ങള് ഒരുത്തനുമായി സൊള്ളാന്‍ പോകുന്നതിനെടേല് നാട്ടുകാര്‍ പിടിച്ചു. അപ്പംപിന്നെ അവളെ അവന് കെട്ടിച്ചുകൊടുത്ത് മാനം രക്ഷിക്കണ്ടേ? ചെക്കന്റെ വീട്ടുകാര്‍ ഉയര്‍ന്ന തുക സ്ത്രീധനം ചോദിച്ചപ്പോള്‍ നായകന് പണ്ട് നായികേടെ വീട്ടുകാര്‍ നേരിട്ട അതേ പ്രതിസന്ധിയില്‍ കുടുങ്ങുന്നു. ബാക്കി പറയാതെ ഊഹിക്കാമല്ലോ. നായകന്റെ കുടുംബത്തിന്റെ മാനം കപ്പലു കേറാന്‍ തുറമുഖം വിട്ട നേരത്ത് പൊന്നും പണവുമായി പറന്നെത്തി നായിക അത്(മാനം) വീണ്ടെടുക്കുന്നു. അങ്ങനെ മധുരമായി പ്രതികാരം ചെയ്യുന്നു. ഒടുവില്‍ അവര്‍ ഒന്നാകുന്നു. ശുഭം.
സംഗതി പറഞ്ഞപ്പം തീര്‍ന്നു. ഇത്രേയൊള്ളോ സാധനം എന്ന് നിങ്ങക്കും തോന്നിയേക്കാം. ഈ പടം കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ധനഷ്ടവും മാനഹാനീമൊന്നും സംഭവിക്കാനുമില്ല. ഇത് മലയാള സിനിമാ ചരിത്രത്തിലെ മയില്ക്കുറ്റിയാകാന് പോകുന്നുമില്ല. പക്ഷെ, പൊന്നു ചങ്ങാതിമാരെ, സാഗര്‍ ഏലിയാസ് ജാക്കിയും ഐജിയും ടു ഹരിഹര്‍നഗറും ഉള്‍പ്പെടെയുള്ള തട്ടിപ്പൊളിപ്പുകളും തല്ലിപ്പൊളികളും കണ്ട് തല മന്ദിച്ചിരിക്കുന്ന നിങ്ങള്‍ക്ക് പച്ചയായ ജീവിതം കാണണമെങ്കില്‍, റെഡീമേഡല്ലാത്ത, മുഴച്ചുനില്ക്കാത്ത നര്‍മം ആസ്വദിച്ച് ചിരിക്കണമെങ്കില്‍, കഥാപാത്രങ്ങള്‍ക്കൊപ്പം അല്‍പ്പം സങ്കടപ്പെടണമെങ്കില്‍ ധൈര്യമായി ടിക്കറ്റെടുത്തോ. ഇതിനെല്ലാം പറ്റിയ എന്തൊക്കെയോ ഈ പടത്തിലൊണ്ട്. പള്ളിക്കൂടത്തിലെ സാറമ്മാരു വ്യാകരണമെന്നോ ആശാരിമാരു കാതലെന്നോ, റിയാലിറ്റി ഷോക്കാരു സംഗതീന്നോ ഒക്ക പറയുന്നപോലൊരു സാധനം.
നേരത്തെ പോയാല്‍ തടി കേടാകാതെ ടിക്കറ്റുകിട്ടും, ഫുള്‍ ഏസീലിരുന്ന് പടം കാണാം. സത്യന് അന്തിക്കാടിന്റെ പടങ്ങളുടെ ചരിത്രം അറിയാവമല്ലോ. ആദ്യം ആളില്ലേലും രണ്ടാഴ്ച്ച കഴിയുന്പോ സംഗതി മാറും. വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ചരിത്രം മറക്കണ്ട.
നായികക്ക് ലോട്ടറി അടിക്കുന്നത് ഉള്‍പ്പെടെയുള്ള ചില്ലറ കല്ലുകടികളുണ്ടെങ്കിലും കുട്ടനാട്ടിലെ സാധാരണക്കാരുടെ സെറ്റപ്പ്, വീട്ടുകാര്യങ്ങള്‍ ഒക്കെ കിറുകൃത്യമായി സ്ക്രീനേലോട്ട് പറിച്ചുവെച്ച സത്യന് അന്തിക്കാടിന് കൈ കൊടുക്കാതിരിക്കാന്‍ പറ്റില്ലകേട്ടോ. നായകന് ജയറാമും നായിക കനിഹയുമാണെങ്കിലും ഭാഗ്യദേവതയിലെ യഥാര്‍ത്ഥ നായിക കെ.പി. എ.സി ലളിതതന്നെ. നമ്മടെ വീടുകളിലില്‍ ചുറ്റുപാടുകളില്‍ സ്ഥിരം കാണുന്ന ടിപ്പിക്കല്‍ അമ്മച്ചി. സ്ഫടികത്തിലെയും വീണ്ടും ചില വീട്ടുകാര്യങ്ങളിലെയും താന്തന്ന അവതരിപ്പിച്ച അമ്മച്ചിമാരെ ലളിത ശൂ ആക്കിക്കളഞ്ഞു. 2009ലെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഇവിടെക്കൊട്.
അപ്പം പോയി പടം കണ്ടിട്ട് വിവരം പറ. തല്ക്കാലം ഞാനങ്ങോട്ട് പോട്ടെ.