
കോണറി 2006ലെ റോം ചലച്ചിത്രോത്സവത്തില്‍
ഉന്നത നേട്ടങ്ങള്‍ കൈവരിക്കാന്‍ ആര്‍ക്കും സാമൂഹ്യവിരുദ്ധനാകേണ്ടിവരും എന്നതാണ് ഷോണ്‍ കോണറിയുടെ സിദ്ധാന്തം. തന്റെ പരുക്കന്‍ പ്രതിഛായയുടെയും വിട്ടൊഴിയാത്ത വിവാദങ്ങളുടെയും പകുതി ഉത്തരവാദിത്തം പ്രകോപനങ്ങളുമായി പിന്നാലെ നടക്കുന്ന ജനങ്ങള്‍ക്കാണെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.
ഹോളിവുഡിലെ നിത്യഹരിത നായകന്, എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് നടന്, ലോകത്തിലെ അതിസുന്ദര പുരുഷന്മാരുടെ പട്ടികയില്‍ ഇടം നിലനിര്‍ത്തുന്ന വൃദ്ധന് തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ക്ക് ഉടമയായ കോണറി ഏതാനും വര്‍ഷങ്ങളായി അഭിനയം നിര്‍ത്തി വിശ്രമിക്കുകയാണെങ്കിലും വിവാദങ്ങളുടെ കാള്‍ഷീറ്റില്‍ ഇപ്പോഴും ഒഴിവില്ല. ഈ മാസം 28ന് ആത്മകഥ പുറത്തിറക്കി എഴുപത്തെട്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ആദ്യഭാര്യ ദിയാനെ സിലെന്റോയും ന്യൂയോര്‍ക്കിലെ അയല്ക്കാരന് ഡോ. ബര്ട്ടന് സള്‍ട്ടനുമാണ് റിട്ടയേഡ് ജെയിംസ് ബോണ്ടിനെ ഇപ്പോള്‍ പ്രകോപിപ്പിക്കുന്നത്. കോണറിയുടെ വില്പത്രമാണ് ആദ്യ ഭാര്യയുടെ പ്രശ്നമെങ്കില്‍ ആറു വര്‍ഷമായി തുടരുന്ന അയല്‍ തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ വില്ലനാണ് ഡോ. സള്‍ട്ടന്‍.
160 ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള കോണറി വില്പത്രത്തില് തന്റെ മകന് ജാസണ്‍ കോണറിക്ക് ചില്ലിക്കാശുപോലും നീക്കിവെച്ചിട്ടില്ലെന്നായിരുന്നു മുന്‍കാല നടി കൂടിയായ ദിയാനെയുടെ പരാതി. ബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്ത പിതാവുമായി അകല്‍ച്ചയിലായതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തിലാണ് മകന് കഴിയുന്നതെന്നും ഓസ്ട്രേലിയയില്‍ ആര്‍ട്ട് സെന്റര്‍ നടത്തുന്ന അവര്‍ പറഞ്ഞു.കോണറി തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നതായി മൈ നയന്‍ ലൈവ്സ് എന്ന ആത്മകഥയില്‍ വെളിപ്പെടുത്തി ദിയാനെ മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
മിസ്റ്റര്‍ യൂനിവേഴ്സ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കോണറി ഭാര്യക്കിട്ട് പൊട്ടിച്ചെന്നു കേട്ടാല്‍ ഒരുപക്ഷെ ആരും അത്ഭുതപ്പെടാനിടയില്ല. ഒരു സ്ത്രീയെ നിലക്കുനിര്‍ത്താന്‍ അടിക്കുന്നതില്‍ തെറ്റില്ലെന്ന് പണ്ട് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയും ചെയ്തിരുന്നു. പക്ഷെ, ദിയാനെയുടെ ആരോപണം കോണറി നിഷേധിക്കുകയായിരുന്നു.
ആദ്യഭാര്യയുടെ പുതിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ക്ക് വട്ടാണെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈകാതെ അമ്മയുടെ പ്രസ്താവന നിഷേധിച്ച് ജാസന്‍ കോണറി രംഗത്തെത്തുകയും ചെയ്തു. സ്നേഹസമ്പന്നനായ പിതാവാണ് കോണറിയെന്ന് റോബിന് ഓഫ് ഷെര്‍വുഡ് എന്ന വിഖ്യാത ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധനേടിയ 45 കാരന് ജാസന്‍ പറഞ്ഞു. നേരായ വഴിയിലൂടെ സമ്പാദിച്ച പണം എങ്ങനെ ചെലവഴിക്കുമെന്ന് അദ്ദേഹം തീരുമാനിക്കും. ചെറുപ്പത്തില്‍ എന്റെ ചെലവുകള്‍ വഹിക്കുകയും വീടു വാങ്ങാന്‍ പണം തരികയും ചെയ്ത അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിച്ചതില്‍ വേദനയുണ്ട്. ഞാന്‍ പിതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു -ജാസന്‍ വിശദീകരിച്ചു.
വില്പത്രത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ കോണറി തനിക്കായി വല്ലതും മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ അതു നഷ്ടമാകേണ്ടെന്നു കരുതിയാണ് ജാസന്‍ വിശദീകരണം നല്‍കിയതെന്നാണ് പിന്നാമ്പുറ സംസാരം.

പരുക്കനും വൃത്തികെട്ടവനുമായ വൃദ്ധന് എന്നാണ് ഡോ. സള്‍ട്ടന്‍ കോണറിയെ വിശേഷിപ്പിച്ചത്. കോണറിയുടെ അപ്പാര്‍ട്ട്മെന്റിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഇരുവരും ഉടക്കിലായത്. തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പണി നടത്തുന്നതിനെതിരെ അപ്പാര്‍ട്ട്മെന്റിന്റെ താഴത്തെ നിലയിലെ താമസക്കാരനായ സള്‍ട്ടന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആറു വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കാര് തന്റെ സ്ഥലത്ത് അതിക്രമിച്ചു കടന്നെന്നു കാട്ടി ഡോ. സള്‍ട്ടന്‍ പോലീസിനെ വിളിച്ചതോടെ വീണ്ടും സ്ഥിതി വഷളായി. ഇതേ തുടര്‍ന്ന് കോണറിയുടെ അഭിഭാഷകന് മന്‍ഹാട്ടന്‍ സുപ്രീം കോടതിയില്‍ ഹാജരാകേണ്ടിവന്നു.
കോണറിയുടെ സംഭവബഹുലമായ ജീവിതം പരിശോധിച്ചാല്‍ പുതിയ വിവാദങ്ങള്‍ നിസ്സാരമാണെന്നു കാണാം. സ്കോട്ട്ലാന്റിലെ തികച്ചും ദരിദ്രമായ ചുറ്റുപാടുകളില്‍നിന്ന് ഹോളിവുഡിലെ താരസിംഹാസനത്തിലേക്കുള്ള യാത്രയുടെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ ഉടനീളമുണ്ടായ വിവാദങ്ങളെക്കുറിച്ചും പ്രകോപനങ്ങളെ കുറിച്ചുമുള്ള സ്വന്തം നിലപാടുകളും കോണറി ജീവചരിത്രത്തില്‍ വിശദമാക്കുന്നുണ്ടെന്നാണ് സൂചന.
ജീവചരിത്രവും വിവാദത്തിന് അതീതമായിരുന്നില്ല. 2003ല്‍ സുഹൃത്തും എഴുത്തുകാരുമായ മെഗ് ഹെന്‍ഡേഴ്സണുമായി ചേര്‍ന്ന് സ്മരണകള്‍ എഴുതാന്‍ പദ്ധതിയിട്ട കോണറി വൈകാതെ അതില്‍നിന്ന് പിന്മാറി. പിന്നീട് ഹണ്ടര്‍ ഡേവിസുമായി കരാറില്‍ ഏര്‍പ്പെട്ടെങ്കിലും അത് ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. എഡിന്‍ബറോയിലെ കാനോന്‍ ഗേറ്റുമായി ചേര്‍ന്ന് പുസ്തകമിറക്കാനുള്ള നീക്കവും ഉടക്കിലാണ് കലാശിച്ചത്. കോണറിയുടെ താന്‍പ്രമാണിത്തമാണ് പ്രശ്നമായതെന്ന് ഹെന്ഡേഴ്സണ് പറയുന്നു. ഏറ്റവുമൊടുവില്‍ മുറെ ഗ്രിഗറുമായി ചേര്‍ന്നാണ് പുസ്തകം ഇറക്കുന്നത്.
``ജീവിതത്തിലെ ആദ്യ വഴിത്തിരിവ് അഞ്ചാം വയസ്സിലായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി വായിക്കാന്‍ പഠിച്ചത്. പക്ഷെ അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ എഴുപതു വര്‍ഷത്തിലേറെ വേണ്ടിവന്നു. പതിമൂന്നാം വയസ്സില്‍ സ്കൂള്‍ വിട്ടു. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനായില്ല''- പഠിക്കാന്‍ കഴിയാതിരുന്നതിന്റെ വേദന കോണറി ഇപ്പോഴും കൊണ്ടുനടക്കുന്നു എന്ന് ഈ വാക്കുകളില്‍ വ്യക്തമാണ്.
വിദ്യാഭ്യാസത്തിന്റെ അഭാവവും ബാല്യത്തിലെ ദാരിദ്ര്യവും അമ്മയുടെ ലാളനം ലഭിക്കാതിരുന്നതും കോണറിയുടെ വ്യക്തിത്വത്തെ ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂള്‍ വിട്ട് പാല്‍ക്കാരന്റെ ജോലി ചെയ്ത അദ്ദേഹം തന്റെ ഭാവി എഡിന്‍ബറോയുടെ പരിസരങ്ങളില്‍ ഒതുങ്ങുന്നതല്ലെന്ന് മനസ്സിലാക്കി റോയല്‍ നേവിയില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തിനു ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ അവിടെനിന്ന് പുറത്തായി. തിരിച്ച് നാട്ടിലെത്തി ചില്ലറ ജോലികളുമായി കഴിയുന്നതിനിടെ 1951ല്‍ കിംഗ്സ് തിയേറ്ററില്‍ സഹായിയായി. വിനോദ വ്യവസായ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്.
ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന കോണറി തൊട്ടടുത്ത വര്‍ഷം ലണ്ടനില്‍ നടന്ന മിസ്റ്റര്‍ യൂനിവേഴ്സ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ന്ന് റോയല്‍ തിയേറ്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കോണറിയുടെ രൂപഭാവങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നെന്ന് റോയല്‍ തിയേറ്ററിലുണ്ടായിരുന്ന നടി ഹോണര്‍ ബ്ലാക്മാന് അനുസ്മരിക്കുന്നു.
1958ല്‍ അനതര്‍ ടൈം അനതര്‍ പ്ലേസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സഹനടി ലാന ടര്‍ണറും കോണറിയും അടുപ്പത്തിലാണെന്ന് കഥകള്‍ പ്രചരിച്ചു. ലാനയുടെ കാമുകന് ജോണി സ്റ്റൊംപാനാറ്റോ സെറ്റില്‍ അതിക്രമിച്ചു കയറി കോണറിക്കു നേരെ തോക്കു ചൂണ്ടിയെങ്കിലും തോക്ക് പിടിച്ചെടുത്ത് ജോണിയെ നായകന് അടിച്ചൊതുക്കി.
1962ലായിരുന്നു ഓസ്ട്രേലിയയില്‍ ജനിച്ച ദിയാനെ സിലെന്റോയുമായുള്ള വിവാഹം. ദിയാനെയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ ബന്ധം പത്തു വര്‍ഷമേ നീണ്ടുള്ളൂ.1975ല്‍ വിവാഹം ചെയ്ത ഫ്രാന്‍സുകാരി മിഷെലിന് റെക്വെബ്രൂണിനൊപ്പം ബഹാമസിലാണ് ഇപ്പോള്‍ സ്ഥിരവാസം. ഡോക്ടര്‍ നോ മുതല്‍ നെവര്‍ സേ നെവര്‍ എഗേന് വരെ ഏഴ് ജെയിംസ് ബോണ്ട് സിനിമകളില്‍ വേറിട്ട മാനറിസങ്ങളും സ്കോട്ടിഷ് ഉച്ചാരണവുമായി ജ്വലിച്ചുനിന്ന കോണറി പ്രേക്ഷക ലക്ഷങ്ങളുടെ ഹരമായി മാറിയത് വളരെ പെട്ടെന്നാണ്.
ജെയിംസ് ബോണ്ട് എന്നാല്‍ കോണറി എന്ന് ജനം ചിന്തിക്കുന്നിടംവരെയെത്തി കാര്യങ്ങള്‍. ബോണ്ട് ചിത്രങ്ങള്‍ക്കു പുറമെ ശ്രദ്ധേയമായ അനേകം വേഷങ്ങള്‍ ചെയ്ത അദ്ദേഹം ബ്രിട്ടന് സംഭാവന ചെയ്ത ഏറ്റവും മികച്ച നടനെന്ന് വാഴ്ത്തപ്പെട്ടു.1987ല്‍ ദ അണ്‍ടച്ചബിള്‍സിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കര് ലഭിച്ചു. 2000ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കോണറിയെ സര് പദവി നല്കി ആദരിച്ചു. 2003ല്‍ ദ ലീഗ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെനില്‍ അഭിനയിച്ചശേഷമാണ് അദ്ദേഹം വിരമിച്ചത്.
വിവാദങ്ങളുടെ വേലിയേറ്റത്തിനിടയിലും കോണറി എന്ന അഭിനേതാവിനെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രകോപനവുമായി പിന്നാലെ നടക്കുന്നവര്‍ നെഞ്ചേറ്റി. തന്റെ ജീവചരിത്ര പ്രസാധകരും പ്രതീക്ഷ വെക്കുന്നത് ഈ പ്രകോപനക്കാരിലാണെന്ന് കോണറി അറിയുന്നുണ്ടാകുമോ?
--------------------------------
പി.ഡി.എഫ് പേജ് ഇവിടെ വായിക്കാം