Wednesday, November 22, 2006

ക്ളാസ്മേറ്റ്സ്‌ എന്ന പാതകം

നവലിബറല്‍ നായങ്ങളെ സ്ഥാപനവല്‍ക്കരിക്കുന്ന മാതൃകാ ബ്രാഹ്മണിക്‌ പുരുഷ-ദേശീയതയുടെ സൂക്ഷ്മ രൂപങ്ങളിലൂടെത്തന്നെയാണ്‌ ക്ളാസ്മേറ്റ്സ്‌ ബോക്സ്‌ ഓഫീസ്‌ വിജയം നേടുന്നത്‌

ത്‌ ഞാന്‍ പറഞ്ഞതല്ല. ലാല്‍ ജോസ്‌ ചിത്രമായ ക്ളാസ്മേറ്റ്സിനെക്കുറിച്ച്‌ നവംബര്‍ ലക്കം പച്ചക്കുതിര മാസികയില്‍ വി.കെ ശ്രീകുമാര്‍ നടത്തിയിരിക്കുന്ന വിലയിരുത്തലാണ്‌.
ക്ളാസ്മേറ്റ്സ്‌ ഒരു ഉദാത്ത ചിത്രമാണെന്ന അഭിപ്രായം എനിക്കില്ല. ചിത്രത്തില്‍ ന്യുനതകളും സാംഗത്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടാനും കഴിയും.
പക്ഷെ തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറയുന്നതുപോലെ സമീപകാലത്തെ
തല്ലിക്കൂട്ട്‌ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ചിത്രം ഒരു പടി മുന്നിലാണെന്ന്‌ ഈയുള്ളവന്‌ തോന്നുന്നു.
പക്ഷെ ഈ അവലോകനം വായിച്ചപ്പോള്‍ ലാല്‍ ജോസ്‌ എന്തോ കൊടും പാതകം ചെയ്തോ എന്ന്‌ ഒരു സംശയം.
ഈയുള്ളവന്‍ ഒരു സാധാരണ പ്രേക്ഷകനാണേ. ഏറ്റവും മുന്നിലോ തറയിലോ എവിടെ ഇരുന്നാലുംവേണ്ടില്ല, റിലീസ്‌ ചെയ്യുന്ന ആഴ്ച്ചയില്‍തന്നെ ചിത്രം കാണണമെന്ന വാശി വെച്ചു പുലര്‍ത്തുന്ന അനേകം മണ്ടന്‍മാരില്‍ ഒരാള്‍.
കടുത്ത മലയാളം പദങ്ങളൊന്നും വശമില്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ മണ്ടന്‍മാരുടെ സിനിമാ നിരൂപണം അടിപൊളി, കിടിലന്‍, കാശുപോയി, ഉറക്കം വന്നു, എട്ടുനിലയില്‍ പൊട്ടി തുടങ്ങിയ പ്രയോഗങ്ങളില്‍ ഒതുങ്ങും.
സിനിമയോ നാടകമോ സംഗീത ആല്‍ബമോ എന്തുമാകട്ടെ, സംഗതി ജനങ്ങള്‍ക്ക്‌ 'ക്ഷ' പിടിച്ചു എന്ന്‌ കാണുമ്പോള്‍ ചിലര്‍ ഉദാത്ത നിരൂപണങ്ങള്‍ നടത്തുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌.
നവലിബറല്‍, മാതൃകാ ബ്രാഹ്മണിക്‌.... വായിച്ചിട്ട്‌ ഒന്നും പുടികിട്ടുന്നില്ല. ആരെങ്കിലും ഒന്നു സഹായിച്ചാല്‍ ലാല്‍ ജോസ്‌ ചെയ്ത തെറ്റ്‌ കണ്ടു പിടിക്കാമായിരുന്നു....

13 comments:

കണ്ണൂരാന്‍ - KANNURAN said...

ഈ പദങ്ങളൊക്കെ ബുജികള്‍ക്കു പറഞതാണ്... ആരെന്തു പറഞാലും അടുത്ത കാലത്തിറങ്ങിയ നല്ല പടം തന്നെയാണിത്.. പ്രത്യേകിചും കാമ്പസുകളിലേക്കുള്ള ഒരു മടക്കയാത്രയായി ഈ ചിത്രം...

ഷാ... said...

സുഹ്രുത്തേ ലാല്‍ ജോസ് ചെയ്ത പാതകം കേരളത്തിലുള്ള ബഹുഭൂരിപക്ഷം കാണികള്‍ക്കും രസിക്കുന്ന തരത്തിലുള്ള(ബുദ്ധിജീവികള്‍ക്ക് ഇഷട്ടപെട്ടില്ലായിരിക്കാം..) ഒരു സിനിമ സംവിധാനം ചെതു എന്നതു മാത്രമാണ് എന്നു തോന്നുന്നു.

അദ്ദേഹത്തെ പോലെ ഉള്ള ബുദ്ധിജീവികളുടെ ഇഷട്ടത്തിനനുസരിച്ചുള്ള സിനിമ പിടിച്ചാല്‍ പിന്നെ ചൊറിയും കുത്തി വീട്ടില്‍ ഇരി‍ക്കേണ്ടി വരും എന്നു ലാല്‍ ജോസിനു ശരിക്കും അറിയാം എന്നു മനസ്സിലാക്കിയാല്‍ മതി...

തറവാടി said...

ഒരു ഉദാത്തമായ സിനിമയല്ലെങ്കിലും ,എത്രയോ കാമ്പസ് ചിത്രങ്ങള്‍ ഉണ്ടായ മലയാളം സിനിമകളില്‍ യഥാര്‍ഥ കാമ്പസ്സിനൊട് കാലഘട്ടത്തിനനുസൃതമായി നീതിപുലര്‍ത്താന്‍ ലാല്‍ ജോസിന്‍ 70% കഴിഞ്ഞുവെന്നാണെനിക്ക് തോന്നുന്നത്.

Visala Manaskan said...

"സമീപകാലത്തെ തല്ലിക്കൂട്ട്‌ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ചിത്രം ഒരു പടി മുന്നിലാണെന്ന്‌ ഈയുള്ളവന്‌ തോന്നുന്നു"

ഈയുള്ളവനും.

പതാലി said...

കണ്ണൂരാന്‍, ബത്തേരിയന്‍, തറവാടി, വിശാലമനസ്കന്‍.........
ആദ്യംതെ ഒരു ക്ഷമാപണം;
ലാല്‍ ജോസ്‌ ചെയ്ത പാതകം എത്‌ ഞാന്‍ ഇട്ട' തലക്കെട്ടാണ്‌. അത്‌ പോസ്റ്റിനൊപ്പം അബദ്ധത്തില്‍ കേറിയതാണ്‌. തിരുത്തല്‍ വരുത്തിയിട്ടുണ്ട്‌.
പിന്നെ ഈ ദളിത്‌വല്‍ക്കണരണം, നവ ലിബറിലിസം, ബ്രാഹ്മണ്യ പരിപ്രേക്ഷ്യം തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിച്ചുള്ള നിരൂപണങ്ങളും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. വായിക്കുവര്‍ക്ക്‌ മനസിലാവില്ല എതപപോട്ടെ എഴുതുവര്‍ക്കെങ്കിലും മനസിലാകണ്ടേ?
എന്തു ചെയ്യാം കേരളത്തിണ്റ്റെ വിധി!

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

തിരുവനന്തപുരത്ത് 85 - ആം ദിവസം ഓടുകയാണീ സിനിമ. ബോകസ് ഓഫീസില്‍ വിജയിക്കാന്‍ കാരണം - കൂടുതല്‍ ആളുകള്‍ കാണുന്നൂ എന്നതും കൂടുതല്‍ ആളുകള്‍ക്ക് ഇഷട്ടപ്പെടുന്നു എന്നുള്ളതല്ലാതെ ഈ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിച്ച് നിരൂപണം നടത്തുന്ന ഈ കൂട്ടരെ എന്തുവിളിക്കണം.

Siju | സിജു said...

ആ ആദ്യം പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥമെന്താ..
ഇനി എവിടെയെങ്കിലും കമന്റുമ്പോ ഇതൊക്കെയങ്ങു പറയാം. എന്തോ വല്യ സംഭവമാണെന്നു എല്ലാരുമങ്ങു വിചാരിച്ചോളും. ഇനിയാരെങ്കിലും ചോദിച്ചാല്‍ മണ്ടനെന്നും പറഞ്ഞു അവനെ കളിയാക്കുകേം ചെയ്യാം.
എന്റെ അഭിപ്രായത്തില്‍ ക്ലാസ്സ്മേറ്റ്‌സ് ഭയങ്കര മോശം പടമാ.. ഇനിയതു കേരളത്തിലാരും തന്നെ പോയി കാണരുത്.
ഇതവിടത്തെ തീയറ്ററുകളിലൊന്നു മാറിയാലേ ഒരു പ്രിന്റ് ഡെല്‍ഹിയിലേക്ക് വരൂ; ഇവിടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി :-(

Radheyan said...

പലരും പറഞ്ഞ പോലെ അതൊരു ഭേദപ്പെട്ട പടമാണ്.എന്നാല്‍ അതില്‍ പറയുന്ന 90ലെ കാമ്പസിന്റെ കഥയാണെന്ന് തോന്നുന്നില്ല.മാത്രമല്ല കഥ ദുര്‍ബ്ബലമാണ് താനും.അത് കണ്ടാല്‍ കാമ്പസില്‍ തമ്മിലടിയും പ്രണയവും മാത്രമെ ഉള്ളൂ എന്ന് തോന്നും.ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ കാമ്പുള്ള കാമ്പസ് കഥ പ്രതീക്ഷിച്ചാ‍ല്‍ നിരാശപ്പെടും.എങ്കിലും കമലിന്റെയും ഫാസിലിന്റെയും ഹൈഫൈ കാമ്പസിനേക്കാള്‍ സത്യസന്ധമാണ് ലാല്‍ജോസിന്റെ കാമ്പസ് എന്ന് പറയതെ വയ്യ.

Vssun said...

പതാലി,
ക്ലാസ്സ്‌മേറ്റ്സ് ചെയ്ത പാതകം.. നിങ്ങളുടെ ബ്ലോഗിന്റെ നടുവൊടിച്ചു എന്നുള്ളതു തന്നെയാണ്. ആ കുത്തുകള്‍ എടുത്തു കളഞ്ഞാല്‍ ചിലപ്പോ ശരിയാകുമായിരിക്കും.. അല്ലെങ്കില്‍ മണ്ടത്തരങ്ങളുടെ വൈദ്യനെ വിളിക്കാവുന്നതാണ്.

പിന്നെ ക്ലാസ്മേറ്റ്സ്.. എനിക്ക് പഠിച്ച കാലത്തെ ഓര്‍മ്മപ്പെടുത്തി തന്നു എന്നു പറഞ്ഞാല്‍ ഒട്ടും അല്‍ഭുതമില്ല.

ഏറനാടന്‍ said...

ക്ലാസ്സ്‌മേറ്റ്‌സിന്റെ കഥയുടെ അവകാശവാദം ഉന്നയിച്ച്‌ ഇയ്യിടെ ഒരു ഷാഹുല്‍ ഹമീദെന്ന അവതാരം കോട്ടയത്ത്‌ പത്രസമ്മേളനം നടത്തി. (രണ്ടീസം മുന്നത്തെ മാധ്യമം പത്രത്തില്‍ വാര്‍ത്തയുണ്ട്‌). പരാതി ഇത്രേം വൈകിയതെന്തേയെന്ന ചോദ്യത്തിന്‌ ജോലിത്തിരക്കില്‍ പെട്ടുപോയതോണ്ട്‌ നേരം കിട്ടീല എന്നാണിദ്ധേഹം പറഞ്ഞത്‌

5 കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌ ഞാനെഴുതിയ "സൈലന്റ്‌ വാലി" എന്ന തിരക്കഥയുമായും ഇതിന്‌ സാമ്യതയുണ്ട്‌. അന്നിത്‌ കൈതപ്രം നമ്പൂതിരീം സന്‍ജീവ്‌ ശിവനുമൊക്കെ വായിച്ചതാ. എന്നിട്ടും ഞാന്‍ ലഹളക്കൊന്നും പോയീലല്ലോ? ഉവ്വോ?

പതാലി said...

ക്ളാസ്മേറ്റ്സിന്‌ സംഭവിച്ചതെന്താണെന്നു ചോദിച്ചാല്‍..
അബദ്ധജഡിലമായ ചില ചിന്താ ധാരകളുടെ
അസ്ഥിത്വ ദുഃഖങ്ങളില്‍നിന്ന്‌ ഉടലെടുക്കുന്ന സാജാത്യങ്ങളുടെയും വൈജാത്യങ്ങളുടെയും
ഗരിമയും ഗ്ളാനിമയും കൂടിച്ചേരുമ്പോഴുള്ള
ദളിത്‌ പരിപ്രേക്ഷ്യത്തിണ്റ്റെ പ്രതിലോമതയില്‍നിന്ന്ഉരുത്തിരിയുന്ന
നിയോ റിയലിസ്റ്റിക്‌ ഫാസിസത്തിണ്റ്റെ താന്‍പോരിമയും നവകൊളോണിയലിസത്തിണ്റ്റെ പ്രതീകാത്മകതയുമാണ്‌ ചിത്രത്തില്‍ ഉടനീളം തെളിയുന്നത്‌..........
ആരും എന്നെ തെറി വിളിക്കല്ലേ...ഞാനും ഒരു ബുജിയാകാന്‍ ശ്രമിച്ചതാണ്‌.
ദിവസവും രാവിലെ ഇത്‌ നിര്‍ത്താതൈ വായിച്ചാല്‍ യോഗയേക്കാള്‍ നല്ല വ്യായാമമാകും.
പിന്നെ ഏറനാടന്‍ പറഞ്ഞകാര്യം....
ഇത്തരം പെറ്റി കാര്യങ്ങളൊക്കെ സീരിയസായി എടുക്കാന്‍ പോയാല്‍ എനിക്ക്‌ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടണ്ടണ്ടാക്കാന്‍ കഴിയും?
ഹോളിവുഡിലെ വാന്‍ സംഭവമായി പറയുന്ന ടൈറ്റാനിക്കിണ്റ്റെ കഥ ആരുടേതാണെന്ന്‌ അറിയാമോ?. എണ്റ്റേത്‌!.
ആ ജെയിംസ്‌ കാമറോണുമായി ഡിസ്കഷനും ചായകുടിയും കഴിഞ്ഞ്‌ ഞാന്‍ നാട്ടിലെത്തി പത്തു മാസം കഴിഞ്ഞപ്പോള്‍ ടൌണില്‍ പടത്തിണ്റ്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. അപ്പഴാ ഞാന്‍ കഥയറിയുന്നത്‌. നോക്കണേ എനിക്കു പറ്റിയ പറ്റ്‌!
എന്തിന്‌ കുറസോവയുടെ ഡ്രീംസിണ്റ്റെ കഥ ആരുടേതാ? ടെന്‍ കമാന്‍മെണ്റ്റ്സ്‌, ഗ്ളാഡിയേറ്റര്‍, ബൈസൈക്കിള്‍ തീവ്സ്‌...... എണ്റ്റെ കഥകളുടെ പട്ടിക നീണ്ടു പോകുകയാണ്‌.
ഇതിനൊക്കെ വഴക്കു പിടിക്കാന്‍ എന്നെ കിട്ടത്തില്ല. ആ പാവങ്ങള്‌ എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ.

Anonymous said...

പതാലിമാഷ് എന്തുട്ടാ ഈ പറേണേ? ഇന്നലേം കൂടി കാമറൂണ്‍ സാറ് “എന്നാലും ഞാനാ പതാലീന്നെ വഞ്ചിച്ചൂലോ” എന്ന് കുടിച്ചപ്പൊ കരയണുണ്ടായിരുന്നു. അതില്‍ സമാധാനിക്കാ.
കഥ എഴുതുന്നതല്ലേ കാര്യം.അത് ആരു സിനിമയാക്കി,പുസ്തകമായി എന്നൊന്നും നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലൊ..അതല്ലേ എന്തോ സ്പിരിറ്റ്? ;)

ബൂലോഗത്തേക്ക് ഒരു വല്ല്യ സ്വാഗതം. ബോണ്ട് ചിത്രങ്ങള്‍ കാണാറില്ലെങ്കിലും ഒരു സിനിമാ പ്രേമിയാണ്...

പതാലി said...

ഇഞ്ചിപ്പെണ്ണെ....
അതല്ലല്ലോ സ്പിരിറ്റ്‌
നി ങ്ങള്‍ കഴിച്ചതല്ലേ സ്പിരിറ്റ്‌
പണ്ടേ സ്പിരിറ്റ്‌ കഴിച്ചാല്‍ കരയുന്ന സ്വഭാവം കാമറോണിനുണ്ടായിരുന്നു.