Friday, October 15, 2010

ഹോളിവുഡിന്‍റെ ട്രെയ്റ്റര്‍ മലയാളത്തിന്‍റെ അന്‍വര്‍

2008ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സ്പൈ ത്രില്ലര്‍ സിനിമയാണ് ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ട്രെയ്റ്റര്‍. പ്രേക്ഷകര്‍ക്ക് ഉദ്വേഗമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്കുകയും ചെയ്തു.

പൃഥ്വിരാജിനെ നായകനായക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് മലയാള ചിത്രം അന്‍വര്‍ ഇന്നു കണ്ടപ്പോഴാണ് ട്രെയ്റ്ററിനെക്കുറിച്ച് ഓര്‍ത്തത്. കാരണം, കഥാതന്തു മാത്രമല്ല
അന്‍വറിന്‍റെ ഏറിയ പങ്കും ട്രെയ്റ്റര്‍തന്നെയാണെന്നു പറയാം. പക്ഷെ, അങ്ങനൊരു കടപ്പാടിനെക്കുറിച്ച് സംവിധായകന്‍ എവിടെയും പറഞ്ഞുകേട്ടില്ല.

റിലീസിനു മുന്പ് പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് ഭാവിയിലെ സൂപ്പര്‍ സ്റ്റാറായി പൃഥ്വിരാജിനെ പ്രതിഷ്ഠിച്ചുകഴിഞ്ഞ ചെറുപ്പക്കാര്‍ക്ക് അന്‍വര്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. മോഡേണ്‍ സംവിധായകനെന്ന ഇമേജ് നേടിക്കഴിഞ്ഞ അമലിന്‍റെ വേറിട്ട ശൈലിയുടെ ബലത്തില്‍ പൃഥ്വിരാജ് പുതിയ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. വേറിട്ട പോസ്റ്ററുകളും ട്രെയ് ലറും പാട്ടുകളും ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.

പക്ഷെ, ഇന്ന് ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ട്രെയ്റ്ററില്‍നിന്നുള്ള പകര്‍പ്പുകള്‍ക്കപ്പുറമുള്ളത് മറ്റു ചില ഇംഗ്ലീഷ് ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളും അമലിന്‍റെതന്നെ മുന്‍ ചിത്രങ്ങളില്‍ കണ്ടുമടുത്ത ലൊക്കേഷനുകളും ഷോട്ടുകളും കേട്ടുമടുത്ത സംഭാഷണങ്ങളും സ്ലോമോഷനുകളുടെ പരന്പരയുമാണെന്ന് പറയാം.

കോയന്പത്തൂര്‍ ബോംബ് സ്ഫോടനത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട യുവാവാണ് അന്‍വര്‍(പൃഥ്വിരാജ്). ഇതേ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്‍വറിന്‍റെ പ്രതിശ്രുത വധു അയേഷ(മംമ്ത) അറസ്റ്റിലാകുന്നു. നഗരത്തിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്നു കൊണ്ടുപോയ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഈ അമോണിയം നൈട്രേറ്റിന്‍റെ കണ്‍സൈന്‍മെന്‍റ് പേപ്പറില്‍ മേലുദ്യോഗസ്ഥന്‍റെ അഭാവത്തില്‍ ഒപ്പിട്ടു എന്നതാണ് അയേഷ കേസില്‍ പ്രതിയാകാനുള്ള കാരണം.

അയേഷയെ അന്വേഷിച്ചെത്തുന്ന അന്‍വര്‍ ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെ തലവന്‍ സ്റ്റാലിന്‍ മണിമാരന്‍റെ‍(പ്രകാശ് രാജ്) വെല്ലുവിളി സ്വീകരിച്ച് ബോംബ് സ്ഫോടനത്തിന്‍റെ യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നു. ഇതിന്‍റെ ഭാഗമായി ഹവാല ഇടപാടിന്‍റെ പേരില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്നു. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫോര്‍ട്ടുകൊച്ചിയിലെ ധനികനായ ബാബു സേട്ടും ഇതേ ജയിലിലാണ്. ഹിന്ദു-മുസ്ലിം വിഭാഗീയത നിലവിലുള്ള ജയിലിനുള്ളില്‍ ആദ്യം സഹാനുഭൂതിയും പിന്നെ കയ്യൂക്കും വ്യക്തമാക്കി അന്‍വര്‍ ബാബു സേട്ടിന്‍റെ പ്രിയങ്കരനാകുന്നു. വൈകാതെ ബാബു സേട്ടിന്‍റെ ആളുകള്‍ അന്‍വറിനെ ജാമ്യത്തിലിറക്കുന്നു. ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഗുണ്ടാസംഘത്തെ അടിച്ചൊതുക്കിക്കൊണ്ട് ജയിലിനുപുറത്ത് അന്‍വര്‍ ബാബു സേട്ടിനുവേണ്ടിയുള്ള ജോലി തുടങ്ങുന്നു. ബാബു സേട്ട് പുറത്തിറങ്ങുന്നതോടെ അയാളുടെ തീവ്രവാദ പദ്ധതികളിലും അന്‍വറിനെ ഉള്‍പ്പെടുത്തുന്നു. അയാള്‍ പലേടങ്ങളിലും വിദഗ്ധമായി സ്ഫോടനങ്ങള്‍ നടത്തുന്നു.

ബാബു സേട്ടിലൂടെ അന്‍വര്‍ കോയന്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രധാന പ്രതികളെ കണ്ടെത്തുന്നു. കൊച്ചിയില്‍നിന്നും അവരെ ബോംബെയില്‍ എത്തിക്കാനുള്ള ഒരു ദൗത്യം ഏറ്റെടുക്കുന്ന അന്‍വര്‍ അവരെ വകവരുത്തുന്നു. തുടര്‍ന്ന് അന്‍വര്‍ തന്നെ വകവരുത്താനെത്തുന്പോള്‍ ബാബുസേട്ട് സ്വയം വെടിവച്ച് മരിക്കുന്നു.

ട്രെയ്റ്ററിലെ കേന്ദ്രകഥാപാത്രത്തിന്‍റെ പിതാവ് വീടിനു പുറത്ത് കാര്‍ ബോംബ് സ്ഫോടനത്തില്ലാണ് കൊല്ലപ്പെടുന്നത്. അന്‍വറിന്‍റഎ പിതാവിനൊപ്പം മാതാവും സഹോദരിയും കൊല്ലപ്പെടുന്നുണ്ട്. കാറിനു പകരം വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് ബോംബ് പൊട്ടുന്നത്. അവിടെത്തുടങ്ങുന്നു ട്രെയ്റ്ററും അന്‍വറും തമ്മിലുള്ള സാമ്യവും അതിനെ മറയ്ക്കാന്‍ വേണ്ടി ചേര്‍ത്ത സാമ്യമില്ലായ്മകളും. ഓരോ രംഗങ്ങളും എടുത്ത് തലനാരിഴ കീറി വിലയിരുത്താനും സാമ്യങ്ങള്‍ ചൂണ്ടിക്കാട്ടാനും ശ്രമിക്കുന്നില്ല. ട്രെയ്റ്റര്‍ കണ്ടിട്ടുള്ളവര്‍ അന്‍വര്‍ കണ്ടശേഷം വിലയിരുത്തട്ടെ. ട്രെയ്റ്റര്‍ കാണാത്തവര്‍ക്ക് ഈ പോസ്റ്റിനൊടുവില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.

ഫോര്‍ട്ടുകൊച്ചിയും രാമേശ്വരവുമൊക്കെ ഒരുപക്ഷെ ഭാഗ്യലൊക്കേഷനുകളായതുകൊണ്ടാകാം അമല്‍ വീണ്ടും അവിടങ്ങളിലേക്ക് പോകുന്നത്. പക്ഷെ പ്രേക്ഷകര്‍ക്ക് അതൊക്കെ മടുത്തു തുടങ്ങി എന്ന് പറയാതെ വയ്യ. കൊച്ചിക്കു പകരം കുറഞ്ഞത് ആലുവയോ പെരുന്പാവൂരോ ആലപ്പുഴയോ ഒക്കെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊച്ചി സ്ലാംഗും ക്വട്ടേഷന്‍ സെറ്റപ്പുമൊക്കെ ചെറുപ്പക്കാരെ ത്രസിപ്പിച്ചിരുന്നു ഇപ്പോഴല്ല, പണ്ട്. കൂടുതല്‍ വിശദീകരിക്കുന്നില്ല. എങ്കിലും അവസാനിക്കുന്നതിനു മുന്പ് പടത്തെക്കുറിച്ച് ഒറ്റവാക്കില്‍ അഭിപ്രായം പറയാം- കണ്ടിരിക്കാം. അതായത് സഹിക്കാന്‍ പറ്റാത്ത പടം അല്ല എന്ന് സാരം.

ട്രെയ്റ്റര്‍ എന്ന ചിത്രം ഓണ്‍ലൈനില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 comments:

പതാലി said...

പൃഥ്വിരാജിനെ നായകനായക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് മലയാള ചിത്രം അന്‍വര്‍ എന്ന ചിത്രം ഇന്നു കണ്ടപ്പോഴാണ് ട്രെയ്റ്ററിനെക്കുറിച്ച് ഓര്‍ത്തത്. കാരണം, കഥാതന്തു മാത്രമല്ല
അന്‍വറിന്‍റെ ഏറിയ പങ്കും ട്രെയ്റ്റര്‍തന്നെയാണെന്നു പറയാം. പക്ഷെ, അത്തരമൊരു കടപ്പാടിനെക്കുറിച്ച് സംവിധായകന്‍ എവിടെയും പറഞ്ഞുകേട്ടില്ല.