Monday, October 19, 2009

പഴശ്ശിരാജ-സ്‌തുതിഗീതങ്ങളുടെ മറുപുറം


കോക്കസുകളും സ്‌തുതിപാഠകരും ഫാന്‍സ്‌ അസോസിയേഷനുകളുമാണ്‌ എന്നും മലയാള സിനിമയുടെ ശാപം. കേരളത്തിലെ ചലച്ചിത്രലോകം ഇന്നും ഒരുപരിധിവരെ വൃദ്ധസദനംപോലെ തുടരുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.

മമ്മൂട്ടി നായകനായ പഴശ്ശിരാജ എന്ന ചിത്രത്തിന്‌ താങ്ങാനാവാത്ത വിശേഷണങ്ങളും പുകഴ്‌ത്തലുകളുംകൊണ്ട്‌ നടത്തുന്ന തുലാഭാരവും ഇതിന്റെ തുടര്‍ച്ചയായിവേണം കാണാന്‍.അടുത്തയിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഒരു വാരികക്കുവേണ്ടി നടത്തിയ സംഭാഷണത്തില്‍ സ്വന്തം സൃഷ്‌ടി ഒരു മഹാസംഭവമാണെന്ന്‌ ആവര്‍ത്തിച്ചു പ്രകീര്‍ത്തിച്ചിരുന്നു. റിലീസ്‌ സെന്ററുകളില്‍ ചിത്രം അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ കസര്‍ത്ത്‌.

എം.ടി. വാസുദേവന്‍നായര്‍ എന്ന വലിയ എഴുത്തുകാരനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്‌ത ബ്രേവ്‌ഹാര്‍ട്ടിനെക്കാള്‍ മികച്ച സിനിമയാണ്‌ പഴശ്ശിരാജയെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന മേല്‍പ്പറഞ്ഞ അഭിമുഖത്തെപ്പോലും നാണിപ്പിക്കുന്നതാണ്‌.

പഴശ്ശിരാജയെ കണ്ണടച്ച്‌ ഇകഴ്‌ത്തിക്കാണിക്കാനുള്ള ശ്രമമല്ല. ചരിത്രത്തിലെ ഒരു വിസ്‌മയ പുരുഷനെ, ധീര ദേശാഭിമാനിയെ ഇന്നത്തെ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കാനും അവരില്‍ ദേശസ്‌നേഹം ഉണര്‍ത്താനുമുള്ള ശ്രമമാണ്‌ ഇതെന്ന്‌ നിഷേധിക്കുന്നില്ല. ശബ്‌ദമിശ്രണത്തിലെ റസൂല്‍ പൂക്കുട്ടി ടച്ചും ഇളയരാജയുടെ വിസ്‌മയസംഗീതവുമുള്‍പ്പെടെ മറ്റു പല സവിശേഷതകളും ചിത്രത്തിനുണ്ട്‌. അതൊക്കെ ഇതിനോടകം ഒരുപാട്‌ ആവര്‍ത്തിക്കപ്പെടുകുയംചെയ്‌തു. പഴശ്ശിരാജയെ ലോക സിനിമയിലെതന്നെ മഹാസംഭവമാക്കി പ്രകീര്‍ത്തിക്കുന്നതിലെ സാംഗത്യമില്ലായ്‌മ മാത്രം ചൂണ്ടിക്കാട്ടുകയാണിവിടെ.

സ്‌കോട്ടിഷ്‌ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ബ്രേവ്‌ഹാര്‍ട്ട്‌ 1995ലാണ്‌ പുറത്തിറങ്ങിയത്‌. സംവിധായകന്‍തന്നെ നായകവേഷവും അവതരിപ്പിച്ച ചിത്രം പത്ത്‌ ഓസ്‌കാര്‍ നോമിനേഷനുകളും അഞ്ച്‌ അവാര്‍ഡുകളും നേടി. ഓസ്‌കര്‍ തിളക്കത്തേക്കാളുപരിയായി സാങ്കേതികവും കലാപരവുമായ മികവുതന്നെയാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കിയത്‌. ഇതു മാത്രമല്ല, പതിനൊന്ന്‌ പുരസ്‌കാരങ്ങള്‍നേടി ഓസ്‌കര്‍ ചരിത്രത്തില്‍ പതിറ്റാണ്ടുകളോളം തകര്‍ക്കപ്പെടാതിരുന്ന റെക്കോര്‍ഡിട്ട ബെന്‍ഹര്‍(1959) ഉള്‍പ്പെടെ ഇതിഹാസങ്ങളെയും ചരിത്ര സംഭവങ്ങളെയും ആധാരമാക്കിയുള്ള ഭൂരിഭാഗം ഹോളിവുഡ്‌ ചിത്രങ്ങളുടെയും ഏഴുപത്‌ അയലത്ത്‌ നില്‍ക്കനുള്ള യോഗ്യത പഴശ്ശിരാജയ്‌ക്കില്ലെന്ന്‌ പറയാന്‍ ഏറെ ആലോചിക്കേണ്ടതില്ല.

മലയാളത്തിന്റെ ലോക സിനിമ എന്ന വിശേഷണമാണ്‌ ചിലര്‍ പഴശ്ശിക്ക്‌ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്‌. ഇംഗ്ലീഷില്‍ റിലീസ്‌ ചെയ്യുന്നതും അമേരിക്കയില്‍ തിയേറ്റര്‍ ഉള്ളതും കുറെ വിദേശികള്‍ അഭിനയിച്ചിരിക്കുന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ ലോക സിനിമ എന്ന്‌ എങ്ങനെ ഇതിനെ വിശേഷിപ്പിക്കാനാകും? മലയാളത്തിന്റെ പരമിതിയില്‍നിന്നുകൊണ്ട്‌ ഇത്രയൊക്കെ ചെയ്‌തില്ലേ എന്നു ചോദിക്കുന്നവരുണ്ട്‌. ഇത്‌ ഒരു പത്തു കൊല്ലം മുമ്പ്‌ പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇപ്പോള്‍ എന്താണ്‌ മലയാളത്തിന്റെ പരിമിതി?. ലോകത്തില്‍ എവിടെയും ഷൂട്ടിംഗും സാങ്കേതിക ജോലികളും നടത്താനും എവിടെനിന്നും താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും എത്തിക്കാനും ഇന്ന്‌ യാതൊരു ബുദ്ധിമുട്ടുമില്ല, പണമിറക്കണമെന്നുമാത്രം. പണമിറക്കാനും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മാതാവെന്ന മേല്‍വിലാസം നേടാനും ഗോകുലം ഗോപാലന്‍ തയാറായി. പിന്നെ എന്താണ്‌ പരിമിതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?.

പൂജയ്‌ക്കു മുമ്പു മുതല്‍ അഖിലാണ്ഡ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണം ആവര്‍ത്തിച്ചുകേട്ട്‌ എങ്കിപ്പിന്നെ ഇതൊന്നു കണ്ടിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ച്‌ തീയേറ്ററിലെത്തുന്ന മമ്മൂട്ടി ഫാന്‍സ്‌ അല്ലാത്തവരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ അസ്ഥാനത്താകുമെന്നുറപ്പ്‌. അത്യാവശ്യം ഹോളിവുഡ്‌ സിനിമകള്‍ കാണുന്നവരാണെങ്കില്‍ ഗ്ലാഡിയേറ്ററിലെയും(അവസാന രംഗത്ത്‌ വെടിയേല്‍ക്കുന്ന മമ്മൂട്ടി നിലത്തുകുത്തിയ വാളില്‍ കുമ്പിട്ടിരിക്കുന്നത്‌ ഒരു ഉദാഹരണം) ക്രൗച്ചിംഗ്‌ ടൈഗര്‍ ഹിഡണ്‍ ഡ്രാഗണി(ഈ സിനിമയില്‍ താരങ്ങള്‍ അന്തരീക്ഷത്തിലും വൃക്ഷത്തലപ്പുകളിലുമൊക്കെ നിന്നായിരുന്നു വാള്‍പ്പയറ്റ്‌. പക്ഷെ പഴശ്ശിരാജയിനും അത്‌ അനുകരിച്ചപ്പോള്‍ ഗരുഡന്‍ പറവ നടത്തുകയാണെന്ന്‌ മനസ്സിലാക്കാന്‍ നഴ്‌സറിക്കുട്ടികള്‍ക്കുപോലും അധികം അധ്വാനിക്കേണ്ടതില്ല. അതാണ്‌ പെര്‍ഫെക്ഷന്‍. ആംഗ്‌ ലീ ഹരിഹരനോടു ക്ഷമിക്കട്ടെ)ലെയുമൊക്കെ ഷോട്ടുകളുടെ പകര്‍പ്പുകള്‍കണ്ട്‌ ചിരിക്കും.

ഇനി അഭിനയവിശേഷം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ കാര്യംമെടുക്കാം. ചിത്രത്തിന്റെ അണിയറക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു താരത്തെ പരിഗണിക്കാവുന്ന സാഹചര്യമായിരുന്നിരിക്കില്ല. മാത്രമല്ല, വടക്കന്‍ വീരഗാഥയുടെ ഹാംഗ്‌ ഓവര്‍ നിലനിര്‍ത്തുകയുംവേണമല്ലോ?ദേശീയ അവാര്‍ഡുകളുടെ കണക്കുകള്‍ക്കും ഫാന്‍സി ഡ്രസുകള്‍ക്കുമപ്പുറം അന്യഭാഷാനടന്മാര്‍ക്കുമുന്നില്‍ മലയാളത്തിന്റെ താരദൈവങ്ങള്‍ ഒന്നുമല്ലെന്ന വാദഗതിക്ക്‌ അടിവരയിയിടുന്നുണ്ട്‌ ഈ ചിത്രം. ശരീരവടിവിനും പയറ്റ്‌, യുദ്ധരംഗങ്ങളിലെ മെയ്‌ വഴക്കത്തിലുമൊക്കെ ശരത്‌കുമാറിന്റെ എടെച്ചന കുങ്കന്റെ മുന്നില്‍ വീരപഴശ്ശി വട്ടപ്പൂജ്യമാണ്‌. അതിന്‌ പ്രേക്ഷകര്‍ കടപ്പെട്ടിരിക്കുന്നത്‌ കുങ്കന്റെ റോള്‍ ഉപേക്ഷിച്ച സുരേഷ്‌ഗോപിയോടാണ്‌.

നടന്‍ എന്ന നിലയില്‍ തന്റെ ഇരുപതു വര്‍ഷത്തെ അധ്വാനവും വളര്‍ച്ചയുമാണ്‌ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്ന്‌ മമ്മുട്ടി പറയുന്നു. ഇത്രയും കാലമായിട്ടും അടിസ്ഥാന മാനറിസങ്ങളില്‍ ഒരിഞ്ചുപോലും വ്യത്യാസംവരുത്താന്‍ മമ്മൂട്ടിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ഈ ചിത്രം. വീരപഴശ്ശി കരുത്തനായ ഒരു പോരാളിയായിരുന്നെന്നാണ്‌ ചരിത്രം. പക്ഷെ ഇടക്കിടക്കുള്ള ഗരുഡന്‍ പറവ ഒഴിച്ചുനിര്‍ത്തിയാല്‍ മമ്മൂട്ടി എന്ന നടന്‍ ചിത്രത്തില്‍ ആകെ എത്രതവണ ശരീമിളക്കി പൊരുതുന്നുണ്ടെന്ന്‌ ആരാധകര്‍ ഒന്നു ശ്രദ്ധിക്കുക. മലയാളത്തിന്റെ മഹാനടന്‍ ചിത്രത്തിനുവേണ്ടി ശാരീരികമായി എന്തു തയാറെടുപ്പാണ്‌ നടത്തിയത്‌ എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു. പഴശ്ശിയുടെ കാലത്തെ ആയോധനവീരന്മാരെ നാണംകെടുത്തുന്ന അഴകൊഴമ്പന്‍ ഫൈറ്റുകളാണ്‌ ചിത്രത്തില്‍ ഏറെയും.

മേക്കപ്പ്‌പോലും ബജറ്റിനോട്‌ നീതിപുലര്‍ത്തുന്നില്ലെന്നു കാണാം. മനോജ്‌ കെ. ജയന്റെയും ലാലു അലക്‌സിന്റെയും കഥാപാത്രങ്ങളുടെ ഉറക്കെ സംസാരിച്ചാല്‍ അഴിഞ്ഞുവീഴുന്ന മട്ടില്‍ നില്‍ക്കുന്ന മുഖരോമങ്ങള്‍തന്നെ നല്ല ഉദാഹരണം. ജോദ്ധാ അക്‌ബര്‍ എന്ന ബോളിവുഡ്‌ ചിത്രത്തില്‍ ഹൃതിക്‌ റോഷന്‍ സ്‌ക്രീനിലെത്തുമ്പോള്‍ സുപരിചിതനായ ഒരു നടനാണ്‌ മുന്നില്‍ക്കുന്നതെന്ന കാര്യം പ്രേക്ഷകര്‍ വിസ്‌മരിക്കുന്നു. അത്‌ സംവിധായകന്റെയും മേക്കപ്‌മാന്റെയും നടന്റെയും കഴിവുകളുടെ സമന്വയമാണ്‌. ഇവിടെയാകട്ടെ കഥാപാത്രത്തേക്കാള്‍ പ്രധാനം മേക്കപ്പിനുള്ളിലെ നടനാണ്‌. അത്‌ മലയാളസിനിമയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്‌.

കഥാഗതിയില്‍ പലേടത്തും പഴശ്ശിരാജ ഇംഗ്ലീഷുകാരെ കണ്ടുമുട്ടുന്നുണ്ടെങ്കിലും ഇംഗ്ലീഷ്‌ പറയുന്നില്ല. അറിയാവുന്ന ഇംഗ്ലീഷത്രയും അദ്ദേഹം ക്ലൈമാക്‌സിനുവേണ്ടി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. പഴശ്ശിയുടെ അന്ത്യത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് സംവിധായകന്റെ വക എന്തെങ്കിലും സസ്‌പെന്‍സ്‌ വേണ്ടേ?. അതുകൊണ്ട്‌ അവസാനം പഴശ്ശിരാജയെക്കൊണ്ട്‌ പത്ത്‌ ഇംഗ്ലീഷ്‌ അലക്കി സായ്‌പ്പിനെ ഞെട്ടിപ്പിക്കുകയല്ലാതെ മറ്റെന്തുവഴി? ഈ ഡയലോഗിലൂടെ പഴശ്ശിരാജ മെല്‍ ഗിബ്‌സണെ നിഷ്‌പ്രഭമാക്കിയെന്ന്‌ എം.ടി തെറ്റിധരിച്ചോ ആവോ?

മലയാളത്തിലെ എല്ലാ ചലച്ചിത്ര വാരികകളും ഭൂരിഭാഗം പത്രങ്ങളും ചാനലുകളും സിനിമക്കാരോട്‌ വിധേയത്വം പുലര്‍ത്തുന്നവയാണ്‌. അല്ലാത്തവര്‍ക്ക്‌ സിനിമകളുടെ പരസ്യം കിട്ടില്ല, ഷൂട്ടിംഗ്‌ സെറ്റുകളില്‍ പ്രവേശനവുമുണ്ടാകില്ല. ഏതെങ്കിലും ഒരു മാധ്യമം സിനിമയെക്കുറിച്ച്‌, നടന്റെ അഭിനയത്തെക്കുറിച്ച്‌ വസ്‌തുനിഷ്‌ഠമായി എഴുതാന്‍ തയാറായാല്‍ അതോടെ അവന്‍ സിനിമക്കാരുടെ പൊതുശത്രുവാകും. സ്‌തുതിവചനങ്ങളുടെ എണ്ണത്തോണിയൊരുക്കാന്‍ മത്സരിക്കുന്നവര്‍ക്ക്‌ ഈ ചിത്രം മൂന്നേകാല്‍ മണിക്കൂര്‍ വലിച്ചുനീട്ടേണ്ടതുണ്ടായിരുന്നോ എന്നുപോലും ചോദിക്കാന്‍ ധൈര്യംകാട്ടാനാവില്ലെന്ന്‌ സാരം.

നാട്ടില്‍ നല്ലത്‌ എന്തുണ്ടായാലും അത്‌ അംഗീകരിക്കാതെ പാശ്ചാത്യരെ വാഴ്‌ത്തുന്ന പ്രവണതയുടെ ഭാഗമായി ഈ കുറിപ്പിനെ കാണുന്നവരുണ്ടാകാം. അങ്ങനെയെങ്കില്‍ സ്വന്തം ചിത്രത്തിന്റെ മേന്മ വിവരിക്കാന്‍ ഒരു ഹോളിവുഡ്‌ ചിത്രത്തെക്കുറിച്ച്‌ പരാമര്‍ശിക്കേണ്ടിവന്ന എംടിയെയാണ്‌ അവര്‍ ആദ്യം വിമര്‍ശിക്കേണ്ടത്‌.

മികച്ച ദേശീയോദ്‌ഗ്രഥന ചിത്രം എന്നതുള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ പഴശ്ശിരാജയ്‌ക്ക്‌ ലഭിച്ചേക്കാം. മമ്മൂട്ടി ഒരിക്കല്‍ കൂടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല, അഭിനയമല്ല, താരമാണ്‌ പ്രധാനം. ഓസ്‌കര്‍ വേദിയിലും പഴശ്ശിരാജയ്‌ക്ക്‌ സാന്നിധ്യമറിയിക്കാന്‍ കഴിയട്ടെ ആശിക്കുന്നു. ഈ സിനിമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തെ മാനിക്കുന്നു. സ്വന്തം സൃഷ്‌ടി മികച്ചതെന്ന്‌ അഭിപ്രായപ്പെടുന്നതും മനസ്സിലാക്കാം. പക്ഷെ ആവേശം തലക്കുകയറിയപ്പോള്‍ ഇതൊരു ആഗോള സംഭവമാണെന്നൊക്കെ, പ്രത്യേകിച്ചും ലോകം അംഗീകരിച്ച ഒരു ചിത്രവുമായി താരതമ്യം ചെയ്‌ത്‌ വെച്ചുകാച്ചുന്നതിനുമുമ്പ്‌ ഒന്നുകൂടി ആലോചിക്കണം; പ്രത്യേകിച്ചും എംടിയെപ്പോലെയുള്ളവര്‍.
---------------------------

26 comments:

പതാലി said...

എം.ടി. വാസുദേവന്‍നായര്‍ എന്ന വലിയ എഴുത്തുകാരനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്‌ത ബ്രേവ്‌ഹാര്‍ട്ടിനെക്കാള്‍ മികച്ച സിനിമയാണ്‌ പഴശ്ശിരാജയെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന മേല്‍പ്പറഞ്ഞ അഭിമുഖത്തെപ്പോലും നാണിപ്പിക്കുന്നതാണ്‌.

സുനില്‍ കൃഷ്ണന്‍ISunil Krishnan said...

സ്തുതികള്‍ മാത്രം കേട്ട്
വണ്ടറടിച്ചിരിക്കുമ്പോള്‍
ഇങ്ങനെയും കേട്ടുവല്ലോ

malayali said...

parasparm parsyamayi puramchorinju kodukukyum thiyyataril kurukkan kooval nadathukayum cheyunna thara thamburakkanmarilninnu ennu malayala cinema rakshappedum

ആചാര്യന്‍ said...

അങ്ങനെ ആറാം റിവ്യൂവും വായിച്ചു. നന്ദി...(സിനിമ കാണണം..)

എം.അഷ്റഫ്. said...

മെല്‍ഗിബ്‌സണ്‍ സംവിധാനം ചെയ്ത ബ്രേവ് ഹാര്‍ട്ട് കൂടി സൗജന്യമായി കാണാന്‍ പഴശ്ശിരാജ കാണുന്നവര്‍ക്ക് അവസരമൊരുക്കിക്കൊടുക്കണം.
എന്നിട്ട് ജനങ്ങള്‍ എം.ടിയേയും പതാലിയേയും ഗിബ്‌സണേയും വിലയിരുത്തട്ടെ.
അല്ലാതെ എനിക്കിപ്പോള്‍ ഒന്നും പറയാന്‍ വയ്യ.

Anonymous said...

Good review. However i decided to see the movie
thanks

വിന്‍സ് said...
This comment has been removed by the author.
Vineeth Jose said...

I have more of less same opinion about the movie.

പതാലി said...

സുനിലേ,
സ്തുതിക്കാനാണ് ഇപ്പോള്‍ ആളുകള്‍ തിക്കിത്തിരക്കുന്നത്.ഇതുപോലെയുള്ള ഒരു ലേഖനമോ അഭിപ്രായമോ മലയാളത്തിലെ ഒരു ചാനലിലും പത്രത്തിലും ഒരിക്കലും ഇടംനേടില്ല.

malayali,
തിയേറ്ററിലെ കൂവലിന്‍റെ കാര്യം പറയാനില്ല. ചങ്ങനാശ്ശേരിയിലെ ഒരു തിയേറ്ററിലാണ് ഞാന്‍ കണ്ടത്.തുടക്കം മുതല്‍ ഒടുക്കംവരെ ഫാന്‍സിന്‍റെ അഴിഞ്ഞാട്ടത്തിന്‍റെ അകന്പടിയിലായിരുന്നു പ്രദര്‍ശനം.കാതുപൊട്ടുന്ന തെറിവിളിച്ചായിരുന്നു ആഘോഷം.നെടുമുടി വേണു ആ തിയേറ്ററില്‍ ഉണ്ടായിരുന്നെങ്കില്‍ ചങ്കുപൊട്ടി ചത്തേനേ. ചെറിയൊരു റോള്‍ ചെയ്തു എന്ന അപരാധം മാത്രമാണ് ആ നടന്‍ ചെയ്തത്. പക്ഷെ മനോജ് കെ. ജയന്‍ അവതരിപ്പിക്കുന്ന തലക്കല്‍ ചന്തുവിനെ ചതിച്ചതിന്‍റെ പേരില്‍ വേണുവിന്‍റെ മൂപ്പന്‍ എന്ന കഥാപാത്രത്തെ ഫാന്‍സ് പുഴുത്ത തെറിയില്‍ മുക്കിക്കൊല്ലുകയായിരുന്നു.
പ്രബുദ്ധതയുടെ പേരില്‍ മേനിനടിക്കുന്ന സംസ്ഥാനത്തെ സിനിമയും ആരാധകരും തറ നില കഴിഞ്ഞ് പടുകുഴിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.

ആചാര്യന്‍,
ഇതിലേ വന്നതിന് നന്ദി

എം.അഷ്റഫ്.
ഒന്നും പറയാന്‍ വയ്യെങ്കില്‍ വെറുതെ വിശ്രമിക്കു. ശരീരം അനങ്ങാതെ നോക്കണം.

Vineeth Jose,
അഭിപ്രായം പുറത്തുപറയേണ്ട. ആരാധകര്‍ വീനീതിന്‍റെ കാര്യം ക്വട്ടേഷന്‍കാരെ ഏല്‍പ്പിക്കും. വീണ്ടും എസ് കത്തിക്ക് പണിയാകും.

Reena said...

Well said. Mammootty is just a second rate actor, just as most Malyalam actors. Sometiems they are watchable if the story and direction are good, otherwise they are no par on Hollywood and some European actors. Wish Mammotty will atch actors like Javier Ángel Encinas Bardem performing. But how can he? He has no time!

യാരിദ്‌|~|Yarid said...

എന്റെ പതാലി, പഴശ്ശിരാജയെന്നെ ഈ ചവറിനെക്കുറിച്ച് ഒരു വാക്ക് പോലും എഴുതരുത്. ഇപ്പോ എത്തും വിശേഷണങ്ങളുമായി. എന്റെ ഗതികേടിന് ഞാനൊരു പോസ്റ്റിട്ട് ഇപ്പോ എനിക്ക് ചെവിതല കേൾക്കാൻ നിവർത്തിയില്ല..:):)

പതാലി said...

യാരിദ്,
സിനിമക്കാര്‍ക്കും ആരാധകര്‍ക്കും പുകഴ്ത്തലുകള്‍ മാത്രമേ സ്വീകാര്യമാകു. ഉള്ളതു പറഞ്ഞാല്‍ തുള്ളൂം.

Melethil said...

ഒരു പക്ഷെ ഇതായിരിയ്ക്കണം ഈ പടത്തിനു കിട്ടിയ ഏറ്റവും നല്ല റിവ്യൂ. (ഹരിയുടെ റിവ്യൂ ഫാന്‍സ്‌ അലവലാതികള്‍ തെറി വിളിച്ചു കുളമാക്കി). പിന്നെ മമ്മൂട്ടിയെപ്പറ്റി പറഞ്ഞതിന് 100 മാര്‍ക്ക്‌!

Melethil said...

മനോജിന്റെ താടി ആദ്യം ട്രെയിലര്‍ കണ്ടപ്പോഴേ നോട്ട് ചെയ്തതാ. പതാലിയെങ്കിലും അത് മെന്‍ഷന്‍ ചെയ്തല്ലോ നന്നായി.

പതാലി said...

Melethil,
ഫാന്‍സിന്‍റെ തെറി ആര്‍ക്കും നിയന്ത്രിക്കാനാവില്ല. അവരുടെ പണി അതല്ലേ. മലയാളത്തിലെ പല നടന്മാരും അവരുടെ സില്‍ബന്ധികളും പണം കൊടത്ത് മറ്റു താരങ്ങളെയും വിമര്‍ശകരെയും തെറിവിളിപ്പിക്കുന്നത് പരസ്യമായ രഹസ്യമല്ലേ.
ഇംഗ്ലീഷ് ചിത്രങ്ങള്‍ വൈകി എത്തിയിരുന്ന, ഇന്‍റര്‍നെറ്റ് ഇല്ലാതിരുന്ന, ചലച്ചിത്രോത്സവങ്ങള്‍ വ്യപകമല്ലാതിരുന്ന കാലത്തുപോലും നമ്മുടെനാട്ടില്‍ ഏറെ ക്ലേശം സഹിച്ച് ഹോളിവുഡ് ചിത്രങ്ങളും മറ്റ് ലോക സിനിമകളും കണ്ടിരുന്ന കുറെ ആളുകളുണ്ട്. കാലം മാറിയപ്പോള്‍ ഇത്തരക്കാരുടെ എണ്ണം ഏറി.അതൊന്നും എംടി ഉള്‍പ്പെടെയുള്ള നമ്മുടെ സിനിമക്കാര്‍ അറിഞ്ഞില്ലെന്നു വേണം കരുതാന്‍.
വീന്പിളക്കലുകള്‍ കണ്ട് പൊറുതിമുട്ടിയാണ് എന്നെപ്പോലുള്ളവര്‍ ഇങ്ങനെയെങ്കിലും പ്രതികരിക്കുന്നത്. ലോക സിനിമയെക്കുറിച്ച് നമ്മേക്കാള്‍ അറിവുള്ള പലരും ഇത്തരം വീന്പുകളെ പുശ്ചിച്ചു ചിരിക്കുന്നുണ്ട്. അവകാശവാദങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ പഴശ്ശിരാജയെ വിലയിരുത്തിയാല്‍ എംടിയും മമ്മൂട്ടിയുമൊക്കെ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും.
തന്‍റെ ശബ്ദത്തെ കേരളത്തിലെ തീയേറ്ററുകള്‍ അലങ്കോലമാക്കിയെന്ന പരാതിയുമായി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ തിയേറ്ററുകളെക്കുറിച്ചറിയാതെയാണ് ഈ മഹാന്‍ പഴശ്ശിരാജയ്ക്ക് ശബ്ദം ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചത്?

Joker said...

പണ്ടൊക്കെ ഏത് സിനിമയെ പറ്റി ആര്‍ക്കും റിവ്യൂ എഴുതാമായിരുന്നു.പക്ഷെ ഇന്ന് പലതും നോക്കണം , ഫാന്‍സ് മന്ദ ബുദ്ധികളെയാണ് ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത്.

ഒരു സൂപ്പര്‍ സ്റ്റാറ്രിന്റെ ഫാന്‍സ് മന്ദ ബുദ്ധി യോഒഗത്തില്‍ ചോദിക്കുകയാണ് “‘ നിങ്ങള്‍ എന്താണ് എന്റെ എല്ലാ പടങ്ങളും കാണാത്തത് എന്ന് “ അതായത് നല്ലതായാലും ചവറായാലും മന്ദ ബുദ്ധികളായവര്‍ അത് കണ്ട് വിജയിപ്പിച്ചു കൊടുക്കണം എന്നര്‍ഥം.

രണ്ട് സൂപ്പര്‍ സ്റ്റാറുകളെ കൊണ്ട്റ് കെണീ‍ഞ്ഞു പോയവരാണ് മലയാളികള്‍. ഇംഗ്ലീഷ് സിനിമകളില്‍ അവര്‍ പല ചിത്രങ്ങളിലും വ്യത്യസ്ത താരങ്ങളെ ഉപയോഗിക്കുന്നു. അതിലൂടെ ചിത്രത്തിന് വ്യത്യസ്ഥതയും മറ്റും ലഭിക്കുന്നു.
ഇവിടെയാണെങ്കില്‍ ചായ പീടികക്കാരനായി ഒരുത്തന്‍ അഭിനയിച്ചാല്‍ പിന്നെ അവന്‍ കുപ്പായവും തുന്നി അഭിനയിക്കാന്‍ നടപ്പാണ്. വേറേ ജോലിയൊന്നും ചെയ്യില്ല. വെറ്രും അഭിനയം മാത്രം. ഇവരെ പിന്നെ എല്ലാം അവാര്‍ഡ് നിഷകളിലും സഹിക്കുകയും വേണം. ഉദാ : സുരാജ് വെഞ്ഞാറ മൂട്.മുമ്പ് കുഞ്ചാക്കോ ബോറനെ സഹിച്ചതിന് കണക്കില്ല.

ഒരേ കടല്‍ പോലെയുള്ള അന്തവും കുന്തവുമില്ലാത്ത ചിത്രങ്ങള്‍ക്കും മറ്റും അണ്ണാക്ക് വരളുന്നത് വരെ ചര്‍ച്ച സംഘടിപ്പിക്കുന്നവരും. അതില്‍ ജാഡ കാണിച്ച് പെരും സംവിധായകര്‍ ചമയുന്ന വങ്കന്‍ മാരുമാണ് നമ്മുടെ ശാപം.

സിനിമയെ വിമര്‍ശിച്ച് ഒന്നും പറയാന്‍ പാടില്ല.അങ്ങ്ഗനെ വിമര്‍ശിച്ചാല്‍ മലയാള സിനിമ പണ്ടാരമടങ്ങി പോകും. അങ്ങനെ പോഒയാല്‍ നമുക്കെന്ത് എന്നൊന്നും ആരും ചോഒദിക്കരുത്. ഇങ്ങനെ ഒരു ഹാലൂസിനേഷനിലുള്ള മന്ദബുദ്ധി പ്രേക്ഷര്‍ മലയാള സിനിമക്ക് ഉണ്ട്റ്റായത് കൊണ്ട്റ്റാണ് ഈ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ചുറ്റുംകറങ്ങുന്ന വെറും പൊറാട്ട് നാടകമായി മലയാള സിനിമ ചുരുങ്ങി പോയത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പതാലി,

നിരൂപണം നന്നായി.ഞാൻ ചെന്നൈയിലാണു.ഗോകുലം ഗോപാലൻ ഇവിടെ ആണെങ്കിലും സിനിമ ഇനിയും ഇവിടെ വരാനിരിക്കുന്നതേയുള്ളൂ.കാണാത്തതു കൊണ്ട് അഭിപ്രായം പറയാൻ പറ്റുന്നില്ല.

ഇത് ചരിത്രത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമ ആണല്ലോ.അതിൽ 2 കാര്യമുണ്ട്.ചരിത്ര സിനിമ എന്ന് അവകാശപ്പെടുന്നുണ്ടോ എന്നത്.ഇതിന്റെ പിന്നണി പ്രവർത്തകർ അങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കിൽ , സിനിമ ചരിത്രത്തോട് എത്രമാത്രം നീതി പുലർത്തിയിട്ടുണ്ട് എന്ന ചോദ്യത്തിനു ഉത്തരം തേടേണ്ടി വരും.ചരിത്രം തന്നെ പലവിധത്തിൽ മാറ്റിയെഴുതപ്പെടുന്ന കാലമാണിത്.പ്രത്യേകിച്ച് പഴശിയെപ്പോലെ ഒരു രാജാവിന്റെ ജീവിതത്തിൽ “ആദിവാസി വിഭാഗങ്ങൾ നൽകിയ സേവനം വളരെ വലുതാണു.കുറിച്യരെ എം.ടി എങ്ങനെ കാണുന്നു എന്നറിയാൻ എനിക്ക് താല്പര്യമുണ്ട്.


ഇനി ഇതു ചരിത്രത്തെ അടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര സിനിമ ആണെങ്കിൽ പിന്നെ എത്രമാത്രം ഭാവന ഇതിൽ വന്നിരിക്കുന്നു എന്നും അറിയാൻ ആഗ്രഹമുണ്ട്.അപ്പോൾ പിന്നെ ഈ സിനിമ ‘കല’ എന്ന തലത്തിൽ എവിടെ നിൽക്കുന്നു എന്നറിയാനാവും മോഹം.

തീർച്ചയായും ഈ സിനിമയെ അത്തരം ഒരു തലത്തിൽ നിന്നു കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്.

ഇത്ര വിശദമായ നിരൂപണത്തിനു നന്ദി.

പതാലി said...

Joker,
താരങ്ങളെ ദൈവതുല്യരായി കാണുന്നവരുടെ എണ്ണം ഏറിവരികയാണ്. അതില്‍ ഏറെയും ടീനേജുകാരും യുവാക്കളുമാണ്
എന്നതാണ് പരിതാപകരം. തങ്ങളുടെ ആരാധനമൂര്‍ത്തിയെക്കുറിച്ച് നല്ലതല്ലാതെ ഒന്നും ആരും പറയുന്നത് അവര്‍ക്കു സഹിക്കില്ല. മിക്കവാറും സൂപ്പര്‍താര സിനിമകളുടെ ആദ്യ ദിവസങ്ങളില്‍ തിയേറ്ററുകളില്‍ കയ്യാങ്കളി കാണിച്ച് ഇല്ലാത്ത തിരക്ക് സൃഷ്ടിക്കുന്നത് ഇവരാണ്.
പ്രധാനപ്പെട്ട പല കേന്ദ്രങ്ങളിലും റിലീസ് ദിവസങ്ങളില്‍ ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ ഇടിവെക്കുന്നത് സ്ഥിരം കുറ്റികള്‍തന്നെയാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. മറുഭാഗത്ത് ബ്ലോഗ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മറ്റൊരുവിഭാഗം താരഭക്തന്മാര്‍ കയ്യാങ്കളി നടത്തുന്നു. തിയേറ്ററുകളിലെ തിരക്കിന്‍റെയും ആഘോഷങ്ങളുടെയും കാര്യത്തിലെന്ന പോലെ ബ്ലോഗ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ ഓളംവയ്പ്പിനും താരങ്ങളുടെ ഇന്‍വെസ്റ്റ്മെന്‍റ് ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് ഉള്‍പ്പടെ മറ്റു പല ഭാഷകളിലും പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതും പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത് അവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചങ്കൂറ്റമുള്ളതുകൊണ്ടാണ്. ഇവിടെ ഏതെങ്കിലും ഒരു സൂപ്പര്‍ താരത്തിന്‍റെ ഡേറ്റ് വാങ്ങിയശേഷമാണ് കഥ നിശ്ചയിക്കുന്നത്. കഥാഗതി ആവശ്യപ്പെടുന്ന ഏതെങ്കിലും രംഗം തനിക്ക് പറ്റുന്നതല്ലെന്നു തോന്നിയാല്‍ കഥ മാറ്റാന്‍ നടന്‍റഎ ഉത്തരവുണ്ടാകും. താരത്തിന്‍റെ പേരു പറഞ്ഞ് നിര്‍മാതാവിനെയും മറ്റ് സംവിധാനങ്ങളുംക്രമീകരിച്ചിരിക്കുന്ന സംവിധായകന് വഴങ്ങാനല്ലാതെ മറ്റെന്തു കഴിയും?
അവാര്‍ഡുകളുടെ കാര്യവും പറയാനില്ല.വീതംവെയ്പ്പും സ്വാധീനവും ശുപാര്‍ശയുമൊക്കെ പരസ്യമായ രഹസ്യമല്ലേ.
ഒരേകടലിനെക്കുറിച്ചും ഋതുവിനെക്കുറിച്ചുമൊന്നും തോന്നുന്നത് വിളിച്ചു പറയരുത്. അതൊക്കെ ഉദാത്ത സൃഷ്ടികളാണ്. ആ സിനിമകളെക്കുറിച്ച് ബൗദ്ധിക തലത്തിലുള്ള ചര്‍ച്ചകളാണ് ആവശ്യം.


സുനിൽ കൃഷ്ണൻ,
ചരിത്രസിനിമയെന്നുതന്നെ അവകാശപ്പെടുന്നതുകൊണ്ടാണല്ലോ ഈ കോലാഹലം. അവകാശവാദം രേഖമൂലമാക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
പിന്നെ പഴശ്ശിയുടെ ചരിത്രം സംബന്ധിച്ചും തര്‍ക്കങ്ങള്‍ ബാക്കിയാണ്. സിനിമ പുറത്തിറങ്ങിയശേഷം തേജസ് ദിനപ്പത്രത്തിലോ മറ്റോ വന്ന ഒരുകത്തില്‍ ഇതേക്കുറിച്ച് ഒരു പരാമര്‍ശമുണ്ടായിരുന്നു. അതായത് പഴശ്ശിരാജ ബ്രിട്ടീഷുകാരുടെ നികുതി പിരിവുകാരനായിരുന്നെന്നും പഴശ്ശിയെക്കാള്‍ കുറഞ്ഞ കമ്മീഷനില്‍ നികുതി പിരിച്ചു നല്‍കാമെന്ന് അമ്മാവനോ മറ്റോ (വായിച്ചത് ഓര്‍ക്കുന്നില്ല,ഒരുപക്ഷെ സിനിമയിലെ തിലകന്‍റെ കഥാപാത്രമാകാം) വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് നികുതി പിരിവ് ചുമതല ബ്രിട്ടീഷുകാര്‍ അങ്ങേര്‍ക്കു കൊടുത്തു. വ്യക്തിപരമായ ഈ പ്രശ്നത്തിന്‍റെ പേരിലാണത്രെ പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനിറങ്ങിയത്.
ചരിത്രം എന്തുതന്നെയായിരുന്നാലും സിനിമയെ സംബന്ധിച്ചിടത്തോളം കഥയുടെ കരുത്തും കണ്ടിന്യൂവേഷനും പെര്‍ഫെഷ്കനുമാണ് പ്രധാനം. അതായത് പഴശ്ശിരാജയുടെ ചരിത്രം അറിയാത്തവര്‍ക്കും സിനിമ കണ്ടാല്‍ ഇഷ്ടപ്പെടണം.
പക്ഷെ ഈ സിനിമ കാണുന്ന അത്യാവശ്യം വിവരമുള്ളവര്‍ അതിന്‍റെ പെര്‍ഫെക്ഷനും കലാപരമായ മികവുംതന്നെ ആദ്യം ചോദ്യംചെയ്യും.

ഹാഫ് കള്ളന്‍ said...

പണമിറക്കാനും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ സംവിധായകനെന്ന മേല്‍വിലാസം നേടാനും ഗോകുലം ഗോപാലന്‍ തയാറായി. നിര്‍മാതാവ് എന്നതല്ലേ ശരി .. പടം കണ്ടില്ല .. സൊ ഇതൊക്കെ മനസ്സില്‍ വെച്ച് കണ്ടേക്കാം ..

പതാലി said...

ഹാഫ് കള്ളന്‍ ,

പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്. പിന്നെ, പടം കാണാന്‍ പോകുന്നുണ്ടെങ്കില്‍ എത്രയും വേഗംപോകണം. പല കേന്ദ്രങ്ങളിലും പരുങ്ങലിലായിത്തുടങ്ങിയിട്ടുണ്ട്. രണ്ടു തിയേറ്ററുകളില്‍ ഓടിയിരുന്ന സിറ്റികളില്‍ ഒരു തിയേറ്ററിലായി ഒതുക്കിക്കൊണ്ടിരിക്കുകയാണ്.

SMALL:) said...

അടിപൊളി. ഞാനും ഇതുവരെ കണ്ടിട്ടില്ല കാരണം പഴശ്ശിരാജയായി മമ്മുട്ടിയെ കാണാനുള്ള വിഷമം. പിന്നെ ഒടുക്കത്തെ പടമാണെന്ന മുന്നറിയിപ്പും തിരക്കും പീസ് കാണിച്ചുളള പരസ്യങ്ങളും. മനോജും പദ്മപ്രിയയും കണ്ടിരിക്കാന് പറ്റുമായിരിക്കും. പോസ്ടറ് കൊള്ളാം.

മലപ്പുറം ജില്ലയിലെ വളാന്ചേരിയില് നിന്നും.

തിരോന്തരം പുപ്പുലി said...

സിനിമ മകന്‌ കാണിച്ചുകൊടുത്ത ഒരു പിതാവിന്റെ വിഷമം ഇവിടെ വായിക്കുക...

മാനന്തവാടിയുടെ മണ്ണ്‌ മാപ്പുനല്‍കട്ടെ

http://www.rajagopaltvm.blogspot.com/

ഹാഫ് കള്ളന്‍ said...

പടം കണ്ടു ..എനിക്കിഷ്ടായി
ആദ്യായി ഒരു അഭിപ്രായവും കുറിച്ച് വെച്ചു
ഇവിടെ വായിക്കാം .. സമയമുണ്ടെങ്കില്‍ :)

പതാലി said...

SMALL:),
മമ്മൂട്ടി പഴശ്ശിരാജയായിപ്പോയി എന്നതല്ല പ്രശ്നം. ആ കഥാപാത്രത്തെ അദ്ദേഹം ഒരുശതമാനം പോലും ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ്. മമ്മൂട്ടിയെ സ്ക്രീനില്‍ കണ്ടാല്‍ മനസ്സു നിറയുന്നവരാണെങ്കില്‍ ഇത് അധികമാണ്.


തിരോന്തരം പുപ്പുലി ,
പുപ്പിലിക്കോട്ട സന്ദര്‍ശിച്ച് പറയാനുള്ളത് അവിടെ ഇട്ടിട്ടൊണ്ട്.

ഹാഫ് കള്ളന്‍ said...
സംഗതി ക്ഷ പിടിച്ചു അല്ലേ?

Necromancer said...

Pathali,

i couldnt watch the movie for that i am in dubai now. but heard and read a lot about this movie. i was really stunned with MT s interview.. Actually what lead him to compare pazhassi raja with brave heart?? Did any one say that its a copy from brave heart?? (MT might apply "odunna naayakku oru muzham" principle) ;-)
And pazhassi raja lost everything and fled to forest... i believe this is the history.. but i wish to quote one of my friends comment. In this movie it resembles pazhassi raja is enjoying his vacation in some munnar resorts :-)

Rest i will comment after watching that movie. Thank you pathali.

☮ Kaippally കൈപ്പള്ളി ☢ said...

പതാലി
നല്ല അവലോകനം. ഇതാദ്യമായിട്ടല്ലല്ലോ സിനിമാക്കാർ എന്തെടുത്താലും ലോക സിനിമയുമായി താരതമ്യം ചെയ്യുന്നതു്. ചിത്രം കണ്ടില്ല എങ്കിലും കുറെയൊക്കെ ഊഹിക്കാവുന്നതെയുള്ളു. മമ്മൂട്ടിക്ക് പ്രായം കുറേയായ സ്ഥിധിക്ക് ഈ പണി ചെറുപ്പക്കാരെ ആരെയെങ്കിലും കൊണ്ടു ചെയ്യിപ്പിക്കുന്നതായിരുന്നു നല്ലതു്.

ബ്ലോളിവുഡ് നടന്മാർ ഓരോ സിനിമക്കു് വേണ്ടി 6 pack absഉം 8 pack absഉം Gymൽ പോയി ഉണ്ടാക്കിയെടുക്കുന്നു. മമൂട്ടിയുടേ ശരീരം വളരെ ബോറായി തുടങ്ങി. ചിത്രത്തിൽ കാണുന്ന ഈ ശരീരം വെച്ചാണോ Mel Gibsonനെ പോലെയും Chow Yun-Fatനെ പോലെയും അഭിനയിക്കുന്നതു്? എന്തായാലും നല്ലതുപോലെ ചിരിക്കാൻ വകയുണ്ടു്.