Saturday, December 09, 2006

തച്ചങ്കരി വിവാദവും വ്യാജ സീഡി പ്രതിസന്ധിയും

വ്യാജ സിഡി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരെ വിഴുങ്ങിക്കളയും എന്ന്‌ ചാനലുകളിലും സിനിമാ തിയേറ്ററുകളിലുമൊക്കെ നമുക്ക്‌ മുന്നറിയിപ്പു തന്നിരുന്ന വീര ശിങ്കം ടോമിന്‍ ജെ.തച്ചങ്കരി അന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പഴാ മനസിലായത്‌. "വ്യാജ സീഡി നിര്‍മാണത്തിന്‍റെ കുത്തക എനിക്കാണ്‌. ഭൂമി മലയാളത്തില്‍ ഞനല്ലാതെ വേറൊറു സീഡി നിര്‍മാതാവ്‌ ഉണ്ടാവാന്‍ പാടില്ല"

തച്ചങ്കരി ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും നാടുനീളെ റെയ്ഡ്‌ നടത്തുകയും ചെയ്യുമ്പോള്‍തന്നെ സ്വന്തം സ്റ്റുഡിയോയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സിഡികള്‍ നിര്‍മിക്കുകയായിരുന്നു എന്നുവേണം ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍നിന്ന്‌ മനസിലാക്കാന്‍. ഇദ്ദേഹത്തെ തന്നെ പോലീസിന്‍റെ അന്‍റീ പൈറസി സെല്ലിന്‍റെ ചുതമലക്കാരനായി നിയമിച്ചവരെ ആദരിച്ചേ പറ്റൂ.

ഐ.പി.എസ്‌ ഉദ്യോഗസ്ഥന്‍,സംഗീത സംവിധായകന്‍, ദൃശ്യമാധ്യമ സാങ്കേതിക വിദഗ്ധന്‍(എന്ന്‌ അവകാശവാദം) തുടങ്ങിയ നിലകളിലുള്ള തച്ചങ്കരിയുടെ വീര സാഹസിക കൃത്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍. നടന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ വ്യാജ സീഡി റാക്കറ്റിനെതിരെ നടത്തിയിട്ടുള്ള നീക്കങ്ങളില്‍ പലതിലും ഈ സൂപ്പര്‍ കോപ്പും പങ്കാളിയായിരുന്നു. എത്രയോ സ്ഥലങ്ങളിലെ വ്യാജ സിഡീ റാക്കറ്റിനെക്കുറിച്ച്‌ ദിലീപ്‌ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് വിവരം നല്‍കിയിരിക്കുന്നു. എത്രയോ കേന്ദ്രങ്ങളില്‍ അദ്ദേഹവും സംഘവും റെയ്ഡ്‌ നടത്തിയിരിക്കുന്നു?

അഭിനയ രംഗത്തും സിനിമാ വ്യവസായത്തിലും ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളലൂടെയാണ്‌ ദിലീപ്‌ വളര്‍ന്നതെന്നാണ്‌ സഹപ്രവര്‍ത്തകര്‍ പറയുന്നത്‌. പക്ഷെ തച്ചങ്കരി ഏറെക്കാലമായി തനിക്ക്‌ നല്‍കിയത്‌ വിഢിവേഷമായിരുന്നെന്ന തിരിച്ചറിവിന്‍റെ ചമ്മലില്‍നിന്ന്‌ 'അയലത്തെ പയ്യന്‍' മുക്തനായിട്ടുണ്ടാവില്ല.

തച്ചങ്കരിയെ ഭരണ രംഗത്തുള്ള ചിലര്‍തന്നെ സംരക്ഷിക്കുന്നു എന്ന്‌ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന ഇതിനോടു ചേര്‍ത്ത്‌ വായിച്ചാല്‍ സംഗതി വ്യക്തം. എന്നെ പോലും അറിയിക്കാതെയാണ്‌ ഋഷിരാജ്‌ സിംഗ്‌ റെയ്ഡിനു പോയത്‌, ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ കിട്ടിയശേഷമേ ഋഷിരാജ്‌ സിംഗിന്‌ ആന്‍റീ പൈറസി വിഭാഗത്തിന്‍റെ ചുമതല തിരികെ നല്‍കൂ... ഇങ്ങനെ പോകുന്നു മന്ത്രിയുടെ പ്രസ്താവനകള്‍.

തച്ചങ്കരിയുടെ ഭാര്യയുടെ പേരിലാണ്‌ റിയാന്‍ സ്റ്റുഡിയോ. അതായാത്‌ തികച്ചും സ്വകാര്യ സ്ഥാപനം. അഥവാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ പേരിലാണെങ്കിലും സ്റ്റുഡിയോ സര്‍ക്കാര്‍ സ്ഥാപനമാവില്ലല്ലോ?. ഇത്തരമൊരു സ്ഥാപനത്തില്‍ റെയ്ഡ്‌ നടത്തുന്നതിനു മുമ്പ്‌ മന്ത്രിയെ അറിയിക്കണമെന്ന ചട്ടം എവിടെയാണ്‌ രേഖപ്പെടുത്തിവെച്ചിരിക്കുന്നതെന്ന്‌ മനസിലാകുന്നില്ല. അങ്ങനെയെങ്കില്‍ മാസപ്പടി മുടങ്ങുന്ന വേളകളില്‍ നാട്ടിന്‍പുറങ്ങളിലെ സിഡി ഷോപ്പുകളില്‍ നിലച്ചിത്രങ്ങളും വ്യാജ സീഡികളും തിരയാനെത്തുന്ന ലോക്കല്‍ ഏമാന്‍മാരും മന്ത്രിയാദ്യത്തെ വിവരമറിയിക്കേണ്ടായോ? ഇങ്ങനെ ഒരു ചട്ടം ഉണ്ടെങ്കില്‍, അത്‌ കൃത്യമായി നടപ്പാക്കിയാല്‍ പോലീസുകാരുടെ റെയ്ഡ്‌ മുന്നറിയിപ്പുകള്‍ അറ്റന്‍റ് ചെയ്യുകയായിരിക്കും മന്ത്രിയുടെ ഓഫീസ്‌ സ്റ്റാഫിന്‍റെ പ്രധാന പണി.

തച്ചങ്കരി പ്രശ്നം ഭരണവൃത്തത്തിലും ചലച്ചിത്ര ലോകത്തും മാധ്യമങ്ങളിലുമൊക്കെ ചലനം സൃഷ്ടിച്ചു കഴിഞ്ഞു. ഇത്‌ കുറേ ദിവസം നീണ്ടുനില്‍ക്കും. പിന്നെ സ്വാഭാവികമായി കെട്ടടങ്ങും. വ്യാജ സിഡികളെ കേരളത്തിലെ സിനിമാ പ്രതിസന്ധിയുമായി കൂട്ടിവായിക്കാനാണ്‌ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്‌. സീഡികളുടെ അതിപ്രസരം സിനിമാ വ്യവസായത്തെ തകര്‍ത്തു എന്നാണ്‌ വിലയിരുത്തല്‍. ഇത്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ ചൂണ്ടിക്കാണിക്കപ്പെട്ട പ്രശ്നമാണ്‌. ലോകത്തില്‍ മലയാളികളുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും മലയാള സിനിമകളുടെ വ്യാജസീഡികള്‍ സുലഭമാണ്‌.
മലയാള ചിത്രങ്ങള്‍ കാണാന്‍ മറ്റു വഴികളില്ലാത്ത പ്രവാസികള്‍ സീഡികള്‍ വാങ്ങുന്നതിനെ കുറ്റപ്പെടുത്താനാവില്ല. പക്ഷെ കേരളത്തിലെ പ്രേക്ഷകര്‍ക്കുമുണ്ട്‌ അവരുടേതായ ന്യായങ്ങള്‍. തികച്ചും ശോചനീയമായ നിലയിലുള്ള തിയേറ്ററുകളില്‍ മൂട്ടകടി കൊണ്ടും മൂത്രത്തിന്‍റെ ദുര്‍ഗന്ധം സഹിച്ചും ഇരുന്നുവേണം സിനിമ കാണാന്‍. പ്രധാന നഗരങ്ങളിലെ റിലീസിംഗ്‌ കേന്ദ്രങ്ങളാണ്‌ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. പ്രേക്ഷകര്‍ സ്ക്രീനിലെ കാഴ്ച്ചകളില്‍ പരിസരം മറക്കുന്ന തക്കം നോക്കി എയര്‍ കണ്ടീഷണര്‍ ഓഫാക്കി പണം ലാഭിക്കുന്നവരും കുറവല്ല.

ചുറ്റുപാടുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടിക്കറ്റ്‌ നിരക്കിന്‌ കുറവില്ല. മുന്‍പ്‌ എറണാകുളത്തെ ഒരു തിയേറ്റര്‍ നവീകരിച്ചശേഷം ഉടമ സ്വന്തം നിലയില്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിച്ച സംഭവവുമുണ്ടായി. കുടുംബ സമേതം സിനിമ കാണാന്‍ പോവുക എന്നത്‌ ഭൂരിപക്ഷം പേര്‍ക്കും ചിന്തിക്കാനാവാത്ത നിലയിലായി. ഈ സാഹചര്യത്തില്‍ കേവലം നാലോ അഞ്ചോ രൂപക്ക്‌ കിട്ടുന്ന വ്യാജ സീഡി കാണുന്നവരെ കുറ്റം പറയാനാവുമോ?

വ്യാജ സീഡികെളക്കുറിച്ചുള്ള അന്വേഷണം പലപ്പോഴും എത്തിച്ചേരുക ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ടവരില്‍ തന്നെയാണ്.
ഭൂരിഭാഗം മലയാള ചിത്രങ്ങളുടെയും ഷൂട്ടിംഗ്‌ വേളയില്‍ തന്നെ സാറ്റലൈറ്റ്‌ (ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള)അവകാശവും ഓവര്‍സീസ്‌(വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള) അവകാശവും വില്‍ക്കാറുണ്ട്‌. ചാനലുകള്‍ക്ക്‌ പ്രിന്‍റ് ഏറെ വൈകിയാണ്‌ നല്‍കുന്നത്‌. അതേസമം കേരളത്തില്‍ റിലീസ്‌ ചെയ്യുന്ന ദിവസം തന്നെ വിദേശ രാജ്യങ്ങളിലും ചിത്രം പുറത്തിറങ്ങുന്നതിനാല്‍ അവിടേക്കുള്ള പ്രിന്‍റ് നേരത്തെ അയച്ചുകൊടുക്കും. ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ എത്തുന്ന പ്രിന്‍റുകളാണ്‌ വ്യാജ സീഡിയുടെ പ്രധാന ഉറവിടങ്ങളിലൊന്ന്‌.

സിനിമ റിലീസ്‌ ചെയ്യുന്നതിനു മുമ്പേ വ്യാജ പതിപ്പ്‌ പകര്‍ത്തി സീഡി നിര്‍മാണ കേന്ദ്രങ്ങള്‍ക്ക്‌ കൈമാറുകയാണ്‌ ചെയ്യുന്നത്‌. ഇതും ലക്ഷക്കണക്കിനു രൂപയുടെ ഇടപാടാണ്‌. മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍മിക്കപ്പെടുന്ന പതിനായിരക്കണക്കിനു സീഡികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തുന്നു. സിനിമകളുടെ പ്രിന്‍റ് അടിക്കുന്ന ലാബുകള്‍ കേന്ദ്രീകരിച്ചും ഒരു കാലത്ത്‌ വ്യാജ കാസറ്റുകളും സീഡികളും ഇറക്കിയിരുന്നു. പക്ഷെ, ഇപ്പോള്‍ ഇതിനുള്ള സാധ്യതകള്‍ വിരളമാണ്‌. തിയേറ്ററുകളില്‍നിന്ന്‌ സിനിമകള്‍ വീഡിയോ കാമറയില്‍ പകര്‍ത്തി സിഡിയിലാക്കുന്ന രീതിയും നിലവിലുണ്ട്‌. ദൃശ്യങ്ങള്‍ക്ക്‌ വ്യക്തത കുറയുമെന്നതുകൊണ്ട്‌ ഇത്തരം സീഡികള്‍ക്ക്‌ ഡിമാന്‍റ് കുറവാണ്‌.

ഓവര്‍സീസ്‌ അവകാശവും വ്യാജസിഡികളുമായുള്ള ബന്ധത്തെക്കുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ ഫിലിം ചേംബറും ചലച്ചിത്ര വ്യവസായികളും മൗനം പാലിക്കുകയാണ്‌ പതിവ്‌.ചുരുക്കത്തില്‍, നിലവിലുള്ള സാഹചര്യത്തില്‍ വ്യാജ സീഡി പ്രശ്നത്തിന്‌ ശാശ്വത പരിഹാരം ഉണ്ടാവില്ല. പലപ്പോഴും റെയ്ഡിനും പീഡനത്തിനും വിധേയരാകുന്നത്‌ ഈ റാക്കറ്റിന്‍റെ താഴേ തലത്തിലുള്ള സിഡി ഷോപ്പുകാരാണ്‌. അതുകൊണ്ട്‌ പ്രയോജനം ഇല്ല എന്നതാണ്‌ സത്യം.

10 comments:

മുസാഫിര്‍ said...

ജഗതി ഒരു പടത്തില്‍ തന്റെ ആഡിയൊ കാസറ്റ് പ്രതികളെക്കൊണ്ടു നിര്‍ബന്ധമായി വാങ്ങിപ്പിക്കുന്നത് ഇങ്ങേരെ അനുകരിച്ചാണെന്നു തോന്നുന്നു.

chithrakaranചിത്രകാരന്‍ said...

തച്ചങ്കരി,കൊടിയേരി,രമണന്‍ വാസ്ഥവന്‍ പൈറസി കുത്തകാവകാശത്തിന്‌ വേണ്ടി നാടകം കളിക്കുന്ന ....... കള്‍ !!!!!

പച്ചാളം : pachalam said...

പാവം ദിലീപ്; ഇപ്പ ബോധം തെളിഞ്ഞിട്ടുണ്ടാവുമോ ആവോ :)

പതാലി said...

മുസാഫിര്‍, ചിത്രകാരന്‍, പച്ചാളം...
എന്തു പറയാന്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്ക്.
മുസാഫിര്‍ പിന്നെ ജഗതിയുടെ കഥാപാത്രം ഈ കഥാനായകനെ തന്നെ അനുകരിച്ച് ഉണ്ടാക്കിയതുതന്നെയാണ്.

Anonymous said...

ഇതു സത്യമാന്ണെങ്കില്‍ ഭീകരം..കഷ്ടം

സന്തോഷ് said...

അറിഞ്ഞിടത്തോളം ഋഷിരാജ് സിംഗ് കേരളം നന്നാവണമെന്നാഗ്രഹിക്കുന്ന, കേരളത്തെ ഇഷ്ടപ്പെടുന്ന (മലയാളിയല്ലാത്ത) ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ പുറത്താക്കിയ വാര്‍ത്ത അല്പം വിഷമിപ്പിക്കുന്നതായിരുന്നു.

കേരളഫാർമർ/keralafarmer said...

കേരളത്തെപ്പറ്റി പറഞ്ഞ സ്വാമി വിവേകാനന്ദന്‍ എത്രയോ ശരി.

Vempally|വെമ്പള്ളി said...

എന്തെല്ലാം കളികള്‍!! കഷ്ടം!

ഷാജുദീന്‍ said...

ജസ്റ്റിന്‍
തച്ചങ്കരി ഒറിജിനല്‍ സീഡിയേ വാങ്ങാവൂ എന്ന് ഉദ്ബോധിപ്പിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് റിയാനില്‍ നിന്നുള്ള ഒറിജിനല്‍ ആണെന്നായിരുന്നു. അത് റിയാനില്‍ നിന്നുള്ള ഒറിജിനല്‍ വ്യാജനായിരുന്നു പുള്ളി ഉദ്ദേശിച്ചിരുന്നത്

Anonymous said...

കൊടിയേരി ഈയ്യിടെ ഉഗ്രന്‍ ഒരു ജോക്ക് കാച്ചി, പോലിസിലെ ക്രിമിനലുകളുടെ കണക്കും പറഞ്ഞ്.
ഈ പറഞ്ഞ മഹാന്‍ പണ്ട് തലശ്ശെരിയില്‍ വച്ച് പറഞ്ഞത് (“പോലിസ് സ്റ്റേഷനിലും ഞങ്ങള്‍ ബോംബുണ്ടാക്കും”)ജനങ്ങള്‍ അല്ലെങ്കില്‍ അനുയായികളെങ്കിലും മറന്നു കാണും എന്നു വിചാരിച്ചിരിക്കും. മസില്‍ പവറില്‍ തലപ്പത്തിരിക്കുന്‍പൊള്‍ പലതും തോന്നും. അതിന്റെ ബാക്കി യാണ് തച്ചങ്കരിയെ ഹെല്പ് ചെയ്യുന്നത്.